വാഷിങ്ടൺ: മതസ്വാതന്ത്ര്യം സംബന്ധിച്ച് ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്ക യുണ്ടെന്നും ഇന്ത്യൻ ഭരണനേതൃത്വത്തിനു മുന്നിൽ വിഷയം ഉന്നയിച്ചുവെന്നും അമേരിക്ക. പൗ രത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്, ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക പ്രകടിപ്പിച്ച് അമേരിക്കൻ വിദേശകാര്യ വകുപ്പ് രംഗത്തു വന്നത്.
‘‘ഇന്ത്യയിൽ സംഭവിക്കുന്നത് സംബന്ധിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രിയോടും അംബാസഡറോടും പങ്കുവെച്ചിട്ടുണ്ട്.’’ -ഈയിടെ ഇന്ത്യയിൽ സന്ദർശനം നടത്തിയ വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വാഷിങ്ടണിൽ മാധ്യമങ്ങളോട് പറഞ്ഞു. ‘27 രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കൂട്ടായ്മ’’ എന്ന പേരിൽ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അവതരിപ്പിച്ച പദ്ധതിയുടെ ഭാഗമായി, വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങളിൽ യു.എസിന് എന്തെങ്കിലും സഹായം നൽകാൻ കഴിയുമോ എന്നതിൽ ആശയവിനിമയം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ന്യൂനപക്ഷങ്ങൾ അടക്കം എല്ലാ പൗരന്മാർക്കും ഭരണഘടന മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്നുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.
ഊർജസ്വലമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും മതസ്വാതന്ത്ര്യത്തിന് ഭരണഘടന സംരക്ഷണം നൽകുന്നുണ്ടെന്നും യു.എസ് പ്രസ്താവനയുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.