അഗുംബെയിലെ മഴക്കാലം

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഏറെക്കുറെ ഒന്ന് അടങ്ങിയപ്പോൾ പ്രകൃതിയിലേക്ക് ഇറങ്ങാൻ മനസ്സ് അതിയായി ആഗ്രഹിച്ചു. തെക്കു പടിഞ്ഞാറൻ മൺസൂൺ കാലം അവസാനിക്കും മു​േമ്പ മഴ ആസ്വദിച്ച് പ്രകൃതിയിലേക്ക്​ അലിഞ്ഞൊരു യാത്ര പോകണം. കേരളത്തിലെ മലയോര പ്രദേശങ്ങളെ തൽക്കാലം മാറ്റിനിർത്തി കർണാടകയിലെയും മഹാരാഷ്​ട്രയിലെയും മൺസൂൺ കാലത്തെ വരവേൽക്കാൻ തന്നെ തീരുമാനിച്ചു. രണ്ടു വർഷം മുന്നേയുള്ള പ്ലാനിങ് ആയിരുന്നുവെങ്കിലും കൊറോണ അതിനെയൊക്കെ തകിടംമറിച്ചു. ഇനിയും കാത്തുനിൽക്കാൻ ആവില്ല എന്നു തോന്നിത്തുടങ്ങിയപ്പോൾ ജൂലൈ അവസാനം തന്നെ കർണാടകയിലേക്കുള്ള യാത്ര ആരംഭിച്ചു.

എറണാകുളത്തുനിന്നും ഓഖ എക്സ്പ്രസിൽ കയറി ഉഡുപ്പി സ്റ്റേഷനിൽ പുലർച്ചെ വന്നിറങ്ങി. ആദ്യത്തെ യാത്ര അഗുംബെയിലെ മഴക്കാടുകളിൽനിന്നും തുടങ്ങണം എന്നാണ്​ ലക്ഷ്യം. കാരണം എത്ര പോയാലും മതിവരാത്ത സൗത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട സഞ്ചാരകേന്ദ്രമാണ്​ അഗുംബെ. ഉഡുപ്പി ബസ്​സ്റ്റാൻഡിൽനിന്നും 7.30ന്‍റെ ഷിമോഗ ബസിൽ അഗുംബെയിലേക്ക് യാത്ര തിരിച്ചു.

ഓർമകളിലെ മാൽഗുഡി ഡേയ്‌സ്​

അഗുംബെ എന്നു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക്​ ഓടി വരുന്നത് പഴയ ടി.വി സീരിയലായ മാൽഗുഡി ഡേയ്‌സാണ്. അതിന്‍റെ ഭൂരിഭാഗം ഷൂട്ടിങ്ങും ഇവിടെയാണ്​ ചിത്രീകരിച്ചത്. നിർത്താതെ പെയ്യുന്ന നൂൽ മഴയും മഴക്കാടുകളും രാജവെമ്പാലകളും കസ്തൂരി അക്കയുടെ ദൊട്ട് മനയുമൊക്കെ അഗുംബെയെ വേറിട്ടുനിർത്തുന്നു. സമുദ്ര നിരപ്പിൽനിന്ന് 826 മീറ്റർ അടി ഉയരത്തിലുള്ള ഇവിടെ 7640 മില്ലി ലിറ്റർ മഴ ലഭിക്കുന്നതു കൊണ്ടാകാം അഗുംബെയെ സൗത്ത് ഇന്ത്യയുടെ ചിറാപുഞ്ചി എന്നു വിളിക്കുന്നത്.


മഴ പെയ്യുമ്പോൾ കുടയുടെ കീഴിൽ അഭയം തേടുന്ന നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും മഴ കൊള്ളണമെന്ന്​ ആഗ്രഹിക്കുന്നുവെങ്കിലും അഗുംബെയിലേക്ക്​ വണ്ടി കയറാം. എല്ലാം മറന്നു മഴയോട് ഒപ്പം ഇവിടെ ഇഴകിചേരാം. അതിനു പറ്റിയ സ്ഥലമാണ് അഗുംബെ. കർണാടകയിലെ ഷിമോഗ ജില്ലയിൽ പെട്ട തീർത്തഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലകൾ അധിവസിക്കുന്ന നിബിഡ വനം.

ഉഡുപ്പിയിൽനിന്ന് ഏകദേശം 55 കിലോമീറ്റർ പിന്നിട്ടു 13 ഹെയർപിൻ വളവുകൾ താണ്ടി ഒരു വണ്ടിക്കു മാത്രം കടന്നുപോകാൻ മാത്രം വീതിയുള്ള ചെറിയ റോഡിലൂടെ മഞ്ഞുകണങ്ങൾ കീറിമുറിച്ചു മുന്നേറുന്ന ബസിൽനിന്ന്​ പുറത്തേക്കു നോക്കിയാൽ കാണുന്ന കാഴ്ചകൾ ഒരേസമയം സന്തോഷവും അതുപോലെ തന്നെ ഭീതിയും സൃഷ്​ടിക്കും. കാരണം അത്രയും ആഴമുള്ള കൊക്കയുടെ അരികിലൂടെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ബസ് പോകുമ്പോൾ അൽപ്പം പേടി തോന്നും.


ഉഡുപ്പിയിൽനിന്നും മംഗലപുരത്തുനിന്നും ഓരോ അരമണിക്കൂർ ഇടവിട്ട് ബസ് സർവിസുണ്ട്‌ അഗുംബെയിലേക്ക്​. ഉഡുപ്പിയിൽനിന്ന് പോകാനാണ് കൂടുതൽ എളുപ്പം. ഒന്നര മണിക്കൂർ കൊണ്ടു എത്തിച്ചേരാൻ കഴിയും. ഉഡുപ്പി ബസ് സ്റ്റാൻഡിൽനിന്ന് ഷിമോഗ പോകുന്ന ബസിൽ കയറി 65 രൂപ ടിക്കറ്റ് എടുത്താൽ അഗുംബെ സ്റ്റാൻഡിൽ എത്തിച്ചേരാം. സ്റ്റാൻഡിൽ ഇറങ്ങി പിന്നിലേക്ക് നോക്കുമ്പോൾ തന്നെ മല്ലയ്യായുടെ മല്ലിയാസ് ഹോട്ടൽ കാണാം. അവിടെ ഡബിൾ റൂം മുതൽ ഡോർമെറ്ററി വരെയുള്ള സൗകര്യമുണ്ട്‌. പോരെങ്കിൽ അവരുടെ വണ്ടിയിൽ തന്നെ അഗുംബെയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൊണ്ടുപോകും. ഭക്ഷണവും അവരുടെ വക തന്നെ. പക്ഷെ, ഒരു ടീം ആയി പോകണം. എന്നാൽ മാത്രമേ ഭക്ഷണം അവർ തയാറാക്കി തരികയുള്ളൂ.

അഗുംബെ സ്റ്റാൻഡിൽ ഇറങ്ങിയ ഉടനെ മല്ലയ്യായുടെ ഹോട്ടലിലേക്കു ഒരൊറ്റ ഓട്ടമായിരുന്നു. മഴ ഞാൻ നനഞ്ഞാലും എന്‍റെ ബാഗ് അധികം നനയാൻ പാടില്ല. അതാണ് ഓട്ടത്തിന് പിന്നിലെ രഹസ്യം. റിസപ്ഷനിൽ എത്തിയ ഉടനെ മല്ലയ്യാ റൂമിലേക്കുള്ള ചാവി കൈയിൽ തന്നു. കാരണം മല്ലിയാസ് ഹോട്ടലും ജീവനക്കാരും ഒക്കെ എനിക്ക് അപരിചിതർ അല്ല. എല്ലാ വർഷവും വന്നുപോകുന്ന അതിഥികളിൽ ഒരാൾ മാത്രമായിരുന്നു ഞാൻ. പെട്ടന്ന് തന്നെ കുളിയും കഴിഞ്ഞു തൊട്ടുമുന്നിലെ ഹോട്ടലിലെത്തി ചായയും കുടിച്ചു മഴയത്തേക്ക് ഇറങ്ങി നടന്നു. മല്ലിയാസ് ഹോട്ടലിന്‍റെ പിൻവശത്തായിട്ടുള്ള പുൽമൈതാനത്തിലേക്കാണ്​ പോയത്.


തൊട്ടടുത്തായി ഇടിഞ്ഞുപൊളിഞ്ഞ പഴയ ഒരു സ്കൂളുണ്ട്​. മേൽക്കൂരയൊന്നും ഇല്ലാത്ത സ്കൂളിന്‍റെ കിളിവാതിലിലൂടെ പുറത്തേക്ക്​ നോക്കി അങ്ങനെ നിക്കണം. മഴ തുള്ളിക്കൊരു കുടം പേമാരി പോലെ പെയ്യുന്നു. മഴക്ക്​ ഇവിടെ പല ഭാവങ്ങളുണ്ട്. ചിലപ്പോൾ ചിങ്ങി ചിണുങ്ങി പെയ്യുന്ന മഴ ഒരു പേമാരിയായി വാരി വിതറും. മഴ ഒന്ന് മാറിയപ്പോൾ പിന്നെയും മുന്നോട്ടുനടന്നു.

പഴയൊരു തറവാടിന്‍റെ മുറ്റത്തേക്ക് എത്തി. ദൊട്ട് മന എന്നാണ് അതിന്‍റെ പേര്. അഗുംബെ എന്ന് കേൾക്കുമ്പോൾ ആദ്യമായി മനസ്സിൽ ഓടിയെത്തുന്നത്​ ഈ പഴയ തറവാടും അവിടത്തെ റാണിയുമായ ശ്രീമതി ഭായി (കസ്തൂരി അക്ക) അമ്മയുമാണ്. വീടിന്‍റെ ഉമ്മറത്ത്​ മരുമകൻ നിൽപ്പുണ്ട്. അദ്ദേഹത്തോട് അനുവാദം ചോദിച്ചു അകത്തേക്ക്​ കയറി. കരിങ്കൽ പാകിയ നാലിറയവും അകത്തളവും കഴിഞ്ഞു അകത്തേക്ക് കയറുമ്പോൾ കോലായിയുടെ ഒരറ്റത്തു തെളിയുന്ന നിലവിളക്കിന്‍റെ പ്രകാശത്താൽ വെളുത്തു മെലിഞ്ഞു മുറുക്കി ചുവന്ന ചുണ്ടുകളുമായി അക്ക ഇരിപ്പുണ്ട്. കസ്തൂരി അമ്മ എന്നായിരുന്നു​ അവർ ആ നാട്ടിൽ അറിയപ്പെട്ടിരുന്നത്. പക്ഷേ, പിന്നീട് വന്ന സഞ്ചാരികൾ അവരെ അക്ക എന്ന് വിളിച്ചു. പിന്നെ പിന്നെ എല്ലാവർക്കും കസ്തൂരി അക്കയായി.

കസ്തൂരി അക്ക

പ്രായധിക്യം കൊണ്ടാകും അക്കയ്ക്ക് പഴയ പ്രസരിപ്പ്​ ഒന്നും ഇപ്പോഴില്ല. കേരളത്തിൽനിന്ന് വന്നതാണെന്ന്​ അറിഞ്ഞപ്പോൾ ഒരു സന്തോഷം. മൂന്ന്​ വർഷങ്ങൾക്കു മുമ്പ്​ ഞാൻ ഇവിടെ താമസിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോഴും കസ്തൂരിയക്കക്ക്​ എന്നെ ഓർമ വരുന്നില്ല. എങ്കിലും മനസ്സിലായി എന്ന രീതിയിൽ തലയാട്ടി ചിരിച്ചു. കാരണം അത്രമേൽ സഞ്ചാരികൾ വന്നു താമസിച്ചുപോകുന്ന ഒരിടമായിരുന്നു ദൊട്ട് മന. ഇപ്പോഴാണ് മല്ലിയാസ്​ ഹോട്ടലിലെ മൂന്ന്​ നില കെട്ടിടവും ലോഡ്ജു മുറികളും ഒക്കെ വന്നത്.

ദൊട്ട് മനയ്ക്കും പറയാൻ കഥകളേറെയുണ്ട്

ആർ.കെ. നാരായണന്‍റെ മാൽഗുഡി ഡേയ്‌സ് സീരിയൽ ഇറങ്ങിയശേഷമാണ് അഗുംബെ സഞ്ചാരികൾക്കിടയിൽ ഇത്രയും പ്രശസ്തിയാർജിച്ചത്. അന്നത്തെ കാലത്ത് അഗുംബെ കാണാൻ വരുന്ന സഞ്ചാരികൾക്ക് താമസിക്കാൻ ആകെയുള്ള ഒരിടം കസ്തൂരി അക്കയുടെ ഈ തറവാട് ആയിരുന്നു. വന്നുകയറുമ്പോൾ തന്നെ 28 ആയുർവേദ ചേരുവകൾ ചേർത്ത് തിളപ്പിച്ച ചെറുചൂടുവെള്ളം നൽകിയാണ് സഞ്ചാരികളെ സ്വീകരിച്ചിരുന്നത്. കൊങ്ങിണി ഭാഷയാണ് സംസാരിക്കുന്നത് എങ്കിലും അത്യാവശ്യം ഇംഗ്ലീഷും തമിഴും ഹിന്ദിയുമൊക്കെ അവർക്കറിയാം. ചോറും കറിയും ഒക്കെ തയാറാക്കുന്നത് കസ്തൂരിയക്ക തന്നെയാണ്. സഹായത്തിനായി മരുമകനും കൂടെയുണ്ട്. ഉഡുപ്പി ടൗണിൽ പോയി മരുമകൻ ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങി വരും.

ശുദ്ധ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഇവിടെ ഉണ്ടാകാറുള്ളൂ. ഭക്ഷണത്തിന്​ എല്ലാം ഒരുതരം മധുരമാണ്. അല്ലേലും കർണാടകത്തിലെ ഏതു വെജിറ്റേറിയൻ ഭക്ഷണത്തിലും മഞ്ഞളും മധുരവും കുറച്ചു കൂടുതലാണ്. ഭക്ഷണം അവർ തന്നെയാണ് വിളമ്പുന്നത്. അവ കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും നമ്മുടെ പാത്രത്തിലേക്ക് വിളമ്പിത്തരും, ഒരു തറവാട്ടമ്മയെ പോലെ. ജാതിമത ഭേദമെന്യേ ഏതൊരു സഞ്ചാരിക്കും ദൊട്ട് മനയിലേക്ക്​ കയറിവരാം.

മദ്യപാനം, സിഗരറ്റ് വലി തുടങ്ങിയ ദുശ്ശീലമുള്ളവർക്ക്​ ഇവിടെ പ്രവേശനമില്ല. മാത്രമല്ല രാത്രി ഏഴ്​ മണിക്ക് മുന്നേ മനയിൽ കയറണം. പിന്നെ പുറത്തിറങ്ങാൻ അനുവദിക്കില്ല. ഉറക്കെ സംസാരിക്കാനോ ഉച്ചത്തിൽ പാട്ടുവെക്കാനോ മറ്റു ബഹളങ്ങൾ ഉണ്ടാക്കാനോ പാടില്ല. വീടിന്‍റെ അകത്ത്​ അവരിൽ ഒരു അംഗത്തെ പോലെ നമ്മളും ഇരിക്കണം. രാവിലെ നല്ല ഉപ്പുമാവ് ഒക്കെ ഉണ്ടാക്കി തരും.


പോകുമ്പോൾ കയ്യിൽ ഉള്ളത് എന്തെങ്കിലും കൊടുത്താൽ മതി. ആരോടും തുക ചോദിക്കാറില്ല. കൊടുത്തില്ലെങ്കിലും അവർ ഒന്നും പറയില്ല. സന്തോഷം മാത്രം. അഥവാ പൈസ കൊടുത്താലും ആ തുക എത്രയാണെന്ന് എണ്ണിപോലും നോക്കില്ല. അതൊക്കെ ക്ഷേത്രത്തിലെ ഉത്സവം നടത്താനാണ് ഉപയോഗിക്കുന്നതെന്ന്​ പറയാറുണ്ട്. ഇപ്പോൾ സൗകര്യം നോക്കി മല്ലിയാസ് ഹോട്ടലിലെ ലോഡ്ജ് മുറികളിലാണ് കൂടുതൽ പേരും താമസിക്കുന്നതെങ്കിലും കസ്തൂരിയക്കയുടെ സ്നേഹവും ആഥിതേയത്വവും അനുഭവിച്ച ഏതൊരു സഞ്ചാരിയും അഗുംബെയിൽ കാൽ കുത്തിയാൽ ഈ തറവാട്ടിൽ കയറാതെ പോകത്തില്ല, അതാണു ദൊട്ട് മനയെ വ്യത്യസ്തമാക്കുന്നത്.

പഴയപോലെ ഹോം സ്റ്റേ ഇപ്പോൾ ഇല്ല. ആകെ രണ്ട്​ മുറികൾ മാത്രം ഇപ്പോൾ കൊടുക്കുന്നുള്ളൂ. പണ്ടെത്തെപ്പോലെ ആരോഗ്യം കസ്തൂരി അക്കയ്ക്കില്ല. കാൽമുട്ടിൽ നീരാണ്. നടക്കുന്നത് തന്നെ പതിയെപ്പതിയെ ആണ്. പഴമയെ അറിഞ്ഞ് താമസിക്കാൻ ആഗ്രഹിക്കുന്നവർ മാത്രമേ ഇവിടെയിപ്പോൾ നിൽക്കാറുള്ളൂ. കസ്തൂരി അക്കയോട് യാത്ര പറഞ്ഞു വീണ്ടും മല്ലിയാസ്​ ഹോട്ടലിലേക്ക്​ നടന്നു.

ഉച്ചക്ക് വിഭവസമൃദ്ധമായ വെജിറ്റേറിയൻ ഭക്ഷണം മല്ലയ്യായുടെ വീട്ടിൽനിന്നും കൊണ്ടുവന്നു. അതിൽ ഏറ്റവും ഇഷ്​ടമായത് മല്ലയ്യായുടെ അമ്മ ഉണ്ടാക്കിയ ചക്ക പായസം ആയിരുന്നു. തേൻ വരിക്ക ചക്കയും റവ മാവും കൊണ്ട് കാച്ചിക്കുറുകിയ പായസത്തിന്‍റെ രുചി ഇപ്പോഴും നാവിലുണ്ട്.

ശിരുമന വെള്ളച്ചാട്ടം

ഉച്ചയൂണും കഴിഞ്ഞു അഗുംബെയിലെ വെള്ളച്ചാട്ടത്തിലെ കാഴ്ചകൾ കാണാനായി ഇറങ്ങി. ജോഗി ഗുണ്ടി വെള്ളച്ചാട്ടത്തിലേക്കാണ് ആദ്യം പോയത്​. അഗുംബെയിൽനിന്നും വളരെ അടുത്താണ് ഈ സ്ഥലം. ഒരു ഓട്ടോയിൽ കയറി കുറച്ചുദൂരം പിന്നിട്ട ശേഷം കാട്ടിലൂടെ 200 മീറ്റർ നടന്നാൽ മതി. രാജവെമ്പാലകൾ ഒരുപാട് അധിവസിക്കുന്ന സ്ഥലമാണ് ഇവിടം എന്ന് ഗ്രാമവാസികൾ പറഞ്ഞതിനാൽ വെള്ളത്തിലേക്ക്​ ഇറങ്ങാൻ തോന്നിയില്ല. കരയിൽനിന്നും കുറച്ചുനേരം നോക്കിനിന്ന ശേഷം തിരിച്ചു ഹോട്ടലിലേക്ക്​ പോയി.

ഇനി അടുത്ത ലക്ഷ്യം ശിരുമന വെള്ളച്ചാട്ടമാണ്. മല്ലയ്യായുടെ ഹോട്ടലിലെ അതിഥികൾ എല്ലാവരുമുണ്ട്. ഒരു തുറന്ന ടെ​േമ്പായിൽ എല്ലാവരെയും കയറ്റി നിർത്തി യാത്ര തുടങ്ങി. അതുവരെ മാറിനിന്ന മഴ പിന്നെയും പെയ്യാൻ തുടങ്ങി. മഴയും നനഞ്ഞു മുന്നോട്ട് പോകുകയാണ്. കൂട്ടത്തിൽ ആരോ പാട്ടുപാടുന്നുണ്ട്. അത് ഏറ്റുപാടാൻ ഞങ്ങളും. അഗുംബെയിൽനിന്നും 28 കിലോമീറ്ററാണ് ശിരുമന വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം. ഏകദേശം 250 അടി ഉയരത്തിൽനിന്നും താഴേക്ക്​ പതിക്കുന്ന ജലധാരയിൽ ഇറങ്ങി കുളിക്കാൻ തുടങ്ങി. മഴ ശക്തിയായി പെയ്യുന്നു. വെള്ളത്തിന്‍റെ നിറം മാറിത്തുടങ്ങി. മണ്ണിന്‍റെ നിറമുള്ള വെള്ളമാണ് ഇപ്പോൾ കുതിച്ചു താഴേക്കു വരുന്നത്.


ചെറിയ ചെറിയ മണൽ തരികൾ ഉൾപ്പെടെ ആകെ കലങ്ങി മറിഞ്ഞുവരുന്നുണ്ട്. ഇനിയും അധിക നേരം നിൽക്കുന്നത് അപകടമാണെന്ന് തോന്നിയത് കൊണ്ട് പെട്ടന്ന് തിരികെ കയറി. തൊട്ട് മുകളിലുള്ള കടയിൽനിന്നും ചായയും കുടിച്ചു അഗുംബെയിലേക്ക്​ തിരിച്ചുപോയി. തലയിൽ പേരിനു മാത്രം ഒരു മഴത്തൊപ്പിയും കൈകോട്ടും ഉപയോഗിച്ച് അഗുംബെയിലെ ഗ്രാമീണർ പാടങ്ങളിൽ പണിയെടുക്കുന്നത് കാണാമായിരുന്നു.

അഗുംബെയിലെ ചെളി നിറഞ്ഞ പാടത്തിൽ കൂട്ടത്തിൽ വന്ന കുറച്ചുപേർ ഫുട്​ബാൾ കളിക്കാൻ ഇറങ്ങി. ഗോൾ അടിക്കും മുന്നേ ഓരോരുത്തർ തെന്നി വീഴുന്നുണ്ട്. അതു കാണാൻ വേണ്ടി മാത്രം പിന്നെയും സമയം ചെലവഴിച്ചു. ശേഷം റൂമിലേക്കു പോയി കുളിച്ചു ഫ്രഷായി ഭക്ഷണം കഴിച്ചു. ഹോട്ടലിന്‍റെ മുകൾ ഭാഗത്തുള്ള തകര ഷീറ്റിൽ മഴത്തുള്ളികൾ പതിക്കുന്നത് ഒരു സംഗീതം പോലെ ആസ്വദിച്ച്​ നിദ്രയിലേക്ക്​ വീണു.


പിറ്റേന്ന് രാവിലെ ജനാലയിലൂടെ പുറത്തേക്ക്​ നോക്കുമ്പോൾ അ​ഗുംബെ വെള്ളപ്പട്ടണിഞ്ഞ സുന്ദരിയെപ്പോലെയുണ്ട്. കോടമഞ്ഞിനെ തെന്നിനീക്കിക്കൊണ്ട് ഇളം കാറ്റു വീശുന്നു. കാറ്റിന്‍റെ ശക്തിയിൽ നൂൽമഴ ചിന്നി ചിതറുന്നു.

രാവിലെ കുന്ദംദ്രി മലയിലേക്കാണ്​ യാത്ര. തലേ ദിവസത്തെ പോലെ തുറന്ന ടെമ്പോയിൽ അഥിതി തൊഴിലാളികളെ പണിക്ക്​ കൊണ്ടുപോകുന്ന പോലെയാണ് യാത്ര. പാട്ടും ബഹളവും ഡാൻസും അതിനൊപ്പം താളം പിടിക്കാൻ മഴയും. അഗുംബെയിൽനിന്നും 18 കിലോമീറ്റർ ദൂരമുണ്ട് ലക്ഷ്യസ്​ഥാനത്തേക്ക്​. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ജൈന ക്ഷേത്രമുണ്ട്​ അവിടെ. ജൈന മത ആചാര്യൻ കുന്ദകുണ്ടാ മഹർഷി താമസിച്ചിരുന്ന സ്ഥലം ആയതിനാലാണ് ആ സ്ഥലത്തിന് കുന്ദംദ്രി മല എന്ന പേര് വരാൻ കാരണമായതെന്നു പറയപ്പെടുന്നു. പോകുന്ന വഴികളിൽ ചെറിയ വീടുകളും കൃഷിത്തോട്ടങ്ങളുമെല്ലം നിറകാഴ്ചയയൊരുക്കുന്നു. അവയെ വേർതിരിക്കുന്ന കരിങ്കൽ കൊണ്ട് ഒരുക്കിയ കാലുകൾ മണ്ണിൽ കുഴിച്ചിട്ടു അതിർത്തി നിർണയിക്കുന്ന കാഴ്ച കൗതുകകരമാണ്​.

കുന്ദ്രംദ്രി മലയിലെ കുളം 

പ്രവേശന കവാടം കഴിഞ്ഞു 16 ഹെയർപിൻ വളവുകൾ താണ്ടിവേണം ക്ഷേത്രത്തിലേക്ക് എത്താൻ. കുത്തനെയുള്ള കയറ്റത്തിൽ ചിലപ്പോളൊക്കെ വണ്ടി കിതക്കുന്നതായി തോന്നി.

ക്ഷേത്രത്തിനു സമീപം ചെറിയൊരു പാർക്കിങ് ഗ്രൗണ്ടിൽ വണ്ടി നിർത്തി ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി. നൂറോളം പടികൾ താണ്ടി മുകളിലേക്ക് കയറുമ്പോൾ തന്നെ ജൈനക്ഷേത്രം കാണാം. ക്ഷേത്രവും പരിസരവും വിജനമാണ്​. തൊട്ടടുത്തു നിൽക്കുമ്പോൾ പോലും ക്ഷേത്രം കാണാൻ കഴിയുന്നില്ല. അത്രമേൽ മഞ്ഞുവന്നു മൂടുന്നു. ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. ക്ഷേത്രത്തിന് ചുറ്റും നടന്നുകണ്ടു.



ഇതിന്​ ചേർന്ന് ചെറിയ കുളവും വലിയ കുളവുണ്ടായിരുന്നു. വലിയ കുളത്തിന് 200 അടിയോളം ആഴമുണ്ടെന്നു പറയപ്പെടുന്നു. ക്ഷേത്രത്തിനു മുന്നിൽനിന്നു നോക്കിയാൽ അങ്ങു ദൂരെ അഗുംബെയിലെ ഗ്രാമങ്ങളും വിശാലമായ കൃഷിയിടങ്ങളും ക്ഷേത്ര കവാടവും വ്യക്തമായി കാണാം. പക്ഷേ പെട്ടെന്ന് തന്നെ വീശിയടിച്ച കോടയിൽ അതെല്ലാം മാഞ്ഞുപോയി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം കുന്ദംദ്രിയിൽനിന്നും യാത്ര തിരിച്ചു.

തകർന്നടിഞ്ഞ സംസ്കൃതിയുടെ ശേഷിപ്പുകൾ

ഇനി അടുത്ത യാത്ര കവല ദുർഗയിലേക്കാണ്. കോട മഞ്ഞു പൊഴിക്കുന്ന കാടുകളിലൂടെയാണ് യാത്ര. കുന്ദംദ്രിയുടെ കാടുകൾ സസ്യ ലതാദികളുടെയും പക്ഷി വർഗങ്ങളുടെയും വന്യ മൃഗങ്ങളുടെയും കേദാര ഭൂമിയാണ്. മാനും മലയണ്ണാനും കാട്ടുപോത്തും അത്യപൂർവമായി കാണുന്ന കാട്ടു കുരങ്ങുകളും ഇവിടെയുണ്ട്. കൊടും തണുപ്പിൽ ഒന്നിനെപ്പോലും ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.

കവലദുർഗയിലേക്കുള്ള കരിങ്കൽ പാത 

വണ്ടി പോകുന്ന അവസാനായിടം വരെ ചെന്ന ശേഷം പിന്നീട് അങ്ങോട്ട് നടന്നുവേണം കവല ദുർഗയിലേക്ക് ചെന്നെത്താൻ. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലൂടെ നടന്നു അരുവിയും മുറിച്ചുകടന്നു കവല ദുർഗയിലേക്കു നടന്നടുത്തു. കരിങ്കൽ പാകിയ വഴിയിലൂടെ ശ്രദ്ധയോടെ നടക്കണം. പാറകളിൽ വഴുതി വീഴാൻ സാധ്യതയുണ്ട്. കോട്ടയുടെ കവാടം തന്നെ തകർന്നു പോയിട്ടുണ്ട്.


കോട്ടകളും കൊത്തളങ്ങളുമടക്കം തകർന്നടിഞ്ഞ സംസ്കൃതിയുടെ ശേഷിപ്പുകളിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഹമ്പി പോലെ തകർന്നുപോയ ക്ഷേത്രങ്ങളും ഗോപുരങ്ങളും ചിത്രങ്ങൾ കൊത്തിയ കൽതൂണുകളും നിറയെയുണ്ട്. വിജയനഗര സാമ്രാജ്യത്തിന്‍റെ തകർച്ചയുടെ തായ്​വഴികളിൽ പെട്ട ഒരിടമായിരുന്നു കവലദുർഗയും. ഭൂതകാല സംസ്കൃതിയുടെ വേരുകളായി തകർന്നടിഞ്ഞ പാകത്തിൽ നിൽക്കുന്ന ശിവ ക്ഷേത്രവും അതിനോട് ചേർന്ന് കൽപ്പടവുകളോട് കൂടിയ ചെറിയ ഒരു അമ്പലക്കുളവും കാണാം. കുളത്തിന് അധികം ആഴമില്ലെന്ന് തോന്നിയതിനാൽ അതിൽ കുറച്ചുനേരം നീന്തിത്തുടിച്ചു.


ഇനി മഹാരാഷ്​ട്രയിലെ കാഴ്ചകളിലേക്ക്​

ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് അഗുംബെയിലെ മഴക്കാലം ആസ്വദിക്കാൻ ഏറ്റവും പറ്റിയ സമയം. മഴക്കാടുകളെ കുറിച്ച് ഗവേഷണത്തിനായുള്ള ഇന്ത്യയിലെ തന്നെ ഏക സ്ഥിരം സംവിധാനമായ റൈൻ ഫോറസ്റ്റ് റിസേർച്ച് സ്റ്റേഷൻ (agumbe rain forest reserch station) ഇവിടെ പ്രവർത്തിക്കുന്നു. പ്രശസ്ത പാമ്പ് ഗവേഷകനായ റോമുലസ് വിറ്റെക്കർ ആയിരുന്നു ഇതിന്​ നേതൃത്വം നൽകിയിരുന്നത്.


രാജവെമ്പാലകളെ സ്വാഭാവിക രീതിയിലും കൃത്രിമ സാഹചര്യങ്ങളിലും വളരാൻ അനുവദിക്കുകയും അവയുടെ ജീവിത രീതികൾ നിരന്തരമായി പഠിക്കുകയും ചെയ്യുന്ന ഗവേഷണ കേന്ദ്രമാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജവെമ്പാലകൾ അധിവസിക്കുന്ന സ്ഥലം ആയതിനാൽ രാജവെമ്പാലയുടെ തലസ്ഥാനമെന്നും അറിയപ്പെടുന്നു. മണ്ണും മരങ്ങളും പക്ഷി മൃഗാദികളും ഗ്രാമീണരുമൊക്കെ മഴയെ മാറോടണച്ചു കൊണ്ട് ജീവിക്കുന്ന അഗുംബെ എന്ന ഗ്രാമത്തിനോട്‌ യാത്ര പറയാതെ തന്നെ വൈകുന്നേരം മംഗലാപുരത്തേക്ക് യാത്ര തിരിച്ചു.


ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ ഈ സ്ഥലത്തേക്ക് അടുത്ത മഴക്കാലത്തും വരാമെന്നുള്ള പ്രതീക്ഷയുള്ളതിനാൽ യാത്ര പറച്ചിലിനു പ്രസക്തിയുള്ളതായി തോന്നിയില്ല. ഇനിയുള്ള യാത്ര കോട്ടകൾ കഥ പറയുന്ന മഹാരാഷ്ട്രയിലെ കുന്നുകളിലേക്കാണ്. രണ്ടാം നമ്പർ പ്ലാറ്റ്​ഫോമിൽ മംഗള എക്സ്പ്രസിന്‍റെ വരവും കാത്തു ഞാനിരുന്നു.



Tags:    
News Summary - Monsoon travel to Agumbe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT