അപ്പത്താനികളുടെ സുന്ദരദേശം

ഇന്ത്യൻ ജനജീവിതത്തിന്‍റെ വൈവിധ്യവും വൈചിത്രവും കൃത്യമായി പ്രതിഫലിക്കുന്ന ഇടങ്ങളാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. ഗോത്ര ജീവിതത്തിന്‍റെ സ്വത്വവും തനിമയും പിന്തുടർന്നുവരുന്ന അനേകം ജനവിഭാഗങ്ങളെ ഇന്നും ഈ ഭൂവിഭാഗങ്ങളിൽ കാണാം. ചെറുതും വലുതുമായി 800ലധികം ഗോത്ര വിഭാഗങ്ങളുടെ സംഗമഭൂമി കൂടിയാണ് അസം, നാഗാലാൻഡ്, മിസോറം, മണിപ്പൂർ, മേഘാലയ, തൃപുര, സിക്കിം, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ ദേശങ്ങൾ.

കൃഷിയും മത്സ്യബന്ധനവും മുഖ്യ ഉപജീവനമായ മാജുളിയിലെ മിഷിങുകൾ മുതൽ തലവെട്ടലിന്‍റെ യുദ്ധപാരമ്പര്യമുള്ള നാഗാലാൻഡിലെ കൊന്യാക്കുകൾ വരെ ഈ ഗോത്ര സംസ്കാരത്തിന്‍റെ വൈവിധ്യമാർന്ന മുഖങ്ങളാണ്. ഇവക്കിടയിൽ നൂറ്റാണ്ടുകളായി സ്വന്തം തനിമയും പാരമ്പര്യവും കാത്തുസൂക്ഷിച്ച് വരികയും പ്രകൃതിയോടിണങ്ങിയ ജീവിത ശൈലിയാൽ യുനെസ്കോയുടെ പൈതൃക ലിസ്റ്റിൽ ഇടംനേടിയ ഏക ഗോത്ര വിഭാഗമാണ് അപത്താനികൾ. അരുണാചലിലെ സീറോ വാലിയാണ് (ziro valley) അപത്താനികളുടെ ( Apatani) മുഖ്യ അധിവാസമേഖല.

ഒരേ രാജ്യത്തെ അപരദേശങ്ങൾ

അസമിലെ തേസ്പുരിൽനിന്നാണ് പ്രഭാതത്തിൽ സീറോ വാലിയിലേക്ക് യാത്ര തിരിച്ചത്. സഹയാത്രികരായി ഡോ. മഹ്ഫൂസും ദാവൂദും അസ്​ലമുമുണ്ട്. നാഗാലാൻഡിലെ കിസാമയിൽ നിന്നാരംഭിച്ച കാർ യാത്രയുടെ പ്ലാനിങ്ങൊക്കെ മഹ്ഫൂസിന്‍റേതായിരുന്നു. തേസ്പുർ സ്വദേശിയായ ചുള്ളൻ നിബിർ ഭുയാനാണ് ഡ്രൈവർ. നോർത്ത് ലഖിംപൂർ വഴി അരുണാചൽ അതിർത്തി ഗ്രാമമായ പാപ്പുംപാറെയിലെത്തിയപ്പോഴേക്കും വെയിൽ മങ്ങിത്തുടങ്ങിയിരുന്നു. അരുണാചലിലെ കിമിൻ ജില്ലയിലാണ് പാപ്പുംപാറെ. ഇവിടുന്നാണ് ഇന്‍റേണൽ പെർമിറ്റെടുക്കേണ്ടത്.

നേരത്തെ ഓൺലൈൻ വഴി പലതവണ അപേക്ഷിച്ചിട്ടും അരുണാചലിലേക്കുള്ള പെർമിറ്റ് ലഭിച്ചിരുന്നില്ല. ഓരോരുത്തർക്കും 150 രൂപ നൽകി പെർമിറ്റ് കിട്ടിക്കഴിഞ്ഞപ്പോഴേക്കും ഏറെ വൈകുകയും ചെയ്തു. അരുണാചൽ, മണിപ്പുർ, മിസോറം, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളെ അപരവത്കരിച്ചുകൊണ്ടിരിക്കുന്ന ഈ പെർമിറ്റ് സംവിധാനം ഇന്നും വഴിപാട് പോലെ തുടർന്നുകൊണ്ടിരിക്കുന്നു.

പോട്ടിനിൽനിന്ന് സീറോയിലേക്ക് ഇനിയുള്ള യാത്ര കടുക്കുമെന്നാണറിഞ്ഞത്. പെട്ടിപ്പൊളിഞ്ഞതും ചെളി നിറഞ്ഞതുമായ വഴികളിലൂടെയാണത്രേ 52 കിലോമീറ്റർ യാത്ര ചെയ്യേണ്ടത്! ഏറെ ദുർഘടവും സാഹസികവുമായ ആ മൂന്ന്​ മണിക്കൂർ യാത്രയാണ് ഒരർത്ഥത്തിൽ അധിനിവേഷ ശക്തികളെ സീറോ വാലിയിൽ നിന്നകറ്റിയതും അതിന്‍റെ പാരമ്പര്യം നൂറ്റാണ്ടുകളായി നിലനിർത്താൻ സഹായിച്ചതും. സീറോയിലെത്തിയപ്പോഴേക്കും രാത്രി 8.30 കഴിഞ്ഞിരുന്നു.


ആദ്യം സൂര്യനസ്തമിക്കുന്ന നാടുകളിലൊന്ന്

അർധരാത്രിയുടെ പ്രതീതിയാണ് അന്തരീക്ഷത്തിന്. മിക്ക കടകൾക്കും താഴുവീണു കഴിഞ്ഞു. അധികമൊന്നും അന്വേഷിക്കേണ്ടി വന്നില്ല. കുറഞ്ഞ നിരക്കിൽ ബിസാപ്പുവിൽ നാലുപേർക്കുള്ള ഒരൊറ്റ റൂം ലഭിച്ചു. ലഗേജുകളൊക്കെ റൂമിലാക്കി ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണറിയുന്നത്K ഹോട്ടലുകളൊക്കെ ഏഴ് മണിയോടെ പൂട്ടിക്കഴിഞ്ഞെന്ന്. യാത്രാമധ്യേ കണ്ട കെ.എഫ്.സി മോഡൽ ചിക്കൻ ഷോറൂമിൽ ചെന്നപ്പോൾ മറ്റന്നാളാണത്രേ ഉദ്ഘാടനം. നമ്മുടെ നാട്ടിലെ ഏഴ് മണിയോടെയാണ് സീറോ വാലി ഉറങ്ങിത്തുടങ്ങുന്നത്. അഞ്ച്​ കഴിയുന്നതോടെ സൂര്യാസ്തമനത്തോടടുക്കുന്ന നാട് കൂടിയാണ് അരുണാചൽ. ഇന്ത്യയിൽ അദ്യം സൂര്യനുദിക്കുന്നതും ഇതേ അരുണാചലിലെ ഡോങ് താഴ്വരയിലാണ്.

ഇന്ത്യ - ചൈന - മ്യാൻമർ എന്നീ രാജ്യങ്ങളുടെ മർമ പ്രധാന മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡോങ് ഗ്രാമത്തിലേക്ക് സീറോ വാലിയിൽനിന്ന് 600ലധികം കിലോമീറ്ററാണ് ദൂരം. ഒടുവിൽ ഹോട്ടലിനരികെയുള്ള ബീഹാരികളുടെ ചെറിയാരു തട്ടുകടയിലെ ചോറും മീനും കൊണ്ട് തൃപ്തിയടയേണ്ടി വന്നു. ഹോട്ടൽ ബ്ലൂ പൈനിലായിരുന്നു അടുത്ത ദിവസത്തെ താമസം. സീറോയിലെ തന്നെ ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാണിത്.


അപ്പത്താനികളുടെ ജീവിതത്തിന്‍റെ വർണമാണ് സീറോ വാലിക്ക്. നിരനിരയായ പാടങ്ങളും കളപ്പുരകളും പണ്ഡകശാലകളും പാടങ്ങളിൽനിന്ന് അകലെയായി മുളകൊണ്ടുള്ള വീടുകളും നിറഞ്ഞ തിബറ്റിനോടടുത്ത് സ്ഥിതി ചെയ്യുന്ന കിഴക്കൻ ഹിമാലയത്തിലെ മനോഹരമായ താഴ്വരയാണ് സീറോ വാലി. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോത്ര ഗ്രാമമായ ഹോങ് ബസ്തി സ്ഥിതി ചെയ്യുന്നതും സീറോ വാലിയിലാണ്. ഹോങ്, രവി എന്നീ ഗ്രാമങ്ങളിലാണ് അരുണാചലിൽ അപത്താനികൾ ഏറ്റവുമധികം കാണപ്പെടുന്നതും.

അപത്താനി അമ്മമാരുടെ മൂക്കുത്തി

ആദി, നിഷി, ഹിൽസ് മിരി എന്നിങ്ങനെ നാൽപതിലികം ഗോത്ര വിഭാഗങ്ങളുടെ സംഗമദേശം കൂടിയാണ് അരുണാചൽ. ഇവയിൽ ഏറ്റവും വലുതും സവിശേഷവുമായ ഗോത്ര വിഭാഗമാണ് അപത്താനികൾ. 500 വർഷങ്ങൾക്ക് മുമ്പ്​ കിഴക്കൻ തിബറ്റിൽനിന്ന് സീറോ വാലിയിലെത്തിയവരാണ് അപത്താനികളെന്നാണ് ഗവേഷക മതം. മൂക്കിന്‍റെ രണ്ട് ഭാഗങ്ങളിലും പ്രത്യേകതരം മരത്തിലെ തടികൊണ്ടുള്ള മുക്കുത്തി ധരിക്കലായിരുന്നു അപത്താനി സത്രീകളുടെ പ്രത്യേകത.


യാപിങ് ഹൂലോ എന്നാണ് ഇതറിയപ്പെട്ടിരുന്നത്. അതോടൊപ്പം മുഖത്ത് ചായം പൂശുക, ടിൽപെ എന്ന ടാറ്റൂ ധരിക്കുക തുടങ്ങിയവയും അപത്താനി സ്ത്രീകളുടെ പ്രത്യേകതയായിരുന്നു. ലൈംഗിക അടിമകളാക്കാൻ അതിസുന്ദരികളായ അപത്താനി സ്ത്രീകളെ ബ്രിട്ടീഷുകാർ തട്ടിക്കൊണ്ട് പോയിരുന്നെന്നും അതിൽനിന്നുള്ള രക്ഷാകവചമായിരുന്നു ഇത്തരം അലങ്കാരങ്ങളെന്നുമാണ് നാട്ടുമൊഴി. നിലവിൽ പ്രായം ചെന്ന ചിലരിൽ മാത്രമേ മൂക്കുത്തിയും ഛായം പൂശലും അവശേഷിക്കുന്നുള്ളൂ. അത്തരമൊരു അമ്മൂമ്മയെ ഏറെ ബുദ്ധിമുട്ടിയാണ് ശിവ് ഗ്രാമത്തിൽ കണ്ടെത്തിയത്.

അമേരിക്കക്കും ജപ്പാനും മാതൃകയായ 'അപത്താനി കൃഷി രീതി'

കൊയ്ത്തൊഴിഞ്ഞ പാടങ്ങളാണ് കൺമുമ്പിൽ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇവ പച്ചപ്പണിയുക. മഴവെള്ളം കെട്ടിനിർത്തി അതിൽ നെൽവിത്തറക്കുന്ന പ്രക്രിയ അപ്പോഴാണാരംഭിക്കുന്നത്. ഡോ. മഹ്ഫൂസ് അപത്താനി കൃഷി രീതികളെക്കുറിച്ച് വിശദീകരിച്ച് തുടങ്ങി. കിഴക്കൻ ഹിമാലയത്തിലെ വളരെക്കുറച്ച് മാത്രം സമതലങ്ങളുള്ള സീറോ വാലിയിൽ അപത്താനികൾ പ്രകൃതിക്കനുയോജ്യമായ കൃഷിരീതികളാണ് വികസിപ്പിച്ചെടുത്തത്. മറ്റു ആദിവാസികൾ വനങ്ങളെ വെട്ടിനിരത്തിയും കത്തിച്ചും തങ്ങളുടെ വാസസ്ഥലങ്ങളും കൃഷിയിടങ്ങളും രൂപപ്പെടുത്തിയപ്പോൾ പരിമിതമായ സ്ഥലങ്ങളെ കൃഷിക്കും താമസത്തിനുമായി പ്രത്യേകമായി വേർതിരിച്ചവരാണ് അപത്താനികൾ.


സമതലങ്ങളിലേക്കൊലിച്ചു വരുന്ന വെള്ളത്തെ തടഞ്ഞുനിർത്തി കൃഷിക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നെൽകൃഷിക്ക് സമാന്തരമായി ചെറിയ ബണ്ടുകളിൽ മീനിനെയും വളർത്തുന്നു. മീനിന് ഭക്ഷിക്കാൻ പ്രത്യേക പായലുകളെയും വളർത്തുന്നു. ആ വെള്ളവും മാലിന്യങ്ങളും സമാന്തരമായി നെൽകൃഷിക്കും ഉപയോഗിക്കുന്നു. ഇത്തരത്തിൽ വളരുന്ന മീനുകകളാണ് അപത്താനി തീൻമേശകളിൽ നിറയുന്നത്. രാസവളങ്ങളോ കൃത്രിമ വളങ്ങളോ മൃഗങ്ങളോ യന്ത്രങ്ങളോ ഉപയോഗിക്കാതെ നൂറ്റാണ്ടുകളായി തുടരുന്ന കൃഷി രീതിയാണിത്.

ഊർജക്ഷമത എന്നറിയപ്പെടുന്ന ഈ കൃഷി രീതിയിൽ അധ്വാനവും ഉൽപ്പാദനവും തമ്മിലുള്ള നേർ അനുപാതം 1:7 ആണ്. എന്നാൽ അമേരിക്കയും ജപ്പാനും 1:01 എന്ന അനുപാതമാണ് തുടർന്നുവരുന്നത്.


ചോറാണ് ഇവരുടെ മെയിൻ

ചോറാണ് മൂന്ന് നേരവും അപത്താനി തീൻമേശകളിൽ നിറയുന്നത്. ധാലും ചില പ്രത്യേക ഉപ്പേരികളും മുളകും അച്ചാറും വെള്ളരിയും ഉള്ളിയുമൊക്കെ അകമ്പടിയായുണ്ടാകും. മുള കൊണ്ടുള്ള മിക്ക വീടുകളിലും നന്നായുണക്കിയ പന്നിയിറച്ചി അടിയട്ടിയായി മാസങ്ങളോളം സൂക്ഷിക്കുന്നു. മിഥുൻ എന്ന മൃഗത്തിന്‍റെ ഇറച്ചിയും ഇത്തരത്തിൽ സൂക്ഷിച്ചു വരാറുണ്ട്. എലി ചുട്ടതും തിന വാറ്റിയ മദ്യവും അപത്താനി ഭക്ഷണത്തിന്‍റെ ഭാഗമാണ്.


ഡോണി - പോളോ വീടുകൾ

അസമിലെ ഗുഹാവത്തിയിൽനിന്ന് അരുണാചലിലെ നഹർലഗണിലേക്ക് ദിനവുമുള്ള ട്രെയിൻ സർവിസാണ് ഗുഹാവതി ഡോണി- പോളോ എക്സ്പ്രസ്​. സീറോ താഴ്വരയുടെ പരമ്പരാഗത പ്രകൃതി ആരാധനയോടുള്ള ആദരസൂചകമാണ് ഈ നാമം. സൂര്യന്‍റെ ചിഹ്നമുള്ള കൊടിനാട്ടിയിരിക്കുന്ന ചില വീടുകൾ ഹോങ്, ഹരി ഗ്രാമയാത്രയിൽ കാണുകയുണ്ടായി. വടക്കു കിഴക്കൻ യാത്രാ സ്പെഷലിസ്റ്റും സുഹൃത്തുമായ രഞ്ജിത്ത് ഫിലിപ്പിന്‍റെ ലേഖനത്തിൽ നിന്നാണ് ഇതിനെക്കുറിച്ച് കൂടുതലറിയുന്നത്. നിലവിൽ അപത്താനികൾക്കിടയിലെ പ്രകൃതിയാരാധാകരുടെ വീടിനെ തിരിച്ചറിയാനത്രേ ഈ കൊടിനാട്ടൽ.


പരമ്പാരാഗതമായി പ്രകൃതിയാരാധകരായ അപത്താനികൾ, ബാപിസ്റ്റ് ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തനത്തിന് നിരന്തരമായി വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും അതിനെതിരായ സ്വത്വബോധത്തിന്‍റെ ഉയിർത്തെഴുന്നേൽപ്പാണ് 2000ൽ മാത്രമാരംഭിച്ച ഡോണിപോളോ ക്ഷേത്രമെന്നും (Dany Pillo Pedder Nello) രഞ്ജിത് ഫിലിപ്പ് വ്യക്തമാക്കുന്നുണ്ട്.

ആ ക്ഷേത്രത്തിന് മുന്നിലാണിപ്പോൾ. ഞായറാഴ്ച്ച മാത്രമേ ക്ഷേത്രം തുറക്കാറുള്ളൂവത്രെ. ആദി പിതാവിൽനിന്ന് ഉദ്ഭവിച്ചവരാണ് തങ്ങളെന്ന വിശ്വാസത്താൽ മാതൃഭാവമായ സൂര്യനെയും (ഡോണി) പിതൃഭാവമായ ചന്ദ്രനെയും (പോളോ) ആരാധിക്കുന്ന അപത്താനികളുടെ വീടുകളിലും വിഗ്രഹങ്ങളൊന്നുമില്ലാതെ പ്രാർത്ഥനക്കായി കുറച്ചുസ്ഥലം ഒഴിച്ചിടുന്നു.


ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഡോണി പോളി ആരാധകരുടെ മുള കൊണ്ടുള്ള വീട്ടിലേക്ക് അവർ ഞങ്ങളെ സ്വാഗതം ചെയ്തു. പൂർണമായും തടിയിൽ തീർത്ത വീട്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത് താഴത്തെ അടുപ്പിന് മുകളിലെ നെരിപ്പോടാണ്. ഈഗു എന്നാണ് ഇതറിയപ്പെടുന്നത്. കന്നുകാലികളുടെ തലയും ചോളവുമൊക്കെ തൂക്കിയിട്ടിട്ടുണ്ട്. തട്ടുകളിൽ അടുക്കടുക്കായി ഉണക്കിയ പന്നിമാംസവും സൂക്ഷിച്ചിരിക്കുന്നു.

അങ്ങേയറ്റത്താണ് ശൂന്യമായ പ്രാർത്ഥനാലയം. തടി വീപ്പയിൽ നിറയെ തിന വറ്റിയ മദ്യവും സൂക്ഷിച്ചിട്ടുണ്ട്. അതിഥികളെ ഇത് നൽകിയാണ് സ്വീകരിക്കുന്നത്. നിബിർ ബിയാൻ ഒന്നു രണ്ട് ഗ്ലാസ് കൂളായി അകത്താക്കി. അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇത്ര അപരിചിതരായ അതിഥികളെ സ്വീകരിച്ചതിലെ ആഹ്ലാദമായിരുന്നു ആ മുഖങ്ങളിൽ. പച്ചപ്പ് കാലത്ത് വീണ്ടുമെത്താം എന്ന യാത്രാമൊഴിയോടെയാണ് സീറോയോട് വിടവാങ്ങിയത്.



Tags:    
News Summary - Beautiful land of Apatani people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT