കല്‍പേനി ജുമാമസ്ജിദിന് അകത്തുള്ള മമ്മേല്‍ ആറ്റക്കോയ ഹാജിയുടെ ഖബര്‍. പോര്‍ച്ചുഗീസുകാരോട് പടവെട്ടിയാണ് അദ്ദേഹം രക്തസാക്ഷിയായത്

പറങ്കിപ്പടയെയും ബ്രിട്ടീഷുകാരെയും വിറപ്പിച്ചവർ; ലക്ഷദ്വീപിന്​ പറയാൻ പോരാട്ടങ്ങളുടെ ചരിത്രമേറെയുണ്ട്​

സ്​നേഹത്തി​െൻറയും കരുണയുടെയും പ്രതീകമായ മനുഷ്യർ, പ്രകൃതി കനിഞ്ഞു നൽകിയ കാഴ്​ചകൾ, പവിഴപ്പുറ്റുകൾ സുരക്ഷയേകുന്ന ദ്വീപുകൾ, തിമിംഗലം മുതൽ മാസ്​ വരെയുള്ള മത്സ്യസമ്പത്ത്​ തുടങ്ങി നിരവധി പ്രത്യേകതകളുള്ള നാടാണ്​ ലക്ഷദ്വീപ്​. ഇവിടെയെത്തുന്ന ഏതൊരാളെയും തികഞ്ഞ ആതിഥ്യ മര്യാദയോടെയാണ്​ നാട്ടുകാർ സ്വീകരിക്കാറ്​. ആദ്യമായി പരിചയപ്പെടുന്നവരെ പോലും സ്വന്തം വീട്ടിൽ​ കൊണ്ടുപോയി സൽക്കരിച്ചി​േട്ട അവർ മടക്കിയയക്കാറുള്ളൂ.

പരസ്​പര സാഹോദര്യ​ത്തോടെയും സമാധാനത്തോടെയും ജീവിച്ചുപോന്ന ജനങ്ങളുടെ മനസ്സിനെയാണ്​​ ഇന്ന്​ സംഘ്​പരിവാർ വിഷവിത്തുകൾ പാകി അസ്വസ്​ഥമാക്കുന്നത്​​. അതിനെതിരായ പോരാട്ടത്തിലാണ്​ ഇൗ ജനതയിപ്പോൾ. ഇവർക്ക്​ പിന്തുണയുമായി രാജ്യത്തെ മതേതര വി​ശ്വാസികളുമുണ്ട്​. പലവിധ പോരാട്ടങ്ങൾ ഇതിന്​ മുമ്പും കണ്ടവരാണ്​ ലക്ഷദ്വീപുകാർ​. അധിനിവേശ ശക്​തികളായ പറങ്കിപ്പടയെയും ബ്രിട്ടീഷുകാരെയുമെല്ലാം വിറപ്പിച്ചവരുടെ ​പിൻഗാമികളാണ്​ ഇന്ന്​ തെരുവിലിറങ്ങിയിരിക്കുന്നത്​.

ബി.സി മുതൽ തുടങ്ങുന്ന ചരിത്രം

ബി.സി 10,000ന് മുമ്പ് തന്നെ ലക്ഷദ്വീപിൽ ഇന്ന്​ കാണുന്ന ദ്വീപുകൾ നിലവിലുണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ബി.സി 2500നും 500നും ഇടയിൽ ഫിനീഷ്യക്കാരും സബായികളും അറബികളും ലക്ഷദ്വീപ്​ വഴി മുസ്​രിസിലേക്ക്​ യാത്ര ചെയ്​തു. ബി.സി 1500ല്‍ ഉപയോഗിച്ച മണ്‍പാത്രങ്ങള്‍ കല്‍പേനിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ബി.സി 200 മുതല്‍ എ.ഡി 50 വരെ റോമക്കാര്‍ മലബാറുമായി കച്ചവടം നടത്തിയിരുന്ന കാലത്തും ലക്ഷദ്വീപ് വഴിയാണ് യാത്ര ചെയ്തിരുന്നത്. ഒന്നാം നൂറ്റാണ്ടിലെ റോമൻ നാണയങ്ങൾ 1948ൽ കടമത്ത്​ ദ്വീപിൽനിന്നും കണ്ടെടുത്തിരുന്നു.


എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി പറ​യപ്പെടുന്നു. എ.ഡി 662ലാണ്​ ഇസ്​ലാം മത പ്രബോധകന്‍ ഹസ്രത്ത് ഉബൈദുല്ല ഇബ്നു മുഹമ്മദ്, അമിനി ദ്വീപിലെത്തുന്നത്​​. ആ വര്‍ഷം തന്നെ അദ്ദേഹം ആന്ത്രോത്ത്, കല്‍പേനി, അമിനി, കവരത്തി എന്നീ ദ്വീപുകളില്‍ ജുമാമസ്ജിദുകള്‍ക്ക് തറക്കല്ലിട്ടു. എ.ഡി 985ല്‍ രാജരാജ ചോള എന്ന ചോള രാജാവ് ദ്വീപുകള്‍ കീഴടക്കിയതായി തഞ്ചാവൂര്‍ ലിഖിതങ്ങള്‍ കുറിച്ചിട്ടുണ്ട്.

എ.ഡി 1050ല്‍ ചിറക്കല്‍ ഭരണത്തിലെ കോലത്തിരി രാജാവ് മുഹമ്മദ് അലി എന്നയാളെ കണ്ണൂരും ലക്ഷദ്വീപുകളും ഭരിക്കാന്‍ എല്‍പ്പിച്ചു. എന്നല്‍, 1183ല്‍ അലിമൂസ (ആലിരാജാ അഞ്ചാമന്‍) ദ്വീപുകള്‍ കീഴടക്കി അറക്കല്‍ ഭരണത്തിന് കീഴില്‍ കൊണ്ടുവന്നു. 1502ല്‍ ലക്ഷദ്വീപുകാരുടെ പായക്കപ്പലുകള്‍ പോര്‍ചുഗീസ് ആക്രമണത്തിന് വിധേയമായി. 1524ല്‍ വീണ്ടും പറങ്കികളുടെ ആക്രമണമുണ്ടായി. കല്‍പേനിയില്‍ നാട്ടുകാരണവരായ മണ്ണേല്‍ ആറ്റക്കോയ ഹാജി അവരോട് പടവെട്ടി രക്തസാക്ഷിയായി. പിന്നീട്​ ദ്വീപുകളെ ആക്രമിക്കാതിരിക്കാൻ​ കോലത്തിരി രാജാവും പോർചുഗീസ്​ വൈസ്രോയിയും കരാറിൽ ഏർപ്പെട്ടു. 1000 കിലോ കയർ ഒരോ വർഷവും പറങ്കികൾക്ക്​ നൽകണമെന്നായിരുന്നു കരാർ.

കല്‍പേനിയിലെ പ്രശസ്തമായ മൊയ്തീന്‍ പള്ളി

കരാറിലെ വ്യവസ്​ഥകൾ പറങ്കികൾ പലപ്പോഴും ലംഘിച്ചു. 1558ൽ അമിനിയിലും ചെത്തിലത്ത്​ ദ്വീപിലും പോർചുഗീസ്​ ആക്രമണമുണ്ടായി. അന്ന്​ നാനൂറിലധികം പേർ മരിക്കുകയോ തടവുകാരാവുകയോ ചെയ്​തു. അതേ വർഷം തന്നെ ചെത്തിലാത്ത്​ ദ്വീപിൽ വെച്ച്​ പറങ്കിത്തലവനെ വധിച്ച ആശിഅലി എന്ന പണ്ഡിതനെ അവർ കൊലപ്പെടുത്തി.

1568ൽ കണ്ണൂരിലും മംഗലാപുരത്തും കോട്ടകെട്ടിയ പോർചുഗീസുകാർക്ക്​ കുഞ്ഞാലിമരക്കാറിൽനിന്നും ശക്തമായ പ്രഹരമേറ്റു​. ഇൗ സമയത്ത്​ കോലത്തിരിയുടെ കല്‍പനപ്രകാരം കണ്ണൂരില്‍നിന്ന് ആറ് പായക്കപ്പലില്‍ ലക്ഷദ്വീപിലെ പറങ്കികളെ നേരിടാന്‍ കുട്ടിപ്പോക്കരുടെ നേതൃത്വത്തില്‍ പുറപ്പെട്ടു. ഇതോടെ പോര്‍ചുഗീസുകാര്‍ ഇവിടെനിന്ന് രക്ഷപ്പെട്ടു.

1787ൽ ദ്വീപുകൾ അറക്കൽ ഭരണത്തിൽനിന്നും മാറ്റി ടിപ്പുസുൽത്താന്​ കൈമാറാനുള്ള കരാർ അറക്കൽ ബീവിയും ടിപ്പുസുൽത്താനും ഒപ്പുവെച്ചു. എന്നാൽ, 1799ൽ ടിപ്പുസുൽത്താ​െൻറ മരണത്തോടെ ദ്വീപുകള്‍ ബ്രിട്ടീഷ് ആധിപത്യത്തിലായി. പിന്നീട്​ അറക്കൽ രാജാവിനെയും ആമീൻമാരെയുമെല്ലാം ബ്രിട്ടീഷുകാർ ഭരണച്ചുമതല ഏൽപ്പിച്ചു. എന്നാൽ, മിനിക്കോയിക്കാർ അപ്പോഴും അധിനിവേശ പട​യോട്​ ചെറുത്തുനിന്നു. 1858ൽ മാത്രമാണ്​ മിനിക്കോയിയെ കീഴടക്കാനായത്​.


1875ൽ മലബാർ കലക്​ടർ ദ്വീപുകളിൽ എക്​സിക്യൂട്ടിവ്​ ഭരണം തുടങ്ങി. 1905 ജൂലൈ ഒന്ന്​ മുതൽ ദ്വീപുകൾ ബ്രിട്ടീഷ്​ സാമ്രാജ്യത്തി​െൻറ ഭാഗമാക്കി പ്രഖ്യാപിച്ചു. 1912ൽ ദ്വീപ്​ റെഗുലേഷൻ ആക്​ട്​ നിലവിൽ വരികയും ദ്വീപുകാർ മദ്രാസ്​ സംസ്​ഥാന​ത്തി​െൻറ ഭാഗമാകുകയും ചെയ്​തു. 1947ല്‍ ഇന്ത്യ സ്വാതന്ത്രയായതോടെ ലക്ഷദ്വീപ് മദ്രാസ്​ സംസ്ഥാനത്തി​െൻറ കീഴില്‍ തുടര്‍ന്നു.

1950ല്‍ ആന്ത്രോത്തുകാരനായ എസ്.വി. സെയ്തുകോയ തങ്ങളെ മദ്രാസ്​ ലെജിസ്​ലേറ്റിവ് കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തു. 1956ലാണ്​ ദ്വീപസമൂഹം​ കേന്ദ്രഭരണ പ്രദേശമായി മാറിയത്​. 1967ൽ പി.എം. സഈദ് ദ്വീപിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് മെമ്പറായി. 1973ൽ ലക്കഡീവ്​സ്​, മിനിക്കോയി, അമിനി ദ്വീപുകൾ എന്ന​ പേര്​ മാറ്റിയാണ്​ ലക്ഷദ്വീപ്​ എന്നാക്കിയത്​. 1980 ജനുവരി 26ന്​​ മദ്യവും മറ്റു ലഹരിവസ്തുക്കളും ലക്ഷദ്വീപിൽ നിരോധിച്ചു. ഈ നിയമത്തിലടക്കമാണ്​ ഇപ്പോൾ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ പ​േട്ടൽ കൈവെച്ചിരിക്കുന്നത്​.

ലക്ഷദ്വീപിലേക്കുള്ള അവശ്യവസ്​തുക്കൾ കേരളത്തിൽനിന്ന്​ കപ്പലിലാണ്​ ഇവിടെ എത്തിക്കുന്നത്​

ജസ്​രിയും മഹലും

കേരളത്തി​െൻറ തെക്കുപടിഞ്ഞാറന്‍ തീരത്തുനിന്ന് 200 മുതല്‍ 400 കിലോമീറ്റര്‍ മാറി അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ത്​ലാത്ത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് തുടങ്ങിയ ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. 4.90 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്​തൃതിയുള്ള ആന്ത്രോത്താണ്​ ഇതിൽ വലുത്​. ജനവാസമില്ലാത്ത ചെറുതും വലുതുമായ ധാരാളം ദ്വീപുകള്‍ വേറെയുമുണ്ട്. കവരത്തിയാണ് ലക്ഷദ്വീപി​െൻറ ആസ്ഥാനം.

ആകെയുള്ള എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത് അഗത്തിയിലാണ്. പല ദ്വീപുകളും തമ്മില്‍ 100 കിലോമീറ്ററിലധികം ദൂരമുണ്ട്. എന്നാൽ, ചില ദ്വീപുകൾ നോക്കിയാൽ കാണുന്ന അകലത്തിലുമാണ്. മാലദ്വീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന മിനിക്കോയിയിലേക്ക് കവരത്തിയില്‍നിന്ന് കടല്‍മാര്‍ഗം 258 കിലോമീറ്റര്‍ സഞ്ചരിക്കണം. ദ്വീപിലെ 99 ശതമാനം ജനങ്ങളും ഇസ്​ലാം മത വിശ്വാസികളാണ്.


ദ്വീപിലെ സംസാര ഭാഷ ജസ്​രിയാണെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഒൗദ്യോഗിക ഭാഷയായ മലയാളവും അറിയാം. മലയാളത്തോട് വളരെയധികം സാമ്യമുണ്ട് ജസ്​രിക്ക്. ഇതിന്​ സ്വന്തമായി ലിപിയില്ലാത്തതിനാല്‍ മലയാള അക്ഷരങ്ങള്‍ തന്നെയാണ് അവര്‍ എഴുതാന്‍ ഉപയോഗിക്കുന്നത്.

അതേസമയം, മാലദ്വീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന മിനിക്കോയ് ദ്വീപിലെ ഭാഷ 'മഹല്‍' ആണ്. അതിന്​ മലയാളത്തിൽനിന്ന്​ വ്യത്യസ്​തമായ ലിപിയുമുണ്ട്.



Tags:    
News Summary - Lakshadweep has a long history of struggles to tell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.