മൈസൂരുവിൽ പോകുമ്പോൾ ഇനി ഇവിടെയും സന്ദർശിക്കണം
നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗാലക്സികളും ഉൾപ്പെടെയുള്ള പ്രപഞ്ചവിസ്മയങ്ങൾ കൂടുതൽ വ്യക്തതയോടെ നേരിൽ കാണുന്നതുപോലെ അനുഭവിക്കാൻ അവസരമൊരുക്കി രാജ്യത്തെ ആദ്യ 8.കെ എൽ.ഇ.ഡി ഡോം പ്ലാനറ്റേറിയം മൈസൂരുവിൽ പ്രവർത്തനമാരംഭിച്ചു. 'കോസ്മോസ് മൈസൂരു' എന്ന പേരിലുള്ള പ്ലാനറ്റേറിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. അത്യാധുനിക ദൃശ്യസാങ്കേതികവിദ്യ ഉപയോഗിച്ച് ബഹിരാകാശത്തെക്കുറിച്ച് പുതിയ അറിവുകൾ പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും മൈസൂരു സർവകലാശാലയും ചേർന്നാണ് പ്ലാനറ്റേറിയം വികസിപ്പിച്ചത്. സാധാരണ പ്ലാനറ്റേറിയങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രൊജക്ടറുകളില്ലാതെയാണ് ഇവിടെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നത്. പകരം, താഴികക്കുടത്തിന്റെ ഉൾഭാഗം മുഴുവൻ എൽ.ഇ.ഡി പാനലുകൾ ഉപയോഗിച്ച് വലിയ സ്ക്രീനാക്കി മാറ്റിയിരിക്കുകയാണ്. ഇതിലൂടെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചിത്രങ്ങൾ കൂടുതൽ തെളിമയോടെയും യാഥാർഥ്യത്തോട് അടുത്ത അനുഭൂതിയിലും കാണാൻ സാധിക്കും.
15 മീറ്റർ വ്യാസമുള്ള താഴികക്കുടം 15 ഡിഗ്രി ചരിവിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 6,150 എൽ.ഇ.ഡി പാനലുകളും 4.2 കോടി എൽ.ഇ.ഡികളും ഇതിലുണ്ട്. 8കെ റെസല്യൂഷനിൽ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ കഴിയുന്നതാണ് പ്രധാന സവിശേഷത. സാധാരണ സ്ക്രീനുകളെ അപേക്ഷിച്ച് വളരെ സൂക്ഷ്മമായ വിശദാംശങ്ങൾപോലും വ്യക്തമായി കാണാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
പരമ്പരാഗത പ്ലാനറ്റേറിയങ്ങളിൽ പ്രൊജക്ടറിൽനിന്നുള്ള പ്രകാശം താഴികക്കുടത്തിന്റെ ഉൾഭാഗത്ത് പതിപ്പിച്ചാണ് ആകാശദൃശ്യങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ, മൈസൂരുവിലെ പുതിയ സംവിധാനത്തിൽ ഓരോ എൽ.ഇ.ഡി പാനലും നേരിട്ട് പ്രകാശം പുറപ്പെടുവിക്കുന്നു. ഓരോ പാനലിലെയും പ്രകാശം പ്രത്യേകം നിയന്ത്രിക്കാനാകുന്നതിനാൽ ദൃശ്യങ്ങൾക്ക് കൂടുതൽ തെളിച്ചവും മികച്ച നിറവ്യത്യാസവും ലഭിക്കും. പ്രൊജക്ടർ ഉപയോഗിക്കുമ്പോൾ സംഭവിക്കാവുന്ന ദൃശ്യഗുണനിലവാരത്തിലെ കുറവ് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.ദൂരദർശിനികളിൽനിന്ന് ലഭിക്കുന്ന ബഹിരാകാശ വിവരങ്ങളും തത്സമയ ദൃശ്യാവിഷ്കാരങ്ങളും പ്രദർശിപ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. അതിനാൽ വിനോദത്തിനുള്ള ബഹിരാകാശ പ്രദർശനങ്ങൾക്കപ്പുറം ശാസ്ത്രപഠനത്തിനും ഗവേഷണപരിശീലനത്തിനും പ്ലാനറ്റേറിയം പ്രയോജനപ്പെടും. 115 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാനറ്റേറിയത്തിൽ 160 പേർക്ക് ഒരേസമയം പ്രദർശനം കാണാനുള്ള സൗകര്യമുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രപഞ്ചരഹസ്യങ്ങൾ സാധാരണക്കാർക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തുന്ന പ്രധാന ശാസ്ത്രപഠന കേന്ദ്രമായി കോസ്മോസ് മൈസൂരു മാറുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.