ഖത്തറിന്റെ സ്വപ്നസാഫല്യം

രു വ്യാഴവട്ടം മുമ്പ് 2022ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യം വഹിക്കാനായി ഫിഫ ഖത്തറിനെ തെരഞ്ഞെടു​ത്തപ്പോൾ ലോകം അത്ഭുതത്തോടെയും അതിലേറെ സംശയത്തോടെയുമാണ് നോക്കിക്കണ്ടത്. ഏഷ്യയിൽ രണ്ടാം തവണയും പശ്ചിമേഷ്യയിലും അറബ് ലോകത്തും ആദ്യമായിട്ടുമായിരുന്നു ലോകകപ്പ് വിരുന്നെത്തുന്നത്. അസാമാന്യമായ നിശ്ചയദാർഢ്യത്തോടെ മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കിയ ഖത്തർ എക്കാലത്തെയും മികച്ച ലോകകപ്പ് എന്ന ഖ്യാതിയോടെ തന്നെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

അർജന്റീനയുടെ മൂന്നാം ലോകകപ്പ് വിജയമായിരുന്നു ഖത്തർ ലോകകപ്പിന്റെ ഹൈലൈറ്റ്. ഫൈനലിന്റെ ചൂടുംചൂരും അനുഭവിപ്പിച്ച കലാശപ്പോരിൽ നിലവിലെ ജേതാക്കളായ ഫ്രാൻസിനെ നിശ്ചിത സമയത്ത് 2-2നും അധികസമയത്ത് 3-3നും തുല്യതയിൽ പിരിഞ്ഞശേഷം ഷൂട്ടൗട്ടിൽ 4-2ന് മറികടന്നായിരുന്നു ലയണൽ സ്കലോണിയുടെ ടീമിന്റെ വിജയാഘോഷം. കാൽപന്തുകളിയിലെ ഇതിഹാസ താരമെന്ന് നേരത്തേ പേരെടുത്തുകഴിഞ്ഞ ലയണൽ മെസ്സിയുടെ കരിയറിലെ പൊൻതൂവൽ കൂടിയായി ഈ കിരീട വിജയം.

ടൂർണമെൻറിലെ തന്നെ രണ്ടു മികച്ച താരങ്ങളായ മെസ്സിയുടെയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയുടെയും മികവ് മാറ്റുരക്കുന്നതുകുടിയായിരുന്നു ലുസൈൽ സ്റ്റേഡിയം അരങ്ങൊരുക്കിയ ഫൈനൽ. എംബാപ്പെ ഹാട്രിക്കുമായി നിറഞ്ഞുനിന്നപ്പോൾ രണ്ടു ഗോളടിച്ച മെസ്സിയും മോശമായില്ല. മെസ്സി ടൂർണമെന്റിലെ താരമായി സുവർണ പന്ത് കരസ്ഥമാക്കിയപ്പോൾ ടോപ്സ്കോറർക്കുള്ള സുവർണ ബൂട്ട് എംബാപ്പെക്കായിരുന്നു. അർജന്റീനക്കാരായ എമിലിയാനോ മാർട്ടിനെസ് മികച്ച ഗോളിക്കുള്ള സുവർണ ഗ്ലൗവും എൻസോ ഫെർണാണ്ടസ് മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.

കൊണ്ടുംകൊടുത്തുമുള്ള പോരാട്ടങ്ങളും വമ്പൻ അട്ടിമറികളും മകുടം ചാർത്തിയതായിരുന്നു ഖത്തർ ലോകകപ്പ്. സൗദി​ അറേബ്യയുടെ അർജന്റീന വധത്തിൽ തുടങ്ങി മൊറോക്കോയുടെ പോർചുഗൽ ദഹനം വരെ ഫുട്ബാളിന്റെ അനിശ്ചിതത്വം വെളിവാക്കുന്നതായിരുന്നു. മൊറോക്കോയുടെ അസാധാരണ കുതിപ്പും സെമി ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറിയതും ഖത്തറിലെ മനോഹര കാഴ്ചയായിരുന്നു. യൂറോപ്യൻ കരുത്തരായ ബെൽജിയം, സ്​പെയിൻ, പോർചുഗൽ എന്നിവരെ കടപുഴക്കിയായിരുന്നു മൊറോക്കോ കുതിപ്പ്. ജർമനിയെയും സ്​പെയിനിനെയും മലർത്തിയടിച്ച ജപ്പാനും പോർചുഗലിനെ വീഴ്ത്തിയ ദക്ഷിണ കൊറിയയും ഏഷ്യയുടെ അഭിമാനമായി. ജർമനി, ബെൽജിയം, ഡെന്മാർക്, ഉറുഗ്വായ് തുടങ്ങിയ കരുത്തരുടെ ആദ്യ റൗണ്ട് പുറത്താക്കൽ ഖത്തർ ലോകകപ്പിന്റെ ആവേശം വർധിപ്പിച്ചു.

ആദ്യ കളി പരാജയപ്പെട്ടിട്ടും ലോക ചാമ്പ്യന്മാരായ അർജന്റീന തന്നെയായിരുന്നു ലോകകപ്പിലെ ടീം. ആദ്യ റൗണ്ടുകളിൽ മികച്ച കളി കെട്ടഴിച്ചവരിൽ ബ്രസീൽ ക്വാർട്ടറിൽ ക്രൊയേഷ്യക്കുമുന്നിൽ വീണപ്പോൾ ഫ്രാൻസ് ഫൈനൽ വരെയെത്തി. തുടർച്ചയായ രണ്ടാം തവണയും​ സെമിഫൈനലിൽ കടന്നാണ് നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യ മടങ്ങിയത്. ക്വാർട്ടറിൽ തോറ്റ ബ്രസീലി​ന്റെ നെയ്മറുടെയും പോർചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കണ്ണീർ ഖത്തറിന്റെ നൊമ്പരക്കാഴ്ചയായി. 

Tags:    
News Summary - Year Ender 2022 Sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-31 00:00 GMT