കംബോച്ചിയയിലെ അത്ഭുതരാജ്യം

ഒരു ഉത്തേരന്ത്യൻ വിമാനത്താവളത്തിലാണോ ഞാനെത്തിയിരിക്കുന്നത്? ചെറിയ ചാറ്റൽ മഴ പെയ്തിറങ്ങിയത് അവിടിവിടെ കാണാം. കാലാവസ്ഥയും സുഖമുള്ളത് പോലെ. സൂര്യൻ അസ്തമയത്തി​െൻറ ഒരുക്കത്തിലാണ്​. വിമാനത്തിൽനിന്ന് ഗോവണി വഴി റാമ്പിലിറങ്ങി മുന്നോട്ട് നടന്നു. കൺമുമ്പിൽ സിയം റീപ്പ് അന്താരാഷ്​ട്ര എയർപോർട്ട്​ എന്ന ബോർഡ് കണ്ടപ്പോഴാണ് എത്തിയിരിക്കുന്നത് കംബോഡിയയിലെ രണ്ടാമത്തെ പ്രധാനപ്പെട്ട വിമാനത്താവളത്തിലാണെന്ന് ഉറപ്പായത്.

ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസയാണ്. വഴിയിൽനിന്ന് കിട്ടിയ വിസ അപേക്ഷ ഫോമും പൂരിപ്പിച്ച്​ വിസ വിഭാഗം ഏരിയയിലേക്ക് നടന്നടുത്തു. മടക്ക ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും വിവരങ്ങളും ഫോമും എമിഗ്രേഷൻ ഉദ്യോഗസ്ഥ​െൻറ കൈയിൽ കൊടുത്ത് കാത്തുനിന്നു. തിരിച്ചും മറിച്ചും എല്ലാം നോക്കിയിട്ട് എന്നോട് ഇംഗ്ലീഷിൽ ഒരു ചോദ്യം, 'how much cash do you have in US dollar?" എന്താണാവോ ഇയാൾ ഇങ്ങനെ ചോദിക്കുന്നതെന്ന് മനസ്സിൽ ഒരു ഇടിവെട്ടി!! 200 ഡോളർ കൈയിലുണ്ടെന്നും മൂന്ന്​ ക്രെഡിറ്റ് കാർഡുകൾ കൂടെയുണ്ടെന്നും ഒറ്റയടിക്ക് തന്നെ മറുപടി പറഞ്ഞു.

സിയാം റീപ്പ് വിമാനത്താവളം

ആ മറുപടി അദ്ദേഹത്തിന് തൃപ്തിയായില്ല. കൈചൂണ്ടി ഒരു എ.ടി.എം കാണിച്ചുതന്നു. 200 ഡോളർ കൂടി എടുത്തുവരാൻ ആവശ്യപ്പെട്ടു. അവിടെ ചെന്നപ്പോൾ ഈ ആവശ്യത്തിന്​ വേണ്ടി മാത്രം എ.ടി.എം സ്​ഥാപിച്ചതാണോ എന്ന് തോന്നിപ്പിക്കുമാറ് വിദേശികളുടെ നീണ്ടനിര. ഡെബിറ്റ് കാർഡിൽനിന്ന് ഡോളർ പിൻവലിച്ച്​ കൗണ്ടറിൽ അതേ ഉദ്യോഗസ്ഥ​െൻറ കൈയിൽ വീണ്ടും എല്ലാ രേഖകളും കൊടുത്തു. പൈസ പിൻവലിച്ചോ എന്നൊരു ചോദ്യം മാത്രം ചോദിച്ച്​ 20 ഡോളർ ഫീസും വാങ്ങി പാസ്‌പോർട്ടിൽ 30 ദിവസത്തേക്ക് ടൂറിസ്​റ്റ്​ വിസ സീൽ ചെയ്തു. എമിഗ്രേഷൻ കൗണ്ടറിൽ ചെന്ന് നടപടി പൂർത്തിയാക്കി പുറത്തിറങ്ങി. അങ്ങനെ ഇന്ത്യൻ സംസ്കാരത്തി​െൻറ അവശേഷിപ്പുകൾ ആഴ്ന്നുകിടക്കുന്ന ചൈന - ഇന്ത്യ നദീ വ്യാപാരപാതയുടെ പ്രധാന ഭാഗവാക്കായ കംബോഡിയൻ മണ്ണിൽ കാലുകുത്തി.

യാതനകൾ ഏറ്റുവാങ്ങിയ കംബോച്ചിയ

കം​േബാച്ചിയ എന്നറിയപ്പെടുന്ന കംബോഡിയയെ പറ്റി ആദ്യം കേൾക്കുമ്പോൾ ഇതൊരു ആഫ്രിക്കൻ രാജ്യമാണോ എന്ന് തോന്നിയിട്ടുണ്ട്. വിയറ്റ്നാമും തായ്‌ലാൻഡും ലാവോസും അതിർത്തി പങ്കിടുന്ന, 'ഭാവിയെ ഭയപ്പെടരുത്, ഭൂതകാലത്തിനായി കരയരുത്​' എന്ന ആപ്തവാക്യം മനസ്സിൽ സൂക്ഷിക്കുന്ന 16 കോടിയലധികം ജനങ്ങൾ താമസിക്കുന്ന, ഒരുപാട് യാതനകൾ ഏറ്റുവാങ്ങിയ കുഞ്ഞു രാജ്യം. ഇന്നവർ ഉയിർത്തെഴുന്നേൽപ്പി​െൻറ പാതയിലാണ്. കൃഷിയും വസ്ത്ര നിർമാണവുമാണ് പ്രധാന തൊഴിൽമേഖല. കൂടെ ടൂറിസത്തെയും അവർ നെഞ്ചോട് ചേർക്കുന്നു.

അറൈവൽ ഹാളിൽ എ​െൻറ പേരെഴുതിയ വെൽക്കം ബോർഡുമായി കംബോഡിയൻ സ്വദേശി ഹൗറീക്​സ കാത്തിരിക്കുന്നുണ്ടായിരുന്നു. അവ​െൻറ പേര്​ ഉച്ചരിക്കാനുള്ള പ്രയാസം കാരണം 'ബ്രോ' എന്ന് മാത്രമേ പിന്നീട് ഞാൻ വിളിച്ചുള്ളൂ. റൂം ഓൺലൈനിലൂടെ ബുക്ക് ചെയ്തപ്പോൾ അവരുടെ സഹായ ഹസ്‌തമാണ് ഫ്രീ പിക്ക് അപ്പ് ഫ്രം എയർപോർട്ട്. അതിനായാണ് ഹൗറീക്​സ ടുക്ടുക്ക് വാഹനവുമായി എത്തിയത്. അവൻ എന്നെ കംബോഡിയയിലേക്ക് സ്വാഗതമോതി ആനയിച്ച്​ വാഹനത്തിലിരുത്തി. സ്കൂട്ടറിന് പിറകിൽ മേൽക്കൂര കെട്ടി നാലുപേർക്ക് സഞ്ചരിക്കാവുന്ന രീതിയിലാക്കിയ വണ്ടിയാണ്​ ടുക്​ടുക്​. സമയം എട്ട്​ മണിയോടടുത്തു. വിജനമായ റോഡിലൂടെ കുത്തിയും കുലുങ്ങിയും നേരെ ഹോട്ടലിലേക്കാണ് പോയത്.

ഹൗറീക്​സയും ടുക്​ടുക്​ വാഹനവും

തനി നാട്ടിൻപുറത്ത് കൂടി തന്നെയാണ്‌ യാത്ര. രാത്രിയായതിനാൽ ദൃശ്യങ്ങൾക്ക്​ തെളിച്ചം കുറവ്​​. 'ബ്രോ' ആണെങ്കിൽ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അവൻ ഒരു സംസാരപ്രിയനും സർവോപരി നിഷ്​കളങ്കനുമായാണ്​ തോന്നിയത്​. നാളെത്തേക്കുള്ള പാക്കേജ് വിവരങ്ങൾ കൂടി പറഞ്ഞുകൊണ്ട് താനൊരു ഗൈഡ് കൂടിയാണെന്ന് അവൻ ഒാർമിപ്പിക്കുന്നു.

അവ​െൻറ സംസാരത്തിനിടയിൽ കില്ലിങ്ങ് ഫീൽഡ്‌സി​െൻറ വിവരണങ്ങളിൽ എ​െൻറ ശ്രദ്ധ പതിഞ്ഞു. ഖേമെർ ഭരണ കാലത്ത്​ ജനതയുടെ വലിയൊരു വിഭാഗത്തെ തിരഞ്ഞുപിടിച്ച്​ യമപുരിയിലേക്ക് അയച്ചസ്ഥലം! മനുഷ്യരെ കൊല്ലാനുപയോഗിച്ച ആയുധങ്ങളും തലയോട്ടികളും മനുഷ്യ​െൻറ അവയവ അസ്ഥികളുമടക്കം ചില്ലിട്ടുസൂക്ഷിക്കുന്ന പ്രദേശം!! കേട്ടപ്പോൾ തന്നെ ഉൾഭയം തോന്നി. എന്തിന് ആഘോഷിക്കാൻ വന്ന ഞാൻ വെറുതെ സങ്കടച്ചരടുകളിലേക്ക് പോകണം? തൽക്കാലം പിന്നീട് അറിയിക്കാമെന്ന് അവനോട് പറഞ്ഞു ഹോട്ടലിലെത്തി ചെക്ക് ഇൻ ചെയ്തു.അടിപൊളി ഹോട്ടൽ. ആറ്​ ഡോളറിന്​ സ്വിമ്മിങ് പൂൾ, പ്രാതൽ ഉൾപ്പെടെ കംബോഡിയൻ ആതിഥ്യ സ്നേഹങ്ങൾ. രാത്രി എന്തെങ്കിലും ആകർഷണങ്ങൾ ഉണ്ടോയെന്ന ചോദ്യത്തിന്​ മറുപടിയായി തൊട്ടടുത്ത് തന്നെ പബ്​സ്​ട്രീറ്റ് ഉണ്ടല്ലോ എന്ന ഉത്തരമാണ് കിട്ടിയത്.

ഭോജനശാലകളാണ് ഇവിടത്തെ 'മെയിൻ'

വേഗം ഫ്രഷായി പബ്​സ്​ട്രീറ്റ് ലക്ഷ്യമാക്കി നടന്നു. വഴിയിൽ കണ്ട ടൂർ ഏജൻസിയിൽ കയറി വിവിധ കാഴ്​ചകളെപ്പറ്റി ആരാഞ്ഞു. ഇവിടെ വന്നിട്ട് സൂര്യോദയമോ അസ്തമയമോ കാണാതെ പോകരുതെന്ന് ഏജൻസിക്കാരൻ പറഞ്ഞപ്പോൾ തെല്ലൊന്ന് അമ്പരപ്പെട്ടു. എന്നാൽ, സൂര്യോദയം തന്നെ ആകട്ടെയെന്ന് ഉറപ്പിച്ചു. 4.30നുള്ള സൂര്യോദയ യാത്ര 10 ഡോളറിന്​ ഉറപ്പിച്ചു പബ്​സ്​ട്രീറ്റിലേക്ക്​ നടത്തം തുടർന്നു.

ദൂരെനിന്ന് തന്നെ കാതടപ്പിക്കുന്ന സംഗീത ആരവങ്ങൾ കേൾക്കാം. മറ്റു കിഴക്കനേഷ്യൻ രാജ്യങ്ങളിൽ കാണുന്ന വാക്കിങ് സ്ട്രീറ്റി​െൻറ കംബോഡിയൻ പതിപ്പ് എന്ന് പബ്​സ്​ട്രീറ്റിനെ വിശേഷിപ്പിക്കാം. നിരവധി മസ്സാജ് സെൻററുകളും വഴിയോര കച്ചവടക്കാരും സുവനീർ കടകളും നടുറോഡിൽ പാമ്പ്-തേൾ തുടങ്ങി ഇഴജന്തുക്കളെ പൊരിച്ചുവിൽക്കുന്ന കുട്ടികളും നിറഞ്ഞ തെരുവ്​. ഈ സ്ട്രീറ്റിൽ ലഭിക്കാത്ത ഒന്നും തന്നെയില്ല എന്ന് വേണേൽ പറയാം. ഭോജനശാലകളാണ് ഇവിടത്തെ 'മെയിൻ'.

പബ്​ സ്​ട്രീറ്റ്​

അതിലെ പ്രധാന ഭക്ഷണങ്ങളിൽ ഒന്ന് മുതല ഇറച്ചിയാണ്. എല്ലാ വഴിയോര കച്ചവടക്കാരുടെ കൈവശവും മുതല ഇറച്ചി കിട്ടും. ഫ്രൈ ചെയ്തും അല്ലാതെയും മുതലകളെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ചെറിയ മത്സ്യങ്ങൾകൊണ്ടുള്ള പാദ മസാജും ഇടക്ക്​ കാണാം. ആഹാര പാനീയ സാധനങ്ങൾക്കൊക്കെ വളരെ തുച്ഛമായ വിലയേയുള്ളൂ. കല്ലിൽ ചുട്ടെടുക്കുന്ന പൊരിച്ച ഐസ്ക്രീമും ഇവിടത്തെ സ്പെഷൽ ​െഎറ്റം തന്നെ.

നാല്‌ വശത്തേക്കും നടന്ന് നേരം പോയതറിഞ്ഞില്ല. അതിനടിയിൽ ഒരു പണവിനിമയ സ്ഥാപനത്തിൽ കയറി കംബോഡിയൻ കറൻസിയായ റീമും (ഒരു ഡോളറിനു അയ്യാരിത്തോളം റീം കിട്ടും) വാങ്ങിച്ചിരുന്നു. പക്ഷെ, എല്ലാവരും ഡോളർ ആവശ്യപ്പെടുന്നതാണ് കണ്ടത്. തിരിച്ച്​ റൂമിലേക്ക് നടക്കുന്നതിനിടയിൽ വഴിയോരത്തെ വസ്ത്രക്കടയിൽ കയറി. മുസ്​ലിം സ്ത്രീയാണ് വിൽപ്പനക്കാരി. ഷോപ്പുകളിലും മറ്റും സ്ത്രീകൾ തന്നെയാണ്‌ നടത്തിപ്പുകാർ കൂടുതലും. ഇവിടെയുള്ള ആണുങ്ങൾ എല്ലാം എവിടെ പോയോ ആവോ? കടയിൽ കയറി വിലപേശി ഒന്ന് രണ്ട് ടീഷർട്ടും വാങ്ങി തിരിച്ച്​ റൂമിലേക്ക് മടങ്ങി.

ഇതാണ്​ സൂര്യോദയം

പിറ്റേന്ന് നാല്​ മണിക്ക് തന്നെ ചാടിയെണീറ്റു. റിസെപ്​ഷനിൽ പാക്കേജ് വാഹനത്തെയും കാത്തിരിപ്പായി. കുറച്ചുസമയങ്ങൾക്ക് ശേഷം മറ്റു ഏഴുപേരെയും വഹിച്ചുവന്ന വലിയ വാൻ ഹോട്ടലിന്​ മുമ്പിൽ പ്രത്യക്ഷ്യപ്പെട്ടു. അകത്തകുയറി നോക്കു​േമ്പാൾ എല്ലാവരും പാതി ഉറക്കത്തിൽ. ഇസ്രായേൽ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് അതിൽ. അങ്ങനെ സൂരോദ്യായം തേടിയുള്ള യാത്ര തുടങ്ങി. വഴിയിലിറങ്ങി ടിക്കറ്റ് കൗണ്ടറിൽനിന്ന് 30 റീം കൊടുത്ത് ഒരു മുഴുദിന ടിക്കറ്റുമെടുത്ത് വീണ്ടും യാത്ര. കുറച്ചുദൂരം കൂടി പിന്നിട്ട്​ ലോകത്തെ എട്ടാമത്തെ അത്ഭുതം എന്നറിയപ്പെടുന്ന ആങ്കോർ വാട്ട് ക്ഷേത്ര സമുച്​ഛയത്തിനെടുത്തെത്തി.

ആങ്കോർ വാട്ടിലേക്കുള്ള മരപ്പാലം കൊണ്ടുള്ള നടപ്പാത

ജനസഞ്ചയത്തി​െൻറ ഒഴുക്കാണ് ആദ്യമേ കണ്ടത്. അവരുടെ കൂടെ ഒരു തടാകത്തിലെ മരപ്പാലവും കടന്ന് നടന്നുനീങ്ങി. ദൂരെനിന്ന് തന്നെ തലയെടുപ്പോടെ ക്ഷേത്രത്തി​െൻറ താഴികക്കുടങ്ങൾ കാണാം. അതെ! ആ വിസ്മയത്തി​െൻറ മുമ്പിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. ആ ഒഴുകിയ ജനസഹസ്രം ചെറിയ തടാകത്തി​െൻറ മുമ്പിൽ അവനവ​െൻറ കാമറ സന്നാഹങ്ങളുമായി സൂര്യനെ കാത്തിരിക്കുന്നു. എന്തിനാണ് എല്ലാവരും ഇങ്ങനെ അക്ഷമരായി കാത്തിരിക്കുന്നതെന്ന ചോദ്യത്തിനുത്തരം കൃത്യം 5:54 ആയപ്പോൾ എനിക്ക്‌ കിട്ടി.

അതുവരെ കലപില കൂട്ടിയിരുന്നവർ പൊടുന്നെനെ നിശ്ശബ്​ദരായി. എല്ലാവരും കിഴക്കോട്ട് മാത്രം നോക്കിയിരിക്കുന്നു. അതാ സൂര്യൻ ഉദയം ചെയ്തുവരുന്നു. ആ ഉദയ സൂര്യൻ മഞ്ഞയായും ചുവപ്പായും മാറിമറിഞ്ഞു പലപല വർണ്ണങ്ങളായി ആനന്ദലബ്​ധിയിലേക്കെത്തിക്കുന്നു. മുമ്പിലെ ജലാശയത്തിൽ ആ ക്ഷേത്രത്തി​െൻറ മനോഹാരിത പ്രതിബിംബനം കൊള്ളുന്നു!

ജനസഹസ്രം തടാകത്തി​ന്‍റെ മുമ്പിൽ സൂര്യോദയത്തിനായി കാത്തിരിക്കുന്നു

ചുറ്റും കാമറ ക്ലിക്കുകളുടെ ശബ്​ദങ്ങൾ മാത്രം!! വെറുതെയല്ല ടൂർ ഏജൻസിയിൽനിന്ന് തലേദിവസം ഈ കാര്യത്തെ പറ്റി പറഞ്ഞതെന്ന് ഓർമിച്ചെടുത്തു. കംബോഡിയയിൽ സന്ദർശകരായെത്തുന്ന 60 ശതമാനത്തോളം ടൂറിസ്റ്റുകളും ഇവിടെ എത്തുന്നുണ്ടെന്ന് ഗൈഡ് പറഞ്ഞപ്പോഴാണ് ഇതി​െൻറ പ്രാധാന്യം മനസ്സിലായത്.

ആങ്കോർ വാട്ട് അതിന്‍റെ പൂർണ്ണ സൗന്ദര്യത്തിൽ 

കാടിനടിയിൽ ഒളിച്ച വിസ്​മയം

12ാം നൂറ്റാണ്ടിൽ ഖെമർ രാജവംശത്തിലെ സൂര്യവർമ്മൻ രണ്ടാമൻ വിഷ്ണു ക്ഷേത്രമായി നിർമിച്ച ലോകത്തിലെ തന്നെ വലിയ ക്ഷേത്ര സമുച്ചയം ആറ്​ നൂറ്റാണ്ടുകളോളം കൊടും കാടിനടിയിൽ വിസ്മൃതിയാലാണ്ട്​ കിടക്കുകയായിരുന്നു. 1860ൽ ഫ്രഞ്ച് ഗവേഷകനായ ഹെൻറിയാണ് ഈ വലിയ സാമ്രാജ്യത്തി​െൻറ തലസ്ഥാനം കണ്ടെത്തുന്നത്. നാല് ചെറുതും ഒരു വലുതുമായ അഞ്ച് മകുടങ്ങൾ ചേർന്ന 699 അടി ഉയരമുള്ള ആ മഹാനിർമിതിയുടെ ഓരോ തൂണുകളും ചുമരുകളും കൊത്തുപണികളാൽ അലംകൃതമാണ്. എല്ലാ ഹിന്ദു ക്ഷേത്രങ്ങളെയുംപൊലെ കിഴക്കോട്ടക്കല്ല ഇതി​െൻറ മുൻവശം. ഇൗ ക്ഷേത്രം പിന്നീട്​ ഒരു ബുദ്ധ ദേവാലയമായി പരിണമിച്ചതായി ചരിത്രം പറയുന്നു.

കൽപ്പടവുകൾ കയറി അകത്തേക്കെത്തി. നടുമുറ്റവും അതിന്​ നടുവിലായി പ്രതിഷ്ഠ സ്ഥാനവുമുണ്ട്​. ചുമരുകളും തൂണുകളും സസൂക്ഷ്മമായി നോക്കിയാൽ ഒരു ഇന്ത്യൻ ഇതിഹാസ പരമ്പര തന്നെ രചിക്കേണ്ടി വരും. ക്ഷേത്രനിർമിതി ഇന്ത്യൻ പാരമ്പര്യ രീതിയിലാണ് നിർമിക്കപ്പെട്ടതെന്ന് ഇന്ത്യക്കാരനായ എന്നെ നോക്കി ഗൈഡ് അവതരിച്ചപ്പോൾ തെല്ലൊന്ന് അഭിമാനം കൊണ്ടു.

ആങ്കോർ വാട്ടിലേക്കുള്ള രാജവീഥി 

ശ്രീ ബുദ്ധ​െൻറ വലിയ പ്രതിമകളും മറ്റുമാണ് ഇപ്പോൾ ഇവിടെ പൂജിക്കുന്നത്. വിദേശികൾക്ക് മന്ത്രം ചൊല്ലി കൈയിൽ ചരട് കെട്ടിക്കൊടുക്കുന്ന ബുദ്ധസന്ന്യാസികളെയും കാണാൻ കഴിഞ്ഞു. മുകളിലെ നിലയിലേക്ക് കയറി. വിശാലമായ മുറികളും നീണ്ട ഇടനാഴികളും അവിടെയുണ്ട്​. 900 വർഷങ്ങൾക്ക് മുമ്പ് എങ്ങനെ ഇതി​െൻറ നിർമാണം നടന്നുവെന്ന്​ ഞാൻ അദ്​ഭുതം കൂറി ഇരിക്കുയായിരുന്നു.

വിദേശികൾക്ക് ബുദ്ധ സന്യാസികൾ മന്ത്രം ചൊല്ലി ജപച്ചരട് കെട്ടുന്നു

കൂടെ വന്ന എല്ലാവരും മടങ്ങിയതോടെ എതിർവശത്ത് കൂടി തിരിച്ചിറങ്ങി. 1992ൽ യുനെസ്‌കോ ഈ ക്ഷേത്രത്തെ ലോക പൈതൃക പട്ടികയിൽപെടുത്തിയിട്ടുണ്ട്. 200 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ആ പുരാതന നഗരത്തി​െൻറ തുടക്കം അവിടെനിന്ന് തുടങ്ങുകയാണ്.

ആങ്കോർ വാട്ടിന് മുമ്പിൽ ലേഖകൻ

പോകുന്ന വഴികളിലെല്ലാം തകർന്ന് കിടക്കുന്ന അവശിഷ്​ടങ്ങളും പാലാഴി തീർത്ത പാലങ്ങളും കാണാം. അടുത്തതായി വാൻ നിർത്തിയത് 12ാം നൂറ്റാണ്ടിൽ തന്നെ ജയവർമ്മൻ ഏഴാമൻ നിർമിച്ച ബയോൺ ക്ഷേത്രത്തി​െൻറ തിരുമുറ്റത്താണ്.

ക്ഷേത്രത്തിനകത്തെ നടുമുറ്റം

മനുഷ്യതലയുടെ രൂപത്തിലുള്ള ടവറുകളാണ് ആദ്യം കാണാൻ കഴിഞ്ഞത്. മുമ്പ് ഭരിച്ച രാജാക്കന്മാരുടെ മുഖ സാദൃശ്യങ്ങളിലാണ് ഇവയുള്ളതെന്ന്​ ഗൈഡ് പറയുന്നുണ്ടായിരുന്നു. മിക്കതും കണ്ണടച്ചു സമാധാനം പുൽകി നിൽക്കുന്ന പ്രതിമകൾ. അതിനകത്തും ബുദ്ധപ്രതിഷ്ഠയെ കാണാൻ കഴിഞ്ഞു.

ബയേൺ ക്ഷേത്രത്തിലെ ജയവർമ്മൻ ചുമർ പ്രതിമ 

സിമൻറ്​ കൂട്ടുകളും മറ്റും ചേർക്കാതെ വെറും കല്ലുകൾ അടുക്കിവെച്ചാണ് നിർമിതിയെന്നുള്ളത് അത്യത്ഭുതവുളവാക്കുന്നതാണ്. നാല്‌ ഗോപുര വാതിലുകളും ഒരു വലിയ ഗോപുരവും ഇരുനൂറിലധികം മുഖരൂപങ്ങളുള്ള കെട്ടിടങ്ങളും ഉൾപ്പെട്ടതാണ് ഈ ക്ഷേത്ര സമുച്​ഛയം.

ചുമരുകളിൽ കാണുന്ന ഇതിഹാസ കഥാ ചിത്രങ്ങൾ 

'ഹോളിവുഡ്'​ ക്ഷേത്രം

ശേഷം എത്തിപ്പെട്ടത് പ്രശസ്ത ഹോളിവുഡ് ചിത്രമായ ലാറ ക്രോഫ്റ് - ടോംബ് റൈഡർ എന്ന ചിത്രം പ്രശസ്തമാക്കിയ ത പ്രോം (Ta prohm) എന്ന ക്ഷേത്ര കെട്ടിടത്തിലേക്കാണ്. ഭീമാകാരമായ മരങ്ങളും അതിലുപരി കെട്ടിടങ്ങളിലേക്ക് വന വന്യതയും കൂടിച്ചേർന്ന്‌ ഒരു പ്ര​േത്യക സൗന്ദര്യം തന്നെയുണ്ടായിരുന്നു കാണാൻ.

താ പ്രോം ക്ഷേത്രത്തിലെ മതിലുകളിൽ പടർന്ന വൃക്ഷങ്ങൾ 

മിക്ക ചുമരുകളിലും വൃക്ഷങ്ങളുടെ വേരുകളും ചില്ലകളും കെട്ടിപ്പിണഞ്ഞ്​ കിടപ്പുണ്ട്​. ചില മതിലുകൾ തകർന്ന്​ തുടങ്ങിയിരിക്കുന്നു​. ഇൗ ക്ഷേത്രങ്ങൾ കണ്ടെടുക്കാനും പുനരുദ്ധാരണത്തിനും ഇന്ത്യൻ ഭരണകൂടം സഹായം നൽകി എന്നതിന് തെളിവായി എല്ലായിടത്തും ഇന്ത്യൻ ആർക്കിയാളജി ഡിപ്പാർട്ട്മെൻറി​െൻറ ഓഫിസും ബോർഡും കാണാം. ഇവ മനസ്സിന്​ വീണ്ടും വീണ്ടും ആനന്ദം നൽകിക്കൊണ്ടിരുന്നു.

വഴിയരികിൽ കണ്ട ക്ഷേത്രങ്ങൾ

വഴിയിൽ കെട്ടിയുണ്ടാക്കിയ ഹോട്ടലിൽ നിന്നും റൈസും വെജിറ്റബിള്‍ സാലഡും കഴിച്ച്​ വീണ്ടും യാത്ര തന്നെ. വിക്ടറി ഗേറ്റ് എന്നറിയപ്പെടുന്ന കവാടത്തിലൂടെ കടന്ന്, ആൾരൂപങ്ങൾ കൈയിലേന്തി നിൽക്കുന്ന ബാരിക്കേഡ് തീർത്ത പാലത്തി​െൻറ എതിർവശത്ത് നിന്ന് കാഴ്​ചകൾ കണ്ട്​ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ഇനിയും ഒരുപാട് ക്ഷേത്രങ്ങളും മറ്റും കാണാനുണ്ട്. ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാവുന്നതല്ല അതൊന്നും.

ജൂലൈ മാസമായതിനാൽ ഉഷ്ണം അതി​െൻറ പാരമ്യതയിലെത്തി ക്ഷീണം ഒരു വശത്ത് അനുഭവപ്പെടുന്നു. പ്രധാനപ്പെട്ട 37 ക്ഷേത്രങ്ങൾ കാണാനുള്ളത് കൊണ്ടാണ് 37 ഡോളർ തന്നെ പ്രവേശനടിക്കറ്റിന് ഈടാക്കിയതെന്ന് ഗൈഡ് പറഞ്ഞറിഞ്ഞു. ഉച്ചയോടടുത്തു പൗരാണികതയിൽ നിന്നും തിരിച്ചുനടന്നു. പാക്കേജും അവസാനിപ്പിച്ച്​ പബ് സ്ട്രീറ്റിനോട് ചേർന്ന്‌ ഞാനിറങ്ങി.

ആങ്കോർ വാട്ടിന്‍റെ പിറക് വശം

തലേന്ന് കണ്ട വസ്ത്ര വ്യാപാര കടയുടെ മുമ്പിലാണ് ഇറങ്ങിയത്. അതിനകത്തേക്ക് കയറിച്ചെന്നു. അതേസ്‌ത്രീ തന്നെയാണ്‌ അവിടെയുള്ളത്​. വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അവിടെ ജീവിക്കുന്ന മത വിഭാഗങ്ങളെപറ്റി ചോദിച്ചറിഞ്ഞു. ബുദ്ധമത വിശ്വാസികളാണ്​ കൂടുതലെങ്കിലും ഇസ്​ലാം, ക്രിസ്ത്യൻ മതവിഭാഗങ്ങളും ഇടകലർന്നാണ് ജീവിക്കുന്നത്. ഇതിനടുത്ത് തന്നെ മുസ്​ലിം തെരുവ് ഉണ്ടെന്ന് പറഞ്ഞപ്പോൾ അവിടെ ഒന്ന് സന്ദർശിക്കാനാഗ്രഹം തോന്നി. അവരോട് അതിനെ പറ്റി അവതരിപ്പിച്ചപ്പോൾ അതിനെന്താ, ഞാൻ കൊണ്ടുവിടാമെന്ന് പറഞ്ഞു അവരുടെ സ്‌കൂട്ടറുമെടുത്ത് അവിടേക്ക് യാത്രയായി.

ഒരു മസ്ജിദി​െൻറ അടുത്ത് എന്നെ ഇറക്കിവിട്ട് അവർ കടയിലേക്ക് തിരിച്ചുപോയി. വെള്ളിയാഴ്ചയാണ്​. പ്രാർത്ഥനയുടെ സമയം ആയിട്ടുണ്ട്​. പലദിക്കിൽ നിന്നും ആളുകൾ ആ പള്ളിയിൽ എത്തിയിരുന്നു. നമസ്​കാരവും കഴിഞ്ഞു ഒന്ന് രണ്ടു സ്വദേശികളെയും പരിചയപ്പെട്ട്​ പുറത്തിറങ്ങി. തെരുവ് സജീവമായി തുടങ്ങിയിരിക്കുന്നു. ഭക്ഷണ കടകളാണ്​ കൂടുതലും​. സ്വന്തം വീടിനോട് ചേർന്നാണ് മിക്ക കടകളും.

സിയാം റീപ്പിലെ മസ്ജിദ് 

ആദ്യം കണ്ട റെസ്​റ്റോറൻറിൽ തന്നെ കയറി. വീടി​െൻറ ഒരു തുറസ്സായ മുറി ഭക്ഷണ ശാലയാക്കി മാറ്റിയതാണ്​. സ്ത്രീകളാണ് പാചകക്കാരും വിതരണം ചെയ്യുന്നവരും. 'ചിക്കൻ ലുക്കാക്ക്' എന്നൊരു വിഭവമാണ്​ ഒാർഡർ ചെയ്​തത്​. പേര്​ പോലെ നല്ല ലുക്കും രുചിയുമുണ്ടായിരുന്നു. അതും കഴിച്ച്​ നേരെ ഹോട്ടലിലേക്ക് നടന്നുനീങ്ങി. എന്താണ് അടുത്ത പ്ലാൻ എന്നൊരു തീരുമാനം ഇല്ലായിരുന്നു. അടുത്ത നഗരമായ നോംഫെനിലേക്ക് ഇന്ന് തന്നെ പോണോ? അതോ സിയാംറീപ്പിലെ കാഴ്ചകളിൽ മുഴുകണോ? ഹോട്ടലിലെ റിസപ്​ഷനിസ്റ്റിനോട് ഇക്കാര്യം ആരാഞ്ഞു. അവൻ രണ്ടാമത്തെ പ്ലാൻ തിരഞ്ഞെടുക്കാനാണ് പറഞ്ഞത്.

അങ്ങനെ തന്നെ ആയിക്കോട്ടെയെന്ന് കരുതി റൂം ആവശ്യപ്പെട്ടു. വെറും അഞ്ച്​ ഡോളറിന്​ അതേ മുറി തന്നെ അനുവദിച്ചു. ഒന്ന് ഫ്രഷായി ഇരിക്കുമ്പോൾ നമ്മുടെ ഹൗറീക്​സ ബ്രോയുടെ ഒരു മെസ്സേജ്, 'എവിടെയെങ്കിലും പോകണമെങ്കിൽ ഞാൻ ടുക്ടുക്മായി വരാം'. ഞാൻ റെഡിയാണെന്ന്​ പറഞ്ഞു. അവൻ അരമണിക്കൂറിനകം എത്തി. 'ഫ്ലോട്ടിങ് വില്ലേജ് കാണാൻ പോയാലോ?' -അവൻ ചോദിച്ചു. കംബോഡിയയിലെ ഗ്രാമീണ ഊടുവഴികളിലൂടെ ഒരു റൈഡും തരപ്പെടുമല്ലോ എന്ന് കരുതി സമ്മതം മൂളി.

വയലിൽ കണ്ട തൂണുകളിന്മേലുള്ള വീടുകൾ  

പട്ടണവും പിന്നിട്ട് വയലുകൾക്കിടലൂടെയാണ്​ പാത കടന്നുപോകുന്നത്​. തനി ഗ്രാമീണ ജീവിതങ്ങൾ കൺമുന്നിൽ നിറയുന്നു. നെൽ കൃഷിയാണ് കൂടുതലും. ആ വയലുകൾക്കിടയിൽ, തൂണുകളിൽ താങ്ങിനിർത്തിയുള്ള വീടുകൾ കാണാൻ പ്രത്യേക ചന്തം തോന്നി. തീർത്തും അവികസിതമായ പാതകൾ...! ചുറ്റും ചതുപ്പ്​ നിലങ്ങളും കാണാം. അവസാനം കൊമ്പൊങ് കെലെങ് എന്ന പേരുള്ള ​േഫ്ലാട്ടിങ് വില്ലേജി​െൻറ ടിക്കറ്റ് കവാടത്തിലെത്തി. 20 ഡോളർ ആണ് ബോട്ടുൾപ്പെടെ പ്രവേശന ഫീ. കണ്ടിറങ്ങിയ ഒരു കുടുംബത്തോട് അഭിപ്രായം ആരാഞ്ഞു. നല്ല പ്രതികരണം അല്ല കിട്ടിയത്.

തടാകത്തിൽ വെള്ളം കുറവാണെന്നും മനോഹരമായ കാഴ്ചകൾ ഒന്നും ലഭ്യമായില്ലെന്നും കേട്ടപ്പോൾ മുന്നോട്ടുവെച്ച കാല് പിന്നോട്ടാഞ്ഞു. പരിപാടി റദ്ദാക്കി തിരികെ ടുക്​ടുകിൽ കയറി. ചെറിയ മഴയും തുടങ്ങി. ഡ്രൈവർ സീറ്റിൽനിന്ന് ഇറങ്ങിവന്ന്​ ഹൗറീക്​സ വാഹനത്തെ മഴയാവരണം കൊണ്ട് പൊതിഞ്ഞു. നേരം ഇരുട്ടുകയാണ്​. പോകുന്ന വഴിയിൽ അവ​െൻറ കൂടെ തട്ടുകടയിൽനിന്ന് പ്രസിദ്ധമായ കംബോഡിയൻ കോഫിയും കുടിച്ച്​ ഹോട്ടലിലേക്ക് വിട്ടു. ഇനി ഒന്നുറങ്ങണം. അതിരാവിലെ കംബോഡിയൻ തലസ്ഥാനമായ നോംഫെനിലേക്ക് പോകാനുള്ളതാണ്​. ക്ഷേത്ര നഗരിയിലെ അത്ഭുത കാഴ്ചകൾ സമ്മാനിച്ച സന്തോഷത്തോടെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

(തുടരും)

Tags:    
News Summary - The Wonderland of Cambodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.