കല്ലുകൾ കഥ പറയുന്ന കലാക്ഷേത്രം

ഒാരോ മനസ്സിലുമുണ്ടാവും പഴങ്കാലത്തി​​​െൻറ കുഞ്ഞു കുഞ്ഞു സ്മാരകങ്ങൾ... ഓർമകളാൽ പടുത്തുയർത്തുന്ന ആ കൊച്ചു മൺവീടുകൾ പോലും പൊളിച്ചു നീക്കാതെ ഇടയ്ക്കിടെ അതിനെ തഴുകിയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും ... അപ്പോൾ ഗതകാല സ്മരണകൾ സ്മാരക ശിലകളായി മാറിയ ഒരു ദേശത്തെപ്പറ്റി ഒന്നോർത്തു നോക്കൂ...
അതേ, ഹംപി അക്ഷരാർത്ഥത്തിൽ ഗതകാലസ്മരണകൾ ശിലാരൂപങ്ങളായി നമ്മുടെ കണ്മുന്നിൽ ചിതറിക്കിടക്കുന്നത് കാണുമ്പോൾ ഉള്ളിൽ തോന്നുന്ന കൗതുകത്തേക്കാൾ ഒരു പടി മുന്നിൽ നിൽക്കുക അജ്ഞാതമായ ഒരു വേദനയായിരിക്കും.

ഒരു ചാറ്റൽ മഴയുടെ അകമ്പടിയോടെയാണ് ഞങ്ങൾ ബാംഗ്ലൂരിൽ നിന്ന് ഹംപിയിലേക്ക് യാത്ര തിരിച്ചത്. വായിച്ചറിഞ്ഞും ചിത്രങ്ങളിലും സിനിമകളിലും മാത്രം കണ്ടും പരിചയമുള്ള ഒരു സ്വപ്ന ലോകത്തേക്കുള്ള യാത്ര കൂടിയായിരുന്നു അത് ....പുറത്തപ്പോഴും ചെറുതായി പെയ്യുന്ന മഴയുടെ കൂട്ടുമായി ഹോസ്‌പേട്ടിൽ ചെന്നിറങ്ങുമ്പോൾ നേരം വെളുത്തിരുന്നില്ല. നേരത്തെ മുറി പറഞ്ഞു വെച്ചിരുന്ന ഹോട്ടലിൽ ചെന്ന് പ്രഭാത കൃത്യങ്ങൾ കഴിച്ചു. അവിടെ നിന്നുതന്നെ ഭക്ഷണവും കഴിച്ചു. അപ്പോഴേക്കും ഞങ്ങൾക്ക് പോവാൻ ഏർപ്പെടുത്തിയിരുന്ന വണ്ടി വന്നിരുന്നു

കർണ്ണാടകയിലെ ബെല്ലാരി ജില്ലയിലെ ഹോസ്പേട്ട് താലൂക്കിലാണ് ഹംപി. ഹോസ്‌പേട്ടിൽ നിന്നും ഏകദേശം 12 കിലോമീറ്ററോളം ദൂരത്തിലാണ് ഹംപി. ഹോസ്‌പേട്ടിൽ നിന്നും രണ്ടു വഴിക്ക് ഹംപിയിൽ എത്താം. ഒന്ന് കഡിരാംപുര വഴിയും മറ്റൊന്ന് കമലാപുര വഴിയും. ഞങ്ങൾ കമലാപുര വഴിയാണ് പോയത്.

ഞങ്ങളുടെ ആദ്യ ലക്‌ഷ്യം വിരൂപാക്ഷ ക്ഷേത്രം ആയിരുന്നു. അമ്പലത്തിലേക്കുള്ള വഴിയുടെ ഇരു വശത്തും ഒരുപാട് കരിങ്കൽ മണ്ഡപങ്ങളുണ്ട്. പഴയ ചന്തകളും യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങളും ആയിരുന്നിരിക്കാം അത്. എവിടെ നോക്കിയാലും ശിലാരൂപങ്ങൾ... ശിലകൾ... ഭൂമിയിലെ ശിലകളെല്ലാം ഒരു സ്ഥലത്തു സമ്മേളിച്ചിരിക്കുകയാണോ എന്ന് തോന്നും. ദൂരെ നിന്നു തന്നെ ക്ഷേത്ര ഗോപുരം ദൃശ്യമാണ്. 165അടി നീളം, 150 അടി വീതി. 11 നിലകളുള്ള ക്ഷേത്ര ഗോപുരം നമ്മളെ വിസ്‌മയത്താൽ ഒരു നിമിഷം പിടിച്ചു നിർത്തും. 'ബിസ്ത്തപ്പാ ഗോപുരം' എന്നാണ് ഇതറിയപ്പെടുന്നത്. കയറി ചെല്ലുമ്പോൾ നാം എത്തുന്നത് വീതിയുള്ള കരിങ്കല്ലുകൾ പാകിയ വലിയ ക്ഷേത്ര മുറ്റത്താണ്. ഇതിന്റെ നടുവിലൂടെ ഒരു കനാൽ ഉണ്ടെന്നും അതിലൂടെ 'തുംഗഭദ്ര' നദി ഒഴുകുന്നു എന്നും പറയപ്പെടുന്നു.

കരിങ്കല്ല് പാകിയതിനാൽ കനാൽ ദൃശ്യമല്ല. ഒരു കിണറും ക്ഷേത്ര മുറ്റത്തുണ്ട്. ക്ഷേത്രത്തിനു മുന്നിലെ മൂന്ന് മുഖങ്ങളുള്ള കൂറ്റൻ നന്ദി വിഗ്രഹം ആരിലും കൗതുകമുണർത്തും. ഒരു വലിയ ക്ഷേത്രക്കുളവും ഇവിടെയുണ്ട്. അമ്പലത്തിലെ മറ്റൊരു സവിശേഷത യഥേഷ്ടം വിഹരിക്കുന്ന വാനരന്മാരാണ്. അവർ യാതൊരു ഭയവുമില്ലാതെ തീർത്ഥാടകരുടെ കൈകളിലെ സാധനങ്ങൾ തട്ടിയെടുക്കുന്നു. കൂട്ടത്തിലൊരാളുടെ കൈയിൽ നിന്നും വാനരന്മാർ തട്ടിയെടുത്ത ബാഗ് വീണ്ടെടുക്കാൻ ഒരു സംഘം വല്ലാതെ പരിശ്രമിക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഭക്തി ഭാവത്തെക്കാൾ ഈ വാനര സൈന്യത്തെക്കണ്ടുണ്ടായ ഭയമാണ് ഞങ്ങളടക്കം എല്ലാ ഭക്തരിലും എന്നെനിക്ക് തോന്നിപ്പോയി. യഥേഷ്ടം വിഹരിക്കുന്ന കാളക്കൂറ്റന്മാരും ചേരുമ്പോൾ ആ ഭയം അതിന്റെ മൂർധന്യത്തിലായി.

എവിടെ നോക്കിയാലും ശിലാരൂപങ്ങൾ... ശിലകൾ... ഭൂമിയിലെ ശിലകളെല്ലാം ഒരു സ്ഥലത്തു സമ്മേളിച്ചിരിക്കുകയാണോ എന്ന് തോന്നും

അമ്പലത്തിൽ നിന്നും മുകളിലേക്ക് കയറുമ്പോൾ പാറക്കെട്ടുകൾക്കു മുകളിൽ എണ്ണമില്ലാത്ത കരിങ്കൽ മണ്ഡപങ്ങൾ. മുകളിലേക്ക് മുകളിലേക്ക് കയറിപ്പോവുന്ന യുവത്വങ്ങളുടെ ആർപ്പുവിളികളും ആരവങ്ങളും. മണ്ഡപങ്ങളും വിരൂപാക്ഷ ക്ഷേത്ര ഗോപുരവും സ്വച്ഛ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ ക്യാമറയിൽ പകർത്തുന്നവർ. എല്ലാം കൂടി ഒരു ഉത്സവാന്തരീക്ഷം.

ശിലകൾക്ക് മുകളിൽ എപ്പോൾ വീഴും എന്ന മട്ടിൽ പ്രകൃതി അദൃശ്യ കരങ്ങളാൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചിരിക്കുന്ന ശിലകൾ ഉണർത്തുന്ന ആശ്ചര്യം കുറച്ചൊന്നുമല്ല. ചിലത് വളരെ കൃത്യമാണെങ്കിൽ ചിലതിന് യാതൊരു അടുക്കും ചിട്ടയുമില്ല. പ്രകൃതി ഒരുക്കിയ ഒരു 'ശിലാവാടിക' തന്നെയാണ് ഹംപി.

പ്രകൃതി ഒരുക്കിയ ഒരു 'ശിലാവാടിക' തന്നെയാണ് ഹംപി

പിന്നീട് ഞങ്ങൾ പോയത് 'വിജയ വിട്ടാല' ക്ഷേത്രത്തിലേക്കാണ്. ഇതിന്റെ മുൻവശത്തുള്ള ഒറ്റക്കല്ലിൽ തീർത്ത ശിലാരഥം വളരെ പ്രസിദ്ധമാണ്. സപ്തസ്വരങ്ങൾ ഉതിർക്കുന്ന കരിങ്കൽത്തൂണുകളുള്ള ഒരു മണ്ഡപവും ഇവിടെയുണ്ട്. ഒരുപാടു കാലം മണ്ണിനടിയിൽ മറഞ്ഞു കിടന്ന, ഇപ്പോൾ കാണാവുന്ന ഒരു ക്ഷേത്രവും ഇവിടെയുണ്ട്. അതിനുള്ളിൽ നിറഞ്ഞു നിന്ന ഈറൻ മണം, പുറത്തേക്ക് കൂട്ടത്തോടെ പറക്കുന്ന വവ്വാലുകൾ. ഒരു പ്രത്യേക അനുഭവം ആയിരുന്നു അത്.

പാറക്കെട്ടുകൾക്കു മുകളിൽ എണ്ണമില്ലാത്ത കരിങ്കൽ മണ്ഡപങ്ങൾ

എല്ലായിടത്തും മണ്ഡപങ്ങളും ക്ഷേത്രങ്ങളും ആണ്. ഓരോ ക്ഷേത്രവും ഓരോ മണ്ഡപവും എന്തിന് ഓരോ ചുവരുകൾ പോലും കരിങ്കല്ലിലെ കൊത്തുപണികളാൽ സമ്പന്നം. പഴയ കൊട്ടാരങ്ങൾ... ചിലതിന്റെ അവശിഷ്ടങ്ങൾ... ഇനിയും നശിച്ചിട്ടില്ലാത്ത രാജകീയ ജീവിതത്തിന്റെ കൈയൊപ്പുകൾ... ഒരിടത്ത് രാജകീയ പ്രൗഢിയോടെ എന്നും നില നിൽക്കുന്ന സ്നാനഗൃഹം കണ്ടു. നോക്കി നിൽക്കെ പാദസരങ്ങൾ കിലുങ്ങുന്നതായും കൈവളകൾ കുലുങ്ങി ചിരിക്കുന്നതായും മൂളിപ്പാട്ടുകൾ അലയടിക്കുന്നതായും ഒക്കെ തോന്നി. ഒരുകാലത്ത് രാജകീയ താരുണ്യങ്ങൾ വിലസിയ ഇടനാഴികൾ... അവർ സായാഹ്നങ്ങൾ ചിലവിട്ട മട്ടുപ്പാവുകൾ... എല്ലാം കരിങ്കല്ലിൽ...കല്ലല്ലാതെ അവിടെയൊന്നുമില്ല. അക്ഷരാർത്ഥത്തിൽ 'കല്ലിൽ കൊത്തിയ കവിതകൾ'. സമയക്കുറവ് മൂലം ആ ശിലാലോകം മുഴുവൻ കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല. എത്ര കണ്ടാലും തീരാത്ത ഒരപൂർവ്വ ലോകമാണത്. കാലങ്ങൾക്ക് മുമ്പേ നിർമിച്ച ഇന്നും കാലത്തിന് മുമ്പേ നടക്കുന്ന ആ വിസ്മയ ലോകം തീർത്ത അജ്ഞാത ശില്പികളെ, ദൈവം തൊട്ടനുഗ്രഹിച്ച ആ വിരൽത്തുമ്പുകളെ വിനീതമായി പ്രണമിക്കാതെ വയ്യ.... അവരെ കൈകൂപ്പാതെ വയ്യ...

ഇൗ വിസ്മയ ലോകം തീർത്ത അജ്ഞാത ശില്പികളെ, ആ വിരൽത്തുമ്പുകളെ വിനീതമായി പ്രണമിക്കാതെ വയ്യ....

പിറ്റേന്ന് ഞങ്ങൾ തുംഗഭദ്ര ഡാം കാണാൻ പോയി. ഹോസ്​പേട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് തുംഗഭദ്ര ഡാം. താഴെ നിന്നും ഡാമി​​െൻറ മുകളിലേക്ക് വാഹന സൗകര്യം ഉണ്ട്. ഡാമിന്റെ മുകളിൽ നിന്നുള്ള തുംഗഭദ്ര നദിയുടെ കാഴ്ച വർണ്ണനാതീതം. ഇളകുന്ന അലകളുമായി നിറഞ്ഞൊഴുകുന്ന നദി എത്ര കണ്ടാലും മതി വരില്ല. ഡാമിന്റെ താഴെ വാഹനങ്ങൾ പുറപ്പെടുന്ന സ്ഥലത്ത് ഒരു മനോഹരമായ പാർക്കും പുഴ അരികിൽ നിന്ന് കാണാനുള്ള സൗകര്യവുമുണ്ട്.

ആ ശിലാലോകം വെറും രണ്ടു ദിവസം കൊണ്ട് കണ്ടുതീർക്കാനാവില്ല

കണ്ടാലും കണ്ടാലും മതിവരാത്ത ആ ശിലാലോകം വെറും രണ്ടു ദിവസം കൊണ്ട് കണ്ടുതീർക്കാനാവില്ല. മനുഷ്യനേക്കാൾ എത്രയോ വിദഗ്ധനായ ശിൽപിയാണ് പ്രകൃതി എന്ന് അവിടം കണ്ടാലേ നമുക്ക് മനസ്സിലാവൂ. കണ്ണെത്തുന്നിടത്തെല്ലാം ശിലകൾ... ശിലകൾ ...ശിലകൾ മാത്രം. ദുരൂഹമായ ആകൃതികളിൽ, രൂപങ്ങളിൽ ആരോ എടുത്തു വെച്ച ശിലകൾ... കവി പാടിയതു പോലെ 'അനന്തമജ്ഞാതമവർണനീയം..' മനുഷ്യൻ എത്ര നിസ്സാരൻ എന്ന് മനസ്സിലാവണമെങ്കിൽ പ്രകൃതിയുടെ ഈ 'ശിലാലോകം' കാണുക തന്നെ വേണം. ആ നിമിഷങ്ങളിലാണ് തുച്ഛമായ നമ്മുടെ മനുഷ്യ ജന്മം കുറച്ചെങ്കിലും സാർത്ഥകമാവുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.