?????????- ??? ???????????

ഒരുവട്ടമെങ്കിലും കാണണം; അഞ്ചുരുളിയിലെ ജലധാര

അഞ്ചുരുളി എന്ന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിൽ പെട്ടെന്ന് തോന്നുന്നത് എന്തായിരിക്കും? അഞ്ച് ഉരുളികളാണ് എന്നത് മനസ്സിലാക്കാം. പക്ഷെ അതൊരു സ്​ഥലപ്പേരായി മാറുന്നതെങ്ങനെ?  അവിടെ വച്ച് അഞ്ച് ഉരുളി ആർക്കെങ്കിലും നഷ്​ടപ്പെട്ടോ? അതോ ആരെങ്കിലും അഞ്ച് ഉരുളി അവിടെ വച്ച് നിർമ്മിച്ചുവോ? അതോ മറന്നുവച്ചോ? ഇങ്ങനെ പല വഴിക്ക് പോകും ചിന്തകൾ. കേരളത്തിൽ അറിയപ്പെടുന്ന ജല ഗുഹാമുഖങ്ങളിലൊന്നാണ് അഞ്ചുരുളി. അഞ്ചു കുന്നുകളുമായി ബന്ധപ്പെട്ടതാണ് ഈ പേര്. ഉരുളി കമിഴ്ത്തി വച്ചതുപോലുളള അഞ്ചു കുന്നുകൾ ഈ ജലസംഭരണിയിൽ കാണാം. ആദിവാസികളാണ് ഈ പേര് നൽകിയത്. ജലം നിറഞ്ഞു നിന്നാൽ ഈ കുന്നുകൾ ദൃശ്യമാകാറില്ല. ഡാമിൽ വെള്ളം പൂർണമായി നിറയുമ്പോൾ അഞ്ചുരുളി ടണലിെൻെറ മുഖത്തോളം വെളളം കയറും.


ഇന്ത്യയിൽ ഒറ്റപ്പാറയിൽ നിർമ്മിച്ച ഏറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണിത്. മലകൾക്കപ്പുറം 4.75 കിലോമീറ്റർ (2.8 മൈൽ) ദൂരെ നിന്നും പാറതുരന്ന് നിർമ്മിച്ച  ടണൽ. അതിൻെറ അവസാനഭാഗം കാണപ്പെടുന്നത് അഞ്ചുരുളിയിലാണ്. ഇടുക്കി ആർച്ച് ഡാമിൻെറ ജലസംഭരണപ്രദേശത്തിൻെറ അവസാന ഭാഗമാണ് ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് സമീപം കാഞ്ചിയാർ വില്ലേജിൽ പെട്ട ഈ സ്​ഥലം. ഈ ടണലിൽ കൂടിയാണ് ഇരട്ടയാർ ഡാമിൽ നിന്നുളള ജലം ഇടുക്കി ജലസംഭരണിയിൽ എത്തിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 2430 അടി ഉയരത്തിലാണ് ഈ സ്​ഥലം സ്​ഥിതി ചെയ്യുന്നത്. ഇവിടെയുളള ഗുഹാമുഖവും വെളളച്ചാട്ടവുമാണ് ഏറെ ആകർഷകം.

ടണൽ മുഖം
 


1970–73 കാലത്ത് ഇടുക്കി ഡാം നിർമ്മിക്കുമ്പോൾ വൃഷ്​ടിപ്രദേശങ്ങൾ കണ്ടെത്തി വെളളം ജലസംഭരണിയിൽ എത്തിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. ഇടുക്കി ജലസംഭരണിയിലെ ജലം കുളമാവ് വഴി മൂലമറ്റത്ത് എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. 1974 മാർച്ച് 10നാണ് ഈ ടണലിൻെറ നിർമാണം ആരംഭിച്ചത്. 1980 ജനുവരി 30ന് ഉത്ഘാടനം ചെയ്തു. ആറുവർഷം കൊണ്ടാണ് നാല് കിലോമീറ്റർ ദൂരമുളള തുരങ്കം നിർമ്മിച്ചത്. ഇന്നത്തെപ്പോലെ സാങ്കേതിക വിദ്യ വികസിക്കാത്ത കാലമാണെന്ന് ഓർക്കണം. ടണൽ നിർമ്മിച്ചത് കോലഞ്ചേരിക്കാരൻ പൈലിയാണ്. വശങ്ങളുൾപ്പടെ 5.5 കിലോമീറ്റർ നീളമുളള ടണലിന് 24 അടി വ്യാസമുണ്ട്. അഞ്ചുരുളിയിൽ നിന്നും ഇരട്ടയാറിൽ നിന്നും ഒരേ സമയം പണി നടത്തിയായിരുന്നു നിർമ്മാണം. നിർമാണസമയത്ത് 22 പേർ അപകടത്തിൽ മരിച്ചു. മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് ടണൽ നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 2000 അടിക്ക് മുകളിൽ ഉയരമുണ്ട് ഈ മലയ്ക്ക്!


