മനുഷ്യാവകാശദിനത്തെ ഓർമിപ്പിച്ച് ഡിസംബർ

ഡിസംബർ

1 ലോക എയ്​ഡ്​സ്​ ദിനം

5 മണ്ണുദിനം

10 മനുഷ്യാവകാശദിനം

11 അന്താരാഷ്​ട്ര പർവതദിനം

14 ഊർജസംരക്ഷണ ദിനം

ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനം

ലോകത്തെ മുഴുവൻ ഭീഷണിയുടെ മുൾമുനയിൽ നിർത്തുന്ന അപകടകാരിയായ വൈറസ് രോഗമാണ് എയ്ഡ്സ് (അക്വേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം). പ്രതിരോധശേഷിയെ തകരാറിലാക്കിയാണ് ഈ രോഗം ഗുരുതരമാകുന്നത്. ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസി വൈറസ് അഥവാ എച്ച്.ഐ.വിയാണ് എയ്ഡ്സിന് കാരണം. ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരുന്നു. എച്ച്.​ഐ.വി അണുബാധ ലോകത്ത് സജീവമായി ഇന്നും നിൽക്കുന്നുവെന്നും എച്ച്.ഐ.വി പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കാനും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഓർമിപ്പിക്കുകയാണ് ഈ ദിനം.

അമേരിക്കയിൽ 1981ലാണ് ആദ്യമായി എയ്ഡ്സ് ​കണ്ടെത്തുന്നത്. 1986ൽ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. 2021 ലെ കണക്കുപ്രകാരം ലോകത്ത് 38.4 മില്യൺ എച്ച്.​ഐ.വി ബാധിതരുണ്ടെന്ന് ലോകാരോഗ്യ സംഘടന​ സൂചിപ്പിക്കുന്നു. മറ്റു രോഗങ്ങളെപ്പോലെയല്ല, എച്ച്.ഐ.വി അണുബാധിതർ ഇന്നും സമൂഹത്തിൽനിന്നും സ്വന്തം കുടുംബങ്ങളിൽനിന്നുപോലും സാമൂഹികനിന്ദയും വിവേചനവും അനു​ഭവിച്ചുവരുന്നു. ഇത്തരം വിവേചനങ്ങളുടെ സാഹചര്യത്തിൽ അവർ മുഖ്യധാരയിലേക്ക് വരാൻ മടിക്കുകയും സാധാരണജീവിതം നയിക്കാൻ സാധിക്കാതെവരുകയും ചെയ്യുന്നു. എച്ച്.ഐ.വി ബാധിതർക്ക് കരുതലും പരിചരണവും നൽകി സമൂഹത്തിന്റെ ഭാഗമാക്കി മാറ്റേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഇതിലൂടെ അവരിലേക്ക് ശരിയായ മാർഗനിർദേശവും ചികിത്സയും നൽകാനും സാധിക്കും.

ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന പ്രധാന ശ്വേതരക്താണുവാണ് ലിംഫോ സൈറ്റുകൾ. ഈ പ്രതിരോധ കോശങ്ങളുടെ സാന്നിധ്യംമൂലം രോഗാണുക്കൾക്ക് ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല. എന്നാൽ, ശരീരത്തിൽ എത്തുന്ന എച്ച്.ഐ വൈറസുകൾ ലിംഫോ സൈറ്റുകളെ നശിപ്പിച്ച് പ്രതിരോധശേഷിയെ തകർക്കുന്നു. രണ്ടുതരം ലിംഫോ സൈറ്റുകളുണ്ട്. ഒന്ന് അസ്ഥിമജ്ജയിൽ നിന്നും വളർച്ച പൂർത്തീകരിക്കുന്ന ബി -ലിംഫോസൈറ്റും, മറ്റൊന്ന് തൈമസ് ഗ്രന്ഥിയിൽ നിന്നും വളർച്ച പൂർത്തീകരിക്കുന്ന ടി -ലിംഫോ സൈറ്റുമാണ്.

ആരോഗ്യമുള്ള ഒരാളിൽ ക്യുബിക് മില്ലി മീറ്ററിൽ 500 മുതൽ 1500 വരെ സി.ഡി ഫോർ കോശങ്ങൾ കാണും. ഒരു ക്യുബിക് മില്ലിമീറ്ററിൽ 200 കോശങ്ങളിലും കുറവ് എന്ന തോതിൽ സി.ഡി. ഫോർ കോശങ്ങളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് എച്ച്.ഐ.വി. നല്ല ചികിത്സ ലഭിച്ചില്ലെങ്കിൽ എച്ച്.ഐ.വി ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എയ്ഡ്സ് ആയി മാറുകയും ചെയ്യും.

എച്ച്.ഐ.വി അണുബാധ കണ്ടെത്താനുള്ള രക്ത പരിശോധനയാണ് എലിസ (ELISA–Enzyme linked immunosorbent assay) ടെസ്റ്റ്. എച്ച്.ഐ.വിക്കെതിരായ ആന്റിബോഡി രക്തത്തിൽ ഉണ്ടോ എന്നാണ് ഈ പരിശോധന. ആദ്യപരിശോധനയിൽ എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചാൽ തുടർന്ന് രണ്ടു ടെസ്റ്റുകളും കൂടി നടത്തണം. മൂന്നു പരിശോധനകളുടെയും ഫലം പോസിറ്റിവ് ആണെങ്കിൽ അയാൾക്ക് എച്ച്.ഐ.വി പോസിറ്റിവിനുള്ള സാധ്യത കൂടുതലായിരിക്കും.

എച്ച്.ഐ.വി അണുബാധ ഉറപ്പിക്കാനുള്ള മറ്റൊരു പരിശോധനയാണ് വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്. ഈ പരിശോധനയിലും കൂടി പോസിറ്റിവ് ഫലം കണ്ടാൽ മാത്രമാണ് രോഗം ഉറപ്പിക്കുക.

ഡിസംബർ അഞ്ച് ലോക മണ്ണുദിനം

നമ്മുടെ നിലനിൽപ്പിനാധാരമായ മണ്ണിൽ കാതോർത്താൽ പ്രകൃതിയുടെ ജീവതാളം അനുഭവിച്ചറിയാം. ഈ മണ്ണിനെ കരുതലോടെ കാത്തുസൂക്ഷിച്ച്​ വരും തലമുറക്ക് കൈമാറുന്നതിലാണ് നാം ശ്രദ്ധചെലുത്തേണ്ടത്. കാർഷികവൃത്തിക്കായി നാം മണ്ണിനെ ആശ്രയിക്കുമ്പോൾ മറ്റു ജീവജാലങ്ങൾ തങ്ങളുടെ വാസസ്ഥലമായി മണ്ണിനെ കൂടെ കൂട്ടുന്നു. മണ്ണിനെ ഏറെ സ്നേഹിച്ച തായ്‌ലൻഡ് ചക്രവർത്തി ‘ഭൂമിബോൽ അതുല്യതേജി’​െൻറ ജന്മദിനമായ ഡിസംബർ അഞ്ച് ലോക മണ്ണുദിനമായി ആചരിച്ചുവരുന്നു. മണ്ണിലെ ജൈവ വൈവിധ്യത്തെ സംരക്ഷിക്കുമെന്ന് നമുക്കോരോരുത്തർക്കും പ്രതിജ്ഞയെടുക്കാം.

അതിസൂക്ഷ്‌മവും വിസ്‌മയകരവുമായ ജീവകലവറയാണ് മണ്ണ്. ഒരു ടീസ്‌പൂൺ മണ്ണിൽ അഞ്ഞൂറുകോടി ബാക്ടീരിയകളും അവക്ക്​ പുറമെ പ്രോട്ടോസോവകൾ, ഫംഗസുകൾ ആൽഗകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. മണ്ണിര, എലി, പാമ്പ്​, പഴുതാര മുതൽ മൃഗങ്ങളും മരങ്ങളും മനുഷ്യനും ജീവിക്കുന്നത് മണ്ണിൽ തന്നെ. പാറ പൊടിഞ്ഞാണ്​ മണ്ണുണ്ടാകുന്നതെന്ന് ചെറിയ ക്ലാസ് മുതലേ നാം പഠിച്ചുവരുന്നുണ്ട്. ചൂടും തണുപ്പും കാറ്റും മഞ്ഞും മഴയും ഇടിമിന്നലും ഭൂകമ്പങ്ങളും പാറകളില്‍ ക്ഷതമേൽപിച്ചുകൊണ്ടിരുന്നു. ഫലമോ? പാറകള്‍ സാവധാനം തകര്‍ന്ന് പൊടിയായി മണ്ണുണ്ടായി. നല്ല മണ്ണുണ്ടാകാന്‍ ഇതുമാത്രം പോരാ. മണ്ണില്‍ വേണ്ടത്ര ജൈവാംശം ചേരണം. വായു കയറണം. ഇതിനും വേണം ആയിരക്കണക്കിന് വര്‍ഷം.

ഒട്ടേറെ ജൈവ-രാസ ഘടകങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ മണ്ണ്. ഗുണമേന്മയുള്ള മണ്ണിൽ 45 ശതമാനം ധാതുലവണങ്ങളും അഞ്ച്​ ശതമാനം ജൈവ വസ്തുക്കളും ഉണ്ടായിരിക്കണം. അവശേഷിക്കുന്നതിൽ 25 ശതമാനം വായുവും 25 ശതമാനം ഭാഗം ജലവുമായിരിക്കണം. ഇതാണ് നല്ല മണ്ണി​െൻറ ലക്ഷണം.

മണ്ണി​െൻറ പ്രാധാന്യം, പരിപാലനം എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്​ടിക്കാൻ വിവിധ രാജ്യങ്ങൾ 2002 മുതൽ എല്ലാ വർഷവും ഡിസംബർ അഞ്ച് മണ്ണുദിനമായി ആചരിച്ചു വരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ ഐക്യരാഷ്​ട്രസഭയുടെ ജനറൽ അസംബ്ലി ഏകകണ്ഠമായി ഡിസംബർ അഞ്ച് ലോക മണ്ണുദിനമായി പ്രഖ്യാപിച്ചു. മണ്ണി​െൻറ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ടതി​െൻറ ആവശ്യകത ഉൾക്കൊണ്ട് ഐക്യരാഷ്​ട്ര സംഘടനയുടെ ജനറൽ അസംബ്ലി അന്താരാഷ്​ട്ര മണ്ണുവർഷമായി 2015നെ പ്രഖ്യാപിച്ചിരുന്നു.

മണ്ണി​െൻറ രാസഭൗതിക സ്വഭാവങ്ങൾ മനസ്സിലാക്കി ഓരോ മണ്ണിനും അനുയോജ്യമായ പരിപാലനമുറകൾ നടപ്പാക്കാൻ കർഷകനെ സഹായിക്കുന്നതാണ് സോയിൽ ഹെൽത്ത് കാർഡ്. ശേഖരിക്കുന്ന മണ്ണു സാമ്പിളുകളുടെ രാസ-ഭൗതിക സ്വഭാവവും മറ്റും പരിശോധിച്ച് മണ്ണി​െൻറ ഫലപുഷ്​ടി കണ്ടെത്തി നിർദേശങ്ങളും പരിഹാരമാർഗങ്ങളും ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തി ഓരോ ഭൂവുടമക്കും നൽകുന്നു. ഭൂമിയുടെ ഉയരം, ചരിവ്, മണ്ണൊലിപ്പ്, ഭൂഗർഭ ജലവിതാനം, അമ്ലത്വം, ഉൽപാദനക്ഷമത തുടങ്ങി മണ്ണിനെക്കുറിച്ച് അറിയേണ്ടതെല്ലാം പറഞ്ഞുതരുന്ന രേഖയാണിത്. കർഷകർ തങ്ങളുടെ പുരയിടത്തിലോ പറമ്പുകളിലോ ഉള്ള മണ്ണു സാമ്പിളുകൾ ശേഖരിച്ച് മണ്ണു പര്യവേഷണ ഓഫിസുകളിലോ മണ്ണു പരിശോധന ലാബുകളിലോ എത്തിച്ചാൽ സോയിൽ ഹെൽത്ത് കാർഡ് ലഭിക്കും.

കഠിനമായ ചൂടിൽനിന്നും അതിശക്തമായ മഴയിൽനിന്നും മണ്ണിനെ സംരക്ഷിക്കാനുള്ള ലളിതവും ഫലപ്രദവുമായ മാർഗമാണ് മണ്ണിന് പുതയിടൽ. മണ്ണിടം മുഴുവൻ പുതയിടാൻ സാധിച്ചില്ലെങ്കിലും കാർഷിക വിളകളുടെ ചുവട്ടിൽ വെയിലും മഴയും നേരിട്ട് വീഴാതെ പുതയിട്ട് സംരക്ഷിക്കാം. കാർഷിക അവശിഷ്​ടങ്ങൾ, കടലാസ് പോലെ മണ്ണിൽ ദ്രവിക്കുന്ന വസ്തുക്കൾ, ചകിരിച്ചോർ, ഉമി, തുടങ്ങിയ വസ്തുക്കൾ പുതയിടാനുപയോഗിക്കാം. ഇങ്ങനെ പുതയിട്ടാൽ മണ്ണിലെ ഈർപ്പം നഷ്​ടപ്പെടാതെ സംരക്ഷിക്കാം. അവക്കൊപ്പം മണ്ണിരകളുടെയും സൂക്ഷ്മജീവികളുടെയും വളർച്ചക്ക് സഹായകമാവുകയും ചെയ്യും.

കർഷക​െൻറ മിത്രമെന്നും ഭൂമിയുടെ കലപ്പയെന്നും ഈ ചങ്ങാതി അറിയപ്പെടുന്നു. കൃഷിയിടങ്ങളിലെ ഫലഭൂയിഷ്ഠത നിലനിർത്തുന്നതിൽ മണ്ണിര വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അവ മണ്ണിലെ ജൈവാംശങ്ങൾ ആഹാരമാക്കി വിസർജിക്കുമ്പോൾ മണ്ണി​െൻറ ഗുണം കൂടുന്നു. മാത്രമല്ല മണ്ണിരകൾ മണ്ണിൽ നിർമിക്കുന്ന സുഷിരങ്ങൾ മണ്ണി​െൻറ ജലാഗിരണശേഷി ഉയർത്തുകയും ചെയ്യുന്നു. കേരളത്തിലെ എല്ലാതരം മണ്ണിലും മണ്ണിരകളെ കാണാറുണ്ട്.ഏകദേശം മൂന്നടി താഴ്ചയിൽ വരെയുള്ള മണ്ണിളക്കി മുകളിലേക്കെത്തിക്കാൻ മണ്ണിരകൾക്ക് കഴിവുണ്ട്.

നമ്മുടെ നാട്ടിൻപുറങ്ങളിൽ ശീമക്കൊന്ന, മുരിക്ക്, വേലിച്ചീര തുടങ്ങിയ വിവിധയിനം ചെടികൾകൊണ്ട് അതിരിടുന്ന ശീലമുണ്ടായിരുന്നു. മണ്ണുമായി പെട്ടെന്ന് ലയിക്കുന്ന ഇവ നല്ല ജൈവവളമാണ്. കൃഷിഭൂമിയുടെ ചരിവിന് കുറുകെ ഇത്തരം ചെടികൾ കൊണ്ടുള്ള വേലി ​െവച്ചുപിടിപ്പിക്കുന്നത് മണ്ണു സംരക്ഷിക്കാനുള്ള ഉത്തമ മാർഗമാണ്.

കേരളത്തിലെ മണ്ണി​െൻറ പോഷകഗുണങ്ങളും അനുയോജ്യവിളകളും വിരൽത്തുമ്പിലൂടെ അറിയാൻ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ടെക്‌നോളജി കേരള മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. മണ്ണ് പര്യവേഷണ കേന്ദ്രവും കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മാം (മണ്ണിനെ അറിയാം മൊബൈലിലൂടെ) എന്ന മൊബൈൽ ആപ്പാണിത്. ഗൂഗ്​ൾ പ്ലേസ്​റ്റോറിൽ പോയി മണ്ണ് എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്‌തതിനുശേഷം ജി.പി.എസ് ഓൺ ചെയ്യുക. ശേഷം നിങ്ങൾ നിൽക്കുന്നയിടത്തെ മണ്ണിലുള്ള മൂലകങ്ങളും പ്രത്യേകതകളുമെല്ലാം നിങ്ങളുടെ വിരൽത്തുമ്പിലേക്കെത്തും. മണ്ണിലെ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, ബോറോണ്‍ എന്നിവയുടെ വിവരങ്ങള്‍ക്കൊപ്പം തന്നെ മണ്ണി​െൻറ പി.എച്ച് അനുപാതവും ലഭ്യമാകും.

ലോകത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഉത്സവമാണ് മണ്ണുത്സവം. മണല്‍ചിത്രകാരന്മാരും ശില്‍പികളും തങ്ങളുടെ കലാസൃഷ്​ടികള്‍ മണലില്‍ തീര്‍ത്ത് ആഘോഷത്തില്‍ പങ്കുചേരും. ഒഡിഷയിലെ ഭുവനേശ്വറിനടുത്ത് കോറ മണല്‍തീരത്ത് എല്ലാ വര്‍ഷവും മണ്ണുത്സവങ്ങള്‍ നടക്കാറുണ്ട്.

കർഷകർക്കും പുതുതലമുറക്കും മണ്ണി​െൻറ പ്രാധാന്യം ബോധ്യപ്പെടുത്താൻ തിരുവനന്തപുരത്തെ പാറാട്ടുകോണത്ത് 2014 ജനുവരി ഒന്നുമുതൽ പ്രവർത്തനമാരംഭിച്ച മ്യൂസിയമാണിത്. ഇന്ത്യയിലെ പ്രധാന മണ്ണുകളുടെ വിവരശേഖരം, മണ്ണ് സംരക്ഷണ മാർഗങ്ങൾ, കേരളത്തിലെ വനങ്ങളും മണ്ണും, മണ്ണിലെ സൂക്ഷ്മാണുക്കളും പ്രവർത്തനങ്ങളും എന്നിവയെക്കുറിച്ചെല്ലാം മണ്ണ് മ്യൂസിയത്തിൽനിന്ന്​ വിവരങ്ങൾ ലഭിക്കും. സ്‌കൂൾ വിദ്യാർഥികൾക്ക് പത്ത് രൂപ നിരക്കിലും പൊതുജനങ്ങൾക്ക് ഇരുപത് രൂപ നിരക്കിലും മ്യൂസിയം സന്ദർശിക്കാം.

ഡിസംബർ 10 മനുഷ്യാവകാശ ദിനം

കൂട്ടുകാർക്കറിയുമോ 1948 ഡിസംബർ 10നാണ് ഇൗ ദിനം പ്രഖ്യാപിക്കപ്പെട്ടത് എന്ന്​. 1950 ഡിസംബർ നാലിന് എല്ലാ അംഗരാജ്യങ്ങളെയും വിളിച്ചുചേർത്ത് ​െഎക്യരാഷ്​ട്ര സംഘടന ഇൗ ദിനം ആഘോഷിക്കാൻ തീരുമാനമെടുത്തു. ഒാരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശം. സ്വകാര്യത, മതവിശ്വാസം, അഭിപ്രായപ്രകടനം എന്നിവക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാർധക്യം, വൈധവ്യം, ശാരീരിക ബലഹീനതകൾ ഉൾപ്പെടെയുള്ള അവശത എന്നീ അവസ്ഥയിൽ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനു മുന്നിലുള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടുംവരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലിൽ പാർപ്പിക്കില്ലെന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തിൽതന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

1215ൽ ഇംഗ്ലണ്ടിലെ റണ്ണിമിഡ് എന്ന സ്ഥലത്തുവെച്ച് ഒപ്പുവെച്ച മാഗ്​നാകാർട്ടയാണ് മനുഷ്യാവകാശ സംരക്ഷണത്തിെൻറ ആദ്യ ചുവടുവെപ്പ്. അന്യായമായി തടങ്കലിൽ പാർപ്പിക്കുന്നതിൽനിന്നും നാടുകടത്തുന്നതിൽനിന്നും നികുതി പിരിക്കുന്നതിൽനിന്നും രാജാവിനെ തടയുന്ന എഴുതപ്പെട്ട രേഖയായിരുന്നു അത്​. 1689ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ അവകാശ നിയമം മറ്റൊരു ചവിട്ടുപടിയായി. മനുഷ്യാവകാശം സംബന്ധിച്ച ആദ്യ ആഗോളരേഖ 1945 ജൂൺ 25ന് അംഗീകരിച്ച യു.എൻ ചാർട്ടറാണ്.

1948 ഡിസംബർ 10ന് പാരിസിൽ ചേർന്ന െഎക്യരാഷ്​ട്രസഭയുെട പൊതുസഭ (ജനറൽ അസംബ്ലി) പാസാക്കി അംഗീകരിച്ചതാണ് അന്താരാഷ്​ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights ^UDHR). മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന 10 െഎക്യരാഷ്​ട്ര സഭ നിരീക്ഷണ സമിതികളാണുള്ളത്. ഇൗ സമിതികളിൽ ഉൾപ്പെട്ട വിദഗ്ധരെയെല്ലാം മനുഷ്യാവകാശങ്ങളെ സംബന്ധിച്ച അവരുടെ വൈദഗ്ധ്യത്തിെൻറ അടിസ്ഥാനത്തിൽ, അംഗരാജ്യങ്ങളാണ് നിർദേശിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നത്. നാലുവർഷമാണ് സേവന കാലാവധി.

ഇന്ത്യയിൽ പൗരരുടെ അവകാശ പരിരക്ഷ മുൻനിർത്തി രൂപംനൽകിയ സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമീഷൻ. 1993ൽ നിലവിൽവന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് കമീഷ​െൻറ ചുമതല. ദേശീയ കമീഷനിൽ ചെയർമാൻ ഇന്ത്യൻ ചീഫ് ജസ്​റ്റിസ് പദവി വഹിച്ചിരിക്കുന്നയാൾ ആയിരിക്കണം. ചെയർമാന് പുറമെ മറ്റു നാലംഗങ്ങൾകൂടി കമീഷനിൽ ഉൾപ്പെടും.

സംസ്​ഥാനങ്ങൾക്ക്​ കീഴിലും മനുഷ്യാവകാശ കമീഷനുകളുണ്ട്​. ഹൈകോടതി ചീഫ് ജസ്​റ്റിസ്​ പദവി വഹിച്ചിരുന്നയാളായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമീഷ​െൻറ ചെയർമാൻ. കമീഷന് അംഗങ്ങൾ ചെയർമാൻ കൂടാതെ നാലുവരെയാകാം. ദേശീയ മനുഷ്യാവകാശ കമീഷ​െൻറ അതേ അധികാരങ്ങൾതന്നെയാണ് സംസ്ഥാന കമീഷനുകൾക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ജോലിസ്ഥലങ്ങൾ തുടങ്ങിയവയിലൊക്കെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പരിശോധിച്ച് അന്വേഷണം നടത്താൻ കമീഷന് അധികാരമുണ്ട്.

നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച്​ അറിയാമോ​? കുട്ടികൾ മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണ്. നിങ്ങൾക്കു മാത്രമായി പ്രേത്യക നിയമങ്ങളുണ്ട്. നല്ല ആഹാരം ലഭിക്കാതിരിക്കൽ, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത, ആവശ്യമായ സംരക്ഷണവും ലാളനയും ലഭിക്കാതിരിക്കൽ, ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ, ബാലവേല, ബാലഭിക്ഷാടനം, ശൈശവ വിവാഹം എന്നിവയെല്ലാം നിങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നവയാണ്. 1984ലാണ് െഎക്യരാഷ്​ട്ര സഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിക്കുന്നത്. ഇതിൽ കുട്ടികളുടെ അതിജീവനം, സംരക്ഷണം വികസനം എന്നിവക്ക് പ്രാധാന്യം നൽകുന്നു. 18 വയസ്സിൽ താെഴയുള്ളവരെയാണ് ഇന്ത്യയിൽ കുട്ടികളായി കണക്കാക്കുന്നത്. 2009ൽ ഇന്ത്യയിൽ നിലവിൽ വന്ന സൗജന്യവും നിർബന്ധിതവുമായ അവകാശം കുട്ടികളുടെ അവകാശങ്ങളിലെ സുപ്രധാന ഏടായി. ഇതുപ്രകാരം ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകിയിരിക്കണം.

ഡിസംബർ 11 അന്താരാഷ്​ട്ര പർവതദിനം

നിങ്ങൾ പഠിച്ചതല്ല എവറസ്​റ്റി​െൻറ​ ഉയരം ക്വിസ്​ മത്സരങ്ങളിലും മത്സര പരീക്ഷകളിലുമെല്ലാം സ്​ഥിരം ചോദിക്കുന്നവയാണ്​ പർവതങ്ങളുടെ ഉയരം എത്ര എന്ന ചോദ്യം. പക്ഷേ ഇനി ആ ചോദ്യം വരു​േമ്പാൾ ഒന്ന്​ മുഖം ചുളിക്കേണ്ടിവരും. കാരണം നിങ്ങൾ ഉത്തരം എഴുതിത്തുടങ്ങു​േമ്പാൾതന്നെ ആ ഉയരത്തിന്​ വ്യത്യാസം വന്നിരിക്കും. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മൗണ്ട്​ എവറസ്​റ്റി​െൻറ ഉയരം എത്ര എന്ന ചോദ്യത്തിന്​ ഇതുവരെ നിങ്ങളെഴുതിയിരുന്നത്​ 8848 മീറ്റർ എന്ന ഉത്തരമല്ലേ?. എന്നാൽ ഇനി മുതൽ അതല്ല ശരി. പുതിയ കണക്കനുസരിച്ച്​ മൗണ്ട്​ എവറസ്​റ്റിന്​ അൽപം ഉയരം കുടിയിരിക്കുന്നു, ഇ​േപ്പാഴത്​ 8848.86 മീറ്റാണ്​. എന്തുകൊണ്ടാണ്​ ഇങ്ങനെ സംഭവിക്കുന്നതെന്ന്​ അധ്യാപകരോട്​ചോദിച്ചറിയൂ. അതുകൊണ്ട്​ ഇനിമുതൽ പർവതങ്ങൾക്കെല്ലാം എന്നും ഒരേ ഉയരമായിരിക്കുമെന്ന ചിന്ത വേണ്ട കേ​േട്ടാ.

ഡിസംബർ 14 ഊർജസംരക്ഷണ ദിനം

ഇങ്ങനെ കത്തിച്ചുതീർക്കണോ? വൈദ്യുതിയോ പെട്രോളിയം ഉൽപന്നങ്ങളോ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? വൈദ്യുതി, ഡീസൽ, പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം തുടങ്ങിയവയെല്ലാം നമുക്ക് പ്രധാനപ്പെട്ട ഊർജവിഭവങ്ങളാണ്. ഇവയില്ലെങ്കിൽ ലോകമെല്ലാം നിശ്ചലമാകും. ഭൂമിയിലെ ഇന്ധനസ്രോതസ്സുകളെല്ലാം വറ്റിക്കൊണ്ടിരിക്കുകയാണെന്നതാണ്​ മറ്റൊരു സത്യം. സൃഷ്​ടിക്കപ്പെട്ടതി​െൻറ നൂറിരട്ടി വേഗത്തിലാണ് പ്രകൃതിവിഭവങ്ങൾ മനുഷ്യൻ ഉപയോഗിച്ചുതീർക്കുന്നത്. അതിനാൽതന്നെ ഭാവി ലോകത്തി​െൻറ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഊർജപ്രതിസന്ധിയാണ്‌. ഇവിടെയാണ് ഊർജസംരക്ഷണത്തി​െൻറ പ്രാധാന്യം. എല്ലാ വർഷവും ഡിസംബർ 14 ഊർജസംരക്ഷണ ദിനമായി ആചരിച്ചുവരുന്നു. 1977 മുതൽ ഇന്ത്യ ഗവൺമെൻറി​െൻറ നേതൃത്വത്തിൽ പെട്രോളിയം കൺസർവേഷൻ റിസർച്​ അസോസിയേഷനാണ് ഊർജസംരക്ഷണദിനം ആചരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത്.

ലോകത്തിൽ നടക്കുന്ന എല്ലാതരം പ്രവർത്തനങ്ങൾക്കും ഊർജം അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ തോമസ് യങ് ആണ് ഊർജം എന്ന പദം സാങ്കേതികമായ അർഥത്തിൽ ആധുനിക കാലത്ത് പ്രയോഗിച്ചത്. ഊർജത്തിന് അദ്ദേഹം നൽകിയ നിർവചനം ‘പ്രവൃത്തിചെയ്യാനുള്ള കഴിവ്’ എന്നായിരുന്നു. ഗ്രീക്​ ഭാഷയിലെ ‘എനർജിയ’ എന്ന വാക്കിൽനിന്നാണ് ഊർജത്തി​െൻറ ഇംഗ്ലീഷ് വാക്കായ ‘എനർജി’ രൂപംകൊണ്ടത്. യാന്ത്രികോർജം, താപോർജം, പ്രകാശോർജം, വൈദ്യുതോർജം, രാസോർജം, ആണവോർജം എന്നിവ ഊർജത്തി​െൻറ വിവിധ രൂപഭേദങ്ങളാണ്.

22 ശതമാനം കാര്യക്ഷമതയുള്ളവയാണ് LED അഥവാ Light-emitting diode. എൽ.ഇ.ഡിയുടെ ഗുണം അവയുടെ ദീർഘനാളത്തെ സേവനമാണ്. 50,000 മുതൽ 1,00,000 വരെ മണിക്കൂർ ആണ് ഇവയുടെ ആയുസ്സ്​. സി.എഫ്.എൽ ബൾബുകളിൽ ഉള്ളതുപോലെ രാസപദാർഥങ്ങൾ ഇല്ലാത്തതിനാൽ ഇവ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. സാധാരണ ബൾബുകൾക്ക് 60 വാട്ടി​െൻറ പ്രകാശം നൽകുന്നതിന് തുല്യമായ പ്രകാശം നൽകാൻ എൽ.ഇ.ഡി ബൾബുകൾ അഞ്ചു വാട്ടിൽ താഴെ വൈദ്യുതി​േയ എടുക്കൂ. ഓരോ 100 വാട്ട് ബൾബിനും പകരമായി 15 വാട്ടി​െൻറ എൽ.ഇ.ഡികളും കുറേക്കൂടി വെളിച്ചം വേണ്ടിടത്ത് ഇലക്ട്രോണിക് ചോക്ക് ഘടിപ്പിച്ച സ്ലിം ട്യൂബുകളും ഉപയോഗിച്ച് വൈദ്യുതി ഉപയോഗം ഗണ്യമായി കുറക്കാം. അച്ഛനമ്മമാർക്ക്​ ഇതേക്കുറിച്ച്​ കൂട്ടുകാർ പറഞ്ഞുകൊടുക്കുമല്ലോ...

സൂര്യനിൽനിന്നുമുള്ള ഊർജത്തെ മുഴുവൻ നമുക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഊർജപ്രതിസന്ധി ഉണ്ടാവുകയേ ഇല്ല. സൗരോർജം ഉപയോഗിച്ച് വൈദ്യുതി നിർമിക്കാൻ മാർഗങ്ങൾ പലതുണ്ട്. അതിലൊന്നാണ് സോളാർ പാനൽ. അനേകം സോളാർ സെല്ലുകൾ അനുയോജ്യമായ രീതിയിൽ ക്രമീകരിച്ചിട്ടുള്ള സംവിധാനമാണിത്. കൃത്രിമോപഗ്രഹങ്ങൾക്കുവേണ്ട ഊർജം ലഭ്യമാക്കാനും ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതി ലഭിക്കാനും തെരുവുവിളക്കുകൾ തെളിയിക്കാനും സോളാർ പാനലുകൾ ഉപയോഗിച്ചുവരുന്നു. വീടുകളിൽ പാചകത്തിന് വേണ്ടിവരുന്ന ഇന്ധനച്ചെലവ് ഒരു പരിധി വരെ കുറക്കാൻ സോളാർ കുക്കറുകൾ സഹായിക്കുന്നു. വീട്ടിൽ ഇതേക്കുറിച്ചൊന്ന്​ സംസാരിച്ചുനോക്കൂ...

മാലിന്യം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബയോഗ്യാസ് ഉത്തമ ഊർജസ്രോതസ്സാണ്. ചാണകവും വെള്ളവും അടങ്ങിയ മിശ്രിതത്തിൽ ബാക്ടീരിയകൾ പ്രവർത്തിച്ചാണ് ഗ്യാസ് ഉണ്ടാക്കുന്നത്. ഡൈജസ്​റ്റർ ടാങ്ക് എന്നുവിളിക്കുന്ന ഭാഗത്താണ് ബയോഗ്യാസ് ടാങ്കിൽ ജൈവമാലിന്യം ഇടുന്നത്. ഇതോടെ ബാക്ടീരിയകൾ മുടങ്ങാതെ പ്രവർത്തിച്ചുതുടങ്ങും. എല്ലാ ജൈവവസ്തുക്കളിൽനിന്നും ബയോഗ്യാസ് ഉൽപാദിപ്പിക്കാമെങ്കിലും ചാണകമാണ് ഇതിനായി കൂടുതൽ ഉപയോഗിക്കുന്നത്. അച്ഛനമ്മമാരോട്​ ഇതേക്കുറിച്ച്​ ചോദിച്ചുനോക്കൂ...

തിരമാലകളിൽനിന്നും ഊർജമെടുക്കാനുള്ള ടൈഡൽ മില്ലുകൾ ഒമ്പതാം നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ യൂറോപ്പിലെ തീരപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു വലിയ തിരയിൽനിന്ന് മാത്രം വലിയ അളവിൽ ഊർജം ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കുകൾ പറയുന്നത്. എല്ലാ കടലോരങ്ങളിൽനിന്നും ഊർജമെടുക്കാൻ സാധിക്കുകയില്ല. ഉയരത്തിൽ തിരയടിക്കുന്ന ഇടങ്ങളാണ് അതിനനുയോജ്യം. ഇന്ത്യയിലെ കച്ച്, സുന്ദർബൻ പ്രദേശങ്ങൾ ടൈഡൽ എനർജി ഉൽപാദനകേന്ദ്രങ്ങളാണ്.

വേഗത്തിൽ വീശുന്ന കാറ്റിൽനിന്നും ലഭിക്കുന്ന വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുന്നതും മലിനീകരണമില്ലാത്തതുമാണ്. ശക്തമായി വീശുന്ന കാറ്റ്‌ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമാണ് വിൻഡ് മിൽ. ധാന്യങ്ങൾ പൊടിക്കാനും ജലം പമ്പുചെയ്യാനും വൈദ്യുതി ഉണ്ടാക്കുന്നതിനും വിൻഡ് മിൽ ഉപയോഗിക്കുന്നുണ്ട്​. ഒരു വിൻഡ് മിൽ ഉപയോഗിച്ച്‌ കുറഞ്ഞതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാനേ സാധിക്കുകയുള്ളൂ, ആയതിനാൽ ധാരാളം വിൻഡ് മില്ലുകൾ ഒരു വലിയ പ്രദേശത്ത് സ്ഥാപിക്കുന്നു. ഇതാണ് കാറ്റാടിപ്പാടങ്ങൾ. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം സ്ഥിതിചെയ്യുന്നത്.

ഭൂമിയുടെ ഉള്ളിലായി കാണുന്ന ഉരുകിയ ദ്രാവക പദാർഥം മാഗ്​മ എന്ന പേരിലറിയപ്പെടുന്നു. മാഗ്​മയുമായി സമ്പർക്കത്തിൽ വരുന്ന ഭൂഗർഭജലം തിളച്ച് നീരാവിയായി ഉയർന്ന മർദത്തിൽ പാറക്കെട്ടുകൾക്കിടയിൽ സംഭരിക്കപ്പെടുന്നു. ഇവയാണ് ജിയോതെർമൽ ഊർജസ്രോതസ്സുകൾ. ഇവ സംഭരിച്ചുവെച്ചിരിക്കുന്ന ഇടങ്ങൾ കുഴിച്ച് നീരാവി പുറത്തേക്ക് പ്രവഹിപ്പിച്ച് ടർബൈൻ കറക്കിയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.

നമ്മുടെ പാതകളിൽ ദിവസേന എത്രയോ വാഹനങ്ങൾ ഓടുന്നുണ്ട്. വാഹനങ്ങളുടെ ഉപയോഗം മൂലം അതി​െൻറ എൻജിനിൽ അടിഞ്ഞുകൂടുന്ന കാർബൺ എൻജി​െൻറ കാര്യക്ഷമത കുറക്കുന്നു. ഇവ നീക്കംചെയ്യാൻ എൻജിൻ അഴിക്കേണ്ടിവരുകയും ചെയ്യുന്നു. എന്നാൽ, എൻജിൻ അഴിക്കാതെ കാർബൺ നീക്കംചെയ്യാനുള്ള സംവിധാനമാണ് ഡീകാർബണൈസേഷൻ. യൂറോപ്യൻ രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള ഓക്സിജൻ-ഹൈഡ്രജൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എൻജിൻ അഴിക്കാതെ കാർബൺ നീക്കംചെയ്യുന്നത്. ഓക്സിജനും ഹൈഡ്രജനും എൻജിനിലൂടെ കടന്നുപോകുമ്പോൾ കാർബണുമായി ചേർന്ന് കാർബൺഡൈ ഓക്സൈഡും വെള്ളവുമായി മാറുന്നു. ഇത് എക്സ്ഹോസ്​റ്റ്​ പൈപ്പിലൂടെ പുറന്തള്ളുന്നു. നിശ്ചിത മർദത്തിൽ ഹൈഡ്രജനും ഓക്സിജനും കടത്തിവിടുന്നതിലൂടെ എൻജിൻ വാൽവ്, ഫ്യുവൽ ഇൻജക്ടറുകൾ, സിലിണ്ടർ പിസ്​റ്റണുകൾ, എക്സ്ഹോസ്​റ്റ്​ സംവിധാനം എന്നിവയിലെ കാർബൺ നീക്കംചെയ്യാൻ സാധിക്കുന്നു.

Tags:    
News Summary - December Important Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.