സെല്ലുലാർ ജയിൽ

മരണത്തിൻെറ ദ്വീപിൽ

കാലാപാനി എന്ന സിനിമ തന്നെയാണ് ആൻഡമാന്‍ നിക്കോബാര്‍ ദ്വീപ് സന്ദർശനമെന്ന ആഗ്രഹം മുളപൊട്ടാനുള്ള കാരണം. ഓരോ തവണ സിനിമ കാണുമ്പോഴും നഷ്ടബോധം മാത്രം ബാക്കിയാവും. ആ യാത്രക്ക് വേണ്ടി വേണ്ടത്ര ശ്രമിച്ചില്ല എന്നും വേണമെങ്കിലും പറയാം. ചില പുസ്തകങ്ങളില്‍ നിന്നും കിട്ടിയ അറിവുകള്‍ ഒരേ സമയം അന്ധാളിപ്പും അത്ഭുതവും ഉണ്ടാക്കി. ചില ബ്ലോഗുകളിൽ നിന്ന് സഹായകരമായ വിവരങ്ങള്‍ ലഭിച്ചെങ്കിലും എന്തോ ഭയം കാരണം ആ ശ്രമം വേണ്ടെന്നു വെച്ചു. സാധാരണ ഇത്തരം ഭയമോ, യാത്രക്കിടയില്‍ സംഭവിക്കാവുന്ന വരും വരായ്കളെ കുറിച്ചോ ചിന്തിക്കാറില്ല. ഇപ്പോൾ മാത്രം എന്ത് പറ്റിയെന്നു അറിയില്ല. കുഞ്ഞു കുഞ്ഞു യാത്രകളും ജോലിയുമായി മുഴുകിയതിനാൽ ആൻഡമാന്‍ ഒരു വിദൂര സ്വപന്മായി മാറി. വല്ലപ്പോഴും 'കാലാപാനി' സിനിമ ചാനലില്‍ വരുമ്പോള്‍ മാത്രം വീണ്ടുമാ യാത്രയെ കുറിച്ച് ചിന്തിക്കും എന്ന് മാത്രം. ആയിടക്കാണ്‌ സുബ്രന്‍ വിളിച്ചത്.
ആത്മസുഹൃത്താണെങ്കിലും നിരന്തരം വിളിയൊന്നും ഉണ്ടാവാറില്ല. വിളിച്ചാൽ അത് മണിക്കൂറുകള്‍ നീണ്ടുപോകുകയും ചെയ്യും. അവന് ട്രാന്‍സ്ഫറായിരിക്കുന്നു, അതും ആൻഡമാനിലേക്ക്. അവന്‍റെ സ്വരത്തില്‍ വിഷാദം കലര്‍ന്നിരുന്നു. ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്ന അവനു കൊച്ചിയില്‍ നിന്നും മാറ്റം കിട്ടുന്നത് അത്ര സുഖകരമാവില്ല. അതും പ്രണയം തളിര്‍ത്തു പൂവിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത്. എന്നെ സംബധിച്ചു അതൊന്നും ഒരു പ്രശനം ആയിരുന്നില്ല, അല്ലെങ്കിലും അവനവന്‍റെ കാര്യം വരുമ്പോള്‍ നാം ഓരോരുത്തരും സ്വാര്‍ഥരാകുമല്ലോ... അവന്‍ ആൻഡമാനില്‍ എത്തിയ മൂന്നാം ദിവസം ഞാനും അങ്ങോട്ട്‌ കയറും എന്ന കരാറിലാണ് ഫോണിലെ സംസാരം അവസാനിപ്പിച്ചത്. അവന്‍റെ മനസ്സുമാറുന്നതിനു മുന്‍പേ ടിക്കറ്റും എടുത്തു.
 
 

ചെന്നെയില്‍ നിന്നും പൊങ്ങിയ വിമാനത്തിന്‍റെ അടുത്ത സീറ്റില്‍ സേലം സ്വദേശി മുരുകദാസ് ആയിരുന്നു ഉണ്ടായിരുന്നത്. ചിലരെ കാണുമ്പോള്‍ തന്നെ നമുക്കൊരു ഉള്‍വിളി ഉണ്ടാവില്ലേ ? അല്ലെങ്കില്‍ ഒരു പുഞ്ചിരി മുഖത്തുണ്ടാവില്ലേ ? അങ്ങനെയൊരു ഉള്‍വിളിയാണ് മുരുകദാസിനെ പരിചയപെടാനുള്ള കാരണം. പോര്‍ട്ട്‌ ബ്ലയറില്‍ കോഫീ ഷോപ്പ് നടത്തുന്ന മുരുകദാസിന് കാര്യങ്ങളൊന്നും അത്ര പിടിയില്ല. സെല്ലുലാര്‍ ജയില്‍ പോലും ആശാന്‍ കണ്ടിട്ടില്ല. എങ്കിലും എനിക്ക് എന്ത് സഹായം വേണമെങ്കിലും നല്‍കാന്‍ തയ്യാറായിരുന്നു. വീര്‍ സവര്‍ക്കര്‍ എയര്‍പോര്‍ട്ടില്‍ സുബ്രന്‍ കാത്തിരിപ്പുണ്ടായിരുന്നു. അവനെ മുരുകദാസിന് പരിചയപ്പെടുത്തികൊടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി.  ആളും അനക്കവുമില്ലാത്ത ഒരു ദ്വീപാണ് ആൻഡമാനെന്നുള്ള എന്‍റെ മുന്‍ധാരണ വിമാനം ലാൻറ് ചെയ്യുമ്പോൾ തന്നെ തകര്‍ന്നിരുന്നു.
 
ജപ്പാനീസ് മാർക്കറ്റ്
 

പുറത്തുള്ള കാഴ്ചകളും അത് പോലെതന്നെയായിരുന്നു. മികച്ച റോഡുകളും റോഡില്‍ നിറയെ വാഹനങ്ങളും. പക്ഷേ വാഹനങ്ങള്‍ക്ക് എല്ലാം നല്ല പഴക്കം തോന്നിക്കുന്നു എന്ന് മാത്രം. ബൈക്കുകള്‍ മാത്രമാണ് പുതിയവ എന്ന് പറയാവുന്നവ. അപൂര്‍വ്വം ചില ആഡംബര വാഹനങ്ങള്‍, നമ്മുടെ നാട്ടിലെ പോലെ അലക്ഷ്യമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍. എയര്‍പോര്‍ട്ടിനു സവര്‍ക്കറിന്‍റെ പേര് നല്‍കിയതിലെ ഔചിത്യത്തെ കുറിച്ച് സുബ്രനെ ഞാന്‍ ബോധാവനാക്കിയെങ്കിലും ചില മൂളലുകളില്‍ അവന്‍ മറുപടി ഒതുക്കി. കൊച്ചിയില്‍ നിന്നും ഇങ്ങോട്ടുള്ള പറിച്ചുനടല്‍ അവനിനിയും ഉള്‍കൊള്ളാന്‍ സാധിച്ചില്ല എന്ന് തോന്നുന്നു.
 
സെല്ലുലാർ ജയിൽ
 

സെല്ലുലാര്‍ ജയിലില്‍ പോവുന്നതിനു എളുപ്പം എന്ന നിലയില്‍ അതിനടുത്തു റൂം എടുത്തു തന്നു സുബ്രന്‍ തിരിച്ചു പോയി. അവന്‍റെ ബുള്ളറ്റ് എന്നെ ഏല്‍പ്പിച്ചിരുന്നു. നടന്നുകാണുക എന്ന ചിന്ത ഫ്ലൈറ്റില്‍ വെച്ചേ ഞാന്‍ ഉപേക്ഷിച്ചിരുന്നു. റൂമില്‍ നിന്നും നോക്കുമ്പോള്‍ ഉത്തരേന്ത്യ പോലെയാണ് എനിക്ക് തോന്നിയത്. വ്യത്യസ്ത തരം മനുഷ്യര്‍, മാലിന്യങ്ങളില്‍ അലഞ്ഞു നടക്കുന്ന ആടുകള്‍. തിരക്കേറിയ മാര്‍ക്കറ്റ്. ചെന്നെയില്‍ നിന്നും കിലോമീറ്ററുകള്‍ ദൂരത്തുള്ള ഒരു ദ്വീപാണ് ഇത്ര സജീവമായി ഇരിക്കുന്നത്.
ഗോശ്രീ പാലം വരുന്നതിനു മുന്‍പുള്ള വൈപ്പിന്‍ ഒന്നാലോചിച്ചു നോക്കൂ. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും വൈപ്പിന്‍ എത്ര അകലയാണ്? എറണാകുളത്തു നിന്നോ ? കുടിവെള്ളം പോലും വൈപ്പിന്‍ നിവാസികള്‍ക്ക് ഇന്നും ഒരു പ്രശ്നമല്ലേ ? സായിപ്പിനോട്‌ എനിക്ക് തോന്നുന്ന താല്‍പര്യം അതൊക്കെയാണ്‌. ജോലിയിലുള്ള പൂര്‍ണത. അതിന്‍റെ പിറകില്‍ നിരവധിപേരുടെ രക്തവും കണ്ണുനീരും ഉണ്ടെന്നുള്ളത് കാണാതെ പോവുന്നില്ല.
 
ജയിലിലെ ഇടനാഴി
 

സുബ്രന്‍ നല്‍കിയ വിവരം അനുസരിച്ച് വൈകുന്നേരമാണ് സെല്ലുലാര്‍ ജയിലില്‍ പോകേണ്ടത്. ഇപ്പോഴേ പോയാല്‍ ഒരു ദിവസം ലാഭിക്കാമായിരുന്നു. ലോഡ്ജ് നടത്തുന്നത് പ്രായമായ ഒരാളാണ്. മുടിയൊക്കെ നരച്ചു, വാര്‍ധക്യത്തിൻെറ ദശാസന്ധിയിലാണ്. അഡ്രസ്സ് എഴുതാന്‍ എടുത്ത സമയത്തില്‍ നിന്നും ഞാനൂഹിച്ചതാണത്. വെറുതെ ഒരു ചിരി കൊടുത്ത് ഞാന്‍ പുറത്തിറങ്ങി. ലോഡ്ജില്‍ നിന്നും കണ്ട ക്ലോക്ക് ടവറിന്‍റെ അടുത്തേക്കാണ് പോയത്. പ്രതീക്ഷിച്ചത് പോലെ തന്നെ ക്ലോക്ക് പ്രവര്‍ത്തനരഹിതമാണ്. അതൊക്കെ ഒരൂഹമാണ്, എന്തെങ്കിലും ചെറിയ പ്രശ്നമെ കാണൂ എങ്കിലും അതങ്ങനെ കിടക്കും. ഖണ്ടാഘര്‍ എന്ന് വിളിക്കുന്ന ക്ലോക്ക് ടവര്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സ്മാരകമാണ്.
 
സ്വദേശിവാദമില്ലാത്ത ഇന്ത്യയിലെ ചുരുക്കം ചില നഗരങ്ങളില്‍ ഒന്നാവും പോര്‍ട്ട്‌ബ്ലയര്‍. ഇവിടെ നമുക്ക് ബംഗാളിയെ കാണാം, ബീഹാറിയെ കാണാം, മറാത്തിയെ, തമിഴനെ, തെലുങ്കനെ, എന്തിനു മലയാളിയെ വരെ കാണാം. അതിനു ചരിത്രപരമായ കാരണങ്ങളും ഉണ്ട്. ഒരു സമയത്ത് പോര്‍ട്ട്‌ബ്ലയര്‍ കാടുകള്‍ ആയിരുന്നു, പോര്‍ട്ട്‌ബ്ലയര്‍ മാത്രമല്ല ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എല്ലാം നിബിഡ വനമായിരുന്നു. ഇപ്പോഴും വളരെ ചുരുക്കം ദ്വീപുകള്‍ ഒഴികെ ഭൂരിഭാഗവും കാടുകള്‍ തന്നെയാണ്. ആൻഡമാനും നിക്കോബാറും രണ്ടും രണ്ടു ദ്വീപ സമൂഹമാണ്‌. ആൻഡമാനില്‍ 200 ഉം നിക്കോബാറില്‍ 19 ഉം ദ്വീപുകളും ഉണ്ട്. ഇതില്‍ മനുഷ്യവാസം ഉള്ളവ വളരെ കുറവാണ്.
 

പണ്ട് ആഫ്രിക്കന്‍ അടിമകളുമായി പോയ ഒരു പോര്‍ച്ചുഗീസ് കപ്പല്‍ മറിഞ്ഞപ്പോള്‍ അതില്‍ നിന്നും രക്ഷപെട്ടവവരാണ് ഇവിടെയുള്ള ആദിവാസികള്‍ എന്നാണ് കരുതുന്നത്. നമ്മള്‍ ചിന്തിക്കുന്നത് പോലെ ഭീകരരോ, നരഭോജികളോ ഒന്നുമായിരുന്നില്ല അവര്‍. അന്യോനം ദ്രോഹിക്കാതെ ജീവിച്ച ഒരു കൂട്ടര്‍. അവരവരുടെ ആചാരങ്ങളും പ്രാര്‍ത്ഥനകളുമായി  ജീവിച്ചവര്‍, വേട്ടയാടിയും, മീന്‍ പിടിച്ചും ആഘോഷിച്ചു ജീവിച്ചവര്‍. അവരുടെ ഇടയിലേക്കാണ്‌ ബ്രിട്ടീഷുകാര്‍ ഒരു കോളനി സ്ഥാപിക്കാനുള്ള ആഗ്രഹുമായിവരുന്നത്. ചരിത്രത്തിലെ ഒരു വേദനയുടെ അധ്യായത്തിന്‍റെ തുടക്കമായിരുന്നു അത്.
 
ലഫ്റ്റനൻറ് ബ്ലെയറിനായിരുന്നു സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏല്‍പ്പിച്ചിരുന്നത്‌. ഇന്നത്തെ പോര്‍ട്ട്‌ ബ്ലയറിന് അദ്ദേഹത്തിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. ബ്ലയറിന്‍റെ അനുകൂല റിപ്പോര്‍ട്ടിന്‍ പ്രകാരം ഇവിടെ ഒരു സെറ്റില്‍മെൻറ് ഉണ്ടായെങ്കിലും നാലുവര്‍ഷത്തിനു ശേഷം ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്. അനിയന്ത്രിതമായ മരണനിരക്കായിരുന്നു കാരണം. പകര്‍ച്ചവ്യാധികളും, കാട്ടുജാതിക്കാരും, പാമ്പ് പോലെയുള്ള ശൂദ്രജീവികളും അവരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു.
 
ശിപായിലഹള എന്ന് സായിപ്പ് കളിയാക്കിയ ഒന്നാം ഇന്ത്യന്‍ സ്വതന്ത്രസമരത്തിനു ശേഷം ഇന്ത്യന്‍ ജയിലുകള്‍ നിറഞ്ഞുകവിഞ്ഞപ്പോഴാണ് തടവുകാരെ പോര്‍ട്ട്‌ബ്ലയറില്‍ കൊണ്ട് പോകാം എന്ന് തീരുമാനിക്കുന്നത്‌.  ബ്രിട്ടീഷ് ഭരണത്തിലെ അസഹനീയതയല്ല അവരെ പോരാടാന്‍ പ്രേരിപ്പിച്ചത്, മറിച്ച് വെടിയുണ്ടയില്‍ പശു, പന്നി എന്നിവയുടെ അംശം കലര്‍ന്നിട്ടുണ്ടോ എന്ന സംശയമാണ് ഒരു കലാപത്തിലേക്ക് നയിച്ചത്. 
 
തടവുകാരെ ഇങ്ങോട്ട് കൊണ്ട് വരുന്നതിലൂടെ മാനസികമായി അവരെ തകര്‍ക്കാം എന്നൊരു ചിന്തയും ബ്രിട്ടീഷുകാര്‍ക്കുണ്ടായിരിക്കണം. നാടെന്ന വിദൂരസ്വപ്നം പോലും പറിച്ചെറിയുക. കാടിനും കടലിനും ഇടയില്‍ ജീവിക്കുക. എന്തൊരു ജീവിതമായിരിക്കും ? വിപ്ലവത്തിന്‍റെ ഊര്‍ജമൊക്കെ ഇവിടെ എത്തിയതിൻെറ ആദ്യനാളുകളില്‍ തന്നെ കെട്ടടങ്ങി. മൃഗങ്ങളെ പോലെ ആയിരുന്നു അവരുടെ ജീവിതം, അല്ലെങ്കില്‍ മൃഗങ്ങള്‍ പോലും അതിലും നല്ലജീവിതം നയിച്ചിരുന്നു എന്നും പറയാം. തലചായ്ക്കാന്‍ ഇടമില്ലാതെ, കുടിക്കാന്‍ വെള്ളമില്ലാതെ കഠിനജോലികളാണ് അവര്‍ക്ക് കിട്ടിയത്. കാട് വെട്ടിത്തെളിക്കുമ്പോള്‍ ഇഴജന്തുക്കളുടെ കടിയേറ്റു നിരവധി പേര്‍ മരിച്ചു. വന്‍മരങ്ങള്‍ ഭൂമിയില്‍ പതിക്കുന്ന ശബ്ദം തങ്ങളുടെ ആവാസവ്യവസ്ഥക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് തിരിച്ചറിഞ്ഞ ആദിവാസികള്‍ പ്രതികരിച്ചു, വിഷംപുരട്ടിയ അമ്പുകള്‍ നിരവധി പേരുടെ ജീവനെടുത്തു. രോഗങ്ങള്‍ കൊണ്ടുള്ള ഉപദ്രവം വേറെയും. രക്ഷപ്പെടാന്‍ മാര്‍ഗമില്ല. രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലാഞ്ഞിട്ടും ബീഹാറുകാരന്‍ സിരി നാരായണന്‍ നീന്തിരക്ഷപെടാന്‍ ശ്രമിച്ചു. അയാളെ പിടികൂടി കൊന്നുകളയുകയാണ് ബ്രിടീഷുകാര്‍ ചെയ്തത്.
 

അബര്‍ദീന്‍ എന്ന് വിളിക്കുന്ന മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ട്. കുര്‍ത്തയിട്ടവരും മുണ്ടുടുത്തവരും എല്ലാവരും ഉണ്ട്. മുസ്ലിം പള്ളിയും, ദുര്‍ഗാ മന്ദിറും അടുത്തടുത്ത് തന്നെയാണ്. മാര്‍ക്കറ്റിന്‍റെ ഓരോ ഭാഗവും വ്യത്യസ്ത പേരിലാണ് അറിയപ്പെടുന്നത്. ബംഗാളി, ബീഹാറി മാര്‍ക്കറ്റുകള്‍ അങ്ങനെയൊക്കെ. ഒന്ന് കറങ്ങിവന്നപ്പോയെക്കും സുബ്രന്‍ വീണ്ടും വന്നിരിക്കുന്നു. സെല്ലുലാര്‍ ജയിലിലേക്ക് അവനും വരുന്നുണ്ട് പോലും. അവന്‍ കുറച്ചു ബ്രോഷറുകളും കൊണ്ട് വന്നിട്ടുണ്ട്. അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ അടങ്ങിയ ബ്രോഷര്‍. സുബ്രനും എനിക്കും വഴി അറിയില്ലെങ്കിലും ഞാന്‍ തന്നെയാണ് ബൈക്ക് ഓടിച്ചത്.  ദൂരെ നിന്നെ ആ നിര്‍മ്മിതി കാണുന്നുണ്ട്. ദേശീയബോധം എനിക്കെത്ര ഉണ്ടെന്നു അറിയില്ല, പക്ഷേ ദേശീയതക്ക് വേണ്ടിയുള്ള ഇത്തരം സ്മാരകങ്ങള്‍ കാണുബോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വേദന തൊണ്ടയില്‍ അനുഭവപെടാറുണ്ട്. ടിക്കറ്റ് എടുത്തു മുന്നോട്ടു നടക്കുമ്പോള്‍ കാണുന്നത് അമര്‍ജ്യോതിയാണ്. നൂറുകണക്കിനു ഇന്ത്യക്കാരുടെ ജീവിതമാണ് ഈ കെടാവിളക്കിനുള്ള ഇന്ധനം.
 
മൃഗങ്ങളെ പോലെ ജീവിച്ചിരുന്ന തടവുകാര്‍ക്ക് താമസ സൗകര്യം ഉണ്ടാക്കുന്നത്തിൻെറ ആവശ്യകതയെ കുറിച്ച് റോബര്‍ട്ട് നേപ്പിയര്‍ അധികാരികളെ അറിയിച്ചതിന്റെ ഭാഗമായാണ് സെല്ലുലാര്‍ ജയിലിന്‍റെ പണി ആരംഭിച്ചത്. തടവുകാര്‍ തന്നെയാണ് ജോലിക്കാര്‍. എന്തായിരിക്കും അവരുടെ മനോഗതം ? കാട്ടുവാസികള്‍ക്കും മൃഗങ്ങള്‍ക്കും ഇടയില്‍ നിന്നും ഒരു രക്ഷയായി അവരതിനെ കണ്ടുകാണുമോ ? പഴുതടച്ച നിര്‍മ്മിതിയായിരുന്നു സെല്ലുലാര്‍ ജയില്‍. ഒരു ഗോപുരത്തിന് ചുറ്റുമായി എഴു ശാഖകള്‍ എന്ന നിലയിലാണ് ജയില്‍ നിര്‍മ്മിച്ചത്. ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ പോലും ഗോപുരത്തിലെ വാതിലില്‍ മാത്രമേ എത്തൂ. ചെറിയ ജാലകത്തില്‍ കൂടിയുള്ള വെളിച്ചം മാത്രമേ ജയിലറക്കുള്ളില്‍ എത്തൂ. കാട്ടുവാസികളെക്കാള്‍ ക്രൂരനായ ജയിലര്‍ ബാരിയായിരുന്നു ജയിലിന്‍റെ അവസാനവാക്ക്, കൂടെ സഹായത്തിനു മിര്‍സാഖാനും. ജയിലര്‍ ബാരി കുറ്റവാളികളെ സ്വാഗതം ചെയ്യുന്നതു ഒരു പ്രസംഗത്തിലൂടെയാണ്:
"നിങ്ങള്‍ താമസിക്കുന്ന പോര്‍ട്ട്‌ ബ്ലയറിന്റെ മൂന്ന് മൈലിനുള്ളില്‍ ദൈവം വരില്ല. ഇവിടുത്തെ ദൈവം ഞാനാണ്. മുകളിലെ ദിവം നിങ്ങളെ ശിക്ഷിക്കുന്നത് അവിടെ എത്തുമ്പോഴാണ്. ഈ ദൈവത്തിന്‍റെ ശിക്ഷ വളരെ പെട്ടെന്നായിരിക്കും.  അതാരും മറന്നു പോകരുത് "
 
സവർക്കറുടെ സെൽ
 

അഫ്ഗാനില്‍ നിന്നും ഇന്ത്യയില്‍ താമസമാക്കിയ  ഒരു കുറ്റവാളിയായിരുന്നു മിര്‍സാഖാനും. പോര്‍ട്ട്‌ ബ്ലയര്‍ പീനല്‍സെറ്റില്‍മെന്റില്‍ രാഷ്ട്രീ യ തടവുകാര്‍ അല്ലാത്തവര്‍ക്ക് വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയതടവുകാര്‍ ഗവര്‍മെൻറന് എതിരെ പ്രവര്‍ത്തിച്ചവരാണ്, അത് കൊണ്ട് തന്നെ കൊലപാതകം പോലുള്ള കേസ്സുകളില്‍ വരുന്നവര്‍ക്ക് ഒരു സമയം കഴിഞ്ഞാല്‍ പെറ്റി ഓഫീസറായി മാറാം. ഇങ്ങനെ പെറ്റി ഓഫീസറായി, പിന്നീടു ജമേദാറായി പ്രൊമോഷന്‍ ലഭിച്ച്,,,ബാരിയുടെ വലംകൈയായി, ബാരിയോ മിര്‍സാഖാനോ ആരാണ് കൂടുതല്‍ ക്രൂരന്‍ എന്ന സംശയം മാത്രം ബാക്കി.
 
കുളുവിലെ ജോലിയായിരുന്നു ഏറ്റവും കഠിനം. ഒരാള്‍ ദിവസം മുപ്പതു റാത്തല്‍ എണ്ണനയാട്ടണം എന്നാണ് കണക്കു, ഇല്ലെങ്കില്‍ ചാട്ടവാറിനു അടിക്കും. കൈകാലുകള്‍ ലോക്ക് ചെയ്തു തടവുകാരന്‍ തന്നെയാണ് അടിക്കുക. ഓരോ അടിക്കും ചമ്മട്ടിയില്‍ തോല് പറ്റിയിരിക്കും. രാവിലെ ആയാല്‍ കുളുവിലേക്ക് തടവുകാര്‍ ഓടും, കാരണം രാത്രി വരെ പണിയെടുത്താല്‍ മാത്രമേ മുപ്പതു റാത്തല്‍ എണ്ണ കിട്ടൂ. രുചിയില്ലാത്ത ഭക്ഷണത്തില്‍ അവര്‍ക്ക് പരാതിയൊന്നും ഉണ്ടായിരുന്നില്ല. കൈകള്‍ പൊട്ടി കുമിളകളായി, ചലം പുറത്തുവന്നപ്പോയും അവര്‍ക്ക് പരാതി ഒന്നും ഉണ്ടായിരുന്നില്ല. ചിലര്‍ സ്വീകരിച്ച നിരാഹാരം പോലുള്ള സമരമുറകള്‍ അധികാരികള്‍ കണ്ടില്ലെന്നു നടിച്ചു. ചിലര്‍ ആതമഹത്യ ചെയ്തു, മറ്റു ചിലര്‍ക്ക് മാനസിക വിഭ്രാന്തി സംഭവിച്ചു. ജയിലര്‍ ബാരി തന്നെ ക്രൂരതകള്‍ ദിനം പ്രതി വര്‍ധിപ്പിച്ചു. ചില പഞ്ചാബി തടവുകാര്‍ മാത്രമാണ് ബാരിയോടു എതിര്‍ത്തു നിന്നത്. 
 
കാലാപാനി സിനിമയുടെ ചിത്രീകരണം
 

സെല്ലുലാര്‍ ജയിലിലെ ജീവിതം ചിത്രീകരിച്ച ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ഷോ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി. ഹിന്ദിയിലെ ഷോ മാത്രമേ കണ്ടുള്ളൂ.. തിരിച്ചു പോവുമ്പോള്‍ ഞാനും സുബ്രനും ഒന്നും സംസാരിച്ചിരുന്നില്ല. യാത്ര പോലും പറയാതെയാണ് ഞാന്‍ റൂമിലേക്ക്‌ കയറിപ്പോയത്. അന്നത്തെ രാത്രി ഒട്ടും ഉറങ്ങാന്‍ സാധിച്ചില്ല. കുറെ സമയം പുറത്തേക്ക് നോക്കിയിരുന്നു. നമ്മുടെ ചരിത്ര പഠനത്തിനു എന്തോ തകരാറുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഇത്രയും പ്രാധ്യാന്യം അര്‍ഹിക്കുന്ന ഒരു പ്രദേശത്തെ പരോക്ഷമായി മാത്രമാണ് നാം പഠിക്കുന്നത്. സുബ്രന്‍ തന്നെ ഒരിക്കല്‍ എന്നോട് ചോദിച്ചിട്ടുണ്ട് ആൻഡമാൻ ഇന്ത്യയുടെ ഭാഗമാണെങ്കില്‍ ശ്രീലങ്കയും ഇന്ത്യയുടെ ഭാഗമല്ലേ എന്ന്. അന്നവന് കൊടുക്കാന്‍ മറുപടി ഉണ്ടായിരുന്നില്ല, ഇന്നത്‌ അവനു മനസിലായിട്ടും ഉണ്ടാവും. 
 
റൂമിലെ ചുവരില്‍ കുറച്ചു പെയിൻറിങ്ങുകള്‍ ഉണ്ട്. കാട്ടുവാസികള്‍ എന്ന് പറയുന്നവരുടെ ഒരു പോരാട്ടത്തിന്‍റെ ചിത്രമാണ്‌. ഒരു പെയിൻറിങ്ങിന്റെ താഴെ ബാറ്റില്‍ ഓഫ് അബര്‍ദീന്‍ എന്ന് രേഖപെടുത്തിയിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോഴാണ് എന്‍റെ റൂമിന്‍റെ അടുത്തുള്ള മാര്‍ക്കറ്റ് അബര്‍ദീന്‍ ആണല്ലോ എന്ന ചിന്ത ഉണ്ടായത്.  ഇനി ഈ പെയിന്റിങ്ങും മാര്‍ക്കറ്റും തമ്മില്‍ എന്തെങ്കിലും ബന്ധം കാണുമോ ?
 
തുടരും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT