മരിച്ചവരുടെ നഗരത്തിൽ ഉറങ്ങുന്ന സത്യങ്ങൾ

‘‘എട്രൂസ്‌കൻസ് മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാൽ, മരിച്ചവർക്കുവേണ്ടി പട്ടണങ്ങളുണ്ടാക്കി. ഓരോ നെക്രോപോളിസിൽനിന്നും ഇവരുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളാണ് പഠിക്കാനാവുക. ഇവിടെ നിങ്ങൾ കാണുന്ന കല്ലിന്റെ കെട്ടിടങ്ങൾ അവരുടെ വീടുകളുടെ മാതൃകയിലാണ് ഉണ്ടാക്കിയിരിക്കുന്നത്’’-ഇറ്റലിയിലെ നെക്രോപോളിസുകൾ സന്ദർശിക്കുന്നു.‘‘ആഡംബര ജീവിതം നയിക്കുന്നതിനിടയിൽ സ്വന്തം ചരിത്രം എഴുതാൻ മറന്നുപോയ ജനത. അതുകൊണ്ടെന്തു സംഭവിച്ചു? ഗ്രീക്കുകാരും റോമക്കാരും എട്രൂസ്‌കൻസിനെ പറ്റി അവരുടെ കാഴ്ചപ്പാടിലുള്ള ചരിത്രമെഴുതി. അതാകട്ടെ അസംബന്ധം ആയിരുന്നു. ഉദാഹരണത്തിന് റോമക്കാർ എഴുതിയ ചരിത്രത്തിൽ...

‘‘എട്രൂസ്‌കൻസ് മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാൽ, മരിച്ചവർക്കുവേണ്ടി പട്ടണങ്ങളുണ്ടാക്കി. ഓരോ നെക്രോപോളിസിൽനിന്നും ഇവരുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളാണ് പഠിക്കാനാവുക. ഇവിടെ നിങ്ങൾ കാണുന്ന കല്ലിന്റെ കെട്ടിടങ്ങൾ അവരുടെ വീടുകളുടെ മാതൃകയിലാണ് ഉണ്ടാക്കിയിരിക്കുന്നത്’’-ഇറ്റലിയിലെ നെക്രോപോളിസുകൾ സന്ദർശിക്കുന്നു.

‘‘ആഡംബര ജീവിതം നയിക്കുന്നതിനിടയിൽ സ്വന്തം ചരിത്രം എഴുതാൻ മറന്നുപോയ ജനത. അതുകൊണ്ടെന്തു സംഭവിച്ചു? ഗ്രീക്കുകാരും റോമക്കാരും എട്രൂസ്‌കൻസിനെ പറ്റി അവരുടെ കാഴ്ചപ്പാടിലുള്ള ചരിത്രമെഴുതി. അതാകട്ടെ അസംബന്ധം ആയിരുന്നു. ഉദാഹരണത്തിന് റോമക്കാർ എഴുതിയ ചരിത്രത്തിൽ എട്രൂസ്‌കൻ സ്ത്രീകൾ തന്റേടികളും അനുസരണയില്ലാത്തവരുമായിരുന്നു. എന്നാൽ, യഥാർഥത്തിൽ സ്ത്രീകൾക്ക് തുല്യപ്രാധാന്യം കൊടുക്കുന്ന സംസ്‌കാരമായിരുന്നു എട്രൂസ്‌കൻ. എല്ലാ ചടങ്ങിലും സ്ത്രീ സാന്നിധ്യമുണ്ടായിരുന്നു.

റോമക്കാർ അതിനെ കണ്ടത് മോശമായിട്ടായിരുന്നു’’ -സിൽവിയ പറഞ്ഞത്​ കൗതുകത്തോടെ കേട്ടു. 2500 വർഷങ്ങൾക്കു മുമ്പ് സ്ത്രീകൾക്കെതിരെ റോമക്കാർ ഉന്നയിച്ച വിമർശനം ഇപ്പോഴും തുടരുന്നു. സ്വതന്ത്രമായി യാത്രചെയ്യുന്ന, അഭിപ്രായം പറയുന്ന സ്ത്രീയെ ഇന്നും പുരുഷാധിപത്യ സമൂഹം ഭയക്കുന്നു. സ്ത്രീകളുടെ ചിറകരിയാൻ അവർ കണ്ടെത്തുന്ന മാർഗമാണ് അവളുടെ സ്വഭാവം ശരിയല്ലെന്ന് പറഞ്ഞുവെക്കുക. മുന്നോട്ട് 2500 വർഷം പിന്നിട്ടാലും ഇതിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷയില്ല.