എങ്ങനെയാണ് അഞ്ചുരുളിയിൽ വെളളം എത്തുന്നത് എന്ന് നോക്കാം. പാറക്കടവിലൂടെ കടന്നു വരുന്ന തോടും വണ്ടൻമേട്ടിൽ നിന്ന് എത്തുന്ന തോടും കൂടി കൂട്ടാറിൽ വച്ച് ഒന്നുചേരുന്നു. കൂട്ടാറിൽ നിന്നും ആറൊഴുകി തൂക്കുപാലം എന്ന സ്​ഥലത്ത് കൂടി നെടുങ്കണ്ടത്ത് എത്തുന്നു. അവിടെ വച്ച് കോമ്പയാറുമായി ചേർന്ന് കല്ലാറിൽ. കല്ലാറിൽ നിന്നും ടണലിലൂടെ വെളളം ഇരട്ടയാർ ഡാമിലെത്തുന്നു. അവിടെ ശേഖരിക്കപ്പെടുന്ന ജലം നാലേമുക്കാൽ കിലോമീറ്റർ ഈ തുരങ്കത്തിലൂടെ സഞ്ചരിച്ചാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലസംഭരണിയിൽ എത്തുന്നത്. അത് അഞ്ചുരുളിയിലാണ്. അതിനാലാണ് അഞ്ചുരുളി ഒരു പ്രകൃതിരമണീയതയുളള പ്രദേശമായി മാറുന്നത്. ടണലിലൂടെ ഒഴുകി വരുന്ന ജലം ഇടുക്കി ജലസംഭരണിയിലേക്ക് പതിക്കുന്ന രംഗം മനോഹരമായ കാഴ്ചയാണ്.

ജലസംഭരണിയിലേക്ക് വെള്ളം പതിക്കുന്നു.
 


ഈ ടണലിലൂടെ വേനൽക്കാലത്ത് സഞ്ചാരികൾ നടക്കാറുണ്ടെങ്കിലും അത് പ്രോത്സാഹിപ്പിക്കാവുന്നതല്ല. കാരണം അഞ്ചു കിലോമീറ്റർ അപ്പുറം കാണാൻ കഴിയാത്ത ദൂരമാണ്. കുറച്ചു നടന്നു കഴിഞ്ഞാൽ പിന്നെ ഇരുട്ടുമാത്രം. കൂടാതെ ഇരട്ടയാറിൽ നിന്നും വെളളം തുറന്നുവിടുന്നത് എപ്പോഴെന്ന് അറിയണമെന്നില്ല. അതിനാൽ അത്തരം പ്രവൃത്തികൾക്ക് മുതിരാതിരിക്കുന്നതാവും നല്ലത്. അർധനിത്യഹരിതവനത്തിൻെറ പശ്ചാത്തലത്തിൽ ഉയർന്ന് നിൽക്കുന്ന പുൽമേടുകൾ നിറഞ്ഞ മലഞ്ചരിവ് ഇവിടുത്തെ പ്രധാന ആകർഷണമാണ്. സഹ്യപർവ്വതത്തിൻെറ ഭാഗമായ ഈ മലയിലേക്ക് നല്ല കാലാവസ്​ഥയുളളപ്പോൾ ട്രക്കിംഗിനായി വിനോദസഞ്ചാരികൾ പോകാറുണ്ട്. കല്യാണത്തണ്ട് എന്നാണ് ഈ മലയുടെ പേര്.

മീൻ പിടിക്കുന്ന കാഴ്ച
 


നല്ലയിനം പുഴമത്സ്യസമ്പത്തുളള സംഭരണിയാണിത്. അതിനാൽ എപ്പോൾ അവിടെ എത്തിയാലും മീൻ പിടിക്കുന്നവരെ കാണാം. ചിലർ ചൂണ്ടയുമായിട്ടാണ് വണ്ടികളിൽ എത്തുന്നത്. ചിലർ വല വീശി മീൻ പിടിക്കാറുണ്ട്. മഴ കഴിഞ്ഞുളള ദിനങ്ങളാണ് അഞ്ചുരുളിയിൽ എത്താൻ പറ്റിയ കാലാവസ്​ഥ. ആ സമയത്ത് ട്രക്കിംഗ് അനുവദിക്കാറുണ്ട്. കാഞ്ചിയാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നുളള അനുമതിയോടെ വേണം ട്രക്കിംഗിന് പോകാൻ.

സന്ദർശകർക്കുള്ള മുന്നറിയിപ്പ്
 


മലകളാലും പുൽമേടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇടുക്കി അണക്കെട്ടിൻെറ ജലസംഭരണി നയനമനോഹരമായ കാഴ്ചയാണ്. ജലസംഭരണിയുടെ വിവിധ ഭാഗങ്ങളിൽ ഇറങ്ങാനുളള വഴികളുണ്ടെങ്കിലും കുട്ടികളെ അവിടെ ഇറങ്ങുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുന്നതാണ് നല്ലത്. ജലസംഭരണിക്ക് നല്ല ആഴമുളളതാണ്. കരയിൽ നിന്നും നോക്കുമ്പോൾ അത് തോന്നുകയില്ല. അതിനാൽ ജലസംഭരണിയിലേക്കുളള ഇറക്കം അപകടം ക്ഷണിച്ചുവരുത്തുവാൻ സാധ്യതയുണ്ട്.  ചില സന്ദർഭങ്ങളിൽ വെളളം കുടിക്കാനെത്തുന്ന മൃഗങ്ങളെയും ജലസംഭരിണിയിൽ കാണാം എന്ന് ഒരു തദ്ദേശവാസി പറഞ്ഞു. 

ഡാമിൻെറ ജലസംഭരണി
 

 
ഏറെ പ്രൗഡിയൊന്നുമില്ലെങ്കിലും ജീവിതത്തിൽ ഒരിക്കൽ സന്ദർശിക്കേണ്ട മനോഹരമായ പ്രകൃതിഭംഗിയുളള പ്രദേശമാണ് അഞ്ചുരുളി എന്ന് നിസ്സംശയം പറയാം.  വികസനം തൊട്ടു തീണ്ടിയിട്ടില്ലെങ്കിലും ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു അഞ്ചുരുളി. ദിവസം തോറും നൂറുകണക്കിന് ടൂറിസ്റ്റുകൾ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. ഗ്രാമപഞ്ചായത്ത് എന്തൊക്കെയോ സംവിധാനങ്ങൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഒന്നും നടപ്പിലാകുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. തൊട്ടടുത്തുളള അയ്യപ്പൻകോവിൽ അയ്യപ്പക്ഷേത്രം, തൂക്കുപാലം എന്നിവയെ ബന്ധപ്പെടുത്തി വികസനസാധ്യതകളുണ്ട്.  ചെറുതോണിയിലേക്ക് ബോട്ട് സർവ്വീസ്​ ആരംഭിക്കുന്ന കാര്യവും ചർച്ചയിലുണ്ടെന്ന് നാട്ടുകാർ പറയുന്നു.


അഞ്ചുരുളിയിൽ എത്താൻ:
* കോട്ടയം, പത്തനംതിട്ട ഭാഗത്ത് നിന്നും വരുന്നവർ കുട്ടിക്കാനത്ത് എത്തി അവിടെ നിന്നും കട്ടപ്പന റോഡിൽ 30 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ നരിയംപറ്റ എന്ന സ്​ഥലത്ത് നിന്നും ഇടത്തേക്ക് തിരിയുക. അവിടെ നിന്ന് കാഞ്ചിയാർ, കക്കാട്ടുകട വഴി സഞ്ചരിച്ചാൽ അഞ്ചുരുളിയിൽ എത്താം. നരിയംപറ്റയിൽ മുൻപ് ദേവസ്വം ബോർഡിൻെറ കോളജുണ്ടായിരുന്നു. ഈ കോളജാണ് പിന്നീട് കട്ടപ്പന ഗവൺമ​​​െൻറ് കോളജായി മാറിയത്. നരിയംപറ്റയിൽ നിന്നും മൂന്നര കിലോമീറ്റർ മാത്രമേയുളളൂ അഞ്ചുരുളിയിലേക്ക്.

* വടക്കൻ ജില്ലകളിൽ നിന്നും വരുന്നവർ മൂവാറ്റുപുഴ, തൊടുപുഴ, മൂലമറ്റം, കുളമാവ്, ഇടുക്കി, ചെറുതോണി വഴി കട്ടപ്പന എത്തി അവിടെ നിന്നും കുട്ടിക്കാനത്തേക്കുളള റോഡിൽ 10 കിലോമീറ്റർ യാത്ര ചെയ്ത് നരിയംപറ്റ എത്തുക. തിരികെ വേണമെങ്കിൽ കുട്ടിക്കാനം റൂട്ടിലൂടെ പോകാവുന്നതാണ്. നരിയംപറ്റ നിന്നും ചപ്പാത്ത്, ചിന്നാർ എസ്റ്റേറ്റ് വഴി എലപ്പാറ എത്തുക. അവിടെ നിന്നും 17 കിലോമീറ്റർ സഞ്ചരിച്ചാൽ വാഗമൺ എത്താം. അവിടെ നിന്നും കാഞ്ഞാർ, കുടയത്തൂർ വഴി തൊടുപുഴ എത്താം. വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ട, ഭരണങ്ങാനം, പാലാ വഴി കോട്ടയത്തും എത്താം.

സൗകര്യങ്ങൾ:
വാഹനം പാർക്ക് ചെയ്യാനും മറ്റു സൗകര്യങ്ങൾ ലഭ്യമാണ്. ചെറിയ ചായക്കടകളും ഒന്നോ രണ്ടോ മുറുക്കാൻ കടകളുമാണ് ഇവിടെയുളളത്. കുളിക്കാൻ താൽപ്പര്യമുളളവർ തോർത്ത് കൊണ്ടുപോകുന്നത് നന്നായിരിക്കും. മൂത്രപ്പുരയോ വസ്​ത്രം മാറാനുളള സൗകര്യവുമൊന്നും ഇവിടെ കാണുന്നില്ല. 

Tags:    
News Summary - anjuruli waterfalls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT