കേരളം ഗാന്ധിയെ തൊട്ടു, അഞ്ചുവട്ടം

സ്വാതന്ത്ര്യസമര ചരിത്രത്തി​െൻറ ഏടുകൾ തിരയു​േമ്പാൾ മഹാത്മാ ഗാന്ധി എന്ന പേര്​ എപ്പോഴും വേറിട്ടുനിൽക്കുന്നത്​ അദ്ദേഹം സ്വീകരിച്ച സമര മാർഗങ്ങളുടെയും അദ്ദേഹം ജനങ്ങളുമായി താഴേത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളുടെയും പ്രത്യേകതകൊണ്ടാണ്​. ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച്​ സ്വാതന്ത്ര്യസമരത്തി​െൻറ ആവേശം ജനങ്ങളിലേക്ക്​ പകർന്നുകൊടുക്കാൻ ഗാന്ധി കാണിച്ച ആർജവം അത്രത്തോളം മറ്റൊരു നേതാവിൽനിന്നും ഉണ്ടായിട്ടുണ്ടാകില്ല. കേരളക്കരക്കുമുണ്ടായി ഗാന്ധിയെക്കാണാനുള്ള ഭാഗ്യം, അതും അഞ്ചു തവണ. ഖിലാഫത്ത് പ്രസ്​ഥാനം, വൈക്കം സത്യഗ്രഹം, ശ്രീനാരായണഗുരു തുടങ്ങി നിരവധി കാര്യങ്ങൾ തനിക്ക്​ പ്രചോദനമായതായി ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്​. ഗാന്ധിജിയുടെ വരവ്​ ജനങ്ങളിൽ ദേശീയതയുടെയും ഐക്യത്തിെൻറയും ബോധമുണ്ടാക്കി. ഐക്യകേരളം എന്ന ആശയം ജനഹൃദയങ്ങളിൽ നിറക്കാൻ സന്ദർശനങ്ങൾ സഹായകമായി.



 ആദ്യ സന്ദർശനം 1920 ആഗസ്​റ്റ്​ 18

ഖിലാഫത്ത് പ്രസ്​ഥാനത്തിന് പിന്തുണ നൽകുന്നതിനായിരുന്നു ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്. ബ്രിട്ടീഷുകാരുടെ വേരോട്ടം ആരംഭിച്ച കോഴിക്കോട്ടുതന്നെയായിരുന്നു ആദ്യ സന്ദർശനം. 1920 ആഗസ്​റ്റ്​ 18ന് ഉച്ചക്ക് െട്രയിനിറങ്ങിയ ഗാന്ധി അവിടെയുള്ള നേതാക്കന്മാരുമായി ചർച്ച നടത്തി. ഇന്ത്യയിൽ മുസ്​ലിംകളുടെയും ഹിന്ദുക്കളുടെയും ഐക്യമുണ്ടാകേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചായിരുന്നു അദ്ദേഹത്തി​െൻറ പ്രസംഗം. റൗലത്ത്​​ ആക്ടിനെതിരെ നടത്തിയ നിസ്സഹകരണ പ്രസ്​ഥാനത്തിന് ജനങ്ങളുടെ പിന്തുണ തേടാൻ കൂടിയായിരുന്നു ഗാന്ധിജിയുടെ കേരള സന്ദർശനം. 20,000ത്തോളം ജനങ്ങളെ അഭിസംബോധന ചെയ്​ത്​ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് സംസാരിച്ചു. സ്വദേശി പ്രസ്​ഥാനത്തിനെക്കുറിച്ചും ഇന്ത്യൻ വസ്​തുക്കളുടെ ഉപയോഗത്തെക്കുറിച്ചും എല്ലാം അദ്ദേഹം ജനങ്ങളോട്​ പറഞ്ഞു. കെ. മാധവൻ നായരാണ്​ ഗാന്ധിജിയുടെ പ്രസംഗം അന്ന്​ മലയാളത്തിലേക്ക് തർജമ ചെയ്​തിരുന്നത്​. തലശ്ശേരി, കണ്ണൂർ തുടങ്ങിയ സ്​ഥലങ്ങൾ സന്ദർശിച്ചായിരുന്നു ഗാന്ധിയുടെ മടക്കം.



 രണ്ടാം സന്ദർശനം 1925 മാർച്ച് 8–19

വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം. 1925 മാർച്ച് എട്ടിന്​ തുടങ്ങി 19 വരെയായിരുന്നു അത്​. ആ യാത്രയിൽ അദ്ദേഹം കേരളത്തിലെ നിരവധി നേതാക്കന്മാരുമായി ചർച്ചകൾ നടത്തി. തമിഴ് ബ്രാഹ്​മണർ, രാജാക്കന്മാർ, ശൂദ്രരുടെ പ്രതിനിധികൾ, നീലകണ്ഠൻ നമ്പ്യാതിരി എന്നിവരുമായിട്ടായിരുന്നു അദ്ദേഹത്തിെൻറ പ്രധാന ചർച്ചകൾ. അക്കാലത്ത് പിന്നാക്കവിഭാഗത്തിൽപെട്ട ജനവിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരുന്നില്ല എന്നുമാത്രമല്ല, ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലൂടെ നടക്കാൻപോലും അവസരമുണ്ടായിരുന്നില്ല. എല്ലാവർക്കും ക്ഷേത്രപ്രവേശനവും നടക്കാനുള്ള സ്വാതന്ത്ര്യവും ആവശ്യ​െപ്പട്ടുള്ള സത്യഗ്രഹമാണ് നടന്നത്. തുടർന്ന് അദ്ദേഹം ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്​ഥലങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ പ്രസംഗിച്ചശേഷം വർക്കല ശിവഗിരിയിലെത്തി. ശ്രീനാരായണഗുരുവുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്​ച ചരിത്രത്തി​െൻറ താളുകളിൽ വളരെ പ്രാധാന്യത്തോടെ തന്നെ കുറിക്കപ്പെട്ടിട്ടുണ്ട്​. അതിഥിപൂജയോടെയാണ് ഗുരു അദ്ദേഹത്തെ സ്വീകരിച്ചത്. തൊട്ടുകൂടായ്മ എന്ന മഹാവിപത്തിനെക്കുറിച്ചായിരുന്നു ഇരുവരുടെയും മണിക്കൂറുകൾ നീണ്ട ചർച്ച. അന്നത്തെ കോട്ടയം കലക്ടറായിരുന്ന എൻ. കുമാരനായിരുന്നു പരിഭാഷകൻ.

അന്ന് ശിവഗിരി മഠത്തിൽ തങ്ങിയ ഗാന്ധി അതിനു ശേഷം തിരുവിതാംകൂർ റീജൻറ് റാണി സേതുലക്ഷ്മിബായിയെയും സന്ദർശിച്ചു. അഹ്​മദാബാദിലെ സബർമതി ആശ്രമത്തിലെ സെക്രട്ടറിയായിരുന്ന ടൈറ്റസ്​ തേവർതുണ്ടിയിലിനെ കോഴഞ്ചേരിക്കു സമീപത്തുള്ള മാരാമണിൽ പോയി കണ്ടതിനുശേഷം ഗാന്ധിജി മാർച്ച് 15ന് ആറന്മുള ക്ഷേത്രദർശനം നടത്തി. മധ്യതിരുവിതാംകൂറിൽ സ്വാതന്ത്ര്യസമരത്തി​െൻറ അലയൊലികളുണ്ടാക്കാൻ ഈ സന്ദർശനം വഴി അദ്ദേഹത്തിന്​ കഴിഞ്ഞു. ശേഷം ആലുവ, പരവൂർ വഴി തൃശൂർ എത്തിയ അദ്ദേഹം മാർച്ച് 19ന് മടങ്ങി.

മൂന്നാം സന്ദർശനം 1927 ഒക്ടോബർ 9–15

ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനത്തിെൻറ തുടക്കം തൃശൂരിൽനിന്നായിരുന്നു. അവിടെ അദ്ദേഹം കുട്ടികളുമായി ആശയവിനിമയം നടത്താനും സമയം കണ്ടെത്തി. അവരെ പ്രചോദിപ്പിക്കുകയും സ്വയംപര്യാപ്തത നേടുന്നതിനെക്കുറിച്ച് മാർഗനിർദേശം നൽകുകയും ചെയ്​തു. അവിടെവെച്ച്​ ആൺകുട്ടികളും പെൺകുട്ടികളും വസ്​ത്രം നെയ്യുന്നത് കണ്ട് അദ്ദേഹം സന്തോഷവാനായതും ചരിത്രത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്​. ഗാന്ധി സന്ദർശനത്തോടനുബന്ധിച്ച്​ കുട്ടികൾക്കായി ചർക്കയിൽ തുണി നെയ്യുന്ന മത്സരവും സംഘടിപ്പിച്ചിരുന്നതായാണ്​ രേഖകൾ പറയുന്നത്​. സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയെക്കുറിച്ച് തിരുവിതാംകൂർ മഹാരാജാവുമായും റാണിയുമായും ചർച്ച നടത്തി. അതിനുശേഷം തൃശൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ പ്രസംഗിച്ചു. പാലക്കാടു​െവച്ച് ശങ്കരാചാര്യരുമായി നടത്തിയ സംഭാഷണങ്ങൾക്കുശേഷമായിരുന്നു മടക്കം.

നാലാം സന്ദർശനം 1934 ജനുവരി 10–22

ജനുവരി 10നായിരുന്നു ത​െൻറ നാലാമത്തെ കേരള സന്ദർശനത്തിനായി ഗാന്ധിജി കേരളത്തിലെത്തിയത്. ഒലവക്കോട് റെയിൽവേ സ്​റ്റേഷനിൽ വൻ ജനാവലിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്​ സ്വീകരണം നൽകി. ശബരി ആശ്രമത്തിൽ എത്തി സ്വാമിജിയെയും അവിടെയുള്ള അന്തേവാസികളെയും സന്ദർശിച്ചു. അധഃസ്​ഥിത വർഗത്തിനുള്ള ഫണ്ട് ശേഖരണം ലക്ഷ്യമിട്ടുകൂടിയായിരുന്നു അദ്ദേഹത്തി​െൻറ ഈ സന്ദർശനം. ജനുവരി 14ന് വടകരയിൽ നടന്ന സമ്മേളനത്തിൽവെച്ച്​ കൗമുദി എന്ന പെൺകുട്ടി അവരുടെ ആഭരണങ്ങൾ ഗാന്ധിജിക്ക് സംഭാവനയായി നൽകിയത്​ ആരും മറന്നു​േപാവില്ലെന്നുറപ്പ്​​. പിന്നീട്​ പയ്യന്നൂരിൽ അദ്ദേഹം ശ്രീനാരായണ ഹരിജൻ ആശ്രമം സന്ദർശിച്ചു. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സാമൂതിരിയെയും അദ്ദേഹം കണ്ടു. തുടർന്ന് തൃശൂർ, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ സംസാരിച്ചശേഷം ജനുവരി 20ന് വർക്കല ശിവഗിരിയിൽ എത്തി. 1928ൽ ശ്രീനാരായണ ഗുരു മരിച്ചതിനുശേഷമുള്ള അദ്ദേഹത്തിെൻറ ആദ്യ സന്ദർശനമായിരുന്നു അത്.

അഞ്ചാം സന്ദർശനം 1937 ജനുവരി 12–21

'തീർഥയാത്ര' എന്ന്​ ഗാന്ധിജിതന്നെ വിശേഷിപ്പിച്ച യാത്രയായിരുന്നു ഇത്​. കേരളത്തിലേക്കുള്ള ഗാന്ധിജിയുടെ അവസാനത്തെ സന്ദർശനം​. തിരുവിതാംകൂറിൽ മാത്രമായിരുന്ന ഈ യാത്രക്കിടെയാണ് അദ്ദേഹം അയ്യൻകാളിയെ കാണുന്നത്. ജനുവരി 21ന് അദ്ദേഹം കൊട്ടാരക്കരയിൽ എത്തുകയും അവിടെയുള്ള കെ.എം.എം. നാരായണൻ നമ്പൂതിരിപ്പാടിെൻറ ക്ഷേത്രം എല്ലാ വിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുകയും ചെയ്തു. ഒാരോ തവണ ഗാന്ധിജി കേരളത്തിലെത്തു​േമ്പാഴും യഥാർഥത്തിൽ ഇൗ ഭൂമി പവിത്രമാവുകയായിരുന്നുവെന്നാണ്​ ചരിത്രകാരന്മാർപോലും വിശേഷിപ്പിക്കുന്നത്​.

Tags:    
News Summary - Gandhi visited Kerala 5 times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.