ദൂബയില്‍ നിന്ന് ദേശീയ പാത 5 വഴി വടക്കോട്ട്. തെക്ക് യമന്‍ അതിര്‍ത്തി പ്രവിശ്യയായ ജീസാനില്‍ നിന്ന് ആരംഭിച്ച് ശുഖൈഖ്, അല്‍ ഖഹ്മ, അമാഖ്, ഖുന്‍ഫുദ, അലൈ്ളസ്, ജിദ്ദ, തുവാല്‍, റാബിഗ്, യാമ്പു, ഉംലജ്, ദൂബ വഴി വടക്ക് ജോര്‍ഡന്‍ അതിര്‍ത്തി പട്ടണമായ ഹഖ്ല്‍ വരെ നീണ്ടുകിടക്കുന്ന ദേശീയ പാത 5 സൗദിയുടെ രാജ്യാന്തര ചരക്കുകടത്തിന്‍െറ സിരാപടലമാണ്. ചെങ്കടലിന്‍െറ ചാരെ ഏതാണ്ട് 2,000 കിലോമീറ്റര്‍ നീളത്തിലുള്ള ഈ പാതവഴിയാണ് ജോര്‍ഡനിലേക്കും മറ്റുമുള്ള ചരക്കുലോറികള്‍ പായുന്നത്.

ദൂബയില്‍ നിന്ന് വടക്കോട്ടുള്ള പാതയില്‍ ഇടതുവശം ചെങ്കടലാണ്. ചെങ്കടലിലെ ദ്വീപുകളും എണ്ണ പര്യവേഷണ കേന്ദ്രങ്ങളും അങ്ങകലെ പൊട്ടുപോലെ ഈജിപ്തിന്‍െറ സീനായും ഒക്കെ കാണാം. ഈ തീരത്തുള്ള തന്ത്രപ്രധാനമായ ദ്വീപുകളൊക്കെ സൗദി അറേബ്യയുടെ നിയന്ത്രണത്തിലാണ്. തീരസംരക്ഷണ സേനയുടെ സദാ നിരീക്ഷണം ഈ ദ്വീപുകളിലും കരയിലുമുണ്ട്. തബൂക്ക്ദൂബ പാതയിലെ കാഴ്ചകളില്‍ നിന്ന് ഈ തീരറോഡ് വ്യത്യസ്തമാകുന്നത് പാര്‍ശ്വത്തിലെ സമുദ്ര സാന്നിധ്യം കൊണ്ടാണ്. ഈ വഴിയിലാണ് ശര്‍മ, ഖുറൈബ, ഖിയാല്‍ തുടങ്ങിയ മനോഹര തീരനഗരങ്ങളും. കടല്‍ ടൂറിസത്തിന്‍െറ പറുദീസകളാണ് ഇവിടങ്ങളെല്ലാം. ഈ കന്യാതീരങ്ങളില്‍ കുളിക്കാനും സൂര്യനെ ആസ്വദിക്കാനും പകല്‍ മുഴുവന്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുണ്ടാകും. പ്രദേശം അറിയാവുന്ന സ്വദേശി കുടുംബങ്ങള്‍ തന്നെയാണ് കൂടുതലും.

സൗദി അറേബ്യ വിനോദ സഞ്ചാര മേഖലയുടെ വാതായനങ്ങള്‍ തുറന്നതോടെ വിദേശികളും വരാന്‍ തുടങ്ങിയിട്ടുണ്ട്. ലോകത്തെ ഏതു മനോഹര തീരത്തെയും വെല്ലുവിളിക്കുന്ന ഈ സൗന്ദര്യം രാജ്യാന്തര സഞ്ചാരികളുടെ ശ്രദ്ധയില്‍ പതിഞ്ഞു തുടങ്ങിയിട്ടുണ്ട്. എണ്ണം പറഞ്ഞ രാജ്യാന്തര പ്രസിദ്ധീകരണങ്ങളായ ന്യൂയോര്‍ക്ക് ടൈംസിലും ഗാര്‍ഡിയനിലും കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വന്ന ലേഖനങ്ങള്‍ സൗദിയുടെ ഈ സുന്ദരമുഖം വെളിവാക്കുന്നതാണ്. ദേശീയപാത അഞ്ചിലെ ഖിയാലില്‍ നിന്നാണ് ഈ തീരം പൊടുന്നനെ മറ്റൊരു സ്വഭാവം ആര്‍ജിക്കുന്നത്. ഏതാണ്ട് ഒരേ നിലയില്‍ പുരോഗമിക്കുന്ന കടലതിര്‍ത്തിയിലേക്ക് കര കയറി വരുന്നു.

കരയുടെ ഒരു തുണ്ട് പെട്ടെന്ന് ചെങ്കടലിലേക്ക് ചായുന്നു. കരകൂടുതല്‍ ആഫ്രിക്കന്‍ വന്‍കരയുമായി അടുക്കുന്നു. ഇതാണ് റാസ് അല്‍ ശെയ്ഖ് ഹമീദ് എന്നറിയപ്പെടുന്ന സൗദി തീരത്തെ മുനമ്പ്. പലവിതാനങ്ങളില്‍ ജലത്തെ പുണര്‍ന്ന് പഞ്ചാര മണല്‍ പരപ്പ് ചെങ്കടലിലേക്ക് കയറിക്കിടക്കുന്നു. അങ്ങനെ രൂപപ്പെടുന്ന ഈ ഇടുക്കിലാണ് തിറാന്‍ ദ്വീപ് ഉള്‍പ്പെടെയുള്ള നിരവധി കുഞ്ഞുദ്വീപുകളുള്ളത്. ചെങ്കടലിന്‍െറ വിസ്തൃതിയെ ചിറകെട്ടി ഈ മുനമ്പും ദ്വീപുകളും തടയുന്നു. അങ്ങനെ രൂപപ്പെടുന്നു, തിറാന്‍ കടലിടുക്ക്. കൂട്ടത്തിലെ വലിയ ദ്വീപായ തിറാന്‍െറ പേരിലാണ് കടലിടുക്ക് അറിയപ്പെടുന്നത്. തിറാന്‍ ദ്വീപിന്‍െറ ചാരെ 33 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സനാഫിര്‍ ദ്വീപും. ഇവിടെ നിന്നാണ് അഖബ ഉള്‍ക്കടലിന്‍െറ ആരംഭം. അഥവാ അഖബയുടെ ചിറയാണ് തിറാന്‍. റാസ് അല്‍ ശെയ്ഖ് ഹമീദില്‍ നിന്ന് ആഫ്രിക്കന്‍ വന്‍കരയിലേക്കുള്ള ദൂരം വെറും 13 കിലോമീറ്റര്‍ മാത്രം. ചെങ്കടലില്‍ ഇരുവന്‍കരകളും ഏറ്റവും അടുത്തു വരുന്ന പ്രദേശം.

മുട്ടി മുട്ടി നില്‍ക്കുന്ന വന്‍കരകള്‍ക്ക് അതിര്‍ത്തി പണിത് നടുവില്‍ അഖബ. ഇവിടെ നിന്ന് കടലിന്‍െറ സ്വഭാവം മാറുന്നു. കൂടുതല്‍ ശാന്ത സ്വരൂപിയാകുന്നു. അഖബയുടെ വടക്കന്‍ അതിര്‍ത്തിയായ, ജോര്‍ഡന്‍െറയും ഈജിപ്തിന്‍െറയും ഇസ്രയേലിന്‍െറയും മൂന്നും കൂടിയ മുക്കുവരെ ഇതുതന്നെ അവസ്ഥ. ഖിയാലില്‍ നിന്ന് വടക്കോട്ടു ദേശീയപാതയില്‍ സഞ്ചരിച്ച ശേഷം അല്‍ ബാദ് എത്തുന്നതിനുമുമ്പുള്ള ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് റോഡ് 392 ല്‍ കയറി ഏതാണ്ട് 40 കിലോമീറ്റര്‍ എങ്കിലും യാത്ര ചെയ്തുവേണം റാസ് അല്‍ ശെയ്ഖ് ഹമീദില്‍ എത്താന്‍. വിജനമാകും പാത. മനുഷ്യവാസത്തിന്‍െറ ഒരു സൂചനയും എവിടെയുമില്ല. കാഴ്ചയെ 360 ഡിഗ്രിയില്‍ ചൂഴ്ന്നുനില്‍ക്കുന്ന മണല്‍സമുദ്രം മാത്രം. മണല്‍ക്കാടിന്‍െറ തവിട്ടുതിരശീല നീങ്ങുമ്പോള്‍ പിന്നെയും ചെങ്കടലിന്‍െറ ജലരാശി. ശാന്തമായ തീരം. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്നു ഡ്രൈവ് ഇന്‍ ബീച്ച്. കടലിന്‍െറ അനന്തത കണ്ട് പരിചയിച്ച കണ്ണുകള്‍ക്ക് ഇവിടെ വഴിതെറ്റും. ഇവിടെ കടലിന് അന്തമില്ലാത്ത ചക്രവാളമില്ല. ഒരു മൈനാകം കടലില്‍ നിന്നുയരുന്നു. 13 കിലോമീറ്റര്‍ അപ്പുറത്ത് ആഫ്രിക്കയുടെ തീരം.

ആ കാണുന്നത് ചരിത്രത്തിന്‍െറയും മിത്തിന്‍െറയും പുരാണങ്ങളുടെയും പൂരപ്പറമ്പായ സീനായ്. ആ മലനിരകള്‍ അങ്ങനെ നമ്മുടെ കാഴ്ചയെ മറയ്ക്കുന്നു. 13 കിലോമീറ്റര്‍ എന്നത് മനുഷ്യന്‍െറ ദൃഷ്ടി പരിധിയിലുള്ള ദൂരം തന്നെയെന്ന് അക്കരെയിലെ സീനായ് തെളിയിക്കുന്നു. ആഫ്രിക്കയും ഏഷ്യയും ഏറ്റവും അടുത്തത്തെുന്ന ഇവിടെ ഒരു കടല്‍പാലം നിര്‍മിക്കാന്‍ നേരത്തെ ഈജിപ്തും സൗദി അറേബ്യയും ആലോചിച്ചിരുന്നു. പക്ഷേ, വിവിധ കാരണങ്ങളാല്‍ ആ പദ്ധതി നടന്നില്ല. സൗദിക്കും ബഹ്റൈനുമിടയിലെ കടല്‍പാലത്തിന് 25 കിലോമീറ്റര്‍ ആണ് നീളമെന്ന് ഓര്‍ക്കണം. ഇവിടെയാകട്ടെ, 13 കിലോമീറ്റര്‍ മാത്രമേയുള്ളു. പോരാത്തതിന് ഒത്ത നടുവില്‍ തന്നെ സ്വാഭാവികമായ ദ്വീപുകളും. റോഡ് 392 വഴി മടങ്ങുമ്പോള്‍ തീരദേശം വഴിയുള്ള ഒറ്റയടിപ്പാത പിടിച്ചാല്‍ നേരെ മഖ്നയിലത്തൊം.

ദേശീയ പാത 5 വഴിയും ഇവിടേക്ക് വഴിയുണ്ടെങ്കിലും തീരപാതയിലൂടെ സീനായ് കണ്ട് പോകുന്നതാണ് രസകരം. ഈ തീരങ്ങളിലുമുണ്ട് വിചിത്രാകാരികളായ പര്‍വത മുത്തശ്ശന്‍മാര്‍. അവര്‍ ഇടക്കിടെ കടലിന്‍െറ കാഴ്ചമറക്കും. ഇടക്ക് നമ്മുടെ വഴിയില്‍ കയറിവരും. വഴി തടയും. അവര്‍ക്ക് മുകളിലൂടെ വെട്ടിയൊരുക്കിയ പാത ചിലപ്പോള്‍ ആകാശത്തേക്കുള്ളതാണോ എന്ന ത്രിമാന കാഴ്ചാനുഭവം നല്‍കും. ഇടതുവശത്തു കണ്ടുകൊണ്ടിരുന്ന ജലരാശി പെട്ടന്ന് മുന്നില്‍ വന്നു നില്‍ക്കും. പാത നേരെ കടലിന്‍െറ മാറിലേക്കാണോ എന്നു സംശയിക്കുമ്പോഴേക്കും ടാറിന്‍െറ നാട വലത്തോട്ടു തിരിഞ്ഞിരിക്കും. വീണ്ടും സമുദ്രം ഇടത്ത്. അങ്ങനെ കടലും കരയും തമ്മിലുള്ള കണ്ണുപൊത്തിക്കളി ആസ്വദിച്ച് മുന്നോട്ടുനീങ്ങാം. സാഹസികര്‍ക്ക് ദേശീയപാതയില്‍ നിന്ന് വിട്ട്, ചിലയിടങ്ങളില്‍ കടലിനോട് കൂടുതല്‍ ചേര്‍ന്നുള്ള ഉള്‍നാടന്‍ മരുപ്പാതകളിലേക്ക് പോകാം. ഹഖ്ല്‍ വരെയും ഈ കാഴ്ചകളുടെ മടുപ്പില്ലാത്ത ആവര്‍ത്തനം തന്നെ.

ഈ റൂട്ടിലെ പുരാതനമായ തീരഗ്രാമമാണ് മഖ്ന. പൂര്‍ണമായും മത്സ്യബന്ധനത്തെ ആശ്രയിച്ചുകഴിയുന്ന ജനത. ഈ കടലിന്‍െറ മാത്രം സ്വന്തമായ വിവിധ തരം മത്സ്യങ്ങള്‍ അപ്പോള്‍ തന്നെ പാകം ചെയ്തു തരുന്ന ഹോട്ടലുകള്‍ ജങ്ഷനിലുണ്ട്. കുളിയിടങ്ങളും പാര്‍ക്കുകളും കുടുംബങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കും. മഖ്നയില്‍ നിന്ന് റോഡ്, തീരം വിടും. നിരനിരയായി നില്‍ക്കുന്ന വന്ധ്യപര്‍വതങ്ങളുടെ ഊഷര താഴ്വരകളിലേക്ക്. ചായുന്ന സൂര്യന്‍െറ കിരണങ്ങള്‍ ഏറ്റ് അവ സ്വര്‍ണവര്‍ണമണിയും, ചിലതിന് മയൂര നീലം, മരതക വര്‍ണം. അധികം വൈകുംമുമ്പ് സൂര്യന്‍ ചെങ്കടലിലും തന്‍െറ മാന്ത്രികവടി വീശാന്‍ തുടങ്ങി. നമ്മള്‍ കണ്ടിട്ടില്ലാത്ത, പഠിച്ചിട്ടില്ലാത്ത നിറങ്ങളുടെ കാന്തി വിടരാന്‍ തുടങ്ങുന്നു. കടലിന്‍െറ ജലപ്പരപ്പില്‍ അസ്തമയ സൂര്യന്‍ അവതരിപ്പിക്കുന്ന മായാജാലങ്ങള്‍ കണ്ട് പര്‍വതഭീമന്‍മാര്‍ നിരനിരയായി അനുസരണയോടെ ഇരിക്കുന്നു. വിശാലമായ മൈതാനത്തിന്‍െറ ഗാലറികളില്‍ കളികണ്ടിരിക്കുന്ന കാണികളെ പോലെ. അക്കരെയില്‍ സീനായ് കുന്നുകളും. ഈ കാഴ്ചകള്‍കണ്ട് അവര്‍ മുഖാമുഖം ഇരിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായിട്ടുണ്ടാകാം.

ഒടുവില്‍ വീണ്ടും ചെങ്കടല്‍ തീരത്തേക്ക്. ജോര്‍ഡന്‍ അതിര്‍ത്തി അടുക്കുന്നുവെന്നതിന്‍െറ സൂചനയാണത്. ഹഖ്ല്‍ പട്ടണം. മാനത്തുയര്‍ന്നുനില്‍ക്കുന്ന മിനാരങ്ങള്‍ക്കും ഈന്തപ്പനകള്‍ക്കും വെട്ടിയൊരുക്കി നിര്‍ത്തിയ സൈപ്രസ് വൃക്ഷങ്ങള്‍ക്കുമപ്പുറം സൂര്യന്‍ താഴുകയാണ്. തിളച്ചുപൊള്ളുന്നെരു ഓട്ടുരുളി പോലെ. സീനായിയുടെ ശിരസിന് മുകളില്‍, ഒരു പൊന്‍ കിരീടം. ചെങ്കടലില്‍ ചുമപ്പുരാശി പടര്‍ന്നു, അക്ഷരാര്‍ഥത്തില്‍ ചെങ്കടലായി. നിമിഷങ്ങള്‍. ഇഞ്ചിഞ്ചായി സീനായിയുടെ ശിലാതിരശീലക്കപ്പുറത്തേക്ക് വെളിച്ചം മാഞ്ഞു. ചുവപ്പും മാഞ്ഞു. മഞ്ഞിന്‍െറ നിറമണിഞ്ഞു, ചെങ്കടല്‍. ഭാഷക്ക് വഴങ്ങാത്തൊരു അഭൗമ ഭാവത്തിലേക്ക് ആ ജലപ്പരപ്പ് നിശ്ചലമായി. ഹഖ്ലിന്‍െറ ആകാശങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന നൂറുകണക്കിന് മിനാരങ്ങളില്‍ നിന്ന് മഗ്രിബ് ബാങ്ക് മുഴങ്ങി. മിനാരങ്ങളില്‍ നിദ്രയിലായിരുന്ന പറവക്കൂട്ടങ്ങള്‍ ചക്രവാളങ്ങളിലേക്ക് പറന്നകന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT