ഇല പൊഴിയും ശിശിരത്തിൽ...

യാത്രയെന്നത് മനസ്സിലെന്നും ഒരു ഹരമായിരുന്നു. കുഞ്ഞുന്നാളിൽ ബസ് യാത്രയെ ഏറെ ഇഷ്ടപ്പെട്ടു. ഉമ്മയുടെ വീട്ടിലേക്കുള്ള ഗുരുവായൂർ യാത്രയായിരുന്നു കാത്തു കാത്തിരിക്കാറുള്ള ദീർഘദൂര യാത്ര. പാതിദൂരം, കുറ്റിപ്പുറം വരെ തീവണ്ടിയിൽ, പിന്നീട് ബസ്സിൽ. മൂന്നു നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന യാത്ര, മാതാപിതാക്കളോടൊപ്പം.

ഹൈസ്കൂൾ പരുവത്തിലേക്കെത്തിയപ്പോൾ തനിച്ചും ഇളയ സഹോദരങ്ങളെ കൂടെ ചേർത്തും വർഷത്തിലൊരിക്കൽ യാത്ര പതിവായി. മുമ്പ് പലപ്പോഴായി എഴുതിയതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. 24ാം വയസ്സിൽ എടുത്തണിഞ്ഞ സർക്കാർ ജീവനക്കാരന്റെ കുപ്പായം, ജീവിതഭാരം ചുമക്കാനുള്ള യൂനിഫോമായിരുന്നു. മൂന്ന് വർഷത്തിനപ്പുറം കുടുംബസ്ഥനാവുക കൂടി ചെയ്തപ്പോൾ യാത്ര എന്നത് ജീവിതയാത്ര എന്ന ബിംബത്തിലേക്ക് ഒതുങ്ങി. മുമ്പേ പറന്ന പക്ഷികളുടെ ആശങ്കകളുടെയും പേടിയുടെയും മറ്റൊരു മാനം തിരിച്ചറിഞ്ഞു തുടങ്ങിയത് അപ്പോഴായിരുന്നു. വരവിന്റെയും ചെലവിന്റെയും രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന, ജീവിതമെന്ന സർക്കസ് വിദ്യ മെല്ലെ മെല്ലെ ഹൃദിസ്ഥമായി. ചുമ്മാ യാത്രക്ക് വേണ്ടി വരുന്ന ചെലവ്, വകമാറ്റി മറ്റു പല കള്ളികളിലേക്കും നീക്കിവെക്കേണ്ടി വരുന്ന മാത്തമാറ്റിക്സ്.

അപ്പോഴും പുസ്തകം പണം കൊടുത്തു വാങ്ങി വായിക്കുന്ന ആർഭാടം മാത്രം കൈമോശം വരാതെ സൂക്ഷിച്ചു. മക്കൾ രണ്ടു പേരും ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിച്ചതിൽ പിന്നെ ഞങ്ങളുടെ പദവികൾ Grandpa/Grandma വിതാനത്തിലേക്ക് ഉയരുക കൂടി ചെയ്തു. സത്യത്തിൽ, മുമ്പ് മാറ്റിവെക്കപ്പെട്ട, ഇഷ്ട സഞ്ചാരങ്ങളുടെ വാതിലുകൾ തുറക്കപ്പെട്ടത് ഇവിടുന്നങ്ങോട്ടാണ്. മകളും മകനും മരുമകളും ഇടക്കിടെ പറയുമായിരുന്ന അഭിപ്രായപ്രകടനങ്ങൾ മനസ്സിന്റെ അടിത്തട്ടിൽ തക്കം പാർത്തു കിടന്നിരുന്ന യാത്രാ വിത്തിന് മുള പൊട്ടാനുള്ള അവസരം ഒരുക്കുകയും ചെയ്തു. പിന്നിട്ട നാൾവഴികളിൽ വീടിനു പുറകിലെ തെങ്ങിൻ തോപ്പിലെ ആകാശ സീമയിൽ സഞ്ചരിച്ചിരുന്ന വിമാനത്തിനുള്ളിലേക്ക് കൈപിടിച്ചു കയറ്റിയത് മകന്റെ മദിരാശി പട്ടണത്തിലെ ജോലിക്കാലമാണ്.

ഞങ്ങൾ അഞ്ചു പേർക്കുള്ള, എനിക്കും ഭാര്യക്കും മകൾക്കും മരുമകനും കൊച്ചുമോൾക്കുമുള്ള വിമാന ടിക്കറ്റ് ഒരു പൂജാ അവധിക്കാലത്ത് പറന്നു വന്നപ്പോൾ വായു മാർഗേന സഞ്ചാരമെന്ന പുഷ്പകവിമാന യാത്ര യാഥാർഥ്യമായി. മരുമകളുടെ എം.ഡി പഠന കാലത്ത് അവളെ സന്ദർശിക്കാനുള്ള ഉത്തരേന്ത്യൻ യാത്രകളിലൂടെ ഞങ്ങൾക്ക് ലഭിച്ചത് കേരളത്തിനു പുറത്തുള്ള നഗരക്കാഴ്ചകളായിരുന്നു. ഏറ്റവും ഹൃദ്യമായ കാഴ്ചകളിലൂടെ സഞ്ചരിച്ചതാവട്ടെ, അവൾക്ക് പങ്കെടുക്കേണ്ടിയിരുന്ന ഒരു ഇന്റർനാഷനൽ സെമിനാറിനു വേണ്ടി എസ് കോർട്ട് പോയ ഡൽഹിയിലെ പതിനഞ്ച് നാളുകളും! മകന്റെ ഉദ്യോഗക്കയറ്റം അവനെ കൊണ്ടെത്തിച്ചത് മിഡിൽ ഈസ്റ്റിലേക്കായിരുന്നു.

ഞങ്ങളുടെ ആദ്യ ഇന്റർനാഷനൽ യാത്രക്ക് കളമൊരുക്കിക്കൊണ്ട് പത്തംഗ സംഘത്തിനുള്ള വിമാനടിക്കറ്റാണ് ദുബൈയിൽ എത്തിച്ചേരാൻ അവൻ നൽകിയത്. പത്ത് ദിവസം മറ്റൊരു സാംസ്കാരിക ഭൂമികയിലേക്ക് നടത്തിയ പരകായപ്രവേശം. ഞങ്ങളുടെ രണ്ടാമത്തെ മകളായി മാറിയ മകന്റെ ഭാര്യയെന്ന മരുമകൾ ഒരു വായ്ത്താരി പോലെ പറയാതെ പറയുന്ന ഉപദേശമായിരുന്നു അവനവനു വേണ്ടിയും ജീവിക്കണമെന്നത്. മറ്റുള്ളവർക്കു വേണ്ടി മാത്രം ജീവിച്ച നിങ്ങൾ നിങ്ങൾക്കു വേണ്ടിയും ജീവിക്കാൻ മറക്കരുതേ എന്ന മക്കളുടെ (മകൾ, മകൻ, മരുമകൾ എന്നിവരുടെ) വായ്ത്താരി മനസ്സിൽ പെയ്തിറങ്ങിയ പൂനിലാമഴയായി, നിർവൃതിയുടെ ലയ സംഗീത താളമായി ജീവനിൽ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾ. 35 വർഷത്തെ കൂട്ടായ്മയിൽ ഞങ്ങൾക്കു മാത്രമായുള്ള യാത്രയുടെ ആമുഖമായി ഇത്രയും മുന്നുര ചെയ്തെങ്കിൽ മാത്രമെ ഒക്ടോബർ 2-11 വിയറ്റ്നാം-തായ്ലൻഡ് യാത്രയിൽ ഞങ്ങളനുഭവിച്ച ആവേശത്തിന്റെ അൽപ മാത്രയെങ്കിലും വായനക്കാരിലും എത്തുകയുള്ളൂ എന്ന തിരിച്ചറിവാണ് ഈ പ്രവേശികയുടെ അടിസ്ഥാനം. നമുക്കിനി നീങ്ങാം , യാത്രയുടെ കളിത്തട്ടിലേക്ക്.

ഞാനും ഭാര്യ സഫിയയും എന്റെ സഹോദരൻ സിറാജും ഭാര്യ അസറയും കെമിക്കൽ എൻജിനീയറിങ് ബിരുദം പാസ്സായി അടുത്തിടെ കോളജിൽനിന്നിറങ്ങിയ മകൻ ആദിലും കുടുംബ സുഹൃത്തുക്കളായ KSEB ജീവനക്കാരൻ ഗിരി, എയർലൈൻസ് ജീവനക്കാരിയായ ഭാര്യ ഹേമ, അസി. എൻജിനീയർ പ്രമോദ്, ഭാര്യ കൃപ, എട്ടാം ക്ലാസ് വിദ്യാർഥിയായ മകൻ കണ്ണൻ, റിട്ട. KSEB ജീവനക്കാരൻ സാജു മാത്യു, ഭാര്യ ഷേർളി ടീച്ചർ .... ഇത്രയുമാണ് പന്ത്രണ്ടംഗ സംഘാംഗങ്ങൾ. സാജു മാത്യുവും ഷേർളിയും നെടുമ്പാശ്ശേരി -അഹമ്മദബാദ് ഫ്ലൈറ്റിന് ഞങ്ങൾക്കൊപ്പം ടിക്കറ്റ് ശരിയാവാതിരുന്നതിനാൽ ( Late Comers 😀) റെയിൽ മാർഗം രണ്ടു ദിവസം മുമ്പ് തന്നെ അഹമ്മദാബാദിലെത്തി കറക്കം ആരംഭിച്ചിരുന്നു. രാത്രി 11.30നുള്ള ഹാനോയ് ഫ്ലൈറ്റിൽ ഞങ്ങളോടൊപ്പം ഒത്തുചേരാമെന്നാണ് ഉടമ്പടി. ഗിരിയും ഭാര്യ ഹേമയുമാണ് വിയറ്റ്നാം-തായ്ലൻഡ് യാത്രയുടെ മുഖ്യ മേൽനോട്ടക്കാർ.

പാക്കേജ് ടൂറുകാർ ഒന്നരലക്ഷം രൂപ ഈടാക്കുന്നിടത്ത് പരമാവധി ചിലവ് കുറച്ച് 90,000 രൂപയിൽ പത്ത് ദിവസത്തെ മൊത്തം ചെലവുകൾ (വ്യക്തിഗത പർച്ചേർസുകൾ, മാസേജുകൾ, പാരാ ഗ്ലൈഡിങ് etc. ഒഴികെ) ഒതുക്കാമെന്നായിരുന്നു പ്ലാൻ. ആ കണക്കുകൂട്ടലുകൾക്കനുസരിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും അവർ നടത്തുകയും ചെയ്തു. യാത്രയവസാനിച്ച് കണക്കുകൾ പരിശോധിച്ചപ്പോൾ ചെലവ് ഒരു ലക്ഷമായി മാറിയത് ആരെയും അത്‌ഭുതപ്പെടുത്തിയില്ല. പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ഏതാണ്ട് 76 രൂപ നൽകിയാൽ കിട്ടുമായിരുന്ന ഒരു ഡോളറിന് ഞങ്ങൾ യാത്ര തുടങ്ങുമ്പോൾ നൽകേണ്ടി വന്നത് 82 രൂപ 73 പൈസ എന്ന വ(വി)ളർച്ചയിൽ എത്തി നിൽക്കുകയായിരുന്നു.

വിയറ്റ്നാമിലേക്കുള്ള യാത്ര എന്നെ സംബന്ധിച്ചിടത്തോളം യാദൃശ്ചികതകളുടേതു കൂടിയായിരുന്നു. 1978-81 കാലത്തെ വിദ്യാർഥി ഫെഡറേഷൻ പ്രവർത്തന നാളുകളിലാണ് ഹോ ചിമിൻ എന്ന മനുഷ്യൻ എന്റെ മനസ്സിൽ കുടിയേറുന്നത്. അടിയന്തരാവസ്ഥാ നാളുകളിൽ 16 മാസം തടവറയിലടക്കപ്പെട്ട കോടിയേരി സഖാവ്, എം.എ. ബേബിയോടും തോമസ് ഐസക്കിനോടുമൊപ്പം ഫെഡറേഷൻ നേതൃത്വം ഏറ്റെടുത്ത കാലം. വിദ്യാർത്ഥി സംഘടന പ്രവർത്തകർക്ക് റെഡ്സ്റ്റാർ പഠന കോഴ്സ് ആരംഭിച്ച്, ആശയങ്ങളുടെ പടച്ചട്ടകൾ അണിയിക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിയ കാലം. എനിക്കു ലഭിച്ച രണ്ടു ദിവസത്തെ സഹവാസ പഠന ക്ലാസിൽ ഹോ ചിമിൻ എന്ന വിയറ്റ്നാം വിപ്ലവകാരിയെ പരിചയപ്പെടുത്തിയത് കോടിയേരി സഖാവായിരുന്നു.

വടക്കൻ വിയറ്റ്നാം ജനതയുടെ ത്യാഗോജ്ജ്വലമായ ചെറുത്ത് നിൽപ് സംഘടിപ്പിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച് ജനങ്ങളുടെ ഭരണകൂടം സൃഷ്ടിച്ച സമുന്നത നേതാവായിരുന്നു ഹോ ചി മിൻ. 1969 ൽ അദ്ദേഹം മരണമടഞ്ഞെങ്കിലും 1976 ജൂലൈ രണ്ടന് ഇരു വിയറ്റ്നാമും ഒന്നായി മാറി വിയറ്റ്നാം സോഷ്യലിസ്റ്റ് റിപബ്ലിക്കായി. അമേരിക്ക തോറ്റമ്പിയ യുദ്ധമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട യുദ്ധമായിരുന്നു വിയറ്റ്നാം യുദ്ധം. ആർഭാടം ആവശ്യമില്ലെന്നു പറഞ്ഞ്, ഒരു വായനമുറിയും കിടപ്പുമുറിയും മാത്രമുള്ള കൊച്ചു വീട്ടിൽ പ്രധാനമന്ത്രിയും പ്രസിഡന്‍റും ആയപ്പോഴും അവയെല്ലാമുപേക്ഷിച്ച് ജനങ്ങളുടെ ഹോ അമ്മാവനായി ജീവിതം ജീവിച്ചു തീർത്ത ഹോചിമിന്റെ ജീവിത ചിത്രം മനസ്സിൽ കോറിയിട്ട കോടിയേരി സഖാവ് ഈ ലോകത്തോട് വിട പറഞ്ഞ ദിവസമാണ് ഹോ അമ്മാവന്റെ നാട്ടിലേക്ക് ഞാൻ യാത്ര തിരിച്ചത് എന്നതായിരുന്നു യാദൃശ്ചികത ! വിയറ്റ്നാമിലേക്കുള്ള ഫ്ലൈറ്റ് രാത്രി 11.30ന് ആണെന്നതും ഞങ്ങൾ അഹമ്മദബാദിൽ വൈകീട്ട് നാലിന് എത്തിച്ചേർന്നു എന്നതിനാലും, 8.30 വരെയുള്ള നാലു മണിക്കൂർ സമയം അഹമ്മദബാദിൽ കറങ്ങാൻ തീരുമാനമെടുത്തപ്പോഴാണ് മറ്റൊരു യാദൃശ്ചികത ഞങ്ങളെ കാത്തിരുന്നത്.

(തുടരും)

Tags:    
News Summary - Vietnam-Thailand Travel-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT