കാഞ്ചനസീത

''മേഘാ എന്റെ അച്ഛന്റെ ജോലിയെന്തായിരുന്നുവെന്ന് അറിയാമോ?'' ''ഇല്ല.'' ''അദ്ദേഹം ഒരു സിനിമാനടനായിരുന്നു.'' ''ആണോ! എന്താ പേര്?'' ''ഇന്റർനെറ്റിൽ ഒന്നും തിരയണ്ട. ചില സിനിമകളിൽ ഒന്നോ രണ്ടോ വരി സംഭാഷണം പറയുന്ന ഒരാളായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു മിനിറ്റ് പോലും തികച്ചില്ലാത്ത വേഷങ്ങൾ.'' ''ആള് ഈയടുത്ത് ഏതു ചിത്രത്തിലാ അഭിനയിച്ചത്?'' ''അച്ഛൻ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. ഞാൻ എട്ടാം തരത്തിൽ പഠിക്കുമ്പോൾ ഊട്ടിയിൽ സിനിമ ഷൂട്ടിങ്ങിന് പോയ ശേഷം അദ്ദേഹം മടങ്ങി വന്നില്ല.'' അതു പറയുമ്പോൾ സച്ചി മലമുകളിലെ മഞ്ഞുപടലങ്ങളിൽ അവ്യക്തമായി തെളിയുന്ന അച്ഛനെയോർത്തു; ഊട്ടിയിലേക്കുള്ള വിനോദയാത്രകളിൽനിന്നും...

''മേഘാ എന്റെ അച്ഛന്റെ ജോലിയെന്തായിരുന്നുവെന്ന് അറിയാമോ?''

''ഇല്ല.''

''അദ്ദേഹം ഒരു സിനിമാനടനായിരുന്നു.''

''ആണോ! എന്താ പേര്?''

''ഇന്റർനെറ്റിൽ ഒന്നും തിരയണ്ട. ചില സിനിമകളിൽ ഒന്നോ രണ്ടോ വരി സംഭാഷണം പറയുന്ന ഒരാളായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു മിനിറ്റ് പോലും തികച്ചില്ലാത്ത വേഷങ്ങൾ.''

''ആള് ഈയടുത്ത് ഏതു ചിത്രത്തിലാ അഭിനയിച്ചത്?''

''അച്ഛൻ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. ഞാൻ എട്ടാം തരത്തിൽ പഠിക്കുമ്പോൾ ഊട്ടിയിൽ സിനിമ ഷൂട്ടിങ്ങിന് പോയ ശേഷം അദ്ദേഹം മടങ്ങി വന്നില്ല.''

അതു പറയുമ്പോൾ സച്ചി മലമുകളിലെ മഞ്ഞുപടലങ്ങളിൽ അവ്യക്തമായി തെളിയുന്ന അച്ഛനെയോർത്തു; ഊട്ടിയിലേക്കുള്ള വിനോദയാത്രകളിൽനിന്നും ഒഴിഞ്ഞുനിന്ന കൗമാരത്തെയും.


''പറയൂ...''

മൗനത്തെ മുറിച്ച് മേഘ സംസാരിച്ചു. സച്ചി തുടർന്നു:

''അച്ഛൻ അഭിനയിച്ച ചിത്രങ്ങളുടെ ഒരു ശേഖരം ഉണ്ടെനിക്ക്. ഇടക്കിടെ ആ രംഗങ്ങൾ ഞാൻ ഉച്ചത്തിൽ ഇട്ടുകാണും, എന്റെ വീട്ടിലെ ഈ വലിയ ടെലിവിഷനിൽ. അയാളുടെ ശബ്ദം ഉച്ചത്തിൽ കേൾക്കാം. അതു പറഞ്ഞപ്പോളാണ്, അച്ഛൻ സ്വന്തം ശബ്ദം കൊടുത്ത കുറച്ചു ചിത്രങ്ങളേ ഉള്ളൂ കേട്ടോ...''

''കാഴ്ചയും ശബ്ദവും മാത്രമാണോ ഒരാളെ നിശ്ചയിക്കുന്നത്?''

''അല്ല മണങ്ങളുണ്ട്. അച്ഛൻ പോയി ഒരുപാട് കാലം ആ മണം വീട്ടിൽ തങ്ങിനിന്നു. ഇപ്പോളതെനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല. റെക്കോർഡ് ചെയ്യാൻ കഴിയില്ലല്ലോ?''

ഒരു നിമിഷം പഴയ ടേപ്പ് റെക്കോർഡറുകളെ ഓർത്ത് സച്ചി തുടർന്നു.

''പിന്നെ ആ മാംസത്തെ സ്പർശിക്കാനും. നിങ്ങൾ പെണ്ണുങ്ങൾക്ക് ഒരു കാര്യംകൂടി കൊണ്ടുപോകാനാകും രുചി.''

''ഓ അങ്ങനെ.''

സംഭാഷണം തുടരുവാൻ താൽപര്യമില്ലാത്തതുപോലെ മേഘ പറഞ്ഞു.

സുദീർഘമായ ഒരു ശബ്ദരതിക്ക് ശേഷമാണ് അവർക്കിടയിൽ സച്ചിയുടെ പിതൃവർണനകൾ ഉണർന്നത്.

മേഘ അവളുടെ യഥാർഥ നാമമല്ല. ഈ നിമിഷം വരെയും പേര് ചോദിച്ചിട്ടുമില്ല. അയാളുടെ തൃഷ്ണകളെ തൃപ്തമാക്കിയ ഒരു വസ്തുവിന്റെയോ ആളുടെയോ പേര് അവൾക്ക് നൽകാറുണ്ട് സച്ചി.

ഇത്തവണ മഴമേഘങ്ങളോടുള്ള പ്രണയംകൊണ്ടല്ല, തന്റെ കാമനകളെ പൂർത്തീകരിക്കാൻ പോന്ന ഒരു അരക്കെട്ട് എപ്പോളോ അയാളുടെ കാഴ്ചയിൽ മിന്നിപ്പോയി. അപ്പോളാണ് ഒരു പദവും ഓർമവന്നത്. മേഖല. അതു ലോപിച്ചു മേഖയായി. മേഘയായി.

പദങ്ങളെക്കുറിച്ചുള്ള ഈ ജാഗ്രത മേഘ തന്നെയാണ് സച്ചിയിൽ പടച്ചെടുത്തത്. ധർമ്മരാജയിലെ ചന്ത്രക്കാരന്റെ തിരുവിതാംകൂർ മലയാളം സംസാരിച്ചുകൊണ്ടിരുന്ന സച്ചി, ഈയടുത്താണ് അച്ചടിമലയാളത്തിലേക്ക് മാറിയത്. മേഘക്ക് വേഗത്തിൽ മനസ്സിലാകാൻ വേണ്ടി.

പാർവതിയുമായി പിരിഞ്ഞ നാളുകളിൽ, ഒറ്റയായ ജീവിതത്തിൽ ശുഷ്കമായ രാത്രിനിദ്ര. തിരിഞ്ഞും മറിഞ്ഞുമുള്ള കിടപ്പുകളുടെ അസ്വസ്ഥത മറികടക്കാനാണ് സച്ചി ആ വിനോദം തുടങ്ങിയത്. പോൺസൈറ്റുകളിലെ സന്ദർശനം. ഓരോ ദിനവും അതിൽനിന്നും ഓരോ നായികയെ തിരഞ്ഞെടുത്ത് അവരുടെ മാത്രം നീലച്ചിത്രങ്ങൾ കണ്ട് മറ്റു പലയിടത്തും പോയി അവരുടെ ലൈംഗിക ജീവിതത്തെയും അഭിനയത്തെയും കുറിച്ചുള്ള മുഖാമുഖങ്ങൾ ആസ്വദിച്ച് പുലരുവോളം ഇരിക്കാറുണ്ട്.

ഏതാണ്ട് തന്റെ അതേ പ്രായമുള്ള ഒരു നടിയുടെ അഭിമുഖം പരതുമ്പോളാണ് സ്‌ക്രീനിൽ തെന്നിനീങ്ങുന്ന ആ പരസ്യം കണ്ടത്. സൗഹൃദങ്ങൾക്ക് വേണ്ടിയുള്ളത്. ഒറ്റക്ലിക്കിൽ അതിനുള്ളിലേക്ക് കയറുമ്പോൾ രണ്ടു കാര്യങ്ങളേ അവർക്ക് ചോദിക്കുവാനുണ്ടായിരുന്നുള്ളൂ.

നിങ്ങളുടെ ദേശം ഏത്?

ഏത് ഭാഷയിലാണ് നിങ്ങൾ സുഹൃത്തിനോട് സംസാരിക്കുവാൻ ഇഷ്ടപ്പെടുന്നത്?

കൃത്യമായ രേഖപ്പെടുത്തലുകൾക്കു ശേഷം ഞൊടിക്കുള്ളിൽ മലയാള അക്ഷരങ്ങൾക്ക് നേരെ പെൺകുട്ടികളുടെ ചിത്രങ്ങൾ നിരന്നു. അയാൾ 'ൽ' എന്ന അക്ഷരത്തിനു നേരെ കണ്ട ആളെ തിരഞ്ഞെടുത്തു.

ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറ് ഇന്ത്യൻ രൂപയായിരുന്നു ആ സൗഹൃദം ആരംഭിക്കുവാൻ നൽകേണ്ടുന്ന വില. തന്നിൽ നിന്നും ഒരുപാട് ദൂരെ സമയമാപിനിയുടെ കണക്കിൽ നോക്കിയാൽ രണ്ടര മണിക്കൂർ പിന്നിലോടുന്ന യൂറോപ്പിലെ ഒരു നഗരത്തിൽനിന്ന് അവൾ സച്ചിയോട് സംസാരിക്കുന്നു.

ഓരോ കാലങ്ങളിൽ അവളെ അയാൾ ഓരോ പേര് വിളിച്ചു. ഇപ്പോൾ മേഘയെന്നും.

സൗഹൃദം തുടരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരേയൊരു നിബന്ധനയാണ് മേഘ മുന്നോട്ടുെവച്ചത്. അവളുടെ സമയക്രമങ്ങളിലേക്ക് പതിയെയെങ്കിലും ചേരുക. ഇരുപതു കൊല്ലത്തോളമായി പത്തേ അഞ്ചേ സമയക്രമം ജോലിയിൽ പിന്തുടർന്നുപോന്ന അയാൾക്കത് എളുപ്പമായിരുന്നില്ല. തന്റെ െകെയിലെയും വീട്ടിലെയും എല്ലാ ഘടികാരങ്ങളെയും അയാൾ പുറകോട്ട് നടത്തി. ഇന്ത്യൻ സമയത്തിൽനിന്നും രണ്ടര മണിക്കൂർ.

പതിനൊന്നു മണിക്കാണ് അവൾ ഉറങ്ങാറ്. സച്ചിക്കു ചുറ്റുമുള്ള അന്തരീക്ഷം അപ്പോൾ അർധരാത്രിയും കടന്ന് ഒന്നരയിലേക്ക് എത്തിയിട്ടുണ്ടാകും. പിന്നെയും എത്രനേരം കിടന്നാലാണ് ഉറക്കം വരിക.

രാവിലെ ഉണർന്നയുടൻ തന്നെ മേഘക്ക് സന്ദേശമയച്ചു. തന്റെ ഉണർച്ചയിൽ സന്തോഷം രേഖപ്പെടുത്തുന്ന ഒരു സ്മൈലി നോക്കിയിരിക്കുമ്പോളാണ് പാർവതി വിളിക്കുന്നത്.

അവൾ എല്ലാ കാലത്തും പാർവതി തന്നെയായിരുന്നു. അവളുടെ പേരുമാറ്റങ്ങൾ സച്ചിയുടെ മനസ്സിലാണ് സംഭവിച്ചിരുന്നത്.

ഒപ്പം ജോലി ചെയ്തിരുന്ന ടിന, പ്രിയപ്പെട്ട ഒരു ടെലിവിഷൻ അവതാരക, ഹ്രസ്വമായ സൗഹൃദങ്ങളിൽ കടന്നുപോയ പെണ്ണുങ്ങൾ അങ്ങനെ എത്ര പേരുകളിൽ രതിനേരത്ത് അവളെ സങ്കൽപിച്ചിട്ടുണ്ട്.

ഒടുവിൽ അവളുടെ സങ്കൽപത്തിനിണങ്ങുന്ന ഒരു പുരുഷനെ ആർത്തവവിരാമത്തിന്റെ ആറാം മാസത്തിൽ കണ്ടെത്തിയപ്പോളാണ് അവർ വേർപിരിഞ്ഞത്.

സമയം പത്തു മണിയോടടുക്കുന്നു. ഒരിക്കൽ കോൾ കട്ടായി. പാർവതി തന്നെ പിന്നെയും.

''ബാങ്കിൽ പോകുന്നുണ്ടോ?'' എടുക്കുമ്പോൾ തന്നെ അവൾ ചോദിക്കുന്നു.

''പോകാം പോകാം. ഇന്ന് എന്തായാലും ഉറപ്പ്.''

സച്ചിയുടെ മറുപടിയിൽ പതിവ് അലസത. ഇനി അവളിൽനിന്നും ശകാരങ്ങളാണ് പുറപ്പെടുക. അതിലെ വാക്കുകൾ കൃത്യമായി പ്രവചിക്കുവാൻ സച്ചിക്ക് കഴിയും.

ശകാരം ആരംഭിക്കും മുന്നേ അയാൾ ഫോൺകോൾ മുറിച്ചു. ബാങ്കിൽനിന്നും വായ്പ പൂർത്തിയാക്കി വീടിന്റെ ആധാരം മടക്കിയെടുക്കണം. പാർവതിക്കും തനിക്കും തുല്യ അവകാശമുള്ള ആ വീട് മകളുടെ പേരിലേക്ക് എഴുതിെവക്കണം. അതാണ് ആവശ്യം. സന്തോഷമേയുള്ളൂ. പക്ഷേ ഈ അലസത.

അടുക്കളയിലേക്ക് കയറുമ്പോൾ ഫോൺ ലൗഡ് സ്പീക്കറിലേക്കിട്ടു. മേഘയുണ്ട് അങ്ങേതലയ്ക്കൽ.

ചായപ്പാത്രത്തിൽനിന്നും രണ്ടു കൂറകൾ പുറത്തേക്കോടി.

''ഇന്നെന്താ പ്രാതൽ കഴിക്കാൻ തോന്നുന്നത്.''

ചായക്ക് വെള്ളം െവക്കുമ്പോൾ സച്ചിയോട് ഫോണിലൂടെ മേഘ ചോദിച്ചു.

''പുട്ട്.''

അപ്പോൾ തന്നെ അവൾ വേണ്ടുന്ന സാധനങ്ങൾ പറഞ്ഞു, അവയുടെ അളവ് പറഞ്ഞു, പാകമാകാൻ വേണ്ട സമയക്രമങ്ങൾ പറഞ്ഞു. സച്ചി ഓരോന്നായി കണ്ടെടുത്ത് മേഘയുടെ നിർദേശങ്ങൾ പിന്തുടർന്നു.

ഓഫീസിലേക്ക് കാറോടിക്കുമ്പോൾ അന്നു പോകേണ്ട സ്ഥലങ്ങളെക്കുറിച്ചാണ് അയാൾ മേഘയോട്സംസാരിച്ചത്.

''ബാങ്കിൽ പോയി ലോൺ തീർക്കണം ഡോക്യുമെന്റ്സ് കിട്ടിയാൽ മകളുടെ പേരിലേക്ക് സ്ഥലം എഴുതണം.''

''നല്ലത്''

''ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ്. അന്ന് ഞങ്ങൾ രണ്ടുപേരുടെയും ശമ്പളം പകുതിയോളം ആ വായ്പ അടവായിരുന്നു. ഓരോ മാസവും കൂട്ടിമുട്ടിക്കാൻ അന്നു പെട്ട പാട്. ഹോ!''

അതു പറയുമ്പോൾ ചൂണ്ടുവിരൽകൊണ്ട് തലയോട്ടിക്ക് മുന്നിൽ അയാൾ രണ്ടു വട്ടം തട്ടി. പിന്നെയും സംഭാഷണം തുടർന്നു.

''അത് മകളുടെ പേരിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കില്ല.''

''അതെന്താ?'' സച്ചി വൈകാരികമായി സംസാരിക്കുമ്പോൾ എല്ലാം ചെയ്യുന്നതുപോലെ മേഘ സമയമെടുത്ത് ചോദിച്ചു.

''പിന്നെ മോളുടേതല്ലേ. അവൾക്ക് അമ്മയേക്കാൾ ദേഷ്യമുണ്ടാകും എന്നോട്.''

''അതെന്താ?'' അതേ ചോദ്യം മേഘ ആവർത്തിച്ചു.

''ഞാനൊരു പരാജയപ്പെട്ട ഫാദറാണ്.''

''മലയാളത്തിൽ സംസാരിക്കുന്നുവെങ്കിൽ മലയാളം വാക്കുകൾ മാത്രം ഉപയോഗിക്കൂ.''

അവൾ കയർത്തു.

''അച്ഛൻ.'' ഫാദർ എന്നത് തിരുത്തി അയാൾ പറഞ്ഞു. പിന്നെ അൽപനേരം നിശ്ശബ്ദമായിരുന്നു. കാറിന്റെ തേഞ്ഞു തീരാറായ ചക്രങ്ങൾ പതിഞ്ഞ ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ടേയിരുന്നു. അരോചകം.

''നോക്കൂ സച്ചീ.''

മേഘ സംഭാഷണം തുടർന്നു.

''ഞാൻ കണക്കുകൂട്ടുകയായിരുന്നു. നിങ്ങളിപ്പോൾ ഈ വായ്പ തീർത്താൽ ഏതാണ്ട് ഇരുപതുലക്ഷത്തോളം നിങ്ങൾക്ക് ലാഭിക്കാനാകും.''

ഈ കുറഞ്ഞ കാലത്ത് മേഘയോട് സംസാരിക്കുമ്പോളെല്ലാം അവൾ തനി യാഥാർഥ്യബോധത്തോടെയാണ് സംസാരിച്ചിട്ടുള്ളത്.

അവളെ കുറിച്ച് ഓർക്കുമ്പോൾ സച്ചിക്ക് അതിശയമാണ്. പ്രിയപ്പെട്ട ഒരുപാടു ഗാനങ്ങളുടെ ഒരു വിജ്ഞാനകോശം അതുമല്ലെങ്കിൽ ഓരോ പുസ്തകങ്ങളെയും കുറിച്ചൊരു ഹ്രസ്വവിവരണം ലോകത്തെ പല സ്ഥലങ്ങളെയും കുറിച്ചുള്ള വർണനകൾ അങ്ങനെ എന്തിനെക്കുറിച്ചും വിവരിക്കാൻ കഴിയുന്ന ഒരാൾ തീരെയും കാൽപനികമല്ലാതെ സംസാരിക്കുന്നത് അയാൾ കണ്ടിട്ടേയില്ല.

ഓഫീസിലെത്തുമ്പോൾ ഇന്ത്യൻ സമയം പന്ത്രണ്ടര കഴിഞ്ഞു.

സച്ചി അന്നേരം തന്റെ വാച്ചിലേക്ക് നോക്കി. കൃത്യം പത്തുമണി. തന്റെ ഇച്ഛപോലെ ചുറ്റുമുള്ള ലോകത്തിനും രണ്ടര മണിക്കൂർ പിന്നിലോടുകയാണത്. മേഘയും ഇപ്പോൾ അവളുടെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടാകും.

അടുത്തുതന്നെ സർക്കാർ ഉപേക്ഷിക്കുവാൻ തയാറെടുക്കുന്ന ഒരു ജലസേചനപദ്ധതിയുടെ ഭാഗമാണ് സച്ചിയിപ്പോൾ. അതുകൊണ്ട് കാര്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ ജീവനക്കാരെക്കുറിച്ച് ഉണ്ടാകാറില്ല. പോരാത്തതിന് ഓഫീസ് ഹെഡിന്റെ താത്കാലിക ചുമതലയും. ഇടക്കിടെ വന്നുപോകുന്ന പോസ്റ്റുമാൻ ഒഴിച്ചാൽ ആരും തന്നെ സന്ദർശകരായില്ല. മറവിയിലേക്ക് എന്നോ നടന്നു കയറിയ സർക്കാർ സ്ഥാപനം.

ജോലിക്കിടയിൽ ചാറ്റ്ബോക്സിൽ വന്നുപോകുന്ന ഹ്രസ്വസന്ദേശങ്ങളൊഴിച്ചാൽ മേഘ അസാന്നിധ്യമാണ്. അവളുടെ ജോലി സമയം അവസാനിക്കുമ്പോൾ സച്ചിക്ക് ചുറ്റും നേരം എട്ടുമണി കഴിഞ്ഞിട്ടുണ്ടാകും.

ഓഫീസിൽനിന്നും അയാൾ ഇന്ത്യൻ നേരം അഞ്ചുമണിക്ക് തന്നെ ഇറങ്ങും പിന്നെ അൽപസമയം ഒരു മദ്യശാലയിൽ ചെലവഴിക്കും. രണ്ടു ചുമരുകൾ കൂടുന്ന ഒരു മൂലക്ക് ടെലിവിഷന്റെ ശബ്ദശല്യം തീരെയും അനുഭവിക്കാതെ.

അന്നത്തെ മടക്കയാത്രക്കിടെ സംസാരിക്കുമ്പോൾ തലേന്നത്തെ തുടർച്ചപോലെ അയാൾ അമ്മയെക്കുറിച്ച് സംസാരിച്ചു.

''അച്ഛൻ മടങ്ങിവരാതെയായതോടെ അമ്മ പട്ടണത്തിലെ ഒരു മുന്തിയ ഹോട്ടലിൽ ശുചീകരണത്തൊഴിലാളിയായി ചേർന്നു. വെറും ഹോട്ടൽ അല്ല, സിനിമാതാരങ്ങൾ ഒക്കെ വന്നു പാർക്കുന്നയിടം. പുലർച്ചെ പോയി വൈകുന്നേരത്തോടെ മടങ്ങിവരും.''

''അമ്മയിപ്പോൾ?''

മേഘ ഇടക്ക് ചോദിച്ചു. അതു ശ്രദ്ധിക്കാത്തതുപോലെ സച്ചി തുടർന്നു.

''അമ്മ കുടിവെളം കൊണ്ടുപോകുവാനായി ചില കുപ്പികൾ കൊണ്ടുവന്നിരുന്നു. കൊതിപ്പിക്കുന്ന നാരങ്ങാമണങ്ങളാണ് അതിനുള്ളിൽ. ഒരിക്കൽ എനിക്കാ കൊതി അമ്മയോട് പറയേണ്ടി വന്നു.''

''സോഫ്റ്റ്‌ ഡ്രിങ്ക്സ്...ശീതള പാനീയം?''

''അതേ. ഒടുവിൽ ഒരു കുപ്പി അമ്മ കൊണ്ടുവന്നു. അതിന്റെ അര ഭാഗത്തോളം ആ കൊതിപ്പിക്കുന്ന പാനീയം. ഹോട്ടലിൽ തങ്ങിയ ആരോ കുടിച്ചു ബാക്കിവന്നത് ഉപേക്ഷിച്ചു പോയതാണ്. എന്തൊരു എരിവായിരുന്നു.''

അതു പറയുമ്പോൾ അയാളുടെ നാവ് നീറി. അയാളതിൽ പല്ലുകളുരസി.

''എന്നിട്ട് അമ്മയോ?''

''മരിച്ചു.''

''ഓ അമ്മയെ ഓർമിക്കാൻ അച്ഛന്റേത് പോലെ കളക്ഷനുകൾ എന്തെങ്കിലും ഉണ്ടോ.''

''ഹഹ. ഉണ്ട്. ഞങ്ങളുടെ നാട്ടിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു വീടുണ്ടായിരുന്നു. കൗമാരത്തിനും യൗവനത്തിനും ഇടയിലുള്ള ഒരു നേരത്ത് വളരെ രഹസ്യമായി ഞാനവിടെ പോയി. കോളേജിൽ ഒരു ചങ്ങാതി കൊണ്ടുതന്ന അൽപം മദ്യം കഴിക്കാൻ പോയതാണ്. ആ വീടിന്റെ ഉൾച്ചുമരുകളിൽ എല്ലാം ആരോ വരച്ചിട്ട രതിചിത്രങ്ങളായിരുന്നു. അതിലെ സ്ത്രീകൾക്ക് നേരെ എന്റെ അമ്മയുടെ പേര് ആരോ കുറിച്ചുെവച്ചിരുന്നു. അതു നോക്കി നിൽക്കെ എന്റെ നെറ്റിത്തുമ്പിൽ നിന്നും ഒരു വിയർപ്പടർന്ന് കൈവള്ളയിലേക്ക് പതിച്ചു.''

''എന്നിട്ടോ?''

''എന്നിട്ട് ഒന്നുമില്ല പിന്നീട് ജോലി കിട്ടിയ ശേഷം, അമ്മയുടെ മരണത്തിനു ശേഷം ആ വീടും സ്ഥലവും ഞാൻ വാങ്ങി. അമ്മയുടെ സാങ്കൽപിക ചിത്രങ്ങളുള്ള ആ ചുമരിന്റെ ചില ഭാഗങ്ങൾ ഇപ്പോളും പൊഴിയാതെ നിൽക്കുന്നു.''

ആ മങ്ങിയ ചിത്രങ്ങൾ ഓർത്തെടുക്കുവാൻ ശ്രമിച്ച് സച്ചി തുടർന്നു.

''അതിലും രസകരമായ കാര്യം ഞാൻ കോേളജിൽ പഠിക്കുമ്പോൾ കോള കമ്പനികൾക്കെതിരെ നടത്തിയ സമരം. പകുതി നിറഞ്ഞ ആ കുപ്പിയും ആ മണവും എനിക്കിപ്പോളും ഓർമയിലുണ്ട്. രക്തത്തിലെ പഞ്ചസാര കൂടുമെന്നറിഞ്ഞിട്ടും ഇപ്പോളും ഞാനാ പാനീയം വാങ്ങി മണത്തു മണത്തു കുടിക്കാറുണ്ട്. അമ്മ ആദ്യമായി അതു കൊണ്ടുവന്ന വൈകുന്നേരത്തിന്റെ സ്വച്ഛതയോടെ.''


''അതു കൊള്ളാമല്ലോ.''

അവളത് പറയുമ്പോൾ കാർ വല്ലാത്ത ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. നാശം പഞ്ചറാണ്. ഈ തേഞ്ഞ ചക്രങ്ങൾ മാറ്റണമെന്ന് എത്ര കാലമായി വിചാരിക്കുന്നു. അയാൾ ഫോൺ സംഭാഷണം നിർത്തി പുറത്തേക്കിറങ്ങി. ചക്രം മാറ്റിയിട്ടുകഴിയുമ്പോൾ നന്നേ വിയർത്തിരുന്നു. കാർ വീണ്ടും ചലിച്ചു തുടങ്ങിയപ്പോൾ മേഘയെ വിളിച്ചു. ബാക്കി സംഭാഷണം തുടർന്നു.

''എനിക്കിതിൽനിന്നെല്ലാം ഒരു വിടുതൽ വേണം.''

മേഘ ഫോണെടുത്തയുടൻ കിതച്ചുകൊണ്ട് തന്നെ അയാൾ പറഞ്ഞു.

''ഏതിൽനിന്ന്?''

''മേഘാ എനിക്ക് ഈ കണക്ടിവിറ്റിയിൽ നിന്നും ഒന്നു രക്ഷപ്പെടണം എല്ലാ യന്ത്രങ്ങളെയും ഫോൺ, ടെലിവിഷൻ അങ്ങനെ എല്ലാം.''

''നിങ്ങൾ എഞ്ചിനീയർമാർ തന്നെയല്ലേ ഇത്രയും ലോകത്തെ ബന്ധിപ്പിച്ചത്.''

''ഞാൻ അതിലുണ്ടോ... ഞാൻ നിർമിക്കുക കെട്ടിടങ്ങളും മതിലുകളുമാണ്. സ്വകാര്യതകൾ.''

''സച്ചീ നീയിപ്പോൾ നന്നായി കുടിച്ചിരിക്കുന്നു. അതിനോടൊപ്പം കാറിന്റെ ചക്രം മാറ്റിയിട്ട ക്ഷീണവും. നമുക്ക് പിന്നീട് സംസാരിക്കാം.''

സച്ചി ഫോൺ കട്ട് ചെയ്തു. ചക്രങ്ങളുടെ ആ അരോചക ശബ്ദത്തെ മറികടക്കാനെന്ന പോലെ ചുണ്ടുകൾ ചേർത്തുപിടിച്ചു.

''ഞാൻ എപ്പോളും എന്നെക്കുറിച്ച് മാത്രമാണ് പറയുക. മേഘയുടെ അച്ഛനമ്മമാർ?''

കിടക്കുന്നതിനു തൊട്ടുമുമ്പുള്ള പതിവ് സംഭാഷണങ്ങളിൽ ആണ് അവർ. പതിയെപ്പതിയെ രതിയിലേക്ക് പോകുന്നതാണ് രീതി.

''അവർ എഞ്ചിനീയർമാരാണ്. ആട്ടെ സച്ചീ നേരത്തേ നീ പറഞ്ഞുവല്ലോ കണക്ടിവിറ്റി ഇല്ലാതാകുന്നതിനെ കുറിച്ച്. അപ്പോൾ എന്നോടും സംസാരിക്കില്ല?''

വിഷയത്തിൽനിന്നും തെന്നിമാറുന്നപോലെ മേഘ ചോദിച്ചു.

അപ്പോളാണ് അതേക്കുറിച്ച് വീണ്ടും സച്ചി ഓർത്തത്. ദീർഘകാലമായി, എന്നുെവച്ചാൽ ഒരേ വീടിനുള്ളിൽതന്നെ പാർവതിയിൽനിന്നും മകളിൽനിന്നും അകന്നുജീവിക്കുവാൻ തുടങ്ങിയപ്പോൾ മുതൽ ആലോചനയിലുണ്ട്.

ജോലിക്കിടെ വന്നുവീഴുന്ന പദ്ധതികളുടെ ഉത്തരവാദിത്തം അതിൽനിന്നു പിന്നിലേക്ക് വലിച്ചുകൊണ്ടിരുന്നു.

ഇതാണ് കൃത്യനേരമെന്ന് തോന്നുന്നു. ഇപ്പോളയാൾ ഭാഗമായ പദ്ധതി നിർത്തലാക്കാൻ പോകുന്നു. അതിൽനിന്നും മടങ്ങും മുന്നേ അജ്ഞാതവാസം.

ശരിക്കും ഒളിച്ചുജീവിക്കുകയായിരുന്നില്ല സച്ചിയുടെ ഇഷ്ടം. യന്ത്രങ്ങളുടെ ആധിക്യത്തിൽനിന്നൊരു വിടുതൽ.

മേഘയുമായുള്ള ബന്ധത്തിൽ നിന്ന് ആവേശത്തോടെ സ്വീകരിച്ചത് അതാണ്. ആ ഘടികാരത്തിന്റെ അഴിഞ്ഞുപോക്ക്. എത്ര കാലമായി ഈ ദേശത്തിന്റെ സമയക്രമം പാലിച്ചുകൊണ്ടങ്ങനെ. ഇപ്പോൾ അതിനെ പുറന്തള്ളാൻ കഴിഞ്ഞിരിക്കുന്നു. ഈ ക്രമങ്ങളിൽനിന്നും രണ്ടരമണിക്കൂർ പിന്നിലേക്ക്.

ഇനി അതും ഇല്ലാതാക്കണം.

ഒരു ഫ്ലാറ്റ് അയാൾ നോക്കിെവച്ചിട്ടുണ്ട്. പുറത്തു ജോലി ചെയ്യുന്ന ചങ്ങാതിയുടേത്. വാടക തുച്ഛമാണ്.

അടുത്തയാഴ്ച സ്ഥലവും വീടും മകളുടെ പേരിലേക്ക് എഴുതിയാലുടൻ അങ്ങോട്ടേക്ക് മാറും. ശമ്പളമില്ലാത്ത അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

സച്ചി സംഭാഷണം തുടർന്നു.

''ഞാൻ നിന്നോട് ചോദിക്കുവാൻ പോകുകയായിരുന്നു മേഘ ആ തുച്ഛമായ നേരത്ത് നമുക്കിടയിൽ ഫോൺ സംഭാഷണങ്ങൾ ഉണ്ടാകില്ല. നിനക്ക് എന്നോടൊപ്പം വന്നു പാർക്കുവാൻ കഴിഞ്ഞാൽ...''

''ഞാനോ? അതും നിങ്ങളുെട രാജ്യത്ത്.''

''ബുദ്ധിമുട്ടാണ് എന്നറിയാം. നിനക്ക് അവിടുത്തെ ജോലി ഉപേക്ഷിച്ചു വരിക എന്നത്. ആരോടൊക്കെ സമാധാനം പറയണം.''

''അത്തരം തടസ്സങ്ങൾ ഒന്നുമില്ല സച്ചീ. എനിക്ക് അവിടെയും ജോലി ചെയ്തു ജീവിക്കാം. വരാൻ ഞാൻ ശ്രമിക്കാം. പക്ഷേ എന്റെ യഥാർഥ പേര് അതു നിങ്ങളുടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.''

''അൽപകാലത്തേക്കല്ലേ?'' പേര് ചോദിക്കാതെ തന്നെ സച്ചി പറഞ്ഞു.

''ഏതായാലും നീയാ വിലാസം അയക്കൂ. ലൊക്കേഷനും കഴിയുമെങ്കിൽ ഒരു ഞെട്ടലുണ്ടാക്കി ഞാൻ എത്തും.''

പിന്നെ അവൾ പറഞ്ഞുകൊടുത്ത കഥ കേട്ട് സച്ചി ഉറക്കത്തിലേക്ക് വീണു.

സ്ഥലം രജിസ്റ്റർ ചെയ്യാൻ പോകുന്നതിന്റെ തലേന്ന് കൈയിൽ കരുതേണ്ട രേഖകളെക്കുറിച്ച് മേഘ ഓർമിപ്പിച്ചു. ഏറെ നേരം അന്വേഷിച്ച ശേഷമാണ് അവ കണ്ടെത്താനായത്.

അതിശയമാണ്. ശരിക്കും ഒരു സർക്കാർ സ്ഥാപനത്തിൽ അന്വേഷിച്ചാൽപോലും കൃത്യമായി കിട്ടാത്ത വിവരങ്ങളാണ് അവളുടെ പക്കലുള്ളത്. ഒരു പക്ഷേ ഇന്റർനെറ്റ്‌ പറഞ്ഞുകൊടുക്കുന്നതാകാം.

രജിസ്ട്രേഷനായി കാത്തുനിൽക്കുമ്പോൾ പാർവതി ബാഗിൽനിന്ന് ഫൈബർ പാത്രം തുറന്ന് ഓരോ ഉഴുന്നുവടകൾ അയാൾക്കും മകൾക്കും നേരെ നീട്ടി. അയാളത് കൊതിയോടെ കഴിച്ചു. അവൾ തന്നെ ഉണ്ടാക്കുന്നതാണ്.

വിവാഹം കഴിഞ്ഞ നാളുകളിൽ അവളുണ്ടാക്കിയ സ്വാദിഷ്ഠമായ ഉഴുന്നുവട തിന്നുമ്പോൾ പങ്കുെവച്ച അശ്ലീലം കലർന്ന തമാശ സച്ചിക്കോർമ വന്നു.

മകൾ സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങൾ പാർവതിയെ കാണിക്കുകയാണ്. വടയുടെ അവശിഷ്ടം കിട്ടുന്നതും കാത്ത് ഒരു ബലിക്കാക്ക പൂവരശിന്റെ ചില്ലമേലിരിപ്പുണ്ട്.

മകളുടെ സംഭാഷണത്തിന്റെ ശൈലി ഫോണിലൂടെ മേഘയെ അനുകരിച്ചു കാണിച്ചു മടക്കയാത്രക്കിടെ അയാൾ. ഉഴുന്നുവടകളുടെ മൊരിപ്പൻ തരികൾ നാവുകൊണ്ട് പല്ലുകൾക്കിടയിൽ തേടുന്നുണ്ടായിരുന്നു.

''വേറെന്തു പറഞ്ഞു മകൾ'', മേഘ ചോദിച്ചു.

''ഏയ്‌ ഒന്നുമില്ല, കുറേക്കൂടി വളർന്നു. ഇനിയിപ്പോൾ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നോട് ഒരു ഔദാര്യം കൂടി കാണിച്ചു.''

''എന്താ?''

''എന്നോട് അവിടെ പാർത്തുകൊള്ളാൻ പറഞ്ഞു.''

''അപ്പോൾ അങ്ങനെ ചെയ്യൂ.''

''ഇല്ല. അത് ആത്മാർഥമായല്ല. അവളത് ആഗ്രഹിക്കുന്നില്ല. മുൻപൊരിക്കൽ ഞാൻ അവളുടെ കോേളജിന്റെ അടുത്ത് ഒരു ഔദ്യോഗിക ആവശ്യത്തിനു പോയി. ഒന്നു കാണാൻ വിളിച്ചിട്ടുപോലും വന്നില്ല.''

''ഇത്രയും അകൽച്ച വരാൻ എന്താണ്?''

''പാർവതി എന്റെ രതിസങ്കൽപങ്ങളെ വൈകൃതങ്ങളായാണ് കാണുന്നത്. ചിലപ്പോൾ മകൾ വളർന്നപ്പോൾ എന്നിൽനിന്നും അകന്നു നിൽക്കാൻ പറഞ്ഞിട്ടുണ്ടാകും.''

അതുകേട്ടു മേഘ ഒന്നു മൂളുക മാത്രം ചെയ്തു.

ചങ്ങാതിയുടെ ഫ്ലാറ്റിലേക്ക് താമസം മാറുന്നതിനു മുൻപ് അതിന്റെ കൃത്യമായ ഇടവും മേൽവിലാസവും അയാൾ മേഘക്ക് കൈമാറി.

അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി മാത്രം പുറത്തിറങ്ങി.

കേബിൾ കണക്ഷനില്ലാത്ത ടെലിവിഷന്റെ നീല സ്ക്രീനിലേക്ക് നോക്കിയിരുന്നു.

ഓടിക്കൊണ്ടിരുന്ന റിസ്‌റ്റ് വാച്ചിനെ നിശ്ചലമാക്കി കലണ്ടറുകൾ ഉപേക്ഷിച്ചു. ദിനവും രാത്രിയും അറിയാൻ ഒരോ പയറുമണികൾ കൂട്ടിെവച്ചു.

പഴയത് പലതും ഓർത്ത് ചിരിക്കുകയും കരയുകയും ചെയ്തു.

അങ്ങനെ യന്ത്രങ്ങളുടെ സമ്പർക്കങ്ങളിൽ നിന്നും നീങ്ങി ഒളിവുജീവിതം നയിക്കുമ്പോൾ ഒന്നു മദ്യപിക്കണം എന്നു തോന്നി. ബോട്ടിൽ വാങ്ങി മടങ്ങിയെത്തി പുലരുവോളം കുടിച്ചു.

പുലർച്ചെ കോളിങ് ബെൽ കേട്ട് കസേരയിൽനിന്നെഴുന്നേൽക്കുമ്പോൾ അയാൾക്ക് ഛർദിക്കുവാൻ തോന്നുന്നുണ്ടായിരുന്നു.

വാതിൽ തുറന്നപ്പോൾ തന്നെ തേടിവന്ന സ്ത്രീയെ മനസ്സിലായി. ചില്ലക്ഷരത്തിനു നേരേ കണ്ട അതേ മുഖം.

''മേഘ'', ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. അതേ നേരം ആ പേര് സച്ചിക്കുള്ളിലും മുഴങ്ങി.

അവളെ ഉള്ളിലേക്ക് സ്വാഗതം ചെയ്ത ശേഷം അയാൾ ഛർദിക്കാനെന്നവണ്ണം ബാത്‌റൂമിലേക്കോടി.

''കിടന്നോളൂ'', മടങ്ങിവന്ന അയാളോട് അവൾ പറഞ്ഞു.

''നീയെപ്പോളാണ് വന്നത്'', സോഫയിലേക്ക് ചാഞ്ഞുകൊണ്ട് അയാൾ ചോദിച്ചു.

''ശരിക്കും ഇന്നലെ എത്തേണ്ടതാണ്. ഇവിടെ ഈ സമരങ്ങൾ നടക്കുന്നതുകൊണ്ട് വിമാനങ്ങൾ വൈകിയതാണ്. എത്തുമ്പോൾ പുറത്ത് നല്ല മഴയുണ്ടായിരുന്നു.''

ഏതു സമരങ്ങൾ എന്ന് ഓർത്തെടുക്കുവാൻ സച്ചി ശ്രമിച്ചു. കഴിയുന്നില്ല.

''ഇവിടെ എപ്പോഴും ഇങ്ങനെ മഴയാണോ? അടുത്തെങ്ങും വെയിൽ വരില്ലേ?''

ജനാല കർട്ടൻ നീക്കി പുറത്തെ ഇരുട്ടിലേക്ക് നോക്കി അവൾ ചോദിച്ചു.

''ഇതേതാണ് മാസം?'' സച്ചി ചോദിച്ചു.

''ഒക്ടോബർ'', മേഘയുടെ മറുപടി.

''തുലാവർഷമാണ്. ഉച്ചവരയെ വെയിലുണ്ടാകൂ.''

അതു പറഞ്ഞുകൊണ്ട് അയാൾ അവളെ പുണരാൻ കൈകൾ നീട്ടി.

''നോക്കൂ സച്ചി ആകെ അഴുക്ക്. ഞാൻ മഴയും നനഞ്ഞു. നിന്റെ എല്ലാ വൈകൃതങ്ങളും നാളെ മുതൽ ആരംഭിക്കാം.''

അപ്പോളേക്കും അയാൾ പകുതിയുറക്കത്തിലേക്ക് വഴുതിയിരുന്നു. മുറിക്കുള്ളിലേക്ക് നടക്കുമ്പോളാണ് സച്ചിയുടെ ഒരു തിരിച്ചറിയൽ കാർഡ് മേശമേൽ അവൾ കണ്ടത്.

''സച്ചിദാനന്ദൻ''

അവൾ പേരു വായിച്ചുതുടങ്ങി.

''ബോൺ 24-04-1973.''

''നാഷണാലിറ്റി. ഇന്ത്യൻ.''

താഴേക്ക് തുടർന്നു വായിച്ച ശേഷം ആ വാക്ക് ഉരുവിട്ട് അവൾ ഉള്ളിലേക്ക് പോയി.

''ഇന്ത്യൻ.''

പിന്നെ കൈയിലെ ബാഗ് തുറന്നു. അതിൽ വിവിധ വർണങ്ങളിലെ ബുർഖകൾ, കമ്മലുകൾ, വളകൾ, പൊട്ടുകൾ.

ബുർഖകളെ വകഞ്ഞുമാറ്റി അതിനിടയിൽ നിന്നും ഒരു സിന്ദൂരചെപ്പ് കണ്ടെത്തി നെറ്റിയിൽ വട്ടം കുത്തി.

പിന്നെ അടുക്കളയിലേക്ക് കയറി. പാത്രങ്ങളോരോന്നായി കഴുകിെവച്ചു. അവളെ നോക്കുന്നതുപോലെ ഒരു കൂറ ഏറെ നേരം അടുക്കള ഷെൽഫിൽതന്നെ ഇരുന്നു. അതിനെ ഓടിച്ചുവിട്ടശേഷം ചൂലെടുത്ത് ഫ്ലാറ്റ് ഒന്നാകെ അടിച്ചുവാരി.

അതുകഴിഞ്ഞപ്പോൾ വല്ലാത്ത ക്ഷീണം. അവൾ മട്ടുപ്പാവിൽ ഇരുന്നു.

നാളെക്കൂടി വെയിൽ ഇല്ലെങ്കിൽ എങ്ങനെയാണ്. എല്ലാം അവതാളത്തിലായേക്കും. അവളോർത്തു.

മേഘ പിൻകഴുത്തിലേക്ക് വിരലോടിച്ചു നട്ടെല്ലിന്റെ പുറത്തെ ചെറിയ ബട്ടണമർത്തി. പിൻഭാഗത്ത് ഒരു കള്ളി മാസം വേർപെടുന്ന ശബ്ദത്തോടെ തുറന്നു. സൂര്യസ്പർശമില്ലാത്ത എവിടെയെങ്കിലും പെട്ടുപോയാൽ ഉപയോഗിക്കുവാനുള്ള ഒരു ബാറ്ററിയാണ് അതിനുള്ളിൽ. അവളത് കൈയിലെടുത്ത് ചാർജ് ചെയ്യാനായി നീങ്ങി.

''മേഘാ, ഒരു പാട്ടു പാടാമോ?''

സച്ചി അവ്യക്തമായി ചോദിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രണയസംഭാഷണങ്ങൾ ശേഖരിച്ച ഫോൾഡർ മെല്ലെത്തുറന്ന് അവൾ സച്ചിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം തിരഞ്ഞു.

Tags:    
News Summary - madhyamam weekly malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.