വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിനെതിരായ പ്രത്യാക്രമണത്തിന് യുക്രെയ്ന് കരുത്തുപകരാൻ ക്ലസ്റ്റർ ബോംബുകൾ നൽകുമെന്ന് അമേരിക്ക. ദേശീയ സുരക്ഷാ ഉപദേശകൻ ജെയ്ക് സള്ളിവൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയുടെ മുഖ്യ സഖ്യകക്ഷികൾ ഉൾപ്പെടെ 123 രാജ്യങ്ങൾ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ യുക്രെയ്ന് നൽകണോ എന്ന കാര്യത്തിൽ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് തീരുമാനമെടുത്തത്.
ഏറെ പ്രയാസകരമായ തീരുമാനമാണ് ഇതെന്ന് ജെയ്ക് സള്ളിവൻ പറഞ്ഞു. സഖ്യകക്ഷികളുമായും പങ്കാളികളുമായും കൂടിയാലോചിച്ചാണ് പ്രസിഡന്റ് ജോ ബൈഡൻ നിർണായകമായ തീരുമാനമെടുത്തത്. പൊട്ടാത്ത ബോംബുകൾ മനുഷ്യജീവന് ഭീഷണിയായതിനാലാണ് തീരുമാനം പരമാവധി വൈകിച്ചത്. സംഘർഷ കാലത്ത് യുക്രെയ്നെ നിസ്സഹായാവസ്ഥയിൽ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ ശക്തമായ ആയുധങ്ങൾ നൽകണമെന്ന യുക്രെയ്ന്റെ അഭ്യർഥന പരിഗണിച്ച് പേട്രിയറ്റ് മിസൈൽ, ആധുനിക ടാങ്കുകൾ എന്നിവ ഉൾപ്പെടെ നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. യുക്രെയ്ന് ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള തീരുമാനം പ്രയാസകരമാണെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് യുക്രെയ്ന് കൂടുതൽ ശക്തമായ ആയുധങ്ങൾ വേണമെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ സംഘടനകളും യു.എൻ സെക്രട്ടറി ജനറലും അമേരിക്കയുടെ തീരുമാനത്തെ ചോദ്യം ചെയ്തു. പ്രത്യാക്രമണത്തിന് അനുയോജ്യമായ വിധം നിശ്ചിത സമയപരിധിയിൽ ക്ലസ്റ്റർ ബോംബുകൾ നൽകുമെന്ന് പെന്റഗൺ ഉദ്യോഗസ്ഥൻ പറഞ്ഞു.
നിരവധി ചെറുബോംബുകൾ അടങ്ങിയതാണ് ക്ലസ്റ്റർ ബോംബ്. കരയിൽനിന്നോ ആകാശത്തുനിന്നോ പ്രയോഗിക്കുന്ന ക്ലസ്റ്റർ ബോംബ് പാതിവഴിയിൽവെച്ച് പൊട്ടുകയും ഉള്ളിലുള്ള ചെറുബോബുകൾ ചിതറിത്തെറിക്കുകയും ചെയ്യും. വലിയൊരു പ്രദേശത്ത് വ്യാപകമായി നാശം വിതക്കാൻ കഴിയുന്നതാണ് ഈ ബോംബ്. ബോംബുകൾ ചിതറി വീഴുന്ന പ്രദേശത്തുള്ള മനുഷ്യരെ കൊല്ലുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്യും. ഒരു ഷെല്ലിനകത്ത് 2000ഓളം ചെറുബോംബുകൾ ഉണ്ടാകും.
ആക്രമണസമയത്തും പിന്നീട് വർഷങ്ങളോളവും മനുഷ്യർക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്നതാണ് ക്ലസ്റ്റർ ബോംബ്. പൊട്ടാതെ അവശേഷിക്കുന്ന ബോംബുകൾ പിന്നീടെപ്പോഴെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യതയേറെയാണ്. ഈ ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുകയെന്നത് ചെലവേറിയ പ്രക്രിയയാണ്. ഒരു തവണ ആക്രമണം നടത്തുമ്പോൾ രണ്ട് മുതൽ 40 ശതമാനം വരെ ബോംബുകൾ പൊട്ടാതെ അവശേഷിക്കുമെന്നാണ് കണക്കാക്കുന്നത്. ക്ലസ്റ്റർ ബോംബുകൾ നിർമിക്കുന്നതും ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കൈമാറ്റം ചെയ്യുന്നതും വിലക്കുന്ന ഉടമ്പടിയിൽ അമേരിക്കയും യുക്രെയ്നും റഷ്യയും ഒപ്പുവെച്ചിട്ടില്ല. 2008ൽ അയർലൻഡിലെ ഡബ്ലിനിൽ അംഗീകരിച്ച ഉടമ്പടിയിൽ 123 രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.