നോക്കി നടക്കണേ... ട്രാഫിക്-റോഡ് സിഗ്നലുകളെക്കുറിച്ചറിയാം

റോഡപകടങ്ങളുടെയും അതേ തുടർന്നുണ്ടാകുന്ന മരണങ്ങളുടെയും വാർത്തകൾ കേട്ടുകേട്ട് മനസ്സ് മടുത്തവരാകും നമ്മൾ. എന്നാൽ, ഓരോ ദിവസവും ഇതു കേൾക്കുമ്പോഴും ശ്രദ്ധ കൂട്ടണം എന്ന ചിന്ത ആർക്കെങ്കിലും ഉണ്ടാകുന്നുണ്ടോ? ഇല്ലെന്ന് റോഡിലേക്കിറങ്ങിയാൽ മനസ്സിലാവും. ഒന്ന് ചുറ്റും കണ്ണോടിച്ചുനോക്കൂ, സിഗ്നലുകൾ നോക്കാതെ അമിതവേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങൾ ഓരോ സെക്കൻഡിലും കടന്നുപോകുന്നത് കാണാം. നോ പാർക്കിങ് ബോർഡിനുതാഴെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കാണാം. ഇടതുവശത്തേക്ക് സിഗ്നലിട്ട് വലതുവശത്തേക്ക് തിരിയുന്നവരെ കാണാം, നോ സ്റ്റോപ്പ് വേയിലൂടെയും റോഡ് മുറിച്ചുകടക്കുന്നവരെയും കാണാം. പിന്നെ എന്തിനാണ് ഈ ട്രാഫിക്-റോഡ് സിഗ്നലുകളെല്ലാം! ഈ സിഗ്നലുകളും നിയമങ്ങളുമെല്ലാം കൃത്യമായി പാലിച്ചാൽ റോഡപകടങ്ങൾ താനെ കുറയും എന്നറിയാഞ്ഞിട്ടല്ല, പക്ഷേ ചെയ്യില്ല. വളർന്നുവരുന്ന കൂട്ടുകാർക്കുള്ളതാണ് ഇനിയുള്ള കാര്യങ്ങൾ. നിങ്ങളെങ്കിലും ഒരൽപം ശ്രദ്ധ കാണിക്കൂ, സമയവും ജീവനും നിങ്ങളുടേതുകൂടിയാണ്...

സിഗ്നലുകൾ എന്തിനാണ്?

ട്രാഫിക് സിഗ്നലുകൾ എന്തിനാണെന്ന് കൂട്ടുകാർക്ക് അറിവുണ്ടാകും. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു ബുദ്ധിമുട്ടും കൂടാതെ സുഗമമായി കടന്നുപോകാൻവേണ്ടിയാണ് ഈ സിഗ്നലുകളെല്ലാം ഉണ്ടാക്കിയിരിക്കുന്നത്. ഓരോരുത്തരും കൃത്യമായി പാലിക്കേണ്ടവയാണ് ട്രാഫിക് നിയമങ്ങളും സിഗ്നലുകളും. അതെല്ലാം പഠിച്ചുവെക്കാൻ ഡ്രൈവിങ് ലൈസൻസ് എടുക്കേണ്ട പ്രായം വരെ കാത്തിരിക്കേണ്ട ആവശ്യമൊന്നുമില്ല. കൂടുതലറിയാം...

ചുമ്മാ 'നടക്കണ്ട'

  • വാഹനങ്ങൾക്കു മാത്രമുള്ളതല്ല കേട്ടോ റോഡിലെ സിഗ്നലുകളും സൈൻ ബോർഡുകളും. കാൽനടയാത്രക്കാരെകൂടി ഉദ്ദേശിച്ചുള്ളതാണ് ഇവ. അപ്പോൾ കൂട്ടുകാരും റോഡിലൂടെ നടക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം.
  • എപ്പോഴും റോഡിന്റെ വലതുവശം ചേർന്നു നടക്കാൻ ശ്രദ്ധിക്കണം. അതായത്, നമ്മൾ മുന്നോട്ടുനടക്കുമ്പോൾ നമ്മുടെ വലതുകൈയിന്റെ വശം. ഇത് എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളെ പെ​െട്ടന്ന് കാണാൻ സഹായിക്കും. വാഹനമോടിക്കുന്നവർക്ക് നിങ്ങളെയും കാണാം
  • റോഡിലൂടെതന്നെ നടക്കണമെന്ന് വാശിപിടിക്കരുത്. കാൽനടപ്പാത (ഫൂട്പാത്ത് ) ഉണ്ടെങ്കിൽ അതിലൂടെതന്നെ നടക്കാൻ ശ്രദ്ധിക്കണം
  • വാഹനങ്ങൾ പോകുന്ന വഴിയിലുടെ നടക്കുമ്പോൾ കൂട്ടംകൂടിയം നിരന്നും നടക്കരുത്. കൂട്ടുകാർ റോഡിനോരം ചേർന്ന് ഒറ്റക്കൊറ്റക്ക് വരിയായി നടന്നുപോകാം
  • റോഡിൽനിന്ന് കൂട്ടുകാരുമായി വർത്തമാനം പറഞ്ഞുനിൽക്കരുത്, ശ്രദ്ധ നഷ്ടപ്പെട്ടേക്കാം
  • ബസിൽനിന്നും ഇറങ്ങിയ ഉടനെ റോഡ്‌ മുറിച്ച് കടക്കരുത്. അൽപം കാത്തുനിന്ന് ബസ് പോയ ശേഷം റോഡ്‌ മുറിച്ചു കടക്കാം
  • വാഹനം നിർത്താതെ ചാടിയിറങ്ങരുത്
  • രാത്രി റോഡരികിലൂടെ നടക്കുകയാണെങ്കിൽ ഇരുണ്ട നിറമുള്ള വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കണം
  • വാഹനങ്ങൾ ഏതെങ്കിലും നിർത്തിയിട്ട സ്ഥലത്തുനിന്ന് റോഡ് മുറിച്ചുകടക്കരുത്. അൽപം മാറിനിന്ന് ക്രോസ് ചെയ്യാം
  • സീബ്രാ ക്രോസ് ലൈൻ ഉണ്ടെങ്കിൽ അതിലൂടെതന്നെ റോഡ് മുറിച്ചുകടക്കാൻ ശ്രദ്ധിക്കാം

വരയും കുറിയും

റോഡിൽ നിങ്ങൾ കുറെ വരകൾ കണ്ടിട്ടുണ്ടാവും. ചിലത് വെളുപ്പായിരിക്കും. ചിലത് മഞ്ഞ. ചിലത് മുറിഞ്ഞിട്ടാണെങ്കിൽ ചിലത് നീളത്തിൽ കാണാം. ഇതൊക്കെ എന്താണ് എന്നറിയുമോ? ഡ്രൈവർമാരും കാൽനട യാത്രക്കാരും ഈ ട്രാഫിക് അടയാളങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാക്കി വെച്ചാലേ റോഡപകടങ്ങൾ ഉണ്ടാവാതിരിക്കൂ. സുഗമമായ ഗതാഗതവും ഇതുവഴി സാധ്യമാവും.

വശങ്ങളിലെ വെളുത്ത വരകൾ

റോഡിന്റെ രണ്ടു വശങ്ങളിലായി നീളത്തിലുള്ള വെളുത്ത വര കൂട്ടുകാർ കണ്ടുകാണും. റോഡിലെ വാഹന ഗതാഗതം ഈ രണ്ടു വരകൾക്കിടയിൽ ഒതുങ്ങണം എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഈ വരകൾ മറി കടന്ന് വാഹനങ്ങൾ ഓടിക്കാൻ പാടില്ല. കാൽനട യാത്രക്കാർക്ക് ഈ വരകൾക്ക് പുറത്തുകൂടി നടന്നുപോകാം.

നടുവിലെ വെളുത്ത വര

റോഡിന് നടുവിൽ രണ്ടുതരത്തിലുള്ള വെളുത്ത വര നിങ്ങൾ കണ്ടിട്ടുണ്ടാവും. റോഡിനെ രണ്ടു ഭാഗങ്ങളാക്കുകയാണ് ഈ വരകൾ. വിപരീത ദിശയിൽ പോകുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഇത്. ഓരോ വശത്തുനിന്നുവരുന്ന വാഹനങ്ങളും അതത് ഭാഗത്തുകൂടിതന്നെ സഞ്ചരിക്കണം. ചിലയിടങ്ങളിൽ ഇടവിട്ടിടവിട്ടുള്ള രീതിയിലും ചില സ്ഥലങ്ങളിൽ നീളത്തിലും ഈ വരകൾ കാണാം. ഇടവിട്ടിടവിട്ട് മുറിഞ്ഞ വെളുത്ത വര കാണുന്ന ഭാഗത്ത് വാഹനങ്ങൾക്ക് സുരക്ഷിതമായി ഈ വര മറികടന്ന് വാഹനം മുന്നോട്ടു കൊണ്ടുപോകാം. ഇവിടെ മറ്റു വാഹനങ്ങളെ മറികടക്കാം. എന്നാൽ, ഇടമുറിയാതെ നീളത്തിൽ വെളുത്തവരയിട്ട സ്ഥലങ്ങളിൽ ഈ വര മറികടക്കാൻ പാടില്ല. മറ്റു വാഹനങ്ങളെ മറികടക്കുന്നതിന് പക്ഷേ, വിലക്കില്ല. അതേസമയം, ഇരട്ട വെള്ള വരയാണെങ്കിൽ വാഹ്നങ്ങൾ ഒരുവിധ കാരണവശാലും ഈ വര മറികടക്കരുത്. മാത്രമല്ല, ഈ ഭാഗത്തുവെച്ച് മറ്റു വാഹനങ്ങളെ മറികടക്കാനും പാടില്ല.

മഞ്ഞ വരകൾ

വളവുകളിലും രണ്ടോ മൂന്നോ നിരകളുള്ള റോഡുകളിലും ചില മഞ്ഞ വരകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഡ്രൈവർമാരുടെ കാഴ്ച പരിധി കുറക്കുന്ന സ്ഥലങ്ങളായതിനാലാണ് ഇത്. ഇവിടെ ഓവർടേക്കിങ് നിയന്ത്രിച്ചിട്ടുണ്ടാകും. റോഡിന് നടുവിലൂടെ നീളത്തിൽ ഇടമുറിയാത്ത മഞ്ഞ വരയിട്ടാണ് ഇവിടങ്ങളിൽ ഓവർടേക്കിങ് നിയന്ത്രിക്കുന്നത്. സ്ഥലത്തി​ന്റെ പ്രത്യേകതയനുസരിച്ച് മഞ്ഞ നിറത്തിലുള്ള ഒറ്റ വരയാലും ഇടവിട്ടിടവിട്ടുള്ള വരയുൾപ്പെടെ ഇരട്ടവരയോടുകൂടിയും വാഹനങ്ങളുടെ മറികടക്കലിനെ നിയന്ത്രിക്കാറുണ്ട്. ഇരട്ട വരയിൽ ഒരണ്ണം ഇടമുറിഞ്ഞ മഞ്ഞവരയും മറ്റേത് മുറിയാതെ നീളെയുള്ളതുമാണെങ്കിൽ മുറിഞ്ഞ മഞ്ഞ വരയുള്ള ഭാഗത്തുകൂടി പോകുന്ന വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്യാമെന്നും മറുഭാഗത്തെ വാഹനങ്ങൾ ഒരു കാരണവശാലും മുന്നിലുള്ള വാഹനങ്ങളെ ഓവർടേക്ക് ചെയ്യരുതെന്നുമാണ് അർഥം.

സ്‌റ്റോപ്

വാഹനം നിർത്താൻ ഡ്രൈവർക്ക് നിർദേശം നൽകുന്ന വരകളാണ് സ്‌റ്റോപ് ലൈൻ. T റോഡുകളിലാണ് സ്റ്റോപ് ലൈനുകൾ ഉണ്ടാകാറ്. റോഡിന് കുറുകെ പാതി ഭാഗം ഇടവിട്ട നിലയിലും മറുപാതിയിൽ കനത്തിലുള്ളതുമായ വെളുത്ത വരയായുമാണ് സ്‌റ്റോപ് ലൈനുണ്ടാവുക.

സീബ്രാലൈൻ

  • കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള വരകളാണ് പെഡസ്ട്രിയൻ ക്രോസ് ലൈൻ അഥവാ സീബ്രാലൈൻ. റോഡിന് കുറുകെ കനത്തിൽ ഇടവിട്ടിടവിട്ടുള്ള വരകളാണിത്. കാൽനടയാത്രക്കാർ സീബ്രാലൈനിനടുത്തെത്തിയാൽ വാഹനങ്ങൾ നിർത്തിക്കൊടുക്കണമെന്നാണ് നിയമം.
  • സുരക്ഷിതമായി നിർത്താൻ പാകത്തിൽ കൈ കൊണ്ട് സ്റ്റോപ്പ് സിഗ്നൽ കാണിച്ച് വാഹനങ്ങൾ നിർത്തിക്കുക
  • റോഡ് മുറിച്ച് കടക്കാൻ കാത്തുനിൽക്കുമ്പോഴോ കടക്കുമ്പോഴോ പരിഭ്രമവും തിക്കും തിരക്കും വേണ്ട

ഗിവ് വേ ലൈൻ

ഒരു റോഡ് അതി​ന്റെ കുറുകെയുള്ള മറ്റൊരു റോഡിനെ മറികടന്ന് നേരെ പോകുന്നിടത്താണ് ഗിവ് വേ ലൈനുണ്ടാവുക. ഇടവിട്ടിടവിട്ട നിലയിലുള്ള ഇരട്ട വരകളാണ് ഗിവ് വേ ലൈൻ. പ്രധാന റോഡിലെ വാഹനങ്ങളെ കടന്നുപോകാൻ അനുവദിച്ചശേഷം ശ്രദ്ധയോടെ കടന്നുപോകണമെന്നാണ് ഈ അടയാളം ഡ്രൈവർമാർക്ക് നൽകുന്ന സന്ദേശം. മാർക്കറ്റ് ജങ്​ഷനുകളിലും മറ്റും ഇവ കാണാം.

ചുവന്ന വൃത്തം

നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ആണ് ചുവന്ന വൃത്തത്തിനുള്ളിൽ അടയാളപ്പെടുത്തുന്ന സിഗ്നലുകൾ. റോഡിലെ പരമാവധി വേഗം, വൺവേ, നോ എൻട്രി ചിഹ്നങ്ങളെല്ലാം ചുവന്ന വൃത്തത്തിനകത്തായിരിക്കും. ഈ ചിഹ്നങ്ങൾ പിന്തുടരാതിരുന്നാൽ കനത്ത പിഴയടക്കേണ്ടിവരും, അപകടങ്ങൾക്കും കാരണമായേക്കും.

ചുവന്ന ത്രികോണം

മുന്നറിയിപ്പുകൾ നൽകുന്ന സിഗ്നലുകളാണ് ചുവന്ന ത്രികോണത്തിനുള്ളിൽ അടയാളപ്പെടുത്തുന്നത്. തിരിവുകൾ, ചെറി റോഡ് തുടങ്ങിയവയെല്ലാം ഇതിൽ പെടും.

നീലച്ചതുരം

വിവിധ വിവരങ്ങൾ യാത്രക്കാർക്ക് നൽകാനാണ് നീലച്ചതുരത്തിലുള്ള ചിഹ്നങ്ങൾ ഉപയോഗിക്കുന്നത്. ആശുപത്രി, പെട്രോൾ പമ്പ് എന്നിവയെല്ലാം ഉദാഹരണമാണ്.

Tags:    
News Summary - Traffic Signs and Road Safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-31 00:00 GMT