വയലാറും അർജുനനും ഒരുമിച്ചപ്പോൾ

സേതുമാധവന്റെ സ്വന്തം സിനിമകളിൽ ഗാനവിഭാഗം കൈകാര്യം ചെയ്തിരുന്നത് വയലാർ-ദേവരാജൻ ടീം ആയിരുന്നു. എന്നാൽ, ഈണങ്ങളുടെ കാര്യത്തിൽ ദേവരാജൻ മാസ്റ്റർ പുലർത്തുന്ന രീതികളോട് സംവിധായകന് പ്രതിഷേധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം സ്വന്തമായി നിർമിച്ച ആദ്യചിത്രമായ ‘അമ്മ എന്ന സ്ത്രീ’യുടെ സംഗീതസംവിധായകനായി ഗായകനായ എ.എം. രാജയെ നിശ്ചയിച്ചതിലൂടെ ഈ പ്രതിഷേധം സേതുമാധവൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു -പിന്നണിഗാനരംഗത്തെ അറിയാക്കഥകളുമായി സംഗീതയാത്രകൾ തുടരുന്നു.‘ആദ്യത്തെ കഥ’ എന്ന ചിത്രം കെ.എസ്. സേതുമാധവനാണ് സംവിധാനം ചെയ്തത്. 1972 സെപ്റ്റംബർ 29ന് ഈ സിനിമ തിയറ്ററുകളിലെത്തി. സേതുമാധവന്റെ അനുജൻ കെ.എസ്....

സേതുമാധവന്റെ സ്വന്തം സിനിമകളിൽ ഗാനവിഭാഗം കൈകാര്യം ചെയ്തിരുന്നത് വയലാർ-ദേവരാജൻ ടീം ആയിരുന്നു. എന്നാൽ, ഈണങ്ങളുടെ കാര്യത്തിൽ ദേവരാജൻ മാസ്റ്റർ പുലർത്തുന്ന രീതികളോട് സംവിധായകന് പ്രതിഷേധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം സ്വന്തമായി നിർമിച്ച ആദ്യചിത്രമായ ‘അമ്മ എന്ന സ്ത്രീ’യുടെ സംഗീതസംവിധായകനായി ഗായകനായ എ.എം. രാജയെ നിശ്ചയിച്ചതിലൂടെ ഈ പ്രതിഷേധം സേതുമാധവൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു -പിന്നണിഗാനരംഗത്തെ അറിയാക്കഥകളുമായി സംഗീതയാത്രകൾ തുടരുന്നു.

‘ആദ്യത്തെ കഥ’ എന്ന ചിത്രം കെ.എസ്. സേതുമാധവനാണ് സംവിധാനം ചെയ്തത്. 1972 സെപ്റ്റംബർ 29ന് ഈ സിനിമ തിയറ്ററുകളിലെത്തി. സേതുമാധവന്റെ അനുജൻ കെ.എസ്. രാമമൂർത്തിയുടെ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലിയാണ് ചിത്രം നിർമിച്ചത്. പി. കേശവദേവിന്റെ കഥക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി. സേതുമാധവന്റെ സ്വന്തം സിനിമകളിലും അദ്ദേഹം സംവിധാനം ചെയ്ത മഞ്ഞിലാസ് ജോസഫിന്റെ ചിത്രങ്ങളിലും സ്ഥിരമായി ഗാനവിഭാഗം കൈകാര്യം ചെയ്തിരുന്നത് വയലാർ-ദേവരാജൻ ടീം ആയിരുന്നു. എന്നാൽ, ഈണങ്ങളുടെ കാര്യത്തിൽ ദേവരാജൻ മാസ്റ്റർ പുലർത്തുന്ന രീതികളോട് സംവിധായകന് പ്രതിഷേധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം സ്വന്തമായി നിർമിച്ച ആദ്യചിത്രമായ ‘അമ്മ എന്ന സ്ത്രീ’യുടെ സംഗീത സംവിധായകനായി ഗായകനായ എ.എം. രാജയെ നിശ്ചയിച്ചതിലൂടെ ഈ പ്രതിഷേധം സേതുമാധവൻ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സേതുമാധവന്റെ മറ്റൊരു പ്രശസ്ത ചിത്രമായ ‘പണിതീരാത്ത വീടി’ന്റെ സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥനായിരുന്നു എന്നോർക്കുക. വയലാറിന്റെ ഇടപെടലുകൾ നിമിത്തമാണ് ഇടക്ക് ചില ചിത്രങ്ങളിൽ വീണ്ടും ദേവരാജൻ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ‘ആദ്യത്തെ കഥ’യിൽ വയലാറിന്റെ ഗാനങ്ങൾക്ക് എം.കെ. അർജുനനാണ് ഈണം നൽകിയത്. ശ്രീകുമാരൻ തമ്പി-അർജുനൻ ടീം മുന്നേറിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ‘ആദ്യത്തെ കഥ’യിൽ അഞ്ചു പാട്ടുകൾ ഉണ്ടായിരുന്നു. വയലാറിനോടൊപ്പം പ്രവർത്തിക്കാൻ കിട്ടിയ അവസരം അർജുനൻ ശരിക്കും പ്രയോജനപ്പെടുത്തി. യേശുദാസ്, പി. സുശീല, ലത രാജു എന്നിവരാണ് ഗാനങ്ങൾ പാടിയത്. യേശുദാസ് ആലപിച്ച ‘‘ഭാമിനീ... ഭാമിനീ’’ എന്ന ഗാനവും പി. സുശീല പാടിയ ‘‘ഓട്ടുവളയെടുക്കാൻ മറന്നു...’’ എന്ന ഗാനവും ലത പാടിയ ‘‘ആലുവാപുഴയ്ക്കക്കരെയുണ്ടൊരു പൊന്നമ്പലം’’ എന്ന പാട്ടും ജനപ്രീതി നേടി.

‘‘ഭാമിനീ ഭാമിനീ.../ പ്രപഞ്ചശിൽപിയുടെ വെറുമൊരു പഞ്ചലോഹ/ പ്രതിമയല്ല നീ/ മനുഷ്യനും ദൈവവും സൗന്ദര്യം നൽകിയ/ മായാരൂപിണി നീ’’ എന്ന പല്ലവി സംഗീതസംവിധായകന്റെ പ്രതിഭയെ പരീക്ഷിക്കാൻ പാകത്തിലുള്ളതാണ്. പക്ഷേ അർജുനൻ തന്റെ ജ്ഞാനത്തിലൂടെ ആ പരീക്ഷണത്തെ മറികടന്നു. ഒരു പാട്ടിന്റെ തുടക്കമായി ‘‘ഭാമിനീ’’ എന്ന പടം വരുന്നത് തീർച്ചയായും നല്ലതല്ല. പല്ലവിയെ തുടർന്നുള്ള വരികളെയും ഈണത്തിലൂടെ അർജുനൻ മികച്ചതാക്കി.

‘‘സുവർണ ഭാവന നെയ്തൊരു പൂന്തുകിൽ/ കവികൾ നിന്നെയുടുപ്പിച്ചു/ നിന്റെ വിഗ്രഹം ചിത്രകാരന്മാർ/ നിരവധി വർണങ്ങളിൽ പൊതിഞ്ഞുവെച്ചു/ ഒരു പകുതി സ്വപ്നം നീ/ ഒരു പകുതി സത്യം നീ...’’

പി. സുശീല പാടിയ ‘‘ഓട്ടുവളയെടുക്കാൻ മറന്നു –ഞാൻ മറന്നു/ ഓലക്കുടയെടുക്കാൻ മറന്നു –ഞാൻ മറന്നു/ രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോടന്ത്യ –/ യാത്ര പറയാൻ മറന്നു...മറന്നു...ഞാൻ മറന്നു...’’ ഗാനത്തിന്റെ ആദ്യചരണം ഇങ്ങനെ: ‘‘എന്തൊരു തിടുക്കമായിരുന്നു/ എനിക്കേഴരശ്ശനിയായിരുന്നു/ പോയ വൈശാഖങ്ങൾ പിന്നെയും കാണുവാൻ/ പോയതുപോലെ ഞാൻ മടങ്ങിവന്നു/ ഓർമയില്ലേ –എന്നെ ഓർമയില്ലേ –കൂടെ/ ഓടിവന്ന കൗമാരമോഹങ്ങളെ ഓർമയില്ലേ...’’ ലത പാടിയ ‘‘ആലുവാപ്പുഴയ്ക്കക്കരെ’’ എന്ന് തുടങ്ങുന്ന ഗാനവും അർജുനസംഗീതത്തിൽ ശ്രദ്ധേയമായി.

 

പി. സുശീല,പി. ജയചന്ദ്രൻ

‘‘ആലുവാപ്പുഴയ്ക്കക്കരെയുണ്ടൊരു പൊന്നമ്പലം/ അവിടുത്തെ കൃഷ്ണന് രത്നകിരീടം/ ആലുവാപ്പുഴയ്ക്കിക്കരെയുണ്ടൊരു കല്ലമ്പലം/ അവിടുത്തെ കൃഷ്ണന്നു പുഷ്പകിരീടം...’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘അക്കരെ കണ്ണന് മാസത്തിൽ രണ്ടുനാൾ/ സ്വർഗവാതിൽ ഏകാദശി/ ഇക്കരെ കണ്ണന് മാസത്തിൽ മുപ്പതും / ദുഃഖവാതിൽ ഏകാദശി/ ദൈവങ്ങൾക്കിടയിലും ജന്മികൾ -ഇന്നും/ പാവങ്ങൾക്കിടയിലും ദൈവങ്ങൾ...’’ വയലാറിന്റെ ഈ ഗാനത്തിലെ കാഴ്ചപ്പാട് സത്യംതന്നെ.

പി. സുശീല പാടിയ ‘‘ശുക്രാചാര്യരുടെ സുരഭീവനത്തിൽ’’ എന്ന ഗാനവും മികച്ച ശ്രവണസുഖം നൽകുന്നതാണ്.

‘‘ശുക്രാചാര്യരുടെ സുരഭീവനത്തിൽ/ സ്വർഗത്തിൽനിന്നൊരാൾ വന്നു/ സംക്രമസന്ധ്യാദീപത്തിൻ മുന്നിൽ/ ചമ്രംപടിഞ്ഞവനിരുന്നു –മുഖം/ ചന്ദ്രബിംബംപോലിരുന്നു.../ ആതിരാവൊളി കതിർമുടി ചാർത്തും/ ആ യുവയോഗി തൻ സൗന്ദര്യം/ ആസ്വദിച്ചു; നോക്കി ആസ്വദിച്ചു/ ആശ്രമകന്യക ദേവയാനി/ അന്നൊരു പുഷ്പശരമുണ്ടായി/ പുഷ്പശരമുണ്ടായി...’’

പി. സുശീല തന്നെ പാടിയ ‘‘ഹരേകൃഷ്ണ ഹരേകൃഷ്ണ’’ എന്ന ഗാനം വേണ്ടത്ര നന്നായില്ല. വേണ്ടത്ര ശ്രദ്ധ നേടിയതുമില്ല.

‘‘ഹരേ കൃഷ്ണ ഹരേ കൃഷ്ണ/ കൃഷ്ണ കൃഷ്ണ ഹരേ ഹരേ/ ഹരേ രാമ ഹരേ രാമ/ രാമരാമ ഹരേ ഹരേ/ പീലിത്തിരുമുടി കെട്ടിവെച്ചങ്ങിനെ/ കോലക്കുഴലെടുത്തൂതിക്കണ്ടങ്ങിനെ/ സ്വർണനാളങ്ങളാൽ തിരുനാമം ചൊല്ലുമീ/ സന്ധ്യാദീപത്തിന്നരികിലൂടങ്ങനെ/ വിളിക്കുമ്പോൾ ഞാൻ വിളിക്കുമ്പോൾ/ വിളി കേട്ടോടി വരൂ/ തൊഴുകൈക്കുടന്നയിൽ ഞാൻ നീട്ടി നിൽക്കുമീ/ തുളസിക്കതിരുകൾ സ്വീകരിക്കൂ...’’

 

കെ.എസ്. സേതുമാധവൻ

ചുരുക്കിപ്പറഞ്ഞാൽ വയലാറും അർജുനനും ആദ്യമായി ചേർന്നപ്പോൾ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഭേദപ്പെട്ട മൂന്നു ഗാനങ്ങൾ ഉണ്ടായി. അത്രമാത്രം. പ്രേംനസീർ, വിജയശ്രീ, ജയഭാരതി, ജനാർദനൻ, കവിയൂർ പൊന്നമ്മ, ശ്രീമൂലനഗരം വിജയൻ, എൻ. ഗോവിന്ദൻകുട്ടി, അടൂർ പങ്കജം, ശങ്കരാടി, ആലുമ്മൂടൻ, ഖദീജ തുടങ്ങിയവർ അഭിനയിച്ചിട്ടും ‘ആദ്യത്തെ കഥ’ ബോക്സ് ഓഫിസിൽ വേണ്ടത്ര വിജയിച്ചില്ല.

ശ്രീകുമാരൻ തമ്പി-അർജുനൻ ടീമിന്റെ മികച്ച ഗാനങ്ങളടങ്ങിയ ‘അന്വേഷണം’ എന്ന സിനിമ ദീപക് കമ്പൈൻസിനു വേണ്ടി പി.വി. സത്യമാണ് നിർമിച്ചത്. എസ്.എൽ. പുരം സദാനന്ദൻ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രം ശശികുമാർ സംവിധാനം ചെയ്തു. പ്രേംനസീർ, ശാരദ, വിജയശ്രീ, സുജാത, അടൂർ ഭാസി, ജോസ് പ്രകാശ്, കവിയൂർ പൊന്നമ്മ, ശങ്കരാടി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിൽ ഏഴു പാട്ടുകൾ (ഒരു പാട്ട് ആവർത്തനമാണ്) ഉണ്ടായിരുന്നു. പി. സുശീല പാടുന്ന ‘‘ചന്ദ്രരശ്മി തൻ ചന്ദനനദിയിൽ’’ എന്ന ഗാനം ഈ സിനിമയിലുള്ളതാണ്. യേശുദാസ്, പി. സുശീല, ജയചന്ദ്രൻ, മാധുരി എന്നിവരാണ് ചിത്രത്തിലെ പാട്ടുകൾ പാടിയത്. ‘‘ചന്ദ്രരശ്മി തൻ ചന്ദനനദിയിൽ സുന്ദരിയാമൊരു മാൻപേട’’ എന്ന പാട്ട് പി. സുശീല പാടിയ മികച്ച ഗാനങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അർജുനൻ ഈ പാട്ടിനു നൽകിയ ഈണം വശ്യസുന്ദരമാണ്.

‘‘ചന്ദ്രരശ്മി തൻ ചന്ദനനദിയിൽ/ സുന്ദരിയാമൊരു മാൻപേട/ പാടിയാടി നീരാടി/ പവിഴതിരകളിൽ ചാഞ്ചാടി...’’ എന്നു തുടങ്ങുന്ന ഗാനത്തിലെ ആശയം തികച്ചും സാങ്കൽപികമാണ്.

ആദ്യചരണം ഇങ്ങനെ: ‘‘പള്ളിനീരാട്ടിനു വന്നൊരു മാനിനെ/ പട്ടമഹിഷിയായ് വാഴിച്ചു -തിങ്കൾ/ പട്ടമഹിഷിയായ് വാഴിച്ചു/ അവളുടെ രൂപം മാറിലമർന്നു/ ആദ്യത്തെ മധുവിധു രാവുണർന്നു.../ രാവുണർന്നു...’’ വിവാഹം കഴിഞ്ഞുള്ള കാലത്തിന് മധുവിധു എന്ന് എങ്ങനെ പേരു വന്നു എന്ന ചോദ്യത്തിന് ഒരു സാങ്കൽപിക കഥയിലൂടെ ഉത്തരം നൽകാനാണ് ഈ ഗാനത്തിലൂടെ ഗാനരചയിതാവ് ശ്രമിച്ചിട്ടുള്ളത്.

‘‘എന്നെയൊരത്ഭുത സൗന്ദര്യമാക്കി നീ/ നിൻ വിരിമാറിൽ ചാർത്തുമ്പോൾ -രാഗ/ നന്ദിനിയായ് ഞാൻ മാറുമ്പോൾ/ പ്രണയപൗർണമി പൂത്തുലയുന്നു/ പ്രേമാർദ്ര മാധവം വിടരുന്നു’’ എന്നിങ്ങനെ ഈ ഗാനം അവസാനിക്കുന്നു. സ​േന്താഷഭാവത്തിലും ശോകഭാവത്തിലും പി. സുശീല ഈ ഗാനം പാടിയിട്ടുണ്ട്. വരികളിൽ മാറ്റമില്ല. യേശുദാസ് പാടിയ മൂന്നു ഗാനങ്ങളിൽ രണ്ടെണ്ണം സൂപ്പർഹിറ്റുകളായി.

‘‘പഞ്ചമിചന്ദ്രിക പൂപ്പന്തൽ കെട്ടി/ പാലൂറും മേഘങ്ങൾ തോരണം കെട്ടി/ ആലോലം പാട്ടിന്റെ താളവുമായി/ ആടിവാ കാറ്റേ ആതിരക്കാറ്റേ.../ താലോലം താലോലം...’’ എന്ന് തുടങ്ങുന്ന താരാട്ട് ജനപ്രീതി നേടി. ആദ്യ ചരണം ഇങ്ങനെ: ‘‘കുഞ്ഞുറങ്ങുമ്പോൾ കൂടെയിരിക്കാൻ/ കുറുമൊഴിമുല്ല തൻ മണമുണ്ടല്ലോ/ കുഞ്ഞിക്കിനാവിന്റെ മാനത്തു പൊങ്ങാൻ/ പൊന്നോണത്തുമ്പി തൻ ചിറകുണ്ടല്ലോ/ താലോലം... താലോലം.../ താലോലം താലോലം...’’

യേശുദാസ് എസ്. ജാനകിയുമൊത്തു പാടിയ പ്രേമഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മാനത്തുനിന്നൊരു നക്ഷത്രം വീണു/ മണ്ണിൽ വന്നപ്പോൾ കന്യകയായി/ കന്യക തൻ ചിരി കനകവസന്തം/ കണ്മണി തൻ ചുണ്ടിൽ കസ്തൂരിഗന്ധം...’’ ജനകീയമായിത്തീർന്ന ഈ പ്രണയഗാനം തുടരുന്നു, സ്ത്രീശബ്ദത്തിൽ.

‘‘നക്ഷത്രപ്പൂവിനെ എത്തിപ്പിടിച്ചു/ സ്വപ്നംപോലൊരു പ്രേമസ്വരൂപൻ -പ്രേമസ്വരൂപൻ...’’ വീണ്ടും പുരുഷശബ്ദം: ‘‘മണ്ണിലെ വർണങ്ങൾ ചൂടിയ പൂവേ/ വിണ്ണിലേക്കെന്നെ ഉയർത്തുകയില്ലേ/ നിൻ അനുഭൂതി തൻ സ്വർണരഥത്തിൽ/ എന്നെക്കൂടി ഇരുത്തുകയില്ലേ..?’’ തുടർന്ന് സ്ത്രീശബ്ദം. ഗാനം അടുത്ത ചരണത്തോടെ അവസാനിക്കുന്നു.

യേശുദാസ് ശബ്ദം നൽകിയ മൂന്നാമത്തെ ഗാനം തത്ത്വചിന്താപരമാണ്. ‘‘തുടക്കം ചിരിയുടെ മുഴക്കം/ ഒടുക്കം കണ്ണീരിൻ കലക്കം/ ചിരിക്കൂ മഴവില്ലുപോലെ/ കരയണം ഇടിമിന്നലോടെ -നാളെ/ കരയണം ഇടിമിന്നലോടെ...’’ എന്നു പല്ലവി. വരികൾ ഇപ്രകാരം തുടരുന്നു: ‘‘സംഗീതമായ് തെന്നിയൊഴുകി -അന്നു / സാഗരമായ് ഞാനിരമ്പി/ എല്ലാം ചിരിയുടെ ലഹരിയിലൊതുങ്ങി/ ഇന്നോ സർവവുമടങ്ങി/ മോഹഭംഗത്തിൽ ഭാവന നടുങ്ങി...’’

 

‘അമ്മ എന്ന സ്​ത്രീ’യുടെയും ആദ്യത്തെ കഥയുടെയും പോസ്​റ്റർ

ജയചന്ദ്രനും മാധുരിയും ചേർന്ന് നയിക്കുന്ന സംഘഗാനവും മോശമായില്ല. ‘‘മഞ്ഞക്കിളി പാടും മേട്/ മയിലാടും മേട്/ മലനാടിൻ മധുരം നിറയും പീരുമേട്/ താ തെയ് തെയ് തോം തെയ് തോം/ തകതെയ് തെയ് തോം/ താ തെയ് തെയ് തോം തെയ് തോം/ തകതെയ് തെയ് തോം/ കാട്ടരുവിപ്പെണ്ണു ചിരിച്ചു/ കരിവളകൾ കേട്ടു ചിരിച്ചു/ കാറ്റാടിക്കുട്ടാ നീയൊരു തുള്ളിയടിച്ചു.../പാലൊഴുകും റബർമരങ്ങൾ/ പാറാവിനു കൂട്ടുവിളിച്ചു/ താ തെയ് തെയ് തോം തെയ് തോം/തകതെയ് തെയ് തോം...’’

ഈ ഗാനവും എസ്. ജാനകി പാടിയ ‘‘തുലാവർഷ മേഘങ്ങൾ...’’ എന്ന ഗാനവും കഥ നടക്കുന്ന പ്രദേശത്തിന്റെ പശ്ചാത്തല വർണനയാണ് നടത്തുന്നത്. പ്രകൃതിയെയും കാലത്തെയും അടയാളപ്പെടുത്തുന്നു.

‘‘തുലാവർഷ മേഘങ്ങൾ തുള്ളിയോടും വാനം/ തൂമ തൂവും ഞാറ്റുവേലപ്പൂ വിരിയും കാലം/ പൂ വിരിയും കാലം/ പൂ വിരിയും കാലം/ മലരോടു മലർ പൊഴിയും/ മലയോരക്കാവ് -മലയോരക്കാവ്/ മണിയോടു മണി കിലുങ്ങും മണിമലയാറ്/ ഈ വർഷകാലം ഹൃദയാനുകൂലം/ തുടികൊട്ടി പാടുന്നു മോഹം/തുളുമ്പുന്നു രാഗം...’’

താരമൂല്യമുള്ള ‘അന്വേഷണം’ എന്ന സിനിമക്ക് അതിലെ പാട്ടുകൾ നല്ല പിന്തുണ നൽകി. ഭേദപ്പെട്ട ഒരു കമേഴ്‌സ്യൽ സിനിമ എന്ന നിലയിൽ ചിത്രം സാമ്പത്തികവിജയവും നേടി. 1972 ഒക്ടോബർ ആറാം തീയതിയാണ് ചിത്രം റിലീസ് ചെയ്തത്.

പി. ഭാസ്കരൻ ഗാനങ്ങൾ എഴുതി സംവിധാനം നിർവഹിച്ച ‘‘സ്നേഹദീപമേ, മിഴി തുറക്കൂ’ എന്ന സിനിമ ശ്രീകാന്ത് പ്രൊഡക്ഷൻസാണ് നിർമിച്ചത്. ബംഗാളി എഴുത്തുകാരനായ താരാശങ്കർ ബാനർജിയുടെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. മധു, ശാരദ, കവിയൂർ പൊന്നമ്മ, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച ഈ സിനിമയുടെ സംഗീത സംവിധായകൻ പുകഴേന്തിയായിരുന്നു. ലോകമലയാളികൾക്കെല്ലാം സുപരിചിതമായ ‘‘ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ’’ എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിന്റെ പ്രമേയഗാനമാണ്. പി. ഭാസ്കരന്റെ ഒന്നാംകിട രചനയും പുകഴേന്തിയുടെ ഏറ്റവും മികച്ച ഈണവും എസ്. ജാനകിയുടെ അതിമധുരമായ ആലാപനവുംകൂടിയായപ്പോൾ ആ ഗാനം അനശ്വരതയാർജിച്ചു എന്നു പറയാം.

‘‘ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ/ കദനനിവാരണ കനിവിന്നുറവേ/ കാട്ടിൻ നടുവിൽ വഴി തെളിക്കൂ/ പരീക്ഷണത്തിൻ വാൾമുനയേറ്റീ/ പടനിലത്തിൽ ഞങ്ങൾ വീഴുമ്പോൾ/ ഹൃദയക്ഷതിയാൽ രക്തം ചിന്തി/ മിഴിനീർപുഴയിൽ താഴുമ്പോൾ/ താങ്ങായ് തണലായ്‌ ദിവ്യൗഷധിയായ്‌/ താതാ നാഥാ കരം പിടിക്കൂ...’’ എന്നിങ്ങനെ തുടരുന്ന ഈ മനോഹരഗാനം ലോകമലയാളികൾ മുഴുവൻ ഏറ്റുപാടിയതിൽ അത്ഭുതമില്ല. ഈ ഗാനം ആവർത്തിക്കപ്പെടുമ്പോൾ എസ്. ജാനകിയോടൊപ്പം കെ.പി. ബ്രഹ്മാനന്ദനും ബി. വസന്തയും രവീന്ദ്രനും ചേർന്നുപാടിയിട്ടുണ്ട്. യേശുദാസ് പാടിയ ‘‘നിന്റെ മിഴികൾ നീലമിഴികൾ...’’ എന്നു തുടങ്ങുന്ന പ്രേമഗാനവും ജനപ്രീതി നേടി.

‘‘നിന്റെ മിഴികൾ നീലമിഴികൾ/ എന്നെയിന്നലെ ക്ഷണിച്ചു/ കൗമാരത്തിൻ കാനനഛായയിൽ/ കാവ്യോത്സവത്തിനു വിളിച്ചു -വിളിച്ചു’’ എന്ന പല്ലവി വളരെ പ്രശസ്തം. ആദ്യചരണവും പല്ലവി പോലെ തന്നെ, ‘‘ചിരിച്ചു കളിച്ചു നമ്മൾ/ ചിരകാലപരിചയം കാണിച്ചു/ പരിഭവം ഭാവിച്ചു കലഹിച്ചു -പിന്നെ/ പലതും പലതും മോഹിച്ചു...’’

രചനയിലും സംഗീതത്തിലും അങ്ങേയറ്റത്തെ ലാളിത്യം നിലനിർത്തിയ ഈ സെമി ക്ലാസിക്കൽ ഗാനം സൂപ്പർഹിറ്റ് ആയതിൽ അത്ഭുതമില്ല. യേശുദാസ് പാടിയ മറ്റൊരു ഗാനം ‘‘ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ പൊട്ടിച്ചിരിച്ചപ്പോൾ...’’ എന്ന് തുടങ്ങുന്നു.

‘‘ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ/ പൊട്ടിച്ചിരിച്ചപ്പോൾ

നിന്നെയാദ്യം ഞാൻ കണ്ടൊരാ രംഗം/ നീ മറന്നുവോ -സഖീ നീ മറന്നുവോ..?’’

യേശുദാസ് പാടിയ മൂന്നാമത്തെ ഗാനം ‘‘നിന്റെ ശരീരം കാരാഗൃഹം...’’ എന്നാരംഭിക്കുന്നു. ‘‘നിന്റെ ശരീരം കാരാഗൃഹം/ നിന്റെ മനസ്സൊരു മുഴുഭ്രാന്തൻ/ ഈ തടവറയിൽ തടവിൽ കിടന്നവൻ/ കരയുന്നു, പിന്നെ ചിരിക്കുന്നു...’’ എന്നിങ്ങനെയാണ് ഗാനത്തിന്റെ പല്ലവി. രചനാഗുണത്തിൽ മോശമല്ലെങ്കിലും യേശുദാസ് പാടിയ ഗാനങ്ങളിൽ ‘‘നിന്റെ മിഴികൾ നീലമിഴികൾ...’’ എന്ന ഗാനം മാത്രമേ ഹിറ്റ് ചാർട്ടിൽ ഇടം നേടിയുള്ളൂ. യേശുദാസും സംഘവും പാടിയ ഒരു ഹാസ്യഗാനവും ചിത്രത്തിലുണ്ട്.

‘‘രോഗങ്ങളില്ലാത്ത ലോകം വന്നാൽ/ ഡോക്ടർമാർക്കൊരു പിഴപ്പെന്ത്/ വഴക്കും വക്കാണവും നടന്നില്ലെങ്കിൽ പിന്നെ/ വക്കീലിനും ഗുമസ്തനും വഴിയെന്ത്/ ഹരേ രാമ ഹരേ രാമ/ ഹരേ കൃഷ്ണ ഹരേ കൃഷ്ണ.../ പട്ടിണിയും ദുരിതവും മറഞ്ഞുപോയാൽ പിന്നെ/ പിക്കറ്റിങ്ങുകാർക്കെല്ലാം തൊഴിലെന്ത്...’’ എന്നിങ്ങനെ തുടരുന്ന ഈ പാട്ടിൽ സറ്റയറിന്റെ നിറം ഏറെയുണ്ടെങ്കിലും എന്തുകൊണ്ടോ അത് ശ്രദ്ധിക്കപ്പെട്ടില്ല. എസ്. ജാനകി പാടിയ ‘‘നാടകം തീർന്നു...’’ എന്ന ഗാനം അർഹിക്കുന്ന രീതിയിൽ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.

 

യേശുദാസ്, എസ്. ജാനകി

‘‘നാടകം തീർന്നു ശൂന്യമീ വേദിയിൽ/ ഞാനുമെൻ നിഴലും തനിച്ചായി/ ഗാനം നിലച്ചൊരു മൂകമന്ദിരത്തിൽ/ ഞാനുമെൻ വീണയും തനിച്ചായി’’ എന്ന പല്ലവിയും തുടർന്നുള്ള വരികളും സന്ദർഭത്തിനു തികച്ചും അനുയോജ്യം.

‘‘യവനികയുയർന്നപ്പോൾ/ അഭിനയമറിയാതെ/ കവിളത്തു ബാഷ്പവുമായ് നിന്നു ഞാൻ/ സുന്ദരസങ്കൽപദീപങ്ങൾ തെളിഞ്ഞപ്പോൾ/ എന്നെ മറന്നിട്ടു ചിരിച്ചു ഞാൻ...’’

കാവ്യഭംഗി കൂടുതൽ അവസാനത്തെ ചരണത്തിലാണ്. ആകയാൽ ആ വരികളും ഇവിടെ ഉദ്ധരിക്കുന്നു. ‘‘കണ്ണീരും ചോരയും നാട്യമാം കലയുടെ/ കൺകെട്ടുവിദ്യയെന്നറിഞ്ഞീലാ/ മൂടുപടമണിഞ്ഞ വെൺതിങ്കൾക്കലയൊരു/ മായാദീപമെന്നറിഞ്ഞീലാ...’’

1972 ഒക്ടോബർ 12ന് ‘സ്നേഹദീപമേ മിഴിതുറക്കൂ’ എന്ന സിനിമ തിയറ്ററുകളിലെത്തി. മികച്ച ലക്ഷ്യബോധമുള്ള കഥയായിട്ടും സിനിമ സാമ്പത്തികവിജയം നേടിയില്ല.

(തുടരും)

Tags:    
News Summary - weekly sangeetha yathrakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.