കുടചൂടുന്ന ഭൂമി

മ്മൾ നല്ലമഴയത്തും വെയിലത്തും കുടചൂടുന്നത് എന്തിനാണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ, വെയിലും മഴയും കൊള്ളാതിരിക്കാൻതന്നെ. അതുപോലെ സൂര്യനിൽനിന്ന് വരുന്ന അൾ​ട്രാവയലറ്റ് രശ്മിക​ളെ തടഞ്ഞുനിർത്തി, ഭൂമിയിലെ സർവജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഒരു വലിയ കുടതന്നെയാണ് ഓസോൺ.

ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 16നാണ് ഓസോൺ ദിനാചരണം. ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് നമ്മുടെ ഭൂമിയെ പൊതിഞ്ഞുസംരക്ഷിക്കുന്ന വാതകക്കുടയാണ് ഓസോൺ പാളി. ഓസോൺ പാളിയെ ദുർബലമാക്കുന്ന വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്നത് തടയുകയും ഓസോൺ പാളിയുടെ പ്രാധാന്യത്തെ കുറിച്ച് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓസോൺ ദിനാചരണം തുടങ്ങിയത്. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 1994ൽ ആദ്യമായി ഓസോൺദിനം ആചരിച്ചു. ഓസോൺ സംരക്ഷണപ്രവർത്തനങ്ങളിലെ വഴിത്തിരിവായിമാറിയ 1987ലെ മോൺട്രിയൽ പ്രോട്ടോകോൾ ഒപ്പുവെച്ച ദിവസത്തിന്റെ ഓർമക്കായായിരുന്നു ആ ദിവസം തിരഞ്ഞെടുത്തത്.

സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ വാതകത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്. ഭൂമിയുടെ മൊത്തം അന്തരീക്ഷമെടുത്താൽ സ്ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെ അളവ് ഏറക്കുറെ സ്ഥിരമാണെങ്കിലും ഓരോ വർഷവും ഓരോ പ്രദേശത്ത് ഇതിന്റെ അളവ് വ്യത്യാസപ്പെടാം. ഏകദേശം 300 കോടി മെട്രിക് ടൺ ഓസോൺ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ട്. ആകെയുള്ള അന്തരീക്ഷവാതകങ്ങളുടെ ഏതാണ്ട് 0.00006 ശതമാനം മാത്രം. മൂന്നു മില്ലിമീറ്റർ കനം മാത്രമുള്ള ഈ വാതകപാളി പക്ഷേ, ഭൂമിയിലെ ജീവജാലങ്ങൾക്ക് ചെയ്യുന്ന സഹായം വളരെ വലുതാണ്.

ആള് ചില്ലറക്കാരനല്ല

ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോൺ വാതകത്തിന്റെ അളവ് കൂടുതലുള്ളത് ഓസോൺ പാതയിലാണ്. സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93 മുതൽ 99 ശതമാനം ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു. ഭൂമിയിലുള്ള ജീവജാലങ്ങൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്മികൾ.

ബ്രിട്ടീഷ് ജി.എം.ബി. ഡോബ്സൺ ആണ് ഓസോൺ പാളിയുടെ ഘടനയെയും ഗുണങ്ങളെയും കുറിച്ച് മനസ്സിലാക്കിയത്. സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണിനെ അളക്കാനുള്ള മീറ്ററാണ് സ്​പെക് ട്രോഫോമീറ്റർ, ഓസോൺ പാളിയുടെ കനം പ്രസ്താവിക്കുന്നതിനെ ഡോബ്സൺ യൂനിറ്റ് എന്ന് പറയുന്നു.

എന്താണീ O3

ഓക്സിജൻ ആറ്റങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്ന ഒരു തന്മാത്ര, അതാണ് ഓസോൺ. ഓക്സിജന്റെ സഹോദരനാണ് ഓസോൺ എന്നുപറയാം. സൂര്യരശ്മികളേറ്റ് ചില ഓക്സിജൻ തന്മാത്രകൾ രണ്ടായി വിഭജിക്കപ്പെടുന്നു. ഇവയോരോന്നും തൊട്ടടുത്തുള്ള മറ്റൊരു ഓക്സിജനുമായി കൂടിച്ചേർന്നാണ് ഓസോൺ എന്ന വാതകതന്മാത്ര ഉണ്ടാകുന്നത്. പ്രത്യേക ഗന്ധമുള്ള വാതകമാണ് ഓസോൺ. നമ്മുടെ ചുറ്റിലുമുള്ള വായുവിൽ ഓസോണിന്റെ സാന്നിധ്യം വളരെ നല്ലതാണെന്നായിരുന്നു ആദ്യകാലത്ത് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. ഇത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ഓസോൺ കലർന്ന വായു ശ്വസിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് കണ്ടെത്തി. എന്നാൽ, അന്തരീക്ഷത്തിലെ മുകൾപാളിയിലുള്ള ഒാസോൺ ഭൂമിയിലെ ജീവജാലങ്ങൾക്ക് ഒരു സംരക്ഷണക്കുടയായി പ്രവർത്തിക്കുന്നു. 1840ൽ ക്രിസ്ത്യൻ ഫ്രെഡറിക് ഷോൺനെയിൻ എന്ന ശാസ്ത്രജ്ഞനാണ് ഓസോൺ കണ്ടെത്തിയത്.

വിള്ളലുണ്ടാക്കുന്ന വില്ലന്മാർ

ഓസോൺപാളിയുടെ തകർച്ചക്ക് കാരണമാകുന്ന വില്ലൻ വാതകങ്ങളാണ് ക്ലോറോ ഫ്ലൂറോ കാർബണുകൾ. റഫ്രിജറേറ്ററുകൾ, എ.സി, സ്പ്രേ അടക്കമുള്ള പലതിലും CFC അടങ്ങിയിട്ടുണ്ട്. ഈ വാതകങ്ങളിൽനിന്ന് അന്തരീക്ഷത്തിലെത്തുന്ന ക്ലോറിൻ തന്മാത്രകൾക്ക് ഓസോണിനെ വിഘടിപ്പിക്കാൻ ശേഷിയുണ്ട്.

ഓരോ ക്ലോറിൻ ആറ്റവും അന്തരീക്ഷത്തിൽ തങ്ങിനിന്ന് ആയിരക്കണക്കിന് ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കുമത്രെ. ഓസോണിനെ നശിപ്പിക്കുന്ന ഇവയുടെ സാന്നിധ്യം അന്തരീക്ഷത്തിൽ കുറക്കാതെ മുന്നോട്ടുപോയാൽ മാനവരാശിയുടെ നിലനിൽപിനെതന്നെ ബാധിക്കുമെന്ന് ബോധ്യമായതോടെയാണ് ഇവയെ പ്രതിരോധിക്കാനും ഇവക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും ലോകരാഷ്ട്രങ്ങൾ തീരുമാനമെടുക്കുന്നത്. CFC​​യെ കൂടാതെ ഹാലോണുകൾ, മീഥൈൽ ക്ലോറോഫോം, കാർബൺടെരടാ ക്ലോറൈഡ്, ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബണുകൾ എന്നിവയും ഓസോണിന്റെ അന്തകരാണ്.

Tags:    
News Summary - International Day for the Preservation of the Ozone Layer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.