ഇറ്റലി എന്നാൽ റോമൻ സാമ്രാജ്യം. റോമൻ സാമ്രാജ്യം എന്നാൽ ഇറ്റലി. ഇതായിരുന്നു കാലമിത്രയും മനസ്സിലാക്കിയിരുന്നത്. എന്നാൽ, ഇറ്റലി യാത്രാവേളയിലാണ് എട്രൂസ്‌കൻ സമൂഹത്തിനെപ്പറ്റി അറിഞ്ഞത്. യഥാർഥത്തിൽ അവരാണ് റോമൻ പട്ടണത്തിന്റെ അടിത്തറ പാകിയത്. ആദ്യത്തെ റോമൻ രാജാക്കന്മാർ എട്രൂസ്‌കൻസ് ആയിരുന്നു. അവരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചപ്പോഴാണ് ആ സമൂഹത്തെപ്പറ്റി ഇപ്പോഴും പൂർണമായ അറിവുകൾ ലഭ്യമല്ലെന്ന് മനസ്സിലാക്കിയത്. അതിന്റെ കാരണം സിൽവിയയോട് സംസാരിച്ചപ്പോഴാണ് വ്യക്തമായത്.

ചരിത്രകാരന്മാർ എട്രൂസ്‌കൻസിനെപ്പറ്റിയുള്ള യഥാർഥ വിവരങ്ങൾ ശേഖരിച്ചത് സെർവിട്രിയിലും ടാർക്വിമിനിയയിലുമുള്ള, മരിച്ചവരുടെ നഗരങ്ങളെന്നറിയപ്പെടുന്ന നെക്രോപോളിസുകളിൽനിന്നാണ്. പുരാതന എട്രൂസ്‌കൻ നാഗരികതയുടെ അതുല്യ സാക്ഷ്യമായതിനാൽ ഇതിന് 2004ൽ ലോക പൈതൃക കെട്ടിട പദവി ലഭിച്ചു. ഞങ്ങളും ഈ നെക്രോപോളിസുകൾ സന്ദർശിക്കാൻ തീരുമാനിച്ചു. റോമിൽനിന്ന് 45 കിലോമീറ്റർ സഞ്ചരിച്ചാൽ സെർവിട്രിയിലെത്താം, അവിടന്ന് വീണ്ടും ഒരു 50 കിലോമീറ്റർ പോയാൽ ടാർക്വിമിനിയയിലുമെത്താം. ആ വഴിക്ക് പൊതു ഗതാഗതമില്ല. അതിനാൽ, മലയാളിയായ പ്രസാദിന്റെ ടാക്‌സിയിലാണ് അവിടേക്ക് പോയത്.

സെർവിട്രിയിലുള്ള ‘നെക്രോപോളിസ്‌ഡെല്ലാ ബാൻഡി റ്റാക്കിയ’ ആണ് ആദ്യം സന്ദർശിച്ചത്. കാടുപിടിച്ച ഇരുപത്തിയഞ്ചോളം ഏക്കർ സ്ഥലം. അതിന്റിടയിൽ കല്ലുകൊണ്ടുള്ള എന്തൊക്കെയോ കെട്ടിടങ്ങൾ. അതായിരുന്നു കാർ പാർക്ക് ചെയ്ത മൈതാനത്തിൽനിന്ന് നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത്. ടിക്കറ്റ്​ കൗണ്ടറിൽ ഗൈഡിനെ കിട്ടുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് മറുപടി കിട്ടി. നെക്രോപോളിസിലെത്തിയപ്പോൾ ശരിക്കും വഴിതെറ്റി ഏതോ പുരാതന പട്ടണത്തിൽ എത്തിയ പോലെയാണ് തോന്നിയത്. മുന്നിൽ കാണുന്ന കല്ലുവീടുകൾ എന്താണെന്നൊന്നും മനസ്സിലായില്ല.

എട്രൂസ്​കൻ നാഗരികതയുടെ ശേഷിപ്പുകൾ-മ്യൂസിയത്തി​ൽനിന്നുള്ള കാഴ്ചകൾ

കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയത് മണ്ടത്തമായോ എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ചെമ്പൻമുടിയുള്ള സുന്ദരിയായ സിൽവിയ നടന്നുവരുന്നത് കണ്ടത്. അവൾ അവിടത്തെ കെയർടേക്കർ ആയിരുന്നു. ഞങ്ങളെ സഹായിക്കാൻ അഭ്യർഥിച്ചപ്പോൾ അവൾ പറഞ്ഞു, ‘‘എനിക്ക് ഓഫിസിൽ അത്യാവശ്യം ചെയ്തുതീർക്കാൻ കുറച്ചു പണികൾ ഉണ്ട്. അതിനാൽ നിങ്ങൾക്കൊപ്പം വന്നു കാണിച്ചുതരാൻ സാധിക്കില്ല. എന്നാൽ, കുറച്ചു കാര്യങ്ങൾ പറഞ്ഞുതരാം.’’ അവൾ ഞങ്ങളെയുംകൂട്ടി ഒരു മരത്തിന്റെ തണലിലേക്ക് പോയി.

‘‘ക്രിസ്തുവിന് എണ്ണൂറു വർഷങ്ങൾക്ക് മുമ്പാണ് എട്രൂസ്‌കൻ നാഗരികതക്ക് തുടക്കം കുറിച്ചത്. മുന്നൂറോളം വർഷങ്ങൾ മധ്യ ഇറ്റലി ഭരിച്ചിരുന്നത് ഇവരാണ്. ജലപാതകൾ നിയന്ത്രിക്കൽ, ചതുപ്പുനിലം വറ്റിക്കൽ എന്നിവയിൽ അവർ വൈദഗ്ധ്യം തെളിയിച്ചു. നൂതന കാർഷിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃഷിചെയ്തു. മുന്തിരിയിൽനിന്ന് വൈൻ ഉണ്ടാക്കി. ആ മേഖലയിലെ ലോഹങ്ങളുള്ള കുന്നുകൾ ഇവരുടെ നിയന്ത്രണത്തിലായിരുന്നു. ടിൻ, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ അവർ പഠിച്ചു. ഇത് പിന്നീട് ഗ്രീക് പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. തൽഫലമായി, എട്രൂസ്‌കൻ സമൂഹം വളരെ സമ്പന്നമായി. അവർ ആഡംബരം ഇഷ്ടപ്പെടുന്നവരായിരുന്നു.

ഇറ്റലിയിൽ എട്രൂസ്‌കൻസിന്റെ പന്ത്രണ്ടു സ്വതന്ത്ര സംസ്ഥാനങ്ങളുണ്ടായിരുന്നു. അവയുടെ കൂട്ടായ്മയെ ഡോഡെകാപോളിസ് എന്നാണ് വിളിച്ചിരുന്നത്. എട്രൂസ്‌കൻസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളെ ചേർത്തുവെച്ചാണ് ‘എട്രൂറിയ’ എന്ന രാജ്യം രൂപംകൊണ്ടത്. ഭാഷയും ആചാരങ്ങളും സംസ്‌കാരവും മാത്രമായിരുന്നു അവർക്ക് പൊതുവായുള്ളത്. യുദ്ധസമയത്ത് അവർ പരസ്പരം സഹായത്തിനെത്തിയില്ല, അതിന്റെ ഫലമായി മൂന്നാം നൂറ്റാണ്ടിൽ റോമക്കാർക്ക് അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞു. ബി.സി 27ഓടെ ഭൂമുഖത്തുനിന്ന് എട്രൂസ്‌കൻ വംശം മുഴുവൻ അപ്രത്യക്ഷമായി.’’

പൊരിവെയിൽ ഞങ്ങളെ തളർത്തിയെങ്കിലും സിൽവിയ പറഞ്ഞ കാര്യങ്ങൾ താൽപര്യത്തോടെ കേട്ടുനിന്നു. എട്രൂസ്‌കൻസ് മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാൽ, മരിച്ചവർക്കുവേണ്ടി പട്ടണങ്ങൾ ഉണ്ടാക്കി. ഓരോ നെക്രോപോളിസിൽനിന്നും ഇവരുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളാണ് പഠിക്കാനാവുക. ഇവിടെ നിങ്ങൾ കാണുന്ന കല്ലിന്റെ കെട്ടിടങ്ങൾ അവരുടെ വീടുകളുടെ മാതൃകയിലാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതിനകത്ത് ആളുകളെ ദഹിപ്പിച്ച ചാരം മൺകുടങ്ങളിൽ സൂക്ഷിക്കും. കൂടാതെ ജീവിച്ചിരിക്കുമ്പോൾ അവർ ഉപയോഗിച്ചിരുന്ന എല്ലാ സാധനങ്ങളും ഈ വീടുകളിൽ അലങ്കരിച്ചുവെക്കും. മരണാനന്തര ജീവിതത്തിൽ ഉപയോഗിക്കാനായിരുന്നു അത്. ഒരു എട്രൂസ്‌കൻ പട്ടണത്തിന്റെ ഘടന നിങ്ങൾക്ക് ഇവിടന്നു മനസ്സിലാക്കാം. നഗരത്തിന് സമാന്തരമായ ചുണ്ണാമ്പുകൽമലയുടെ താഴ്വരയിലാണ് നെക്രോപോളിസ് സ്ഥിതിചെയ്യുന്നത്. ഇത് ബി.സി ഏഴാം നൂറ്റാണ്ട് മുതൽ ഉപയോഗത്തിലായിരുന്നു. ബി.സി ഒന്നാം നൂറ്റാണ്ട് വരെയുള്ള വർഷങ്ങളിൽ നെക്രോപോളിസിന്റെ വ്യത്യസ്ത ക്രമീകരണത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഞങ്ങളുടെ തൊട്ടടുത്ത വൃത്താകൃതിയിലുള്ള കല്ലിന്റെ കെട്ടിടം കാണിച്ചുകൊണ്ട് സിൽവിയ തുടർന്നു: ‘‘അതാണ് ട്യുമൂലി. ധനികരായ എട്രൂസ്‌കൻസ് മരണപ്പെട്ടാൽ അതിലായിരുന്നു അടക്കിയിരുന്നത്. അത് ബി.സി ഏഴാം നൂറ്റാണ്ടിലെ കെട്ടിടമാണ്. നിങ്ങൾ മുന്നോട്ട് നടക്കുമ്പോൾ വഴികൾ ശ്രദ്ധിക്കുക. അക്കാലത്തുണ്ടാക്കിയ കൽവഴികളാണത്. കുതിരവണ്ടിക്കും മറ്റും പോകാനുള്ള വീതിക്കാണ് നിർമിച്ചിരിക്കുന്നത്.

