അൽ ഖറഅ് പർവതം: സൗദിയിലെത്തുന്ന യാത്രാപ്രേമികളെ വേനലിലും തണുപ്പിക്കുന്ന ‘മേശ’

തീർഥാടന നഗരികളായ മക്കയും മദീനയും ഒഴിച്ചുനിർത്തിയാൽ ടൂറിസ സാധ്യതകൾ മുന്നിൽ കണ്ട് രൂപപെടുത്തിയ ഒരുപാട് പ്രദേശങ്ങൾ സൗദിയിലുണ്ട്. അതിലൊന്നാണ് അൽ അഹ്സയിലെ അൽ ഖറഅ് കുന്നുകൾ

1938ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യ ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു. പരിമിതമായ കാർഷികവൃത്തിയും തീർഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തിക സ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തിയതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. അതോടെ സൗദി രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽരാജ്യത്തെ വൻ സാമ്പത്തിക മുന്നേറ്റത്തിലേക്ക് നയിച്ചു. അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനിയുടെ (അരാംകോ) കാർമികത്വത്തിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് അമേരിക്കക്കാർ സൗദിയിലേക്ക് വരാൻ തുടങ്ങി -ഇത് ചരിത്രം.

പുതിയ കാലക്രമത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ അനന്ത സാധ്യതകൾക്കുള്ള പിറകോട്ടടി മുന്നിൽ കണ്ടാണ് അറബ് രാജ്യങ്ങളും, പ്രത്യേകിച്ച് സൗദി അറേബ്യ പുതിയ മേഖലകളിലേക്ക് പിച്ചവെച്ച് തുടങ്ങിയത്. ടൂറിസം മേഖലയെ ലക്ഷ്യമാക്കി സൗദിയിലെ സൽമാൻ രാജാവ് തുടങ്ങിവെച്ച വിഷൻ 2030 എടുത്തുപറയേണ്ടതാണ്. തീർഥാടന നഗരികളായ മക്കയും മദീനയും ഒഴിച്ചുനിർത്തിയാൽ ടൂറിസ സാധ്യതകൾ മുന്നിൽ കണ്ട് രൂപപെടുത്തിയ ഒരുപാട് പ്രദേശങ്ങൾ സൗദിയിലുണ്ട്. അതിലൊന്നാണ് അൽ അഹ്സയിലെ അൽ ഖറഅ് കുന്നുകൾ. ഇത്തവണ സൗദി സന്ദർശനത്തിൽ തരപ്പെട്ട ഒരു യാത്ര ഈ കുന്നുകൾ കാണുക എന്നതായിരുന്നു.

 താമസസ്ഥലമായ ദമ്മാമിലെ റാഖയിൽനിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള അൽ ഖറഅ് കുന്നുകളിൽ 11.30ഓടെ എത്തിചേർന്നു. ടൂറിസം വികസനത്തിന് മുമ്പെ ഇവിടെ സന്ദർശിച്ച, 30 വർഷത്തോളം പ്രവാസിയായ, ശശിയേട്ടനും ഷംന ടീച്ചറും ആയിരുന്നു ഞങ്ങളുടെ യാത്രാ തലവൻമാർ.

അൽ ഖറഅ് പർവതം

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്‌സയിൽ 75 മീറ്റർ ഉയരമുള്ള ഒരു ‘മേശ’യാണ് അൽ-ഖറഅ് മൗണ്ടൻ അല്ലെങ്കിൽ ജബൽ അൽ-ഖറ. ഇത് അൽ-ഷബാബ് പർവതം എന്നും അറിയപ്പെടുന്നു. ഈ പർവതം അൽ-അഹ്‌സയിലെ ഏറ്റവും പ്രധാന പ്രകൃതിദൃശ്യങ്ങളിലൊന്നാണ്. അൽ-അഹ്‌സ ഒയാസിസ് ഉൾപ്പെടുത്തിയതിന് ശേഷം 2018ൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രത്തിന്റെ പട്ടികയിൽ ഇത് രജിസ്റ്റർ ചെയ്തു.

അൽ ഖറഅ് ഗ്രാമത്തിന്റെ പേരിലാണ് ഈ പർവതം അറിയപ്പെടുന്നത്. ഈന്തപ്പനകൾക്കും നദികൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്നതിനാലും വേനൽക്കാലത്ത് തണുപ്പുള്ള വന്യമായ ഉയർന്ന ഗുഹകളുള്ളതിനാലും ഇതിനെ അൽ-ഷബാൻ എന്നും വിളിക്കാറുണ്ട്. മനുഷ്യ പ്രവർത്തനങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക നിർമിതിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. മൊത്തത്തിൽ ഇതിന് മൂന്ന് തലകളുണ്ട്. ആദ്യത്തേത് തെക്കോട്ടാണ്. ഇത് ഒരു സ്ത്രീയുടെ തല പോലെയാണ്. രണ്ടാമത്തേത് വടക്കോട്ട് ഒരു പുരുഷന്റെ തല പോലെയും അവർക്കിടയിൽ മൂന്നാമത്തേത് സിംഹത്തെപ്പോലെയുമാണ്.

അൽ-ഖറഅ്, അത്-തുവൈത്തീർ, അദ്-ദൽവ, അത്-തിഹേമിയ എന്നീ നാല് ഗ്രാമങ്ങൾക്കിടയിലാണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. മലയിൽ മൂന്ന് തരം ഗുഹകളുണ്ട്.

1- വെള്ളത്തിൽ ലയിക്കുന്ന പാറകളുടെ അലിയുന്നതും ഉരച്ചിലുകളും കാരണം രൂപംകൊണ്ട ആദ്യ തരം. സൗദി അറേബ്യയിൽ കണ്ടെത്തിയ ഏറ്റവും സാധാരണമായ ചുണ്ണാമ്പുകല്ല് ഗുഹയാണിത്.

2- രാസ കാലാവസ്ഥയും ഉരച്ചിലുകളും കാരണം മുകളിലെ പാളികളുടെ തകർച്ചയുടെ ഫലമാണ് രണ്ടാമത്തെ തരം. അതിനാൽ, താഴത്തെ പാളികൾ നീക്കംചെയ്യുന്നത് ചിലപ്പോൾ വിശാലമായ ഗുഹകളുടെ രൂപവത്കരണത്തിലേക്ക് നയിക്കുന്നു. ഇത്തരത്തിലുള്ള ഏറ്റവും പ്രശസ്തമായ ഗുഹ പർവതത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതിനെ "അൽ-ഈദ് ഗുഹ" അല്ലെങ്കിൽ "മഖറത്ത് അൽ-ഈദ്" എന്ന് വിളിക്കുന്നു.

3- ഭൂകമ്പ വിള്ളലുകൾ മൂലമാണ് മൂന്നാം തരം രൂപം കൊണ്ടത്.

2016 വരെ അൽ അഹ്സ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു ഈ ഗുഹകൾ. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രത്തിന്റെ പട്ടികയിൽ ഇത് ഉൾപ്പെട്ടതിനുശേഷം, അഹ്സ ടൂറിസം കമ്പനിയായ അഹ്സാന, പർവതത്തെ വികസിപ്പിക്കാൻ ഏകദേശം 100 മില്യൺ സൗദി റിയാൽ ചെലവിട്ടു. ലാൻഡ് ഓഫ് സിവിലൈസേഷൻസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ പ്രധാനമായി ഗുഹയിൽ ലൈറ്റിങ്, നിലം നിരപ്പാക്കൽ എന്നിവ ഉൾപ്പെടുന്നു. ചരിത്ര മ്യൂസിയം, കഫേകൾ, ഷോപ്പുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 



അൽ ഖറഅ് കുന്നുകളിലെ പാറക്കെട്ടുകളുടെ മുകളിൽ കയറുന്നവരും ധാരാളമാണ്. പക്ഷേ, അപകടങ്ങൾ പതിയിരിക്കുന്ന ഇത്തരം പാറയിടുക്കുകളിൽ കയറുമ്പോൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ചെറിയൊരു അശ്രദ്ധ ചിലപ്പോൾ വൻ ദുരന്തത്തിലേക്ക് വഴിവെച്ചേക്കാം. രാജ്യത്തെ ശക്തമായ നിയമങ്ങൾ വിനോദ സഞ്ചാരികളായ വിദേശികളെ കുടുതൽ ശ്രദ്ധാലുക്കളാക്കുമെങ്കിലും തദ്ദേശീയർ അതിലും പിറകോട്ടാണ്. ഇത് ദുരന്തങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

യാത്രകൾ കൂടുതൽ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ, പ്രവാസികൾ പ്രത്യേകിച്ചും. അൽ ഖറഅ് കുന്നുകർ സന്ദർശിക്കുമ്പോഴും മലയാളി സാന്നിധ്യമായിരുന്നു അവിടെ ഏറെയും. ഗുഹക്കകത്തെ ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ കൊല്ലം സ്വദേശിയായ മലയാളി ആണ് എന്നതും മലയാളി സാന്നിധ്യം എടുത്തുകാണിക്കുന്നതാണ്. 

ലേഖകൻ (ഇടത്തെ അറ്റം) സഹ യാത്രികർക്കൊപ്പം

ഏതായാലും സൗദി സന്ദർശിക്കുന്നവർ യാത്രാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കേന്ദ്രമാണ് അൽ അഹ്സയും അൽ ഖറഹ് കുന്നുകളും. ഒരാൾക്ക് 50 റിയാലാണ് പ്രവേശന ഫീസ്. സൗദിയിലെ പൊതുഗതാഗതത്തിന്റെ തുടക്കവും ഇവിടത്തെ ടൂറിസം മേഖലക്ക് ഏറെ ഗുണകരമാവും.

Tags:    
News Summary - Al Qarah Mountain: The 'table' that cools the travelers coming to Saudi Arabia even in summer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.