???????? ????????????? ?????? ??????

കടുവാപ്പേടിയില്‍ അവലാഞ്ചിയില്‍

ഓരോ യാത്രയുടെയും നാമ്പ് മുളക്കുന്നത് ഒരുപക്ഷേ കേട്ടുകേള്‍വിയില്‍നിന്നോ കണ്ടറിവില്‍നിന്നോ ഒക്കെയായിരിക്കും. എന്നാല്‍, ഈ യാത്ര ആരംഭിക്കുന്നത് ഒരു വാക്കിന്റെ അര്‍ഥത്തില്‍ നിന്നുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഒരു ഊട്ടി സഞ്ചാരത്തിനിടെ കണ്ണിലുടക്കിയ പേരായിരുന്നു അവലാഞ്ചി. പേരിന്റെ വ്യത്യസ്തതകൊണ്ട് ഒന്ന് അര്‍ഥം ചികഞ്ഞപ്പോള്‍ കിട്ടിയത് 'മഞ്ഞിടിച്ചില്‍'. അങ്ങനെ ആ അര്‍ഥത്തിന്റെ ചുവടുപിടിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ 1823ല്‍ നീലഗിരിയെ നടുക്കിയ ഒരു ഹിമപാതമുണ്ടായെന്നും അതിന്റെ സ്മരണ നിലനിര്‍ത്താനായി അവലാഞ്ചി കാട്ടിനുള്ളില്‍ ഒരു ജംഗിള്‍ ലോഡ്ജ് സ്ഥാപിച്ചെന്നും അറിയാന്‍ കഴിഞ്ഞു. അടുത്ത ലക്ഷ്യം എങ്ങനെയും അവിടെയെത്തുക, ആ ജംഗിള്‍ ലോഡ്ജില്‍ ഒരു ദിവസം താമസിക്കുക എന്നതുമാത്രമായിരുന്നു. എന്നാല്‍, പലതവണ ബുക് ചെയ്യുമ്പോഴും നിരാശമാത്രമായിരുന്നു ഫലം. കാരണം വലിയ സിനിമാനടന്മാരും മന്ത്രിമാരുമൊക്കെ അവരുടെ അവധിദിവസങ്ങള്‍ ചെലവിടാന്‍ വരുന്ന സ്വര്‍ഗമായിരുന്നു അത്. അവസാനം ഒരു നാള്‍ എനിക്കും നറുക്കുവീണു.