കുറച്ചുകൂടി മുന്നോട്ടുപോയാൽ സമാന്തരമായ തെരുവുകൾ കാണാൻ സാധിക്കും. അതിനിരുവശത്തും തീപ്പെട്ടി കൂടുകൾപോലെ തോന്നിക്കുന്ന ‘ഡൈസ്‌ടോംബ്‌സ്’ ആറാം നൂറ്റാണ്ടിലെ ഘടനയാണ്. ഭൂഗർഭ നിലയിൽ അനേകം ജന്മിമാരെ ഒന്നിച്ചടക്കം ചെയ്ത സ്ഥലങ്ങൾ അവസാനകാലത്തു നിർമിക്കപ്പെട്ടവയാണ്. മൊത്തം ഇരുപത്തിയഞ്ചേക്കറിൽ നാന്നൂറോളം ശവകുടീരങ്ങളാണ് സന്ദർശകർക്ക് തുറന്നു കൊടുത്തിട്ടുള്ളത്. നിങ്ങൾ പറ്റുന്നത്രയും കാണാൻ ശ്രമിക്കൂ.’’ ഇത്രയും പറഞ്ഞു സിൽവിയ പോയി.

 

സിൽവിയ

ഞങ്ങൾ ചുറ്റിനടന്നു കണ്ടു. ട്യുമൂലിക്കകത്തു പ്രവേശിക്കാൻ ട്രെസ്സ്വർക് കൊണ്ടുണ്ടാക്കിയ പടികൾ ഉണ്ടായിരുന്നു. കത്തിക്കൊണ്ടിരുന്ന ബൾബിന്റെ നേരിയ വെളിച്ചത്തിൽ ഉൾവശം കണ്ടു. ചുണ്ണാമ്പു കല്ലിൽ കൊത്തിയെടുത്ത സ്ലാബുകൾ കൊണ്ടലങ്കരിച്ചിരുന്നു. ഓരോ ശവകുടീരത്തിന്റെയും അകവശം വ്യത്യസ്തമായിരുന്നു. ചിലതിൽ ഒരു മുറിയെ ഉള്ളായിരുന്നുവെങ്കിൽ മറ്റു ചിലതിൽ രണ്ടും മൂന്നും മുറികൾ കാണാമായിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങൾ എല്ലാം ഇറ്റലിയിലെ പല മ്യൂസിയങ്ങളിലേക്ക് മാറ്റപ്പെട്ടു.

ഈ ശവകുടീരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതുന്ന ‘മറ്റുന’ കുടുംബത്തിന്റെ കല്ലറയും കണ്ടു. വലിയൊരു ഹാൾ. രണ്ടു തൂണുകൾ മേൽക്കൂരയെ താങ്ങിനിർത്തിയിരുന്നു. ചുറ്റുമുള്ള ഭിത്തിയിലെ അറകളിലായിരുന്നു ചാരം സൂക്ഷിച്ചിരുന്നത്. പലതരം ചുവർചിത്രങ്ങൾ കൊണ്ടലങ്കരിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അധോലോകത്തു ജീവിക്കുന്ന ‘സില്ല’ എന്ന രാക്ഷസന്റെയും ‘സെർബ്‌റ്‌സ്’ എന്ന മൂന്നു തലയുള്ള പട്ടിയുടെയും ചിത്രമായിരുന്നു.

അവിടന്നിറങ്ങുന്നതിനു മുമ്പ് സിൽവിയയോട് നന്ദിപറയാൻ ഓഫിസിലേക്ക് പോയി. സിൽവിയ ഞങ്ങൾക്ക് അവിടെ ചുമരിൽ തൂക്കിയിട്ടിരുന്ന ‘സാക്രോഫാഗസ് ഓഫ് സ്പൗസസ്’ ചിത്രംകാണിച്ചു തന്നു. സെർവിട്രിയിൽ നിന്നായിരുന്നു അത്. വലിയ ഒരു പെട്ടിക്കു മുകളിൽ ഒരു സ്ത്രീയെയും പുരുഷനെയും കൊത്തിവെച്ചിരുന്നു. പെട്ടിക്കുള്ളിലായിരുന്നു ചാരം സൂക്ഷിച്ചിരുന്നത്. മരിച്ച വ്യക്തികളുടെ രൂപത്തിലായിരുന്നു അടപ്പിൽ കൊത്തിവെച്ചിരുന്ന ശിൽപങ്ങൾ.

സ്ത്രീകളുടെ അക്കാലത്തെ ഫാഷൻ ആയിരുന്ന കൂർത്ത ഷൂസ് പോലും വ്യക്തമായി കൊത്തിവെച്ചിരുന്നു. ആ പ്രതിമ ഇപ്പോൾ പാരിസിലെ ലൗവർ മ്യൂസിയത്തിലായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. ‘‘ഇവിടന്ന് നിങ്ങൾ ടർക്വിനിയ സന്ദർശിക്കണം. അവിടത്തെ ശവകുടീരങ്ങളിൽ ഭംഗിയുള്ള ചുവർചിത്രങ്ങളുണ്ട്. എട്രൂസ്‌കൻസിന്റെ ജീവിതശൈലിയും, മതപരമായ ആചാരങ്ങളെ പറ്റിയും മനസ്സിലാക്കാൻ സാധിച്ചത് ആ ചിത്രങ്ങളിൽ നിന്നായിരുന്നു. കൂടാതെ അവിടെ അടുത്തുള്ള മ്യൂസിയം കാണണം.’’ പോകാൻ നേരം സിൽവിയ ഓർമിപ്പിച്ചു.

ഞങ്ങൾ ടർക്വിനിയയിലെ ‘നെക്രോപോളിസ് എട്രൂസ്‌ക ഡി മോന്റെറോസി’യിലേക്ക് പുറപ്പെട്ടു. കടലിനു സമാന്തരമായ പാതയിലൂടെയാണ് കുറച്ചുദൂരം പോയത്. സെർവിട്രിയിലുണ്ടായിരുന്ന തുറമുഖത്തെപ്പറ്റി ഓർത്തു. അവിടന്നാണ് ഇരുമ്പും മൺപാത്രങ്ങളും ഒലിവ് ഓയിൽ, ധാന്യങ്ങൾ തുടങ്ങിയവ കയറ്റുമതി ചെയ്തയച്ചിരുന്നത്. പകരം അടിമകളെയും അസംസ്‌കൃതവസ്തുക്കളും ഇറക്കുമതിചെയ്തു. ഈ പ്രദേശങ്ങളിലെ കാടുകളിൽനിന്ന് തടി വെട്ടിയെടുത്താണ് ഇവർ കൂറ്റൻ തടിക്കപ്പലുകൾ പണിതത്. സിറാക്യൂസുകൾ ബി.സി 384ൽ തുറമുഖങ്ങൾ നശിപ്പിച്ചതോടെയാണ് എട്രൂസ്‌കൻ രാജ്യങ്ങളുടെ ക്ഷയമാരംഭിച്ചത്. കൊച്ചു കൊച്ചു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഞങ്ങൾ നെക്രോപോളിസിൽ എത്തിച്ചേർന്നു.

ആദ്യം കാണുന്നത് ഭംഗിയായി സൂക്ഷിച്ച വിശാലമായ പുൽമേടാണ്. പുൽമേട്ടിൽ അവിടവിടെ ചെറിയ ഒറ്റമുറി കെട്ടിടങ്ങൾ. വേലികെട്ടിയ ഒരു ഭാഗത്തു വലിയ കൂണുകൾപോലെ തോന്നിക്കുന്ന കല്ലുകൊണ്ടുണ്ടാക്കിയ ‘സാക്രോഫാജി.’ ടിക്കറ്റ് എടുക്കുന്ന സ്ത്രീയോട് ഗൈഡിനെ ലഭിക്കുമോ എന്നന്വേഷിച്ചു. ‘‘ലഭിക്കും, പ​ക്ഷേ, ഇറ്റാലിയൻ സംസാരിക്കുന്ന ഗൈഡ് മാത്രമേയുള്ളൂ. നിങ്ങൾക്ക് ഗൈഡിന്റെ ആവശ്യം വരില്ല. എല്ലാ ശവകൂടീരത്തിനും മുന്നിലായി അതിന്റെ വിശദാംശങ്ങൾ എഴുതിവെച്ചിട്ടുണ്ട്. നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും വരില്ല’’ എന്ന് അവർ മറുപടി നൽകി.

 

എട്രൂസ്​കൻ മ്യൂസിയത്തിലെ കാഴ്ചകൾ

അവർ പറഞ്ഞത് ശരിയായിരുന്നു. പുൽമേടിന്റെ ഇടയിൽ നടപ്പാതയിൽ കൃത്യമായ ദൂരത്തായിരുന്നു നേരത്തേ കണ്ട കെട്ടിടങ്ങൾ. ആ കെട്ടിടം ഭൂഗർഭ അറയിലേക്ക് നയിക്കുന്ന പടികളുടെ കവാടമായിരുന്നു. കവാടത്തിനരികിൽ ‘ടോംബ് ഓഫ് ജഗ്ഗ്‌ലേഴ്സ്’ എന്നെഴുതിയിരിക്കുന്നത് കണ്ടു. പടിയിറങ്ങി ചെന്നപ്പോൾ കണ്ണാടികൊണ്ടുള്ള ഒരു കതക്. അതിനടുത്ത് ഒരു സ്വിച്ചുണ്ടായിരുന്നു. അത് ഞെക്കിയപ്പോൾ മുറിയിൽ വെളിച്ചം പരന്നു. കണ്ണാടിയിൽകൂടി മുറിക്കകം വ്യക്തമായി കാണാം.

ചുമരിൽ ഭംഗിയുള്ള ചിത്രങ്ങൾ. ഏറ്റവും മുകളിലായി നീലനിറത്തിലെ പുള്ളിപ്പുലിയും ചുവപ്പു നിറമുള്ള സിംഹവും മുഖാമുഖം നിൽക്കുന്നു. അതിനു താഴെയായി മരിച്ചയാൾ ഒരു കസേരയിൽ ഇരിക്കുന്നു. അയാളെ രസിപ്പിക്കാൻവേണ്ടി ഒരു ജോക്കർ തലയിൽ മെഴുകുതിരിവെച്ചു നൃത്തംചെയ്യുന്നു. മറ്റൊരാൾ രണ്ടു പുല്ലാങ്കുഴൽ വായിക്കുന്നു. മരിച്ചയാളുടെ ജീവിതത്തിലെ രംഗങ്ങളാണ് വശത്തുള്ള ഭിത്തിയിൽ ഉണ്ടായിരുന്നത്. എട്രൂസ്‌കൻസിനു നിറങ്ങളോട് വലിയ താൽപര്യമായിരുന്നു.

അതുകൊണ്ടാണ് മൃഗങ്ങൾക്ക് പലതരം നിറങ്ങൾ കൊടുത്തിരുന്നത് എന്നെഴുതിവെച്ചിരുന്നു. ജനനംപോലെ ഒരാളുടെ മരണവും വലിയ ആഘോഷമായിരുന്നു. അതാണ് ചിത്രങ്ങളിൽ അവർ പറയാൻ ശ്രമിച്ചത്. മറ്റൊരു പ്രധാനപ്പെട്ട ശവകുടീരമായിരുന്നു ‘ടോംബ് ഓഫ് ലെപ്പേർഡ്’. 480 ബി.സിയിൽ പണിത ശവകുടീരത്തിന്റെ ഭിത്തിയിൽ രണ്ടു പുള്ളിപ്പുലികളെ വരച്ചുവെച്ചിരുന്നു. അതിനു താഴെയായി ഒരു വിരുന്നിന്റെ പടം.

മുന്തിയ ആഭരണങ്ങൾ ധരിച്ച ഒരു സ്ത്രീയും പുരുഷനും സോഫയിൽ വിശ്രമിക്കുന്നു. നഗ്‌നരായ അടിമകൾ അവർക്കു വീഞ്ഞും ഭക്ഷണവും വിളമ്പുന്നു. സ്ത്രീകളെ എല്ലാ ചടങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. അക്കാലത്തെ മറ്റു സാമ്രാജ്യങ്ങൾ ഒന്നും തന്നെ സ്ത്രീകൾക്ക് വിലകൽപിച്ചിരുന്നില്ല. ചിത്രങ്ങളിൽ കണ്ട എട്രൂസ്‌കൻ വേഷമായിരുന്നു റോമക്കാർ ‘ടോഗ’ എന്ന പേരിൽ പിൽക്കാലത്ത് ഉപയോഗിച്ചിരുന്നത്. ‘ടോംബ് ഓഫ് ഒഗോറസി’ൽ രണ്ടു നഗ്‌നരായ മനുഷ്യർ ഗുസ്തിപിടിക്കുന്ന പടം കണ്ടു.

മറ്റൊരു ചിത്രത്തിൽ ഒരു താടിയുള്ള മനുഷ്യൻ അവന്റെ പട്ടിയെ ഉപയോഗിച്ച് കണ്ണ് മൂടി കെട്ടിയ മനുഷ്യനെ കടിപ്പിക്കുന്നു. റോമക്കാർ മനുഷ്യരും മൃഗങ്ങളുമായുള്ള ഏറ്റുമുട്ടൽ സംഘടിപ്പിച്ചിരുന്നത് എട്രൂസ്‌കൻസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. മറ്റൊരു ശവകുടീരത്തിൽ സ്വർഗത്തിലെ ദൃശ്യമായിരുന്നു. മരിച്ചയാൾക്ക് അകമ്പടിയായി ‘വന്ത്’ എന്ന രാക്ഷസി തീപ്പന്തം പിടിച്ചുനടക്കുന്നു.

സ്വർഗവാതിലിന്റെ കാവൽക്കാരനായ കാറോന്റെ രൂപം അവർക്കുവേണ്ടി ഒരു കല്ലിൽകൊത്തിയിരിക്കുന്നു. മരിച്ചയാളെ സ്വീകരിക്കാൻ നേരത്തേ മരിച്ച ബന്ധുക്കൾ അയാൾക്കൊപ്പമുണ്ട്. ‘ടോംബ് ഓഫ് ഹണ്ടിങ് ആൻഡ് ഫിഷിങ്ങിൽ’ എട്രൂസ്‌കൻസ് കുതിരപ്പുറത്തു നായാട്ടിനു പോകുന്നതിന്റെ ചിത്രങ്ങളായിരുന്നു. മൊത്തം ആറായിരം ശവകുടീരങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. ചുവർചിത്രങ്ങൾ ഉള്ള നൂറ്റിനാൽപതിൽ ഇരുപതെണ്ണം മാത്രമായിരുന്നു സന്ദർശകർക്ക് കാണാൻ സാധിക്കുക.

അവസാനം ടാർക്വിനിയയിലുള്ള എട്രൂസ്‌കൻ മ്യൂസിയം സന്ദർശിച്ചു. പണ്ടത്തെ ഒരു ചെറിയ കൊട്ടാരമാണ് മ്യൂസിയമാക്കിയിരുന്നത്. താഴത്തെ നിലയിൽ നിറയെ സാക്രോഫാജികളായിരുന്നു. ആരുടെ ചാരമാണോ സൂക്ഷിച്ചിരുന്നത് അവരോടു രൂപസാദൃശ്യമുള്ള പ്രതിമകൾ അടപ്പിന് മുകളിൽ കൊത്തിവെച്ചിരുന്നു. ഒന്നാം നിലയിൽ എട്രൂസ്‌കൻസിന്റെ വിശേഷപ്പെട്ട ബ്യുക്കേരോ മൺപാത്രങ്ങൾ കണ്ടു. പ്രത്യേക രീതിയിൽ ഉണ്ടാക്കുന്നതുകൊണ്ട് മൺപാത്രങ്ങൾ മെറ്റൽകൊണ്ടുണ്ടാക്കിയ പാത്രങ്ങളെ പോലെ വെട്ടിത്തിളങ്ങും. മൺപാത്രങ്ങളെല്ലാം പല ഡിസൈനുകൾ ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. എട്രൂസ്‌കൻസ് ഉപയോഗിച്ചിരുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും ആഭരണങ്ങൾ വിസ്മയിപ്പിച്ചു.

 

എട്രൂസ്​കൻ നാഗരികതയുടെ ശേഷിപ്പുകൾ -ശവക്കല്ലറകൾ

സ്വർണത്തിന്റെ ചെറിയ ഉണ്ടകളും, നേർത്ത നൂലുകളും ചേർത്തുവെച്ചുണ്ടാക്കിയ ആഭരണങ്ങൾ. സ്പ്രിങ് വളകളുടെ ശേഖരംതന്നെയുണ്ടായിരുന്നു. എട്രൂസ്‌കൻ സ്ത്രീകൾ ഉപയോഗിച്ചിരുന്ന കൊത്തുപണികൾ ചെയ്ത വാൽക്കണ്ണാടി, കൂർത്ത ഷൂസുകൾ, മുടിപ്പൂവുകൾ, ഏലസ്സുകൾ തുടങ്ങിയവ പ്രദർശനത്തിനുണ്ടായിരുന്നു. അതിൽ ഒരു ലോക്കറ്റിൽ സൂക്ഷിച്ചുനോക്കിയപ്പോൾ നാലു സ്വസ്തിക ചിഹ്നങ്ങൾ കൊത്തിവെച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. ഒരു വലിയ ഹാളിനെ മുറികളായി തിരിച്ച്, ഓരോ മുറിയിലും ശവകുടീരങ്ങളിൽനിന്ന് ചിത്രങ്ങളോടുകൂടി അടർത്തി കൊണ്ടുവന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

എട്രൂസ്‌കൻ കലയുടെ മകുടോദാഹരണമായി പറയപ്പെടുന്ന ‘ചിറകുള്ള കുതിരകളുടെ’ പ്രതിമ അവിടെ ഒരു മുറിയിൽ കണ്ടു. ടെറാക്കോട്ട കൊണ്ടായിരുന്നു രണ്ടു ചിറകുള്ള കുതിരകളെ ചേർത്തു നിർത്തിയപോലെയുള്ള പ്രതിമ. കുതിരയുടെ ഓരോ ഭാഗവും മാർബിളിൽ കൊത്തിയെടുത്തതാണെന്നേ തോന്നൂ. കളിമണ്ണുകൊണ്ട് ഇത്ര സൂക്ഷ്മമായ ഒരു പ്രതിമ എങ്ങനെ ഉണ്ടാക്കും എന്നത്ഭുതംതോന്നി.

എട്രൂസ്‌കൻസിന്റെ ചില കഴിവുകളെ പറ്റി അവിടെ എഴുതിവെച്ചിരുന്നു. മിന്നൽ, പക്ഷികളുടെ പറക്കൽ തുടങ്ങിയവ നോക്കി ഭാവി പ്രവചിച്ചിരുന്നത്രെ. പ്രവചനത്തിന്റെ മറ്റൊരു സാധാരണ രീതി ഹാറൂസ്പിസി ആയിരുന്നു - ബലിയർപ്പിച്ച ആടിന്റെയോ കോഴിയുടെയോ കരൾ പ്രത്യേക സവിശേഷതകൾക്കായി പരിശോധിക്കുന്നത്. കരൾ വായനയിൽ വൈദഗ്ധ്യമുള്ള ഹാറൂസ്പെക്സ് എന്ന പുരോഹിതൻ വ്യാഖ്യാനിക്കും. പിയാസെൻസയിൽനിന്നും ലഭിച്ച 24 ദൈവങ്ങളുടെ പേരുകൾ ആലേഖനം ചെയ്ത 40 ഭാഗങ്ങളായി തിരിച്ച 2000 വർഷം പഴക്കമുള്ള ഒരു വെങ്കലമാതൃക കരൾറോമിലെ എട്രൂസ്‌കൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.

എട്രൂസ്‌കൻസിന്റെ ചരിത്രത്തെപ്പറ്റി അവിടെ എഴുതിവെച്ചിരുന്നു. പണ്ട് റോമിൽ കൊച്ചു കൊച്ചു ഗ്രാമങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവയെ ഏകോപിപ്പിച്ചു ഒരു നാട്ടുരാജ്യം സ്ഥാപിച്ചു ഭരിച്ചിരുന്നത് എട്രൂസ്‌കൻ രാജാക്കന്മാരായിരുന്നു. കാപിറ്റലിൻ കുന്നിനു ചുറ്റും മതിൽ പണിതത് ഇവരായിരുന്നു. ബി.സി ആറാം നൂറ്റാണ്ടിൽ റോമിലെ ആദ്യത്തെ അഴുക്കുചാലായ ക്ലോക്കാ മാക്‌സിമ പണിതത് എട്രൂസ്‌കൻസ് ആയിരുന്നു. വളഞ്ഞ കമാനങ്ങൾ ഉണ്ടാക്കാൻ റോമക്കാർ പഠിച്ചത് ഇവരിൽനിന്നായിരുന്നു.

ഏട്രീയത്തോടുകൂടിയ വില്ലകൾ, വിശാലമായ ശവകുടീരങ്ങൾ, ഉയർന്ന പ്ലാറ്റ്ഫോമിൽ വലിയ ക്ഷേത്രങ്ങൾ തുടങ്ങിയവ ഉണ്ടാക്കാൻ എട്രൂസ്‌കൻസാണ് റോമക്കാരെ പഠിപ്പിച്ചത്. എട്രൂസ്‌കൻസിന്റെ സംഭാവനകൾ എവിടേയും രേഖപ്പെടുത്താതെ പോയി. രേഖപ്പെടുത്തിയവയാകട്ടെ റോമക്കാർ നശിപ്പിച്ചുകളഞ്ഞു എന്നാണ് കരുതപ്പെടുന്നത്. ചരിത്രം എട്രൂസ്‌കൻസിനോട് കടുത്ത അനീതിയാണ് കാണിച്ചത്. റോമക്കാർ വാഴ്ത്തപ്പെട്ടവരായപ്പോൾ, അവരുടെ അധ്യാപകരായ എട്രൂസ്‌കൻസിനെ ചരിത്രവഴികളിൽനിന്ന് തേച്ചു മായ്ച്ചു കളഞ്ഞു!

Tags:    
News Summary - weekly yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.