മകനോടൊപ്പം ബോട്ടിങ് നടത്തുന്നതിനിടെ നടി നയാ റിവേരയെ കാണാതായി

കാലിഫോർണിയ: നടിയും ​ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തിൽ ബോട്ടിങ്ങിനിടെ കാണാതായി. 4 വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു നയാ റിവേര. സതേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തിലാണ് 33കാരിയായ റിവേരയെ കാണാതായത്. സംഭവത്തിന് തൊട്ടുമുൻപ് മകനൊപ്പമുള്ള ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് റിവേര മകനൊപ്പമെത്തി ബോട്ട് വാടകക്കെടുത്തത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിവേരയുടെ മകനെ ചങ്ങാടത്തില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടത്. അമ്മ തടാകത്തില്‍ നീന്താന്‍ ഇറങ്ങിയെന്നാണ് മകന്‍ പറഞ്ഞത്. മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നു. മറ്റൊരു ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ടായിരുന്നു.

ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്ധരെത്തി തെരച്ചിൽ നടത്തി. ഹെലികോപ്ടറുകളും ഡ്രോണുകളും തിരച്ചില്‍ നടത്തി. എന്നാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയില്ലെന്നും തടാകത്തില്‍ മുങ്ങിപ്പോയതാകാമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മകനെ പിതാവായ നടൻ റയാൻ ഡോർസേക്കൊപ്പം വിട്ടു. 2018ൽ ഇവർ വേർപിരിഞ്ഞിരുന്നു. 2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർ‌ലീഡറായി റിവേര അഭിനയിച്ചിരുന്നു. 

Tags:    
News Summary - Naya Rivera missing, presumed dead in drowning - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.