ന്ത്യ ചരിത്രത്തിൽ തന്നെ ബ്രിട്ടീഷ് അധികാരികൾ നടപ്പാക്കിയ ഏറ്റവും നിഷ്ഠുരമായ കൂട്ടക്കൊലകളിൽ ഒന്നാണ് 1921 നവംബർ 19ന് തിരൂരിൽ നടന്ന വാഗൺ കൂട്ടക്കൊല (Wagon Massacre). 'വാഗൺ ട്രാജഡി' (വാഗൺ ദുരന്തം) എന്ന പേരിട്ട് കൊളോണിയൽ അധികാരികൾ നിസ്സാരവത്​കരിച്ച കൂട്ടക്കൊലയിൽ 70 പേരാണ് രക്തസാക്ഷികളായത്. 1921ലെ ഐതിഹാസികമായ മലബാർ മുന്നേറ്റത്തിന് മൂന്നുമാസം തികയുമ്പോഴാണ് ഏറ്റവും ദുഃഖകരവും രോഷമുണർത്തുന്നതുമായ ആ സംഭവം നടന്നത്.

മലബാറിലെ ജനമുന്നേറ്റത്തിൽ പിടിയിലായവരെ പാർപ്പിക്കാൻ തിരൂർ സബ്ജയിലിലും മലബാറിലെ മറ്റു ജയിലുകളിലും സ്ഥലമില്ലാത്തതുകാരണം 100 അംഗങ്ങൾ വീതം സംഘങ്ങളായി ബെല്ലാരിയിലേക്ക് ട്രെയിനിൽ അയക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. അങ്ങനെ നിരവധി തവണ തടവുകാരെ ചരക്കുവാഗണിൽ കൊണ്ടുപോയി. മദ്രാസ്- ദക്ഷിണ മറാത്ത റെയിൽവേയുടെ എൽ.വി. 1711 എന്ന ചരക്കു വാഗണാണ് തടവുകാരെ കൊണ്ടുപോകാൻ നവംബർ 19ന് ഉപയോഗിച്ചത്. സർജൻറ് ആൻഡ്രൂസിനായിരുന്നു തടവുകാരെ അയക്കാനുള്ള ചുമതല.

കോഴിക്കോട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന 77ാം നമ്പർ ട്രെയിൻ നവംബർ 19ന് സന്ധ്യക്ക് 7.15ന് തിരൂരിൽ എത്തി. അതിൽ വാഗൺ ഘടിപ്പിച്ചു. 100 പേരെ ഈ വാഗണിൽ കുത്തിനിറച്ചു. അതിൽ 97 പേർ മുസ്‌ലിംകളും മൂന്നുപേർ ഹിന്ദുക്കളുമായിരുന്നു. മൂന്ന്​ അറകളുള്ള വാഗണിന്റെ ചുമർ മരപ്പലകകൾ കൊണ്ടു തീർത്തതാണ്. മുകൾവശം ഇരുമ്പും. ചരക്കുകൾ കയറ്റുന്നതിനാൽ വാഗണിന് വായുസഞ്ചാരമില്ലാത്ത ഷട്ടറാണുണ്ടായിരുന്നത്്. വാഗണിന് തൊട്ടുമുന്നിൽ ബ്രേക്ക് വാനിൽ ഗാർഡ് ഉണ്ടായിരുന്നു. ബ്രേക്ക് വാനിന്റെ മുന്നിൽ മൂന്നാം ക്ലാസ് കമ്പാർട്ട്‌മെൻറ്. അതിൽ ഹെഡ്‌കോൺസ്​റ്റബിളും അഞ്ചു കോൺസ്​റ്റബിൾമാരും യാത്ര ചെയ്തു.

ട്രെയിൻ 8.40ന് ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴേ തടവുകാർ അവശരായിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ തടവുകാരെ പരിഗണിച്ചില്ല. അവരുടെ അലമുറകളും രോദനവും ആരും ശ്രദ്ധിച്ചതുമില്ല. രാത്രി 12.30ന് ട്രെയിൻ പോത്തന്നൂരിൽ എത്തി. അപ്പോഴാണ് ട്രെയിനിലെ പൊലീസുകാർ മരണം അറിഞ്ഞത്. അപ്പോഴേക്കും 56 പേർ മരിച്ചിരുന്നു. ഈ 56 മൃതദേഹങ്ങൾ അതേ വാഗണിൽ കിടത്തി തിരൂരിലേക്ക് അയച്ചു. സർജൻറ് ആൻഡ്രൂസിനായിരുന്നു അതിന്റെയും മേൽനോട്ടം. ബാക്കി തടവുകാരെ ഡോ. കോണറുടെ നേതൃത്വത്തിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. പുലർച്ചെ 4.30ന് ശേഷിക്കുന്ന 44 പേരുമായി ട്രെയിൻ കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂർ എത്തിയപ്പോഴേക്കും ഇതിൽ ആറുപേർ മരിച്ചു. 13 പേരെ കോയമ്പത്തൂർ സിവിൽ ഹോസ്പിറ്റലിലും 25 പേരെ സെൻട്രൽ ജയിൽ ആശുപത്രിലേക്കും കൊണ്ടുപോയി. സിവിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ ഉദ്ദേശിച്ച 13 പേരിൽ രണ്ടുപേർ അന്നും നാലുപേർ അടുത്ത ദിവസവും മരിച്ചു. നവംബർ 26ന് രണ്ടുപേർ കൂടി മരിച്ചു. മൊത്തം 70 മരണം.

തിരൂരിൽ തിരിച്ചെത്തിച്ച മൃതദേഹങ്ങളിൽ 52 എണ്ണം നാട്ടുകാർ ഏറ്റുവാങ്ങി. 44 മൃതദേഹങ്ങൾ കോരങ്ങോത്ത് പള്ളിയിലും നാലെണ്ണം ജുമുഅത്ത് പള്ളിയിലും അടക്കി. ഹിന്ദുക്കളുടെ മൃതദേഹം മൂത്തൂർ കുന്നിലെ ഒരു കുഴിയിൽ അടക്കം ചെയ്തു.

പത്രങ്ങൾ റിപ്പോർട്ട് ചെയ്തതോടെ 'ട്രെയിൻ സംഭവം' രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, തങ്ങൾക്കുനേരെയുയർന്ന ആരോപണത്തിന്റെ ആഘാതം കുറക്കാനാണ് ബ്രിട്ടീഷുകാർ ആദ്യം മുതലേ ശ്രമിച്ചത്. 1921 നവംബർ 22ന് വൈകീട്ട് 3.15ന് കൂടിയ ബ്രിട്ടീഷ് കാബിനറ്റ് 'വാഗൺ സംഭവം' ചർച്ച ചെയ്തു. അടച്ചിട്ട ലഗേജ്‌വാനിൽ കൂടുതൽ പേരെ കയറ്റിയതുകൊണ്ടുണ്ടായ സംഭവം പ്രധാനമന്ത്രി താൻ അധ്യക്ഷനായ കാബിനറ്റ് യോഗത്തിൽ എല്ലാവരെയും അറിയിച്ചു. ''പ്രിൻസ് ഓഫ് വെയിൽസിന്റെ ഇന്ത്യ സന്ദർശനം വിജയമാണ് എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ സംഭവം നടന്നത് നിർഭാഗ്യകരമായിപ്പോയി'' എന്നായിരുന്നു യോഗത്തിന്റെ വിലയിരുത്തൽ.

മത്തി വറ്റിച്ചപോലെ

വാഗൺ കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ട കൊന്നോല അഹ്​മദ് ഹാജി ട്രെയിനിൽ വെളിച്ചം വന്നപ്പോൾ കണ്ട കാഴ്ചയെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: -'മത്തി വറ്റിച്ചപോലെ'. വാഗണിൽ എങ്ങനെയോ ഇളകിപ്പോയ ആണിയുടെ ദ്വാരത്തിൽ മാറി മാറി മൂക്കു​െവച്ചാണ് അഹ്​മദ് ഹാജിയും ജ്യേഷ്ഠൻ യൂസുഫും ജീവൻ നിലനിർത്തിയത്. എന്നാൽ, അവസാനഘട്ടത്തിൽ അവർ ബോധംകെട്ടുവീണു. പുലാമന്തോൾ പാലം പൊളിച്ചുവെന്നതാണ് കൊന്നോല അഹ്​മദ് ഹാജിക്ക് മേൽ ചുമത്തിയ കുറ്റം.

പ്രഹസനമായ അന്വേഷണം

മലബാർ കാര്യങ്ങൾക്കുള്ള സ്‌പെഷൽ കമീഷണർ എ.ആർ. നാപ്പിനെ (A.R.Knapp) 'വാഗൺ ദുരന്തം' അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തി. മങ്കട കൃഷ്ണവർമ രാജ, കല്ലടി മൊയ്തൂട്ടി സാഹിബ്, മഞ്ചേരി രാമയ്യർ എന്നിവർ കമ്മിറ്റിയിലംഗങ്ങൾ. പ്രഹസനമായിരുന്നു അന്വേഷണം. നാപ്പിന്റെ അധ്യക്ഷതയിൽ പൊതു അന്വേഷണത്തിന്റെ പ്രഥമ സിറ്റിങ് നവംബർ 29ന് നടന്നു. 1921 ഒക്‌ടോബർ 24 മുതൽ 1922 മാർച്ച് 31 വരെ മലബാർ കാര്യങ്ങൾക്കുള്ള സ്‌പെഷൽ കമീഷണറായിരുന്നു നാപ്പ്. 1891 ൽ സിസിവൽ സർവിസിൽ ചേർന്ന സർ ആർതർ റോലാൻഡ് നാപ്പ് (1870-1954) മലബാറിൽ അസി. കലക്ടറായി പ്രവർത്തിച്ചിരുന്നു. പിന്നീട് റവന്യൂ ബോർഡിൽ അണ്ടർ സെക്രട്ടറിയായും പ്രവർത്തിച്ചു. 1921 ൽ മദ്രാസ് ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗമായി. 1926 വരെ ആ പദവിയിൽ തുടർന്നു. നാപ്പ് കമ്മിറ്റി റിപ്പോർട്ട് ബിട്ടീഷ് ഭരണകൂടത്തെ രക്ഷിക്കുന്ന വിധത്തിലായിരുന്നു.

കമ്മിറ്റിയുടെ ന്യായീകരണം

എ.ആർ. നാപ്പ് അധ്യക്ഷനായ അന്വേഷണ കമ്മിറ്റി വാഗൺ കൂട്ടക്കൊലയെപ്പറ്റി ഏകകണ്ഠമായി നൽകിയ റിപ്പോർട്ട് ഉദ്യോഗസ്ഥരെയും സർക്കാറിനെയും ന്യായീകരിച്ചു.

റിപ്പോർട്ടിലെ പരാമർശങ്ങൾ ഇങ്ങനെയാണ്: ''32 വ്യത്യസ്ത യാത്രകളിലായി 2,500 തടവുകാരെ കടത്താൻ ഇതേ പോലുള്ള രണ്ടു ബോഗികൾ ഉപയോഗിച്ചിട്ടുണ്ട്. അപ്പോഴൊന്നും അപായം സംഭവിച്ചില്ല. വായുപ്രവാഹത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. ദുരന്തം സംഭവിച്ച ട്രെയിനിന്റെ ജനലുകൾ തുണികൊണ്ട് മൂടിയിരുന്നു. പെയിൻറും ശ്വാസതടസ്സമുണ്ടാക്കി. കൊണ്ടുപോയ യാത്രക്കാർക്ക് മതിയായ വായുപ്രവാഹം ലഭിച്ചില്ല. നേരത്തേ ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച മൂന്നെണ്ണം പൂർണമായി അടക്കാത്ത വായുപ്രവാഹമുള്ള വാഗണുകളായിരുന്നു. അവ ഉപയോഗിക്കുന്നതിൽ തെറ്റില്ല. തടവുകാരോട് മനുഷ്യത്വരാഹിത്യത്തിന്റെ പ്രശ്‌നവുമില്ല. എന്നല്ല, അടിയന്തര സാഹചര്യങ്ങളിൽ അവയുടെ ഉപയോഗം ന്യായീകരിക്കാവുന്നതാണ്. പക്ഷേ, ഉപയോഗത്തിന് മുമ്പ് ഓരോ വാഗണും വായുപ്രവാഹമുണ്ടോയെന്ന് പ്രത്യേകം നേരത്തേ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരുന്നു. ദുരന്തത്തിന്റെ പ്രധാന ഉത്തരവാദി റെയിൽവേ കമ്പനിയും അതിന്റെ പ്രാദേശിക പ്രതിനിധിയായ ട്രാഫിക് ഇൻസ്‌പെക്ടറുമാണെന്ന് സമിതി മനസ്സിലാക്കുന്നു. അനുവദിച്ച വാഗൺ ഇതിന് പര്യാപ്തമല്ലെന്നു മനസ്സിലാക്കുന്നതിൽ അവർക്ക് വീഴ്ച പറ്റി. തങ്ങൾക്കു മുകളിലെ ഉദ്യോഗസ്ഥർ സ്ഥാപിക്കുകയും തുടരുകയും ചെയ്ത ഇത്തരം വാനുകൾ ഉപയോഗിച്ച മറ്റു പ്രാദേശിക കോഓഡിനേറ്റിങ് ഉദ്യോഗസ്ഥരായ സബ് മജിസ്‌ട്രേറ്റ്, പൊലീസ് സർജൻറ് എന്നിവരുടെ പ്രവൃത്തി ന്യായീകരിക്കാവുന്നതാണെന്നും അവരുടെ ഭാഗത്ത് അലംഭാവം ഉണ്ടായില്ലെന്നും സമിതി കണക്കാക്കുന്നു.''

റിപ്പോർട്ടിൽ റെയിൽവേയും പൊലീസും കുറ്റക്കാരായിരുന്നില്ല. വാഗൺ നിർമിച്ച കമ്പനിക്കാരും അതേൽപിച്ചുകൊടുത്ത ട്രാഫിക് ഇൻസ്‌പെക്​ടറുമായിരുന്നു കുറ്റക്കാർ. സർജൻറ് ആൻഡ്രൂസ് വാൻ ഉപയോഗിച്ചതിൽ കുറ്റക്കാരനല്ല എന്ന സമിതിയുടെ കണ്ടെത്തൽ സർക്കാർ തള്ളി. ആൻഡ്രൂസിനും ഒരു ഹെഡ്‌കോൺസ്​റ്റബിളിനും നേരെ കേസെടുത്തു. പക്ഷേ, കോടതി ഇവരെ വെറുതെ വിട്ടു. മരിച്ചവരുടെ കുടുംബത്തിനും 300 രൂപ വീതം നൽകി.

വാഗൺ കൂട്ടക്കൊലയിൽ മരിച്ച 70 പേർ

മമ്പാട്

1. ഇല്ലിക്കൽ ഹൈദ്രു (കൂലിപ്പണി)

തൃക്കലങ്ങോട്

2. പുതിയറക്കൽ കോയസ്സൻ (മരക്കച്ചവടം)

3. കുറ്റിത്തൊടി കോയക്കുട്ടി (ചായപ്പീടിക)

4. അക്കര വീട്ടിൽ എന്ന കുന്നപ്പള്ളി അച്യുതൻനായർ (കൃഷി)

5.റിസാക്കിൽ പാലത്തിൽ തട്ടാൻ ഉണ്ണിപ്പുറയൻ (തട്ടാൻ)

6.ചോലക്കപ്പറമ്പിൽ ചെട്ടിച്ചിപ്പു (കൂലിപ്പണി)

7.മേലേടത്ത് ശങ്കരൻ നായർ (കൃഷി)

പയ്യനാട്

8.പുലക്കാട്ട് തൊടി മൊയ്തീൻ (കൃഷി)

മലപ്പുറം

9.മങ്കരത്തൊടി തളപ്പിൽ ഹൈദ്രു (ചായപ്പീടിക)

10.മങ്കരത്തൊടി മൊയ്തീൻ ഹാജി (പള്ളി-മുഅദ്ദിൻ)

11.വള്ളിക്കാപ്പറ്റ മമ്മദ് (ചായക്കട)

12.പെരുവൻകുഴി കുട്ടി ഹസൻ (പെട്ടിപ്പീടിക)

13.പെരുവൻകുഴി വീരാൻ (പെട്ടിപ്പീടിക)

മേൽമുറി

14.പാറച്ചോട്ടിൽ അഹമ്മദ്കുട്ടി മുസ്‌ലിയാർ (പള്ളി-മുഅദ്ദിൻ)

പോരൂർ

15.മധുക്കറിയാൻ കാത്ത്‌ലി (കൃഷി)

16.അരിക്കുഴിയൻ സെയ്താലി (കൂലപ്പണി)

പുന്നപ്പാല

17.മാണിക്കട്ടവൻ ഉണ്ണിമൊയ്തീൻ (മതാധ്യാപകൻ)

18.കീനത്തൊടി മമ്മദ് (കൂലിപ്പണി)

19.മൂഴിക്കൽ അത്തൻ (കൂലിപ്പണി)

20.കുപ്പക്കുന്നൻ അയമ്മദ് (കൃഷി)

21.കുപ്പക്കുന്നൻ മൂത (കൃഷി)

22.കുപ്പക്കുന്നൻ അബ്​ദുല്ല (കൃഷി)

23.കുപ്പക്കുന്നൻ ചെറിയ ഉണ്ണിമോയി (കൂലിപ്പണി)

24.കുപ്പക്കുന്നൻ കുഞ്ഞാലി (കൂലിപ്പണി)

25.മാണികെട്ടവൻ പോക്കർകുട്ടി (മതാധ്യാപകൻ)

26.പോളക്കൽ ഐദ്രുമാൻ (കൂലിപ്പണി)

27.കുപ്പക്കുന്നൻ വലിയ ഉണ്ണിൻ ഹാജി (കൂലിപ്പണി)

നിലമ്പൂർ

28.ആശാരിതൊപ്പിയിട്ട അയമ്മദ് (ആശാരി)

29.ചകിരിപറമ്പൻ അലവി (കൂലിപ്പണി)

കുരുവമ്പലം

30.വയൽപാലയിൽ വീരാൻ (ഖുർആൻ ഓത്ത്)

31.പോണക്കാട് മരക്കാർ (കൃഷി)

32.വടക്കേപ്പാട്ട് കുഞ്ഞയമ്മദ് (കൂലിപ്പണി)

33.ഓറക്കോട്ടിൽ ഏനാദി (കൂലിപ്പണി)

34.കൂരിത്തൊടി യൂസുഫ് (കൂലിപ്പണി)

35.പുത്തൻവീട്ടിൽ കുഞ്ഞഹമ്മദ് (കൂലിപ്പണി)

36.കല്ലേത്തൊടി അഹമ്മദ് (ഖുർആൻ ഓത്ത്)

37.പെരിങ്ങോട അബ്​ദു (കൃഷി)

38.ചീരൻപുത്തൂർ കുഞ്ഞയമ്മു (കച്ചവടം)

39.അത്താണിക്കൽ മൊയ്തീൻ ഹാജി (കൃഷി)

40.കല്ലൻകിണറ്റിങ്ങൽ മുഹമ്മദ് (ക്ഷൗരപ്പണി)

41.പറയൻ പുള്ളിയാലിൽ കുഞ്ഞയമ്മു (ഖുർആൻ ഓത്ത്)

42.പനങ്ങോടൻതൊടി മമ്മദ് (കൂലിപ്പണി)

43.പുനയൻപള്ളിയാലിൽ സെയ്താലി (കൃഷി)

44.മഠത്തിൽ അയമ്മദ്കുട്ടി (കൃഷി)

45.കൊങ്കാട് മൊയ്തീൻ (കൂലിപ്പണി)

46.പെരിങ്ങോടൻ കാദിർ (കച്ചവടം)

47.കോരക്കാട്ടിൽ അഹമ്മദ് (ഖുർആൻ ഓത്ത്)

48.കൊളക്കണ്ടത്തിൽ മൊയ്തീൻകുട്ടി (കൂലിപ്പണി)

49.കൂട്ടപ്പിലാക്കൽ കോയാമ (കൂലിപ്പണി)

50.അപ്പംകുണ്ടൻ അയമുട്ടി (കൂലിപ്പണി)

51.പൂളക്കൽതൊടിക കുഞ്ഞയമു (കൂലിപ്പണി)

52.എറശ്ശേനി പള്ളിയാലിൽ ആലി (കൃഷി)

53.കൊങ്കോട്ട് ചെറിയാൻ മൊയ്തീൻ (കൃഷി)

54.തറക്കുഴിയിൽ ഏനി (കൃഷി)

55.മേലേതിയേൽ കുഞ്ഞലവി (കൂലിപ്പണി)

56.വാളയിൽതൊടി കുഞ്ഞായൻ (കൂലിപ്പണി)

57.മാങ്കാവിൽ കൂമത്ത് അഹമ്മദ് (കൂലിപ്പണി)

58.തെക്കത്ത് അലവി (കൃഷി)

59.മേലേതിൽ വലിയ മൊയ്തീൻകുട്ടി (കൂലിപ്പണി)

60.മേലേതിൽ ചെറിയ മൊയ്തീൻകുട്ടി (കൂലിപ്പണി)

61.കൊള്ളിത്തൊടയി കോരക്കോട്ടിൽ അവറാൻകുട്ടി (കൃഷി)

62.കോരിപ്പറമ്പത്ത് ഐദർമാൻ (കൂലിപ്പണി)

63.പുത്തൻപീടികക്കൽ വീരാൻ (കൃഷി)

64.പെരുമ്പാളി കുഞ്ഞിമൊയ്തീൻ (കൂലിപ്പണി)

ചെന്മലശ്ശേരി

65.എരുക്കപ്പറമ്പൻ സെയ്താലി (കൂലിപ്പണി)

66.തട്ടാൻ തൊപ്പിയിട്ട അയമദ്‌സ് (കൂലിപ്പണി)

67.തെക്കേതിൽ മൊയ്തീൻ (കൂലിപ്പണി)

68.തഴത്തിൽ കുട്ടി അസ്സൻ (കൃഷി)

69.തെക്കേതിൽ മൊയ്തീൻ (കൂലിപ്പണി)

70.വെളുത്തേങ്ങോടൻ കുഞ്ഞയമ്മു (കൃഷി)

(അവലംബം • 1.തിരൂർ വാഗൺ ട്രാജഡി ഫലകം 2. അബ്​ദു ചെറുവാടി എഡിറ്റ് ചെയ്ത 'വാഗൺ ട്രാജഡി സ്മരണിക'. 3.Dictionary of Martyrs: India's Freedom Struggle (1857^1947) Vol. 5.)

Tags:    
News Summary - November 19 1921 Its not Wagon tragedy its Massacre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.