148 ഏക്കറിൽ ഒരു രാജ്യം, കാവൽക്കാരും കള്ളൻമാരുമില്ല

ങ്ങനെയൊന്നില്ലെന്നറിഞ്ഞിട്ടും ഒന്നു കാണാനായെങ്കിൽ എന്ന് വല്ലാതെ കൊതിതോന്നിപ്പിച് ച ദേശമായിരുന്നു 'മക്കണ്ടോ'. ഏകാന്തയുടെ നൂറുവർഷങ്ങളിലൂടെ മായികതയുടെ ആ വൻകരയിലേക്ക് മാർക്വേസ് കൂട്ടിക്കൊണ്ടുപോയ അതേ മക്കണ്ടോ. കണ്ണിണകളെ കുളിർപ്പിക്കുന്ന നദികളിൽ ചിലതിന് മക്കണ്ടോയിലെ വെള്ളാരങ്കല്ലുകൾ നിറഞ്ഞ കണ്ണാടിച്ചില്ലുപോലത്തെ നദിയുടെ ഛായയുണ്ടായിരുന്നു.

എന്നാലിപ്പോൾ നേരിൽ കാണാനായെങ്കിൽ എന്ന് അതിയായി കൊതിക്കുന്ന ഒരു ദേശമുണ്ട്. ഭാവനയുടെ ഭൂപടത്തിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നതല്ല അത്. ഭൂമുഖത്ത് യഥാർത്ഥമായി ഉള്ളത്. ഒരിക്കൽ ആ മണ്ണിലേക്ക് കാലെടുത്തുവെച്ചാൽ പിന്നെയൊരു മടക്കം ആഗ്രഹിക്കാതെ നമ്മെ പൂണ്ടടക്കം പിടിച്ചുവെക്കുന്ന ഒരു കൊച്ചു സുന്ദരിയാണത്രെ അവൾ. അതാണ് ഉസ്യുപിസ്. ഇങ്ങനെയൊരു രാജ്യമോ എന്ന് അമ്പരക്കേണ്ട. വെറും 148 ഏക്കർ മാത്രമാണ് ഇൗ പ്രശാന്ത സുന്ദര ദേശത്തി​​​െൻറ വിസ്തൃതി! ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം. കുട്ടനാട്ടിലെ ഒരു പാടശേഖരത്തിന്‍െറ അത്രമാത്രം വലിപ്പമുള്ളൊരു രാജ്യം.

ഇൗ പാലം കടന്ന് ഉസ്യുപിസിൽ എത്തിയാൽ നിങ്ങളെ നിങ്ങൾക്ക് സ്വന്തമാക്കാം. നിങ്ങൾ ആരാണെന്ന്​ അവിടം മുതൽ തിരിച്ചറിയും..

യൂറോപ്പിന്‍െറ വടക്കു കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ബാൾട്ടിക് രാജ്യങ്ങളിൽ ഒന്നാണ് ലിത്വാനിയ. ലിത്വാനിയയുടെ തലസ്ഥാനമായ വിൽന്യുസിൽ ഉൾപെട്ട ഭൂഭാഗമാണ് ഉസ്യുപിസ്. അധികമാരും കേട്ടിട്ടില്ലാത്ത ഉസ്യുപിസിന്‍െറ പേരിന്‍െറ അർത്ഥം 'നദിയുടെ അങ്ങേക്കരയിൽ'എന്നാണ്.
പറഞ്ഞാൽ തീരാത്തത്ര കൗതുകങ്ങൾ ഒളിപ്പിച്ചുവെച്ചവൾ. ലോകത്തിലെ ഏറ്റവും ചെറിയ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കിന് പ്രസിഡൻറും ഭരണഘടനയും കറൻസിയുമൊക്കെയുണ്ട്. നാലു ചെറു ബോട്ടുകളടങ്ങുന്ന നാവിക സേനയും പത്തോളം വരുന്ന സൈനികരുമുണ്ട്. എന്നാൽ, ഇതി​ന്‍െറയൊന്നും ആവശ്യം വരാത്തതിനാൽ ഉപയോഗം ആഘോഷ വേളകളിൽ മാത്രം. പ്രശ്നങ്ങളില്ലാത്ത സമാധാന അന്തരീക്ഷത്തിൽ എന്തിന് പട്ടാളവും പൊലീസും?

ഉസ്യുപിസിന്‍െറ ആകാശദൃശ്യം

മനോഹരമായ ചിത്രത്തുന്നലുകൾ ഉള്ള വർണത്തുണിയാൽ അലങ്കരിച്ച പൂപ്പാത്രം പോലെയാണ് ഉസ്യുപിസ്. വിചിത്രവും അതേസമയം കണ്ണുകളെ വിസ്മയവൃത്തങ്ങളുമാക്കുന്ന ചിത്രങ്ങളും തൊങ്ങലുപോലെയുള്ള അസാധാരണ രൂപങ്ങളും എങ്ങും കാണാം. വീടുകളിലും കഫേകളിലും വഴിയോരങ്ങളിലും കാഴ്ചയെ സമൃദ്ധമാക്കുന്ന നനു നനുത്ത ദൃശ്യങ്ങൾ. അർത്ഥമില്ലാത്ത എന്തോ വെട്ടിപ്പിടിക്കാൻ ഒാടുന്ന ധൃതിയില്ല ഉസ്യുപിസ് വാസികളുടെ ചലനങ്ങളിൽ. എങ്കിലോ ഉൗർജ്ജസ്വലതയുടെ തുടിപ്പുകൾ ചുറ്റുവട്ടത്തേക്ക് പ്രസരിപ്പിച്ച് കൊണ്ട് മഞ്ഞു വീഴുന്ന പാതവക്കുകളിലൂടെ അവർ വേഗം നടന്നുമറയുന്നതുകാണാം. പ്രസരിപ്പാർന്ന മുഖത്തോടെ, വിനയാന്വിതരായി പതിഞ്ഞ സ്വരങ്ങളിൽ ഇണകളായും തുണകളായും മനുഷ്യർ സംസാരിച്ചിരിക്കുന്ന എത്രയും ഇടങ്ങൾ.. വൃത്തിയായി പരിരക്ഷിച്ചിട്ടുള്ള വിൽനിയ നദിയും പച്ചപ്പും. ചിത്രങ്ങളിൽ നിന്നുപോലും കാഴ്ചക്കാരിലേക്ക് കിനിഞ്ഞിറങ്ങുന്ന സുഖമുള്ള ഒരു തണുപ്പാണ് ഉസുപിസ്. മൊത്തം 7000 പേരാണ് ഇന്ന് ഇവിടെ സഹവസിക്കുന്നത്. ഇവരിൽ ആയിത്തോളം പേരും കലാകാരൻമാരാണെന്നതാണ് അതിലേറെ കൗതുകം.

മനോഹരമായി ചിത്രങ്ങൾ ചാർത്തിയ ഉസ്യുപിസിലെ വീടുകൾ പഴമയുടെ പ്രൗഢി നിറഞ്ഞതാണ്​

1997 ഏപ്രിൽ ഒന്നിനാണ് ലിത്വാനിയ ഉസ്യുപിസിനെ സ്വതന്ത്രയാക്കിയത്. സ്വയം പ്രഖ്യാപിതമായ ഇൗ രാജ്യത്തെ ഇതര വിദേശ സർക്കാറുകൾ ഒന്നും ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല. എല്ലാ വർഷവും ഏപ്രിൽ ഒന്നിന് ലോകം 'വിഡ്ഢിദിനം' കൊണ്ടാടുേമ്പാൾ ഉസ്യുപിസ് സ്വാതന്ത്ര്യദിനം ആഘോഷിക്കും. ഉസ്യുപിസിനെ വിൽന്യുസിൽ നിന്നും വേർതിരിക്കുന്ന ഒരു നദിയുണ്ട്. വിൽനിയ. അവളാണ് ഉസുപിസി​​​െൻറ ജീവനാഡി. സ്വാതന്ത്ര്യദിനത്തിൽ പുറത്തുനിന്നെത്തുന്ന സഞ്ചാരികൾക്ക് മുദ്ര പതിച്ച അവരുടെ പാസ്പോർട്ടുകളോടെ വിൽനിയക്കു മുകളിലുള്ള പാലത്തിലൂടെ ഉസ്യുപിസിലേക്ക് പ്രവേശിക്കാം. (അതല്ലാത്ത ദിവസങ്ങളിലും അവിടെ കാവൽക്കാർ ഉണ്ടായിരിക്കില്ല). അന്നേദിനം അവിടുത്തെ കറൻസി ഉപയോഗിക്കാം. ആഗ്രഹിക്കുന്നവർക്ക് അവിടെയുള്ള പ്രധാന ചത്വരത്തിലെ ഒരു നീർചാലിലൂടെ ഒഴുകുന്ന മദ്യവും കഴിക്കാം.

ലോകം വിഢി ദിനമാചരിക്കുന്ന ഏപ്രിൽ ഒന്നിന്​ ഉസ്യുപിസുകാർ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

സന്തോഷിക്കാനുള്ള അവകാശം, മരിക്കാനുള്ള അവകാശം എന്നൊക്കെ ഏതെങ്കിലും ഭരണഘടനയിൽ എഴുതിച്ചേർത്തതായി വായിച്ചിട്ടുണ്ടോ? എന്നാൽ, ഇവിടെ അതുണ്ട്. ഉസ്യുപിസി​​​െൻറ ഭരണഘടന ഗ്രന്ഥമായി ചില്ലലമാരയിൽ സൂക്ഷിച്ചുവെച്ചതല്ല. അവിടെയെത്തുന്ന ഏതൊരാൾക്കും കാണാവുന്ന തരത്തിൽ നഗരത്തിലെ പ്രധാന ഭാഗത്തെ ചുവരിൽ കണ്ണാടി പ്രതലത്തിൽ ഉല്ലേഖനം ചെയ്തിരിക്കുന്നു. സംസ്കൃതത്തിൽ അടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ഇത്.

ഉസ്യുപിസിന്‍െറ ഭരണഘടന തെരുവിൽ ആർക്കും കാണാവുന്ന വിധം ചുവരിൽ കണ്ണാടി പ്രതലത്തിൽ ആ​ലേഖനം ചെയ്തിരിക്കുന്നു

ഉസ്യുപിസിലെ അന്തരീക്ഷം തീർത്തും വ്യത്യസ്തമാണ്. ഇവിടെയെത്തിയാൽ നിങ്ങൾ അതിയായ സന്തോഷമുള്ളവരും ശാന്തരുമായിത്തീരും. മദ്യശാലകൾ ഇവിടെ ക്രിമിനലുകളെ സൃഷ്ടിക്കുന്നില്ല. അവിടെ പോവേണ്ടവർക്ക് അതും റെസ്റ്റോറൻറുകളിൽ പോവേണ്ടവർക്ക്​ അതും സജ്ജീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളും പ്രോേട്ടാകോളുകളും ഇവിടെ കാണാനാവില്ല. എന്നാലോ എല്ലാവരും സ്വയം നിയന്ത്രിതരുമാണ്. ബോധമുള്ള ജനത അങ്ങനെയായില്ലെങ്കിലല്ലേ അൽഭുതമുള്ളൂ.

വൃത്തിയായി സൂക്ഷിച്ച തെരുവുകളാണ്​ ഉസ്യുപിസിന്‍െറ പ്രത്യേകത..

ഇനിയിവരുടെ പതാക നോക്കുക. ഒരു 'വിശുദ്ധ കരം'. മധ്യ ഭാഗത്ത് ദ്വാരമുള്ള നീല നിറത്തിലുള്ള ഒരു കൈ. കൈക്കൂലി വാങ്ങാൻ പാടില്ല എന്നതാണ് ഇൗ കൈ പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ കൈകൾക്കുള്ളിൽ ഒന്നും തന്നെ ഒളിപ്പിക്കാൻ പാടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഉസ്യുപിസി​​​െൻറ ടൂറിസം മന്ത്രി കെസ്റ്റാസ് ലുകോസ്കിനസ് ഇതെക്കുറിച്ച് പറയുന്നത്. ഉസ്യുപിസിലെങ്ങും ഇൗ ചിഹ്നം കാണാം.
കാഹളം മുഴക്കുന്ന ദേവതയാണ് ഉസ്യുപിസി​​​െൻറ ദേശീയ പ്രതിമ. വിൽന്യുസിലെ കലാകാരനായിരുന്ന സിനോനാസ് സ്റ്റൈനിയുടെ സ്മരണാർത്ഥമാണ് ഇൗ ദേവതയുടെ പ്രതിമ സ്ഥാപിച്ചത്.

ലിത്വാനിയയുടെ കിഴക്കുവശത്ത് റഷ്യയാണ്. അതുകൊണ്ട് തന്നെ പഴയ സോവിയറ്റ് ബ്ലോക്കിനോടു സമാനമായ ശിൽപ-നിർമാണ ചാതുരിയാണെങ്ങും. 90കളുടെ ആദ്യത്തിൽ യു.എസ്.എസ്.ആറിന്‍െറ പതനത്തോടെ സോവിയറ്റ്​ ഐക്കണുകളായ പ്രതിമകളുടെ അസ്ഥിവാരങ്ങൾ വിൽന്യുസിലെങ്ങും കാണപ്പെട്ടു. അതിൽ ഒന്നായിരുന്നു യു.എസ് റോക്ക് സ്റ്റാർ ഫ്രാങ്ക് സാപ്പയുടേത്. അവിടുത്തുകാരനായിരുന്നില്ലെങ്കിൽകൂടി അവർ സാപ്പയുടെ ശിരസ്സിനെ സ്വാതന്ത്ര്യത്തിന്‍െറ പ്രതീകമെന്ന നിലയിൽ ഉയർത്തി നേരെയാക്കിവെച്ചു.

കൈപ്പത്തിയുടെ ചിഹ്​നമുള്ള ഉസ്യുപിസി​ന്‍െറ ദേശീയ പതാക ആലേഖനം ചെയ്​ത ചുമര്​

ഉസ്യുപിസി​​​െൻറ സ്ഥാപക പിതാക്കളിൽ ഒരാളും നിലവിലെ വിദേശകാര്യ മന്ത്രിയുമായ തോസ് സെപെയ്റ്റിസ് രാജ്യത്തിന്‍െറ ചരിത്രം പറയുന്നതു കേൾക്കൂ:
''ആധുനിക ലോകത്തിന്‍െറ അസ്വസ്ഥതകൾ ഒന്നും ഏശാത്ത ഒരു ശാന്ത ദേശത്തെ കെട്ടിപ്പടുക്കുവാൻ ആണ് ഞാനും എ​ന്‍െറ സഹ സ്ഥാപകരും ശ്രമിച്ചത്​. ഇൗ പാലം കടന്ന് ഇവിടെയെത്തിയാൽ നിങ്ങളെ നിങ്ങൾക്ക് സ്വന്തമാക്കാം. നിങ്ങൾ മറ്റാരുമാവില്ല. നിങ്ങൾ യഥാർത്ഥത്തിൽ ആരാണെന്നും മാൽസര്യ ചിന്തകൾ എല്ലാം മാറ്റിവെച്ച് സ്വന്തത്തിൽ ഉൾചേർന്നിട്ടുള്ള മാനുഷികതയെന്താണെന്നും അവിടം മുതൽ തിരിച്ചറിയും...''

ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിലിന്‍െറ തത്വചിന്തയാണ്​ ഉസ്യുപിസിന്‍െറ ജനനത്തിന്‍െറ അടിസ്ഥാനമായി വർത്തിച്ചത്. ഏതൊരു മഹത്തായ നഗരത്തിലും താമസിക്കുന്നവരുടെ എണ്ണം പരിമിതമായിരിക്കണം എന്നതാണത്. ഇതിന്‍െറ അടിസ്ഥാനത്തിൽ തങ്ങൾ നിർമിക്കാൻ പോകുന്ന നഗരത്തിലെ പൗരൻമാരുടെ എണ്ണം 5000ത്തിൽ കവിയരുതെന്ന് ആദ്യം അവർ തീരുമാനിച്ചു. കാരണം അതിൽ കൂടുതൽ മുഖങ്ങൾ ഒരാളുടെ മനസ്സിൽ ഒാർത്തുവെക്കാൻ കഴിയില്ല. എല്ലാവർക്കും പരസ്പരം അറിയാൻ കഴിയണം. അങ്ങനെയെങ്കിൽ അന്യോന്യം വഞ്ചിക്കാനും ചതിക്കാനും കഴിയുക എന്നത് ഏറ്റവും ദുഷ്കരമാവും.

1997ൽ സ്വാതന്ത്ര്യം നേടിയ ഉടൻ തന്നെ ഭരണഘടന നിർമിച്ചു. അതി​​​െൻറ ധാർമിക തത്വങ്ങൾ എഴുതിയുണ്ടാക്കിയത് സെപെയ്റ്റിസും ഉസ്യുപിസി​​​െൻറ പ്രസിഡൻറ് റോമസ് ലിലെയ്കിസും ചേർന്നായിരുന്നു. 1998ലെ ഒരു സായാഹ്നത്തിലെ വെറും മൂന്നു മണിക്കൂറുകൾ ആണ് അവർ ഇരുവരും ഇതിനായി ചെലവഴിച്ചത്. അതേക്കുറിച്ച്​ സെപെയ്​റ്റിസ്​ പറയുന്നു:
''പരമാധികാര രാജ്യമായി പ്രഖ്യാപിക്കപ്പെട്ട ഉടൻ റോമസ് എന്നെ സമീപിച്ചത് അദ്ദേഹത്തിന് കുളിക്കാൻ ചൂടു വെള്ളമന്വേഷിച്ചായിരുന്നു. അതിനാൽ തന്നെ ഭരണഘടനയുടെ രണ്ടാം ഭാഗത്ത് 'എല്ലാവർക്കും ചൂടുവെള്ളത്തിനുള്ള അവകാശം' എന്ന് എഴുതിച്ചേർത്തു. അദ്ദേഹം കുളി കഴിഞ്ഞെത്തി. നമ്മൾ ഇപ്പോൾ സ്വതന്ത്രരായിരിക്കുന്നവല്ലോ. ഇനി നമുക്ക് ചില രേഖകൾ വേണം. അതെങ്ങനെയായിരിക്കണമെന്ന് ഞങ്ങൾ ഇരുന്ന് ആലോചിച്ചു. അവിടെ ഇരുന്ന് തന്നെ അതെഴുതിയുണ്ടാക്കി...''

ഉസ്യുപിസിലെ വീടുകളുടെ ചുമരുകൾ ചിത്രങ്ങളാൽ നിറഞ്ഞിരിക്കുന്നു

41 വകുപ്പുകൾ ആണ് ഭരണഘടനക്കുള്ളത്. സ്വതന്ത്രമായ ചിന്തയാണ് അതി​​​െൻറ അന്ത:സത്ത. ഒരാൾക്ക് മരിക്കാനുള്ള അവകാശം േപാലും ഇതിൽ എഴുതിച്ചേർത്തിട്ടുണ്ട്. എന്നാൽ, ഇതൊരു ധാർമിക ബാധ്യതയല്ല. ഭരണഘടനയിൽ ഒാമന മൃഗങ്ങളെ വരെ പരാമർശിച്ചിട്ടുണ്ട്. ഒരു നായക്ക് നായ ആയിരിക്കുവാനുള്ള അവകാശം അങ്ങനെയൊന്നാണ്. ഒരു പൂച്ച അതി​​​െൻറ ഉടമയെ സ്നേഹിക്കാൻ ബാധ്യസ്ഥനല്ല. പക്ഷേ, ആവശ്യമുള്ള സമയങ്ങളിൽ ഉടമയെ സഹായിക്കേണ്ടതായുണ്ട്.
'ഞാൻ പൂച്ചയെ കുറിച്ച് എഴുതി. കാരണം എനിക്കൊരു പൂച്ചയുണ്ട്. അദ്ദേഹം നായയെക്കുറിച്ചും. കാരണം, അദ്ദേഹത്തിനൊരു നായയുണ്ടായിരുന്നു -സെപെയ്റ്റിസ് പറഞ്ഞു.

ഭരണഘടനയിലെ ചില വകുപ്പുകൾ വായിച്ചാൽ നമ്മൾ അമ്പരന്നുപോവും.

എല്ലാവർക്കും തെറ്റുകൾ വരുത്താനുള്ള അവകാശം.
സ്നേഹിക്കാനുള്ള അവകാശം
ചില സമയങ്ങളിൽ തങ്ങളുടെ കർത്തവ്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരായിരിക്കാനുള്ള അവകാശം
സംശയാലുക്കളാവാനുള്ള അവകാശം
സന്തോഷിക്കാനും സേന്താഷിക്കാതിരിക്കുവാനുമുള്ള അവകാശം
നിശബ്ദരായിരിക്കാനുള്ള അവകാശം
വിശ്വാസം കൊണ്ടുനടക്കാനുള്ള അവകാശം
അക്രമം പ്രവർത്തിക്കാതിരിക്കാനുള്ള അവകാശം
എല്ലാം മനസ്സിലാക്കാനും ഒന്നും മനസ്സിലാക്കാതിരിക്കുവാനുള്ള അവകാശം
കീഴടങ്ങാതിരിക്കാനുള്ള അവകാശം


തുടങ്ങിയ അവയിൽ ചിലതാണ്. ആധുനികർ എന്ന് സ്വയം കരുതുന്ന നമുക്ക് വിചിത്രമെന്നും തമാശയെന്നും ഒക്കെ തോന്നുന്നവയുണ്ട് ഇതിൽ. എന്നാൽ, ആ ഭൂതകാലത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവർ തീരുമാനിച്ചുറപ്പിച്ച ഇത്തരം അവകാശബോധങ്ങൾ തന്നെയായിരിക്കണം ആ ദേശത്തിന്‍െറ ശാന്തിമന്ത്രമായി വർത്തിക്കുന്നത്.

ഒരു പാലത്തിനപ്പുറവുമിപ്പുറവും രണ്ട്​ ലോകമാണ്​

ഉസ്യുപിസിന്‍െറ സർക്കാർ സംവിധാനവും ബഹു രസമാണ്. ആർക്കും ടെൻഷൻ ഇല്ല. ഒരു 'കഫേ കം പബ്' ആണ് പാർലമന്‍െറ്​ ഹൗസ് ആയി പ്രവർത്തിക്കുന്നത്. ഇൗ കുഞ്ഞു രാഷ്ട്രത്തിന് അത് തന്നെ എമ്പാടും. ഒരു ഡസൻ മന്ത്രിമാർ ആണ് കാര്യങ്ങൾ നോക്കുന്നത്. എന്നാൽ, ആർക്കെങ്കിലും ഉസുപിസിന്‍െറ രാഷ്ട്രീയത്തിൽ ഭാഗഭാക്കാവണമെന്നുണ്ടെങ്കിൽ അതിനൊരു തടസ്സവുമില്ല. പ്രധാന താക്കോൽ ആയി പ്രവർത്തിക്കുന്ന ലോക്കൽ കമ്യൂണിറ്റികളിൽ സജീവ അംഗമാവാം. താൻ സോക്കർ മന്ത്രിയാണെന്ന് ഒരാൾ പറയുകയാണെങ്കിൽ ഒ.കെ തീർച്ചയായും നിങ്ങൾ അതായിക്കോളൂ എന്നായിരിക്കും മറുപടി. എന്നാൽ, താങ്കൾ അതിനായി അംഗീകരിക്കെപ്പടണം.

പ്രസിഡൻറ് മുഴുസമയം പ്രവർത്തന നിരതനായിരിക്കും. മന്ത്രിമാർക്കൊപ്പം എല്ലാ തിങ്കളാഴ്ചയും യോഗം നടക്കും. 'കഴിഞ്ഞ 21 വർഷമായി ഇൗ സംവിധാനത്തിൽ ആണ് രാജ്യം മുന്നോട്ടുപോവുന്നത്. ഒാരോ ദിവസത്തെ ജീവിതത്തിന്‍െറ ഭാരങ്ങളെയും കാഠിന്യത്തെയും ഇവിടെ ലഘൂകരിക്കുന്നു. കുറച്ചു സമയം നിങ്ങൾക്ക് പ്രധാനമന്ത്രിയുമായോ പ്രസിഡൻറുമായോ സംസാരിച്ചാൽ ഏതു പ്രശ്നത്തിൽ നിന്നും മോചനം ലഭിക്കും. കാരണം, വളരെ ഗൗരവേത്താടെയുള്ള ഒരു കളിയാണ് ഞങ്ങൾ കളിക്കുന്നത് ' - ഒരു ചിരിയോടെ ടൂറിസം മന്ത്രി ലുകോസ്കിനാസ് പറഞ്ഞു.
അറിയപ്പെടുന്ന ചിത്രകാരനും ബാസ്കറ്റ് ബാൾ കളിക്കാരനുമാണ് ഉസുപിസിന്‍െറ നഗര പിതാവ്. എപ്പോൾ വേണമെങ്കിലും നഗരപിതാവിനെയും പ്രസിഡൻറിനെയും രാജ്യനിവാസികൾക്ക് നേരിട്ട് സന്ദർശിക്കാം.

ഉസ്യുപിസിലെ രാ​ത്തെരുവുകൾ ശാന്തവും അതിമനോഹരവുമാണ്​

ഇതൊക്കെ കേൾക്കുേമ്പാൾ ഇൗ ഭൂഭാഗം നേരത്തെ തന്നെ ഇങ്ങനെയായിരുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. 20ാം നൂറ്റാണ്ടി​​​െൻറ മധ്യത്തിൽ ഇൗ ