നല്ല പൗരനാകാൻ ഗാന്ധിജിയുടെ 'സെവൻ സോഷ്യൽ സിൻസ്'

മൂഹത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന തിരിച്ചറിവാണ് പൗരബോധത്തി​ന്‍റെ അടിസ്ഥാനം. എല്ലാ പ്രവർത്തനങ്ങളുടെയും അടിത്തറ ധാർമികതയിലധിഷ്ഠിതമാവണമെന്ന് ഉദ്ബോധിപ്പിച്ച നിരവധി ചിന്തകന്മാരും മഹാത്മാക്കളുമുണ്ട്. മനുഷ്യജീവിതത്തി​ന്‍റെ എല്ലാ തലങ്ങളിലും ഉണ്ടാവേണ്ട ധാർമികതയെ സംബന്ധിച്ച് നമ്മുടെ രാഷ്ട്രപിതാവിനും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. നന്മ-തിന്മകൾ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുകയും സമൂഹത്തോടും രാജ്യത്തോടുമുള്ള കടമകൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുകയുമാണ് ധാർമികത.

മോഹൻദാസ് കരംചന്ദ് ഗാന്ധി 1925 ഒക്ടോബർ 22ന് ത​ന്‍റെ പ്രതിവാര പത്രമായ യങ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഒരു പട്ടികയാണ് 'സെവൻ സോഷ്യൽ സിൻസ്'.

1. തത്ത്വങ്ങളില്ലാത്ത രാഷ്ട്രീയം

അഹിംസയിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും എന്നാൽ തത്ത്വചിന്ത മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും തയാറുള്ള പ്രതിനിധികളെയാണ് അവർ തിരഞ്ഞെടുക്കേണ്ടതെന്നും ഗാന്ധിജി പറഞ്ഞു. രാഷ്ട്രീയക്കാർ അധികാരം കൈക്കലാക്കാനുള്ള കാര്യങ്ങളിൽ മുഴുകുമ്പോൾ അവർ തത്ത്വങ്ങളില്ലാതെ പ്രവർത്തിക്കുന്നു. എന്തു വില കൊടുത്തും അധികാരത്തിൽ തുടരുന്നത് അധാർമികമാണ്. രാഷ്ട്രീയക്കാർ (അല്ലെങ്കിൽ മറ്റാരെങ്കിലും) സത്യാന്വേഷണം ഉപേക്ഷിക്കുമ്പോൾ പല നാശങ്ങളുമുണ്ടാകും.

2. ജോലിയില്ലാത്ത സമ്പത്ത്

ലോകത്തിലെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും തുല്യമായി പങ്കിടുന്നതിനും മാർഗങ്ങൾ ഉണ്ടാക്കിയാൽ എല്ലാവർക്കും നല്ല ജീവിതനിലവാരം നേടാൻ കഴിയും. ഭൂമിയിൽനിന്ന് ആളുകൾ സത്യസന്ധമായി ആവശ്യമുള്ളത്ര മാത്രം എടുക്കണമെന്ന് ഗാന്ധിജി വിശ്വസിച്ചു. ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ്, മദ്യം, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ നിർമാണത്തിനായി രാജ്യം പ്രതിവർഷം വലിയ തുക ചെലവഴിക്കുന്നു. പുകയിലയുടെയും മദ്യത്തി​ന്‍റെയും അമിതമായ ആസക്തി മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങൾക്ക് ചികിത്സ കണ്ടെത്താനും മെഡിക്കൽ, ഗവേഷണ സൗകര്യങ്ങൾ ഒരുക്കുന്നതിനും രാജ്യം ചെലവഴിക്കുന്ന തുക ഞെട്ടിക്കുന്നതാണ്. ഭൂമിയിലെ വിഭവങ്ങൾ എല്ലാവരുടെയും ആവശ്യത്തിനുണ്ടെന്നും എല്ലാവരുടെയും അത്യാഗ്രഹത്തിനില്ലെന്നും വർഷങ്ങൾക്ക് മുമ്പ്​ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നു.

3. മനസ്സാക്ഷിയില്ലാത്ത ആനന്ദം

ഇത് ജോലിയില്ലാത്ത സമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതത്തിന് ആവേശം പകരാൻ ആളുകൾ ഭാവനപരവും അപകടകരവുമായ വഴികൾ കണ്ടെത്തുന്നു. ആനന്ദത്തിനും ആവേശത്തിനും വേണ്ടിയുള്ള അവരുടെ അന്വേഷണം പലപ്പോഴും സമൂഹത്തിന് വലിയ വില നൽകേണ്ടി വരും. മയക്കുമരുന്ന് കഴിക്കുന്നതും അപകടകരമായ ഗെയിമുകൾ കളിക്കുന്നതും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു, ഇത് ലോകത്തിന് പ്രത്യക്ഷവും പരോക്ഷവുമായ ആരോഗ്യ പരിരക്ഷ സൗകര്യങ്ങൾക്കായി നൂറുകണക്കിന് ബില്യൺ ഡോളറുകൾ നഷ്ടപ്പെടുത്തുന്നു. ഈ പ്രശ്നങ്ങളിൽ പലതും സ്വയം പ്രേരിതമോ അശ്രദ്ധമായ മനോഭാവം മൂലമുണ്ടാകുന്ന അസുഖങ്ങളോ ആണ്. പട്ടിണി, പോഷകാഹാരക്കുറവ്, മെഡിക്കൽ സൗകര്യങ്ങളുടെ അഭാവം എന്നിവ കാരണം ദശലക്ഷക്കണക്കിന് കുട്ടികൾ ഓരോ വർഷവും മരിക്കുന്നു.

ആനന്ദം ആത്മാവിൽനിന്നും ഉത്സാഹം ആവശ്യമുള്ളവരെ സേവിക്കുന്നതിൽനിന്നും കുടുംബത്തെയും കുട്ടികളെയും ബന്ധുക്കളെയും പരിപാലിക്കുന്നതിൽനിന്നും ഉത്ഭവിക്കണമെന്ന് ഗാന്ധിജി വിശ്വസിച്ചു. നല്ല മനുഷ്യബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് ആവേശകരവും സാഹസികവുമായ ഒരു പ്രവർത്തനമായിരിക്കും.

4. സ്വഭാവമില്ലാത്ത അറിവ്

ഒരു വ്യക്തിക്ക് സ്വയം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, ജീവിതത്തി​ന്‍റെ തത്ത്വശാസ്ത്രം എങ്ങനെ മനസ്സിലാക്കാൻ കഴിയുമെന്ന് ഗാന്ധിജി ചോദിച്ചു. ത​ന്‍റെ സ്‌കൂൾ ജീവിതത്തിലുടനീളം മികച്ച വിദ്യാർഥിയായിരുന്ന ഒരു യുവാവി​ന്‍റെ കഥ അദ്ദേഹം പറയാറുണ്ടായിരുന്നു. എല്ലാ വിഷയത്തിലും 'എ' ഗ്രേഡ് നേടിയ അദ്ദേഹം ത​ന്‍റെ ഗ്രേഡുകൾ നിലനിർത്താൻ കൂടുതൽ കഠിനമായി പരിശ്രമിച്ചു. അവൻ പുസ്തകപ്പുഴുവായി. എന്നിരുന്നാലും, ഉയർന്ന മാർക്ക് നേടി വിജയിക്കുകയും ലാഭകരമായ ജോലി ലഭിക്കുകയും ചെയ്തപ്പോൾ, അയാൾക്ക് ആളുകളുമായി ഇടപഴകാനോ ബന്ധം സ്ഥാപിക്കാനോ കഴിഞ്ഞില്ല. ജീവിതത്തി​ന്‍റെ ഈ സുപ്രധാന വശങ്ങൾ പഠിക്കാൻ അദ്ദേഹത്തിന് സമയമില്ലായിരുന്നു. തൽഫലമായി, അദ്ദേഹത്തിന് ഭാര്യയോടും മക്കളോടും ഒപ്പം ജീവിക്കാനോ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യാനോ കഴിഞ്ഞില്ല. അവ​ന്‍റെ ജീവിതം ദുരിതപൂർണമായി അവസാനിച്ചു. ആ വർഷത്തെ പഠനവും മികച്ച ഗ്രേഡുകളും അദ്ദേഹത്തിന് സന്തോഷം നൽകിയില്ല. സമ്പത്ത് സമ്പാദിക്കുന്നതിൽ വിജയിക്കുന്ന ഒരാൾ സന്തോഷവാനായിരിക്കണമെന്നത് ശരിയല്ല. സ്വഭാവ രൂപവത്​കരണത്തെ അവഗണിക്കുന്ന വിദ്യാഭ്യാസം അപൂർണമാണ്.

5. ധാർമികതയില്ലാത്ത വാണിജ്യം

ധാർമികതയില്ലാതെ ഏതുവഴികളിലൂടെയും കൂടുതൽ പണം സമ്പാദിക്കാൻ നാം പല കച്ചവടങ്ങളിലും മുഴുകുന്നു. വിലക്കയറ്റം, നിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ തട്ടിയെടുക്കൽ, വഞ്ചന, തെറ്റായ അവകാശവാദങ്ങൾ എന്നിവ ധാർമികതയില്ലാതെ വാണിജ്യത്തിൽ ഏർപ്പെടുന്ന വ്യക്തമായ ചില ഉദാഹരണങ്ങളാണ്. ലാഭമുണ്ടാക്കൽ ബിസിനസി​ന്‍റെ പ്രധാനപ്പെട്ട വശമാകുമ്പോൾ ധാർമികത സാധാരണയായി പലരും മറന്നുപോകുന്നു. ഇതി​ന്‍റെ ഫലമായി ലോകത്ത് തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു.

6. മനുഷ്യത്വം ഇല്ലാത്ത ശാസ്ത്രം

ആത്യന്തികമായി മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന, നാശത്തി​ന്‍റെ കൂടുതൽ ഭീകരമായ ആയുധങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ശാസ്ത്രമാണ് മനുഷ്യത്വമില്ലാത്ത ശാസ്ത്രം. തോക്കുകൾ ആളുകളെ കൊല്ലുന്നില്ല എന്നാൽ ആളുകൾ ആളുകളെയാണ് കൊല്ലുന്നത്. ആളുകൾക്ക് തോക്കുകൾ ഇല്ലായിരുന്നുവെങ്കിൽ അത്ര വേഗത്തിലോ എളുപ്പത്തിലോ കൊല്ലാനുള്ള ശേഷി അവർക്കുണ്ടാകില്ല. ഏതൊരു ജീവനെയും പരിപാലിക്കുന്നത് അവസാനിപ്പിക്കുമ്പോൾ എല്ലാ ജീവനെയും ബഹുമാനിക്കുന്നത് നാം അവസാനിപ്പിക്കും. നമ്മുടെ വീടുകൾ, നമ്മുടെ അയൽപക്കങ്ങൾ, നമ്മുടെ രാജ്യങ്ങൾ എന്നിവയെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും വിനാശത്തി​ന്‍റെ ഭയപ്പെടുത്തുന്ന ആയുധങ്ങൾ കണ്ടെത്താൻ നമ്മൾ ശാസ്ത്രത്തെ ഉപയോഗിക്കുന്നു.

7. ത്യാഗം കൂടാതെയുള്ള ആരാധന

ആത്മീയത, സ്നേഹം, അനുകമ്പ, മനസ്സിലാക്കൽ, പരസ്പരം വിലമതിക്കൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് മതം. ആത്യന്തികമായി നാമെല്ലാവരും സത്യത്തെ ആരാധിക്കുന്നു. ആ പ്രാർഥനകളെ ജീവിതശൈലികളിലേക്ക് വിവർത്തനം ചെയ്യുന്നതിൽ നാം എത്ര ആത്മാർഥത പുലർത്തുന്നു എന്നതിലാണ് കാര്യം.

Tags:    
News Summary - Mahatma gandhis Seven Social Sins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-26 12:34 GMT
access_time 2024-02-26 12:24 GMT