അവലാഞ്ചിയിലേക്കുള്ള വഴിയിലെ കാഴ്ച
 


തിങ്കളാഴ്ച നല്ല ദിവസമാണെന്നാണ് പൊതുവേ പറയപ്പെടാറ്. അങ്ങനെയൊരു തിങ്കളാഴ്ചതന്നെയാണ് അവിടെ താമസിക്കാന്‍ എനിക്കും അവസരം ലഭിച്ചത്. അന്നേ ദിവസം രാവിലെ 10 മണിക്ക് ഊട്ടിയിലുള്ള ഫോറസ്റ്റ് ഓഫിസില്‍ ചെന്ന് അവലാഞ്ചിയിലേക്കുള്ള പെര്‍മിഷന്‍ എടുത്തുവേണം യാത്ര തുടരാന്‍. രാവിലെ 10 മണിക്കുതന്നെ ഫോറസ്റ്റ് ഓഫിസില്‍ എത്തിയപ്പോള്‍ ആകെ തിക്കും തിരക്കും ബഹളം. അവിടെ എന്തോ ഒരു ഭീകരാന്തരീക്ഷം ഉടലെടുക്കുകയായിരുന്നുവെന്ന് തോന്നി. വന്ന കാര്യം ധരിപ്പിച്ചതും ആ സ്വര്‍ഗം ഞങ്ങള്‍ക്ക് തരുവാനാകില്ല എന്നായിരുന്നു മറുപടി. ആ പരിസരത്ത് നരഭോജിയായ കടുവ ഇറങ്ങിയിട്ടുണ്ടെന്നും രണ്ടു മനുഷ്യരെ അതു ആക്രമിച്ചു കൊന്നുവെന്നതുമാണ് കാരണം. ആ വാര്‍ത്ത കേട്ട് ഉള്ളൊന്ന് കിടുങ്ങിയെങ്കിലും ഏറെക്കാലത്തെ ആഗ്രഹമായ അവലാഞ്ചിയുടെ സൗന്ദര്യത്തിനുനേരെ കണ്ണടക്കാന്‍ മനസ്സ് അനുവദിച്ചതേയില്ല. ഞങ്ങളുടെ ദയനീയാവസ്ഥ കണ്ടുകൊണ്ടാകാം അവരുടെ മനസ്സും തെല്ലൊന്നയഞ്ഞു. സൂക്ഷിക്കണം, അധികമൊന്നും കാട്ടിലിറങ്ങി നടക്കരുത് എന്ന മുന്നറിയിപ്പോടുകൂടി ഞങ്ങളുടെ നിര്‍ബന്ധത്തിനു മുന്നില്‍ യാത്രക്ക് അനുമതി നല്‍കി. അങ്ങനെ അധികമാരും ആസ്വദിച്ചറിയാത്ത അവലാഞ്ചിയിലെ കാണാക്കാഴ്ചകളെ തേടി ഊട്ടിയില്‍ നിന്ന് യാത്ര പുനരാരംഭിച്ചു.

അവലാഞ്ചിയിലെ ചെറുതടാകം
 


വളഞ്ഞും പുളഞ്ഞും പായുന്ന വഴികളിലെ ഹെയര്‍പിന്‍ വളവുകള്‍ പിന്നിടുമ്പോള്‍ ആദ്യമായി കണ്ണിലുടക്കിയത് വശങ്ങളിലെ വിശാലമായ തേയിലത്തോട്ടങ്ങളുടെ ഹരിതാഭയാര്‍ന്ന പച്ചവിരിപ്പുകളായിരുന്നു. അധികം താമസിയാതെ മലയുടെ താഴ്വാരങ്ങളിലെ, കാരറ്റും കാബേജും നിറഞ്ഞ തോട്ടങ്ങളും കണ്ടുതുടങ്ങി. ഏതു മലകളും വെട്ടിപ്പിടിച്ച് ആ മണ്ണിനെ കൃഷി ചെയ്ത് പൊന്ന് വിളയിക്കുന്ന തമിഴ് ജനതയുടെ കഠിനാധ്വാനത്തെ അറിയാതെ കൈകള്‍ നമിച്ചുപോയി. കണ്ണുകുളിര്‍ക്കുന്ന കാഴ്ചകള്‍ കണ്ട് ആസ്വദിച്ചങ്ങനെ മുന്നോട്ടുപോകവെ അവലാഞ്ചിയെന്ന് വലതുവശത്തൊരു ബോര്‍ഡ് കണ്ടു. ചുറ്റും മരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു കാടിനുള്ളിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. വനത്തിനകത്തേക്ക് കടക്കുന്തോറും മനുഷ്യവാസം അകന്ന് അകന്ന് പൊയ്ക്കൊണ്ടിരുന്നു. അതുവരെ ആസ്വദിച്ച കുളിരിന്റെ ശക്തി കൂടിവന്നു. കുറച്ചുകഴിഞ്ഞ് ഞങ്ങളുടെ വഴിക്കു കുറുകെ കിടക്കുന്ന ചെക്പോസ്റ്റിനു മുന്നില്‍ വണ്ടി നിന്നു. സന്ദര്‍ശകരുടെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി ഉറപ്പുവരുത്തിയാല്‍ മാത്രമേ പിന്നീട് അങ്ങോട്ടേക്കുള്ള പ്രവേശം അനുവദിക്കുകയുള്ളൂ. അങ്ങനെ അവലാഞ്ചി എന്ന സ്വര്‍ഗത്തിലേക്കുള്ള പ്രഥമ കവാടം ഞങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു.

