നീലഗിരികുന്നിലേക്ക് ഒരു മഞ്ഞുകാലത്ത്

പണ്ട് കോളേജ് വരാന്തയില്‍ കൂട്ടുകാരോടൊത്ത് കൂട്ടം കൂടി നില്‍ക്കുമ്പോള്‍ പറയാറുണ്ടായിരുന്നു, നീണ്ട വര്‍ഷങ്ങള്‍ക്കപ്പുറം നമ്മള്‍ കല്യാണമൊക്കെ കഴിഞ്ഞു കുടുംബവും കുട്ടികളുമൊക്കെ ആയി ഇതേ പോലെ ഒരുമിക്കണം എന്ന്. ജീവിതത്തെ നെയ്തെടുക്കാനുള്ള പരക്കംപായലിനിടെ ആ സ്വപ്നം പൂവണിയില്ളെന്നാണ് ഇത്രയുംനാള്‍ കരുതിയിരുന്നത്. പക്ഷെ, വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അത് സംഭവിച്ചിരിക്കുന്നു. കൂട്ടുകാരും അവരവരുടെ കുടുംബവുമൊന്നിച്ച് രണ്ട് ദിവസം നീണ്ട ഒരു യാത്ര. കുടുംബസമേതമുള്ള യാത്രകള്‍ക്ക് വലിയദൂരങ്ങള്‍ അത്ര നല്ലതല്ളെന്ന ബോധ്യമാണ് ഊട്ടിയിലേക്ക് ഞങ്ങളെയത്തെിച്ചത്. ഏത് കാലത്തും നമ്മെ കാത്തിരിക്കുന്ന സ്വപ്നനായികയാണല്ളോ ഈ മഞ്ഞുനാട്, നീലഗിരിക്കുന്നിന്‍െറ വശ്യസൗന്ദര്യത്തിന്‍െറ അവസാനിയിടം, സഞ്ചാരികളുടെ പറുദീസ.
കോഴിക്കോട്നിന്ന് രാവിലെ ഏഴ്മണിക്ക് പുറപ്പെട്ട ഞങ്ങള്‍ പത്തുമണിയോടെ നാടുകാണി ചുരത്തിലത്തെി. ഗൂഡല്ലൂരും കടന്ന് ചുരം കയറി ഉച്ചയോടെ ഉദഗമണ്ഡലത്ത് എത്തി. ഡിസംബര്‍ ആണ് മാസം. വേനല്‍കാലത്ത് പോലും തണുപ്പ് ശക്തമായ ഊട്ടിയില്‍ അപ്പോള്‍ ഡിസംബറില്‍ കൊടുംതണുപ്പായിരിക്കും എന്ന് പറയേണ്ടതില്ലല്ളോ. കൊടുംതണുപ്പില്‍ കുഞ്ഞുകുട്ടികളുമൊത്തുള്ള ഊട്ടിവാസം പൊല്ലാപ്പാകുമോ എന്ന ഭയം ഞങ്ങളെ അലട്ടിയിരുന്നു. എന്നാല്‍, ഊട്ടി ലക്ഷ്യമാക്കി ചുരം കയറുന്ന ടൂറിസ്റ്റ് വണ്ടികളുടെ നീണ്ട നിര തെല്ലാശ്വാസം നല്‍കി. ഇളംവെയിലില്‍ പെയ്തൊഴിഞ്ഞ ചെറിയൊരു ചാറ്റല്‍മഴയാണ് ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നത്. യാത്രയുടെ ക്ഷീണം അകറ്റാന്‍ ഉപകരിച്ച ആ മഴ പക്ഷേ, ഞങ്ങളുടെ ഊട്ടികറക്കങ്ങളെ തെല്ലും ഉപദ്രവിച്ചില്ല. 

കണ്ടിട്ടും കണ്ടിട്ടും കൊതിതീരാതെ
ഹോട്ടല്‍ റൂം നേരത്തെ ബുക്ക് ചെയ്തിരുന്നു. ലഗേജ് എല്ലാം കൊണ്ടുവെച്ച് ഉച്ചഭക്ഷണവും കഴിച്ച് ബോട്ടാണിക്കല്‍ ഗാര്‍ഡനിലക്ക് വണ്ടി തിരിച്ചു. ദോഡപേട്ട മലഞ്ചരെുവില്‍  ഏകദേശം 22 ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന മനോഹരമായ ഈ പുല്‍തകിടിയില്‍ പോകാത്തവരുണ്ടാകില്ല. പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേട് ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ്.

തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിനാണ് ഇതിന്‍െറ മേല്‍ നോട്ടം. 1847 ലാണ് ഈ ഉദ്യാനം സ്ഥാപിക്കുന്നത്. ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റായ വില്യം ഗ്രഹാം മെകവോറാണ് രൂപകല്‍പ്പന ചെയ്തത്. നമ്മുടെ നാട്ടില്‍ വളരുന്നതും അല്ലാത്തതും വിദേശത്ത് മാത്രം കണ്ടുവരുന്നതും ഒക്കെയായ നിരവധി വൃക്ഷങ്ങളും ചെടികളും പൂക്കളും ഇവിടെ കാണാം. ഒൗഷധസസ്യങ്ങളും കുറ്റിച്ചെടികളും ബോണ്‍സായി മരങ്ങളും ഇവിടെയുണ്ട്. 20 മില്ല്യണ്‍ വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു വൃക്ഷത്തടിയുടെ ഫോസിലും സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട് ഇവിടെ. 

ഹെഡ്മാസ്റ്ററുടെ ആജ്ഞക്കൊപ്പം ബോട്ടാണിക്കല്‍ ഗാര്‍ഡനിന്‍െറ മുമ്പില്‍ വരി നിന്ന സ്കൂള്‍ കാലം പെട്ടെന്ന് മനസ്സിലോടിയത്തെി. ഗാര്‍ഡന് മുന്നില്‍ നിര്‍ത്തിയ ടൂറിസ്റ്റ് ബസില്‍നിന്ന് ഇറങ്ങാന്‍ ധൃതികൂട്ടിയതും അതിനായി ബസിന്‍െറ വാതിലില്‍ കൂട്ടുകാരോട് ഇടി കൂടിയതും പി.ടി മാഷുടെ ശകാരം കേട്ടതുമെല്ലാം ഓര്‍മയലമാരയില്‍നിന്നിറങ്ങി വന്നു.  ഒരു കാഴ്ചയില്‍നിന്ന് അടുത്ത കാഴ്ചയിലേക്ക് വരിതെറ്റാതെ നടന്നുനീങ്ങിയ ആ സ്കൂള്‍കാലത്തില്‍നിന്ന് തുടങ്ങി ഏത്രയോ തവണ ഇവിടെ വന്നിരിക്കുന്നു. ഓരോ തവണ വരുമ്പോഴും ഈ നീലഗിരിക്കുന്നിന് ഒരോ ഭാവമാണ്. ഓരോ സഞ്ചാരിയുടെയും ഹൃദയ മുനമ്പില്‍ ചെന്ന് കയറുന്ന പ്രണയഭാവം. 

അഞ്ച് കുഞ്ഞുങ്ങളുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍. അതില്‍ നാല് പേരും ഓടിക്കളിക്കാന്‍ പഠിച്ചുതുടങ്ങുന്നവര്‍. ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ പച്ചപ്പരപ്പിലൂടെ അവര്‍ ഓടിയും ചാടിയും ആനന്ദനൃത്തം തീര്‍ത്തു. അവരുടെ കൂടെ ഓടിയും കണ്ണ്പൊത്തി കളിച്ചും ആ സായാഹ്നം ഞങ്ങള്‍ ‘മാതാപിതാക്കള്‍’ സ്വപ്നതുല്യമാക്കി. ഇരുള്‍ വീഴുന്നതിനൊപ്പം പതിയെ തണുപ്പിന്‍െറ ഊക്കും കൂടിത്തുടങ്ങി. തണുപ്പ് അസ്ഥിക്ക് പിടിക്കും മുമ്പേ മുറിയണയാന്‍ ഞങ്ങള്‍ തീരുമാനിച്ചു. രാത്രി ഭക്ഷണ ശേഷം താമസിക്കുന്ന ഹോട്ടലുകാര്‍ ഞങ്ങള്‍ക്കായി ക്യാമ്പ് ഫയര്‍ തയാറാക്കിയിരുന്നു. റൂമില്‍നിന്ന് നൂറ് മീറ്റര്‍ നടക്കാനുണ്ട് ക്യാമ്പ് ഫയര്‍ സെറ്റിലേക്ക്. കൊടുംതണുപ്പില്‍ വിറച്ചുവിറച്ച് ഞങ്ങള്‍ തീകൂട്ടത്തിന് മുന്നിലത്തെി. പാട്ടുപാടിയും നൃത്തംവെച്ചും വട്ടത്തിലോടിയും ആ രാത്രി ഞങ്ങള്‍ എന്നെന്നും ഓര്‍മിക്കുന്നതാക്കി. 

പൈതൃക വണ്ടിയില്‍ പാട്ടുപാടി
പലതവണ കൊതിച്ചതാണ് ഊട്ടി-മേട്ടുപാളയം പൈതൃക തീവണ്ടിയില്‍ ഒരു യാത്ര. ഏറെകൊതിച്ചത്തെിയ ഒരുതവണ ടിക്കറ്റ് കിട്ടാതെ മടങ്ങിയതാണ്. അതുകൊണ്ടുതന്നെ ഇത്തവണ നേരത്തെ ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടാണ് വരവ്. രാവിലെ 9.15നാണ് ഊട്ടിയില്‍നിന്ന് ആദ്യ ട്രെയിന്‍. അല്‍പം നേരത്തെ തന്നെ ഞങ്ങള്‍ സ്റ്റേഷനിലത്തെി. ഒമ്പത് മണിയായപ്പോഴേക്കും നീലഗിരി എക്സ്പ്രസ് കുണുങ്ങികുണുങ്ങി വന്നുനിന്നു. തമിഴ്നാട്ടിലെ മേട്ടുപ്പാളയം- ഊട്ടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലനിരകളിലൂടെയുള്ള ഈ പാത. റാക്ക് റെയില്‍വേ പാതകള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയാണ് ഇത്.
യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ പൈതൃക തീവണ്ടി എന്നും അറിയപ്പെടുന്നു. മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കുന്ന ഈ തീവണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടി. സമുദ്ര നിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍നിന്ന് 2200 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കും തിരിച്ചുമാണ് തീവണ്ടിയുടെ സഞ്ചാരം. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെ കയറ്റമുള്ള തീവണ്ടിപ്പാതയാണിത്. പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തടികൊണ്ട് നിര്‍മിച്ച ബോഗികളും സീറ്റുകളും തന്നെയാണ് ഈ വണ്ടിയില്‍. 

കൂനൂര്‍ വരെയാണ് ഞങ്ങളുടെ യാത്ര. രാവിലെ പെയ്തിറങ്ങിയ തരിമഞ്ഞിന്‍ പുക മെല്ളെ മായാന്‍ തുടങ്ങിയിരിക്കുന്നു. മെല്ളെമെല്ളെ തീവണ്ടി ഓടിത്തുടങ്ങി. കുളിര് കോരിയിടുന്ന ചെറുകാറ്റ് ഞങ്ങളെ തലോടി മാഞ്ഞുകൊണ്ടിരുന്നു. ട്രെയിനിന്‍െറ ചെറിയ ജനവാതിലിലൂടെ നീലഗിരി കുന്നിന്‍െറ താഴ്വാരം പിറകോട്ട് പായുകയാണ്. ഊട്ടിയുടെ സൗന്ദര്യവും മനോഹാരിതയും ഞങ്ങളുടെ കാന്‍വാസില്‍ പതിഞ്ഞുകൊണ്ടേയിരുന്നു. കൃഷിയിടങ്ങളും തോട്ടങ്ങളും കാഴ്ചക്ക് കുളിര് നല്‍കി. കുന്നിന്‍ചരിവില്‍ അങ്ങിങ്ങായി പെട്ടിക്കൂടുപോലെയുള്ള വീടുകള്‍ കാണാം. താഴ്വരയിലെ പാടങ്ങളില്‍ തൊഴിലാളികള്‍ കൃഷിപ്പണിയിലാണ്. കാരറ്റും കാബേജുമെല്ലാം സമൃദ്ധമായി വിളഞ്ഞുനില്‍ക്കുന്നത് കാണാം. വളഞ്ഞുംപുളഞ്ഞുമുള്ള ചെറുട്രാക്കിലൂടെ തീവണ്ടിയുടെ വളരെ സാവധാനത്തിലുള്ള സഞ്ചാരം സഞ്ചാരികള്‍ക്ക് വലിയ അനുഗ്രഹമാണ്. കാഴ്ച്ചകളെല്ലാം വിസ്തരിച്ച് കാണാം, പടമെടുക്കാം... 

നീലഗിരി എക്സ്പ്രസിനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മയില്‍ ആദ്യമത്തെുക ഷാറൂഖ് ഖാനും മനീഷ കൊയ്രാളയും തകര്‍ത്തഭിനയിച്ച ‘ദില്‍സേ’യിലെ ‘ചല്‍ചയ്യ ചെയ്യ എന്ന ഗാനമാണ്. ഞങ്ങളുടെ ബോഗിയില്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഉത്തരന്ത്യേന്‍ വിദ്യാര്‍ഥി സംഘമുണ്ടായിരുന്നു. ചൂളംവിളിച്ച് തീവണ്ടി പുറപ്പെട്ട ഉടന്‍ തന്നെ അവര്‍ ‘ചല്‍ ചയ്യ ചയ്യ’ പാടാന്‍ തുടങ്ങി. ഞങ്ങളുണ്ടോ വിട്ടുകൊടുക്കുന്നു. കൂടെ പാടി ഞങ്ങള്‍ മല്ലൂസും ആവേശം കൊടുമുടി കയറ്റി. വിദേശി ടൂറിസ്റ്റ് സംഘമായിരുന്നു മറ്റു സഹയാത്രികര്‍. ഇസ്രയേലില്‍നിന്നുള്ളവരാണ് അവര്‍. എല്ലാവരും മധ്യവയസ്കര്‍. പെട്ടന്നു തന്നെ അവരും ഞങ്ങളുടെ പാട്ടുമേളത്തിനൊപ്പം കൂടി. ഷൂലെ എന്ന വനിതയായിരുന്നു സംഘത്തിലെ പ്രധാന പാട്ടുകാരി. തിരിയാത്ത ഭാഷയാണെങ്കിലും ഒന്നിനുപിറകെ ഒന്നായി വന്ന അവരുടെ പാട്ടുകള്‍ കഴിയും വിധം ഞങ്ങളും ഏറ്റുപാടി. പിന്നെ നൃത്തമായി. തീവണ്ടി കുന്നും മലയും താണ്ടികൊണ്ടിരിക്കുകയാണ്. കുട്ടികളും ആഘോഷത്തിലേക്കിറങ്ങിയതോടെ ആവേശം പരകോടിയിലത്തെി. കുട്ടികള്‍ക്കെല്ലാം കളിക്കാന്‍ ആ വിദേശസഞ്ചാരികള്‍ ബലൂണ്‍ കൊടുത്തു. ഒരു മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം ട്രെയിന്‍ കൂനൂരിലത്തെി. സഹയാത്രികരോട് സലാം പറഞ്ഞും കൂടെ ഫോട്ടോയെടുത്തും ഞങ്ങള്‍ വണ്ടിയിറങ്ങി. രാവിലെ ഏഴിന് മേട്ടുപാളയത്തില്‍നിന്ന് പുറപ്പെട്ട വണ്ടി അപ്പുറത്തെ ട്രാക്കില്‍ എത്തിയിട്ടുണ്ട്. ഊട്ടി പോലെ തന്നെ ഒരു ഹില്‍സ്റ്റേഷനാണ് കൂനൂരും. സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയും. 

തല്‍സമയം ഒരു ചായകുടി
ഡ്രൈവര്‍ ട്രാവലറുമായി റോഡ് മാര്‍ഗം കൂനൂരില്‍ എത്തിയിരുന്നു. ഊട്ടിയിലെ ടീ ഫാക്ടറിയാണ് അടുത്ത കാഴ്ച. ട്രെയിനിലെ കാഴ്ചപോലെ തന്നെ മനോഹരമാണ് കൂനൂര്‍-ഊട്ടി റോഡ് യാത്രയും. നീലഗിരി ചായയുടെ പ്രധാന ഉല്‍പാദകരാണ് ദോഡപേട്ട ടീ ഫാക്ടറി. ഊട്ടി പട്ടണത്തില്‍ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നീലഗിരിയും മണവും കുളിരും ഉള്‍ചേര്‍ന്ന ചായ രുചിച്ച് നോക്കാതെയുള്ള ഊട്ടി സന്ദര്‍ശനം പൂര്‍ണമാകില്ളെന്ന ബോധ്യമാണ് ഞങ്ങളെ അവിടെയത്തെിച്ചത്. ചായപ്പൊടി നിര്‍മാണത്തിന്‍െറ വ്യത്യസ്തവും കൗതുകമുണര്‍ത്തുന്നതുമായ ഘട്ടങ്ങള്‍ പരിചയപ്പെടാന്‍ ഈ സന്ദര്‍ശനം സഹായിച്ചു. 10 രൂപ സന്ദര്‍ശന ഫീസില്‍  ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ സവിസ്തരം കണ്ടുതീര്‍ത്തു. നിര്‍മാണഘട്ടങ്ങള്‍ വിശദീകരിക്കുന്ന ഓഡിയോ മനസ്സിലാക്കല്‍ എളുപ്പമാക്കി. എല്ലാം കണ്ടുകഴിഞ്ഞാല്‍ ആ ചായപ്പൊടിയിട്ട ചായ ഫ്രീയായി ലഭിക്കും. പുതുമയുടെ ആവി പറക്കുന്ന ചായ കുടിച്ച ശേഷം ചായപ്പൊടി വാങ്ങാനും സൗകര്യമുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഫാക്ടറി പ്രവര്‍ത്തന സമയം. ഒരു കിലോ ചയപ്പൊടി വാങ്ങി അവിടെനിന്ന് മടങ്ങി. ഉച്ച ഭക്ഷണ ശേഷം അവസാന കേന്ദ്രമായ ബോട്ട് ഹൗസിലേക്ക് യാത്ര തിരിച്ചു. 

എകദേശം 65 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഇതൊരു നിര്‍മിത ജലാശയമാണ്. ഊട്ടിയിലെ പ്രഥമ ജില്ലാ കലക്ടറായിരുന്ന ജോണ്‍ സുള്ളിവനാണ് 1824 ല്‍ ഇതിന്‍െറ നിര്‍മിതിക്ക് നായകത്വം വഹിക്കുന്നത്. കുട്ടികള്‍ അടക്കം 21 പേര്‍ ഉള്ളതിനാല്‍ രണ്ട് ബോട്ടിലായി ഞങ്ങള്‍ യാത്ര തിരിച്ചു. ഒരു മണിക്കൂറിലധികം നീണ്ട ബോട്ട് യാത്ര നല്ലവണ്ണം ആസ്വാദ്യകരമായി. ഇതിനടുത്ത് ചെറിയൊരു പാര്‍ക്കും ഒരു ടോയ് ട്രെയിനും ഉണ്ട്. വൈകുന്നേരം വരെ അവിടെ ചെലവഴിച്ച് രണ്ട് ദിവസത്തെ ഊട്ടി കറക്കത്തിന് വിരാമമിട്ട് ഞങ്ങള്‍ മടക്കയാത്ര തുടങ്ങി.

മടക്കവഴയില്‍ ഷൂട്ടിങ് പോയിന്‍റിലും കയറിയിറങ്ങി. സ്നേഹവും സൗഹൃദവും അടുപ്പവും നല്ല വാക്കുകളും ഊട്ടിയിലെ മഞ്ഞുപോലെ പെയ്തിറങ്ങിയ രണ്ട് പകലിരവുകള്‍ക്ക് അവസാനമായിരിക്കുന്നു. കാലപ്പഴക്കത്തില്‍ ക്ളാവ് പിടിചിട്ടില്ലാത്ത ഓര്‍മ്മകള്‍ക്ക് പഴയ അതേ ഗന്ധം കൈവന്നിരിക്കുന്നു. കാത്തിരിക്കുകയാണ്, അടുത്തയാത്രക്കായി..

ചിത്രങ്ങള്‍:  അനസ് .എ, വി.കെ. ഷമീം 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT