സംഭവബഹുലം, ഉന്നത വിദ്യാഭ്യാസരംഗം

സംസ്ഥാനസർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയ വർഷമാണ് കടന്നുപോയത്. വൈസ്ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ പാരമ്യതയിലെത്തിച്ചത് സാ​ങ്കേതിക സർവകലാശാല വൈസ്ചാൻസലർ ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധിയായിരുന്നു. വി.സി നിയമനത്തിന് യു.ജി.സി റെഗുലേഷൻ നിർദേശിക്കുന്ന വ്യവസ്ഥ പാലിച്ചില്ലെന്നുകണ്ടാണ് രാജശ്രീയുടെ നിയമനം പരമോന്നതകോടതി ആരംഭം മുതൽ അസാധുവാക്കിയത്. കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിലും കാലടി സർവകലാശാല വി.സി നിയമനത്തിലും സർക്കാറുമായി ഏറ്റുമുട്ടിയ ഗവർണർ സുപ്രീംകോടതി വിധി ആയുധമാക്കി. യു.ജി.സി റെഗുലേഷൻ ലംഘിച്ച് നടത്തിയ പത്ത് വി.സി നിയമനങ്ങൾക്കുകൂടി വിധി ബാധകമെന്ന് ചൂണ്ടിക്കാട്ടി വി.സിമാരോട് രാജി സമർപ്പിക്കാൻ ഗവർണർ നിർദേശിച്ചു. ഇത് സർക്കാറിനെ പ്രതിസന്ധിയിലാക്കി. രാജി നൽകേണ്ടതില്ലെന്ന് തീരുമാനിച്ച വി.സിമാർ ഗവർണറുടെ നോട്ടീസിനെ ചോദ്യം ചെയ്ത് കോടതിയിലെത്തി. കോടതി വിധിവരുന്ന മുറക്ക് വി.സിമാർക്കെതിരായ നടപടിയുമായി മുന്നോട്ടുപോകാനാണ് ഗവർണറുടെ തീരുമാനം. കാര്യങ്ങൾ ഗവർണറുടെ വഴിക്ക് തിരിഞ്ഞാൽ നിലവിലുള്ള എട്ട് വി.സിമാർ പുറത്തുപോകുന്ന സാഹചര്യമുണ്ടാവുകയും ചെയ്യും.  

കമീഷനുകൾ, പരിഷ്‍കാരങ്ങൾ

ഉന്നത വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കേണ്ട പരിഷ്‍കാരങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച മൂന്ന് കമീഷനുകൾ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്‍കാര കമീഷൻ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി വിദ്യാഭ്യാസ വിദഗ്ധരെ പകരം കൊണ്ടുവരണമെന്ന ശിപാർശ ചെയ്തു. പല ശിപാർശകളിലും സർക്കാർ തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.    

പാർട്ടി നിയമനങ്ങൾ, വിവാദങ്ങൾ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ മതിയായ യോഗ്യതയില്ലാതെ കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസറായി നിയമിക്കാനുള്ള നീക്കം ഗവർണർ തടഞ്ഞിരുന്നു. പിന്നാലെ പ്രിയ വർഗീസ് അസോസിയേറ്റ് പ്രഫസർ നിയമനത്തിന് അയോഗ്യയാണെന്ന് ഹൈകോടതി ഉത്തരവും പുറപ്പെടുവിച്ചു. സർവകലാശാലകളിൽ സി.പി.എം നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും വ്യാപകമായി നിയമിക്കുന്നുവെന്ന ആക്ഷേപങ്ങളിൽ ഒടുവിലത്തേതായിരുന്നു പ്രിയ വർഗീസിന്റെ നിയമനനീക്കം. നേരത്തെ എം.ബി. രാജേഷ്, എ.എൻ. ഷംസീർ, പി.കെ. ബിജു, പി. രാജീവ് എന്നിവരുടെ ഭാര്യമാരെ വിവിധ സർവകലാശാലകളിൽ നിയമിച്ചതും വിവാദമായിരുന്നു. ഷംസീറിന്റെ ഭാര്യയുടെ നിയമനം കോടതി തടയുകയും ചെയ്തു.

പുറത്തേക്കുപോകുന്ന വിദ്യാർഥികൾ

സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും ബിരുദ കോഴ്സുകളിൽ ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന മുമ്പെങ്ങുമില്ലാത്ത സാഹചര്യമാണ് കടന്നുപോകുന്ന വർഷം കണ്ടത്. ഉപരിപഠനത്തിനായി സംസ്ഥാനത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്ന് തെളിയിക്കുന്നതായിരുന്നു സീറ്റൊഴിവിന്റെ കണക്കുകൾ. കാലഹരണപ്പെട്ട പാഠ്യപദ്ധതിയും കോഴ്സുകളിലെ വൈവിധ്യമില്ലായ്മയും താളംതെറ്റിയ പരീക്ഷാനടത്തിപ്പുമെല്ലാം വിദ്യാർഥികളുടെ പുറത്തേക്കുള്ള പ്രയാണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെയും ലോകത്തെയും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങിൽ ചേർന്നുപഠിക്കാനുള്ള ആഗ്രഹവും ഒപ്പം കുടിയേറ്റ സാധ്യതകളും ഈ ഒഴുക്കിനുള്ള കാരണങ്ങളാണ്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർധന ഉറപ്പുവരുത്തിയില്ലെങ്കിൽ വരും വർഷങ്ങളിൽ ഈ ഒഴുക്ക് കൂടാനാണ് സാധ്യത.

സ്കൂൾ പാഠ്യപദ്ധതി പരിഷ്‍കരണവും ജെൻഡർ ന്യൂട്രാലിറ്റിയും

നീണ്ട ഇടവേളക്കുശേഷം നടത്തുന്ന സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ ശ്രമങ്ങളെ ആരംഭത്തിൽതന്നെ വിവാദങ്ങൾ പിടികൂടി. പാഠ്യപദ്ധതി ചട്ടക്കൂടിനായുള്ള ചർച്ചകളിലും രേഖകളിലും ലിംഗസമത്വം, ആൺപെൺ ഒരുമിച്ചുള്ള ഇരിപ്പിടം, സ്കൂൾ സമയമാറ്റം തുടങ്ങിയവ കയറിവന്നതാണ് വിവാദങ്ങളുടെ അടിസ്ഥാനം. ലിംഗസമത്വമല്ല ലിംഗനീതിയാണ് നടപ്പാക്കേണ്ടതെന്ന മറുവാദവും ശക്തമായി. ജനകീയചർച്ചക്കായി തയാറാക്കിയ കരട് കുറിപ്പിൽ ലിംഗസമത്വത്തിന്റെ സ്ഥാനത്ത് ലിംഗനീതി പകരം കൊണ്ടുവന്നു. ഇരിപ്പിടത്തിലെ സമത്വം രേഖയിൽനിന്ന് നീക്കി സ്കൂൾ അന്തരീക്ഷത്തിലെ സമത്വമാക്കി മാറ്റി. ആൺപെൺ വ്യത്യാസമില്ലാത്ത ജെൻഡർ ന്യൂട്രൽ യൂനിഫോമിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നിലപാടിനെതിരെ വിമർശനമുയർന്നതിന് പിന്നാലെയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള സമീപനരേഖ തയാറാക്കൽ നടപടികൾ വിവാദത്തിലായത്.   

നിയമനത്തിനായി സെർച് കം സെലക്ഷൻ കമ്മിറ്റി മൂന്ന് മുതൽ അഞ്ചുവരെ പേരടങ്ങിയ പാനൽ സമർപ്പിക്കണമെന്ന റെഗുലേഷൻ വ്യവസ്ഥ പാലിച്ചില്ലെന്നതും സെർച് കമ്മിറ്റിയിൽ അക്കാദമിക വിദഗ്ധനല്ലാത്ത ചീഫ് സെക്രട്ടറി അംഗമായതും ഉൾപ്പെടെയുള്ള ന്യൂനതകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി വിധി.    

നീക്കം കോടതി തടഞ്ഞതോടെ രാജിതേടിയുള്ള നോട്ടീസിന് പകരം ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകി. പിന്നാലെ നോട്ടീസ് ലഭിച്ചവരിൽ ഫിഷറീസ് (കുഫോസ്) സർവകലാശാല വി.സി ഡോ. റിജി ജോണിന്റെ നിയമനം ഹൈകോടതി റദ്ദാക്കുകയും ചെയ്തു. കാരണംകാണിക്കൽ നോട്ടീസിനെതിരെ വി.സിമാർ സമർപ്പിച്ച ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ നോട്ടീസ് നൽകിയ ഒമ്പത് വി.സിമാരിൽ എട്ട് പേരെയോ അവരുടെ അഭിഭാഷകരെയോ ഗവർണർ നേരിൽ കേൾക്കുകയും ചെയ്തു.

വി.സി നിയമനത്തിലും യു.ജി.സി റെഗുലേഷൻ നടപ്പാക്കുന്നതിലും ‘ലാൻഡ് മാർക്ക്’ വിധിയായി കെ.ടി.യു കേസിലെ സുപ്രീംകോടതി വിധി മാറി. സർവകലാശാലകളുടെ കാര്യത്തിൽ സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങൾക്ക് മുകളിൽ സബോഡിനേറ്റ് നിയമനിർമാണത്തിലൂടെ നിലവിൽവരുന്ന യു.ജി.സി റെഗുലേഷൻ നിലനിൽക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് സുപ്രീംകോടതി വിധി. ഈ സാഹചര്യം ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധവും സംസ്ഥാന നിയമങ്ങളെ എക്സിക്യൂട്ടിവ് ഉത്തരവുകളിലൂടെ അസാധുവാക്കാൻ കേന്ദ്രസർക്കാറിന് വഴിതുറന്നിടുന്നതുമാണെന്നാണ് സംസ്ഥാനസർക്കാർ നിലപാട്.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആകാമെന്നും ത്രിവത്സര ബിരുദ കോഴ്സുകളുടെ സ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സ് തുടങ്ങണമെന്ന സുപ്രധാന ശിപാർശയും കമീഷൻ നൽകി. സർവകലാശാലകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ തീർപ്പുകൽപിക്കാൻ ചാൻസലറായ ഗവർണർക്ക് മുകളിൽ ഹൈകോടതി, സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ വേണമെന്ന ശിപാർശയാണ് സർവകലാശാല നിയമപരിഷ്‍കാര കമീഷൻ സമർപ്പിച്ചത്. പരീക്ഷാനടത്തിപ്പിലെ മാറ്റങ്ങളിൽ ഊന്നിയാണ് മറ്റൊരു കമീഷൻ ശിപാർശ നൽകിയത്. 

Tags:    
News Summary - kerala higher education 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2022-12-31 00:00 GMT