അവലാഞ്ചി എമറാൾഡ് തടാകം
 


മനസ്സിന്റെ കുളിരിന് കാലാവധി നീളാന്‍ അനുവാദം നല്‍കാതെ വണ്ടിയും മുന്നോട്ട് നീങ്ങിത്തുടങ്ങി. വഴിയുടെ ഇരുവശങ്ങളിലും സൂര്യനു മറപിടിച്ച് ഉയരങ്ങളെ തൊട്ടുനില്‍ക്കുന്ന ചോലവനങ്ങള്‍ അവിടമാകെ നിഴല്‍ പരത്തിക്കൊണ്ടിരുന്ന കാഴ്ച ഞങ്ങളില്‍ ഭീതിയുണര്‍ത്തി. യാത്ര തുടരുന്തോറും വാക്കുകളും ശബ്ദങ്ങളും നിലച്ച് കാടിന്റെ നിശ്ശബ്ദതയില്‍ കണ്ണുകളും കാതുകളും കൈകോര്‍ത്തു. പലപ്പോഴായി ഭീതിയുണര്‍ത്തുന്ന ഊട്ടി ഫോറസ്റ്റ് ഓഫിസിലെ വാചകങ്ങള്‍ മിന്നല്‍പോലെ മാറി മാറി മനസ്സില്‍ വന്നുപതിക്കുന്നുണ്ടായിരുന്നു. ഇരുള്‍ നിറഞ്ഞ ആ ചോലവനത്തിന്റെ മൗനം ആരെയും വല്ലാതെ ഭയപ്പെടുത്തുന്നതായിരുന്നു. ഏതു നിമിഷവും മുന്നില്‍ അവനെ പ്രതീക്ഷിക്കാം. അവലാഞ്ചിയുടെ ഉള്ളറിയുന്ന ഈ യാത്ര എവിടെ ചെന്നവസാനിക്കും, യാത്രക്കിടയില്‍ എന്തെല്ലാം സംഭവിക്കും, ഒരു മനുഷ്യ ജീവിയെ ഇനി എപ്പോള്‍ കാണും എന്ന ചിന്തകള്‍ക്കൊപ്പം ഞങ്ങളുടെ യാത്രയും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

ഗെസ്റ്റ് ഹൗസ്
 


കഠിനമായ വളവുകളും തിരിവുകളുമൊക്കെ ഉണ്ടായിരുന്ന ആ യാത്ര ഒടുവില്‍ ഞങ്ങള്‍ താമസിക്കാന്‍ തീരുമാനിച്ച ഗെസ്റ്റ് ഹൗസിന് മുന്നില്‍ എത്തിച്ചേര്‍ന്നു. ഗെസ്റ്റ് ഹൗസിന് മുന്നില്‍ പൂക്കളാല്‍ തീര്‍ത്ത മനോഹരകവാടമാണ് ആദ്യം കണ്ണിലുടക്കിയത്. തടികൊണ്ട് തീര്‍ത്ത ചുവരുകളുടെ മുകളില്‍ വരിവരിയായി ഓട് പാകിയിരിക്കുന്നു. ചുവരില്‍ അവലാഞ്ച് ഗെസ്റ്റ് ഹൗസ് എന്നൊരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. 1852ലാണ് സ്ഥാപക വര്‍ഷം. സമുദ്രനിരപ്പില്‍നിന്ന് 2036 മീറ്റര്‍ ഉയരത്തിലായിരുന്നു ഈ പ്രദേശം. 1823ല്‍ നീലഗിരിയെ നടുക്കിയ ഒരു ഹിമപാതത്തിന്റെ സ്മരണക്കായി നിര്‍മിച്ചതാണ് ഈ ഗെസ്റ്റ് ഹൗസ്. ആ ഗെസ്റ്റ് ഹൗസിന്റെ പുറംകാഴ്ചകള്‍ ആസ്വദിച്ചുനില്‍ക്കവേ അകത്തുനിന്ന് നീല ജീന്‍സും നീല ഷര്‍ട്ടും ധരിച്ച സുന്ദരനായ ചെറുപ്പക്കാരന്‍ പുറത്തേക്കിറങ്ങിവന്നു. അതായിരുന്നു മി. ഡേവിഡ്. ആ സ്വര്‍ഗത്തിന്റെ കാവല്‍ക്കാരന്‍. ഡി.എഫ്.ഒയുടെ പ്രത്യേക അനുമതിയില്‍ എത്തിയവരാണ് എന്നറിഞ്ഞപ്പോള്‍ മുതല്‍ പിന്നീടങ്ങോട്ട് വി.ഐ.പി പരിഗണനയായിരുന്നു. കാടുകാണാനുള്ള യാത്ര എപ്പോഴാണെന്ന എന്റെ ചോദ്യത്തിന് ഏറ്റവും വലിയ മുറിവിനു തുല്യമായ മറുപടിയാണ് കിട്ടിയത്. കുറച്ചു നാളുകളായി അവിടമാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആ നരഭോജിയായ കടുവ തന്നെ. ഒരു വൃദ്ധനെയും രണ്ടു ദിവസം മുമ്പ് മധ്യവയസ്കനെയും കടുവ പിടിച്ചു. ഈ സംഭവത്തിനുശേഷം എല്ലാവരും വളരെ ഭീതിയിലാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ ജംഗിള്‍ സഫാരി, ട്രക്കിങ് ഇവയൊക്കെ കുറച്ചു ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ, കടുവയെ പിടിക്കാന്‍ കഴിയാത്തതിനാല്‍ കാടിന്റെ മക്കള്‍ ആകെ രോഷാകുലരാണ്. ഇതെല്ലാം കൊണ്ടുതന്നെ കാടിനുള്ളിലേക്കുള്ള പ്രവേശം നടക്കുന്നതല്ല. വേണമെങ്കില്‍ വൈകുന്നേരം ഞങ്ങളെ അവലാഞ്ചി തടാകവും എമറാള്‍ഡ് തടാകവും കാണിച്ചുതരാനായി കൊണ്ടുപോകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. കൂടാതെ, ഗെസ്റ്റ് ഹൗസിന് പുറത്ത് അധികം ഇറങ്ങിനടക്കേണ്ട എന്നു പറഞ്ഞു പേടിപ്പിക്കാനും മറന്നില്ല.

തടാകം രാത്രി കാഴ്ച
 


ക്ഷീണം തീര്‍ക്കാന്‍ അല്‍പസമയം റെസ്റ്റ് എടുത്തശേഷം ഗെസ്റ്റ് ഹൗസിന് മുന്നില്‍ തീര്‍ത്ത ഇരിപ്പിടങ്ങളില്‍ ഇരുന്ന് പ്രകൃതിയെ ഹൃദ്യമായി ഒന്നു വീക്ഷിച്ചു. എങ്ങും സൗന്ദര്യമൂറുന്ന കാഴ്ചകള്‍ മാത്രം. മലയിടുക്കുകളില്‍നിന്ന് പാഞ്ഞെത്തുന്ന ശീതക്കാറ്റാണ് ആദ്യം കുളിരുകവിഞ്ഞ് സ്വാഗതമരുളിയത്. ചുറ്റുപാടും പച്ചനിറച്ച കുന്നുകളും താഴ്വാരങ്ങളും മലമടക്കുകളും അവക്കിടയിലൂടെ വെള്ളിയിഴകള്‍ പോലെ ഒലിച്ചിറങ്ങുന്ന കുഞ്ഞരുവികളും എല്ലാം കണ്ണിന് ഇമ്പംനല്‍കുന്നവയായിരുന്നു. ഗെസ്റ്റ് ഹൗസിന് മുന്നിലായി കുണുങ്ങിക്കുണുങ്ങി ഉതിരുന്ന അരുവിക്ക് മുകളിലായി ഉരുളന്‍തടികളാല്‍ തീര്‍ത്ത പാലം ശരിക്കും വിസ്മയം തീര്‍ക്കുന്ന ഒന്നായിരുന്നു. പ്രകൃതി കോറിവരച്ച ആ കൗതുകത്തെ ഒട്ടും ഭാവുകത്വംചോരാതെ ഞാനെന്റെ കാമറക്കുള്ളിലാക്കി. മലകളുടെ ഉയര്‍ച്ചയും താഴ്ചകളും, അവിടെ വളര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ചില്ലകളില്‍ ചാടിക്കളിക്കുന്ന കരിങ്കുരങ്ങളുകളും കാട്ടിനുള്ളില്‍ മേഞ്ഞുനടക്കുന്ന കാട്ടുപോത്തുകളുമെല്ലാം ആസ്വദിച്ച് മുന്നോട്ടുപോയപ്പോഴാണ് ഡേവിഡിന്റെ ഭീതി പകര്‍ത്തുന്ന വാക്കുകള്‍ ഓര്‍മയിലെത്തിയത്. കടുവയുടെ ചിന്തക്കും പ്രകൃതിയുടെ ഭംഗിക്കും മനസ്സില്‍ മാറി മാറി ഇടം നല്‍കിക്കൊണ്ട് റെസ്റ്റ് ഹൗസിലേക്ക് തിരിച്ചുനടക്കുമ്പോഴും മനസ്സില്‍ ഒരു സംശയം ബാക്കിയായിരുന്നു. ചുറ്റും ഇത്രയും കാട്ടുപോത്തുകള്‍ നില്‍ക്കുമ്പോള്‍ ആ ഭീകര കടുവ വന്നാല്‍ കാട്ടുപോത്തിനെ പിടികൂടുമോ അതോ അത് എന്നെ ആക്രമിക്കുമോ... എന്തായാലും ഞാന്‍ തിരിച്ചെത്തിയപ്പോഴേക്കും അവലാഞ്ചി തടാകത്തിലേക്ക് പോകാന്‍ ഡേവിഡ് തയാറായിക്കഴിഞ്ഞിരുന്നു. പിന്നെ ഒട്ടും സമയംകളയാതെ അവിടേക്കു പുറപ്പെട്ടു. വന്ന കാട്ടുവഴിയിലൂടെ തിരിച്ചിറങ്ങി തൊട്ടടുത്ത ജങ്ഷനില്‍നിന്ന് ഇടത്തേക്ക് മലകയറി അവലാഞ്ചി തടാകത്തിനു കുറുകെ കിടക്കുന്ന ചെറുപാലത്തിനരികെ വണ്ടി സൈഡാക്കി.

ഗെസ്റ്റ് ഹൗസിന്‍റെ മുന്നിലെ കാഴ്ച
 


പ്രകൃതിയെ ഉറ്റുനോക്കുന്ന കാമറക്കണ്ണുകളും ചിത്രം പകര്‍ത്താന്‍ മനസ്സില്‍ വര്‍ണങ്ങള്‍ കോരിയിട്ട പേജുകളും ഒതുക്കിവെച്ച് ഞങ്ങള്‍ പാലത്തിനരികിലൂടെ തടാകത്തെ ലക്ഷ്യമാക്കി നടന്നു. തമിഴ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലെ സിനിമകള്‍ക്ക് ചായംപകര്‍ന്ന സ്ഥലമാണ് അവലാഞ്ചി തടാകം. നേരം വൈകിയതില്‍ ക്ഷോഭിച്ചാകാം സൂര്യന്‍ മലമടക്കുകളില്‍ തന്റെ കുടിലിലേക്ക് കയറിപ്പോയി. എങ്കിലും സന്ധ്യനീലിമയില്‍ തെളിഞ്ഞൊഴുകുന്ന അവലാഞ്ചി ആകാശത്തിന്റെ മറ്റൊരു പകര്‍പ്പാണെന്ന് തോന്നിപ്പോകും. വിണ്ണിലെ മേഘങ്ങളും സായാഹ്നവും തടാകത്തില്‍ പ്രതിബിംബങ്ങള്‍ തിരയാനുള്ള തിടുക്കത്തിലാണ്. കരയോട് ചേര്‍ന്നുനില്‍ക്കുന്ന വൃക്ഷങ്ങളും തന്റെ സൗന്ദര്യത്തിന്റെ കണക്കെടുക്കാന്‍ തലങ്ങും വിലങ്ങുമായി നിന്ന് തടാകത്തിലേക്ക് തല ചായ്ക്കുന്നുണ്ട്. എങ്ങും ഇരുട്ടിന്റെ കനം കൂടി വന്നു. അല്‍പസമയത്തിനകം ഞങ്ങള്‍ തിരിച്ച് ആ പാലത്തിനരികിലെത്തി. അപ്പോഴാണ് ഡേവിഡ് വേറൊരു അദ്ഭുതം ഞങ്ങള്‍ക്കു കാട്ടിത്തന്നത്. പാലത്തിന് ഇടതുവശത്തു കാണുന്ന അവലാഞ്ചിയാണ് നമ്മള്‍ ഇപ്പോള്‍ പോയത്. എന്നാല്‍, ഇപ്പോള്‍ വലതുവശത്തേക്ക് നോക്കുകയാണെങ്കില്‍ നമുക്ക് എമറാള്‍ഡ് തടാകം കാണാം. സൂക്ഷിച്ചൊന്നുനോക്കിയാല്‍ ഇരു തടാകങ്ങളുടെയും വ്യത്യാസം തിരിച്ചറിയാം. ഒരേ നൂഴിലയില്‍ ഇടക്കുവെച്ചു മറ്റൊരു വര്‍ണം വീണാല്‍ എങ്ങനെയാണോ അതാണ് ഇരു തടാകങ്ങളും കാണിച്ചു തരുന്നത്. ഒരു സുപ്രധാന ഭാഗത്ത് ഇരു നീര്‍ച്ചോലകളും വ്യത്യസ്ത ഭാവങ്ങള്‍ അണിയുന്നു. ഇത്രയും അദ്ഭുതമേറിയ കാഴ്ച വേറെ ഒരു യാത്രയിലും ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. പാതിവഴിയില്‍ അവലാഞ്ചി തടാകം എമറാള്‍ഡ് തടാകത്തിന് വഴിമാറിക്കൊടുക്കുന്ന സുന്ദരകാഴ്ച ആസ്വദിച്ചും കാമറയില്‍ പകര്‍ത്തിയും നേരംപോയതറിഞ്ഞില്ല. രാത്രി ഏഴു മണിയോടുകൂടി ഞങ്ങള്‍ തിരികെ കാടിനുള്ളിലൂടെ റെസ്റ്റ് ഹൗസിലേക്ക് തിരിച്ചു.

അവലാഞ്ചി തടാകം
 


കാടിനുള്ളിലെ ഇരുള്‍ ഏതൊരുവന്റെയും മനസ്സിനെ ഭയപ്പെടുത്തുന്ന വികൃതരൂപങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. എന്നാലും ഇത്തവണ ആ കാടിനെ അറിയുന്ന ഡേവിഡ് കൂടെയുള്ളതുകൊണ്ട് മനസ്സില്‍ അധികം ഭീതി തളംകെട്ടിയിരുന്നില്ല. പെട്ടെന്നാണ് തൊട്ടടുത്ത മലയിലെ ഒരു വലിയ വെളിച്ചം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. ആ വഴിയരികില്‍ കുറച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂടിനില്‍ക്കുന്നു. വണ്ടി നിര്‍ത്തി അവരോട് അന്വേഷിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. നരഭോജിയായ കടുവയെ പിടിക്കാത്തതില്‍ പ്രകോപിതരായ കാടിന്റെ മക്കള്‍ കാടിനു തീയിട്ടു. രണ്ടു മലകളില്‍ തീ പടര്‍ന്ന് പന്തലിക്കുന്നു. ഞാന്‍ ആകെ പേടിച്ചു. കാട് കത്തിയാല്‍ ആ അഗ്നി എത്രത്തോളം നീണ്ടുപോകുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. അഗ്നിയെന്നാല്‍ എന്തിനെയും വിഴുങ്ങാന്‍ കഴിവുള്ള പഞ്ചഭൂതങ്ങളിലൊന്നാണ്. തീനാളത്തിന്റെ തീവ്രത കൂടുന്തോറും ഞങ്ങളും പരിഭ്രാന്തരായി. ആ ഉള്‍ക്കാടില്‍ തീജ്വാലക്കുള്ളില്‍ ഞങ്ങള്‍ പെട്ടുപോകുമോയെന്ന ആശങ്ക പടര്‍ത്തി. ആ നിമിഷംതന്നെ കാടിറങ്ങി തിരിച്ച് ഊട്ടിയിലേക്കു പോയാലോ എന്ന് ചിന്തിച്ചു. എന്നാല്‍, കാട് ഈ സമയത്ത് തിരിച്ചിറങ്ങുന്നത് വലിയ മണ്ടത്തമാണെന്ന് ഡേവിഡ് അഭിപ്രായപ്പെട്ടു. എന്തെന്നാല്‍ ഇനിയും അവര്‍ എവിടെയൊക്കെ ഇത്തരം പ്രവൃത്തികളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. എന്തായാലും ഗെസ്റ്റ് ഹൗസിലേക്കി ഇനി അധികം ദൂരമില്ല. അവിടേക്കുതന്നെ വണ്ടി വിടാന്‍ ഡേവിഡ് ആവശ്യപ്പെട്ടു. എന്തായാലും ഞാന്‍ അതനുസരിച്ച് വണ്ടി മുന്നോട്ടു വിട്ടു. ഉള്‍ക്കാട്ടിലൂടെയുള്ള ഓരോ നിമിഷത്തിലെ യാത്രയിലും ആപത്തൊന്നും വരുത്തരുതെന്ന പ്രാര്‍ഥനയായിരുന്നു. ഒടുവില്‍ ഒന്നും സംഭവിക്കാതെ ഗെസ്റ്റ് ഹൗസിനു മുന്നില്‍ എത്തിച്ചേര്‍ന്നു. ജീവന് തല്‍ക്കാലം രക്ഷനേടിയ സന്തോഷത്തിലായിരുന്നു എല്ലാവരും.

ഗെസ്റ്റ് ഹൗസിൽ നിന്നുള്ള ദൃശ്യങ്ങൾ
 


ഒരു ഭാഗത്ത് കടുവ, മറുഭാഗത്ത് കാട്ടു തീ. ആ കൊടുംതണുപ്പിലും ഈ ചിന്തകള്‍കൊണ്ട് ഞങ്ങള്‍ വിയര്‍ത്തൊലിച്ചു. എത്രയും വേഗം നേരം പുലര്‍ന്ന് ഇവിടം വിടണമെന്ന ചിന്തയില്‍ ഉറങ്ങാന്‍ കിടന്നു. രാത്രിയിലെപ്പോഴോ തണുപ്പിന്റെ കാഠിന്യം സഹിക്കാനാവാതെ ഞാന്‍ എഴുന്നേറ്റു. ജാക്കറ്റിനുള്ളില്‍ കയറിയെങ്കിലും സഹിക്കാവുന്നതിനപ്പുറമായിരുന്നു തണുപ്പ്. അങ്ങനെ പതുക്കെ എഴുന്നേറ്റ് ഗെസ്റ്റ് ഹൗസിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള താപനില അളക്കുന്ന മെഷീനില്‍ നോക്കിയതും ഞാന്‍ ഞെട്ടി-ഏഴു ഡിഗ്രി സെല്‍ഷ്യസ് മാത്രം. ഇതുവരെയുള്ള ഒരു തമിഴ്നാട്ടിലെ യാത്രയിലും ഇത്രയും തണുപ്പ് അനുഭവിച്ചിട്ടില്ല. സമയം നാലു മണി. നേരം പുലരാന്‍ ഇനിയുമുണ്ട് രണ്ടു മണിക്കൂര്‍. എന്തായാലും തീക്കൂട്ടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.

അവലാഞ്ചി തടാകത്തിന്‍റെ പകൽ ദൃശ്യം
 


രാവിലെ ഏഴു മണിയായപ്പോള്‍ ഉറക്കച്ചടവിനെ വലിച്ചെറിഞ്ഞ് മുറിയില്‍നിന്ന് എഴുന്നേറ്റ് പതുക്കെ സൂര്യപ്രകാശത്തിന്റെ തലോടലിനായി പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആ സമയത്തും താപനില ആറു ഡിഗ്രി സെല്‍ഷ്യസ് നില്‍ക്കുന്നതേയുള്ളൂ. പല്ലുകള്‍ പരസ്പരം കൂട്ടിമുട്ടാന്‍ തുടങ്ങിയതും വാതിലടച്ച് ഉള്ളില്‍ കയറി. ഇന്നലത്തെ ഭയത്തേക്കാള്‍ കഠിനമായിരുന്നു ഇന്നത്തെ തണുപ്പിന്റെ ശക്തി. അവസാനം ആ തണുപ്പിന്റെ ചട്ടക്കൂട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തിറങ്ങാന്‍ ഉച്ചക്കു 12 മണിവരെ കാത്തിരിക്കേണ്ടി വന്നു. ഞങ്ങള്‍ പുറപ്പെടുമ്പോഴേക്കും ചെന്നൈയില്‍നിന്ന് കടുവയെ ഷൂട്ട് ചെയ്യാനായി പ്രത്യേക സംഘം എത്തിച്ചേര്‍ന്നിരുന്നു. അങ്ങനെ കാത്തുവെച്ച അവലാഞ്ചിയുടെ കാഴ്ച കടുവ കൊണ്ടുപോയ നിമിഷത്തില്‍ കാടിറങ്ങി.
 

ഗെസ്റ്റ് ഹൗസ് നേരത്തേക്കൂട്ടി ബുക് ചെയ്താല്‍ മാത്രമേ കിട്ടുകയുള്ളൂ. ഗെസ്റ്റ് ഹൗസ് ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നീലഗിരി സൗത്: 0423 2444083.

ശ്രദ്ധിക്കേണ്ടവ: ഞങ്ങള്‍ പോയ സമയം മോശമായതിനാലാണ് ഇങ്ങനെ ഒരു തിക്താനുഭവം ഉണ്ടായത്. അല്ലാതെ അവിടേക്കുള്ള യാത്ര തികച്ചും ഒരു മുതല്‍ക്കൂട്ടാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റ് അവിടെ സഞ്ചാരികള്‍ക്കായി ജംഗിള്‍ സഫാരി ഒരുക്കിയിട്ടുണ്ട്. അതില്‍ പങ്കെടുക്കാനായി നിരവധി ആളുകള്‍ എത്താറുണ്ട്.

ദൂരം: ഊട്ടിയില്‍നിന്ന് 28 കി.മീ. പ്രകൃതിസ്നേഹികള്‍ക്കും കാടിനെ ഇഷ്ടപ്പെടുന്നവര്‍ക്കും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്കും ശരിക്കും ആസ്വദിക്കാന്‍ പറ്റുന്നതാണ് ഗെസ്റ്റ് ഹൗസിലെ താമസം.  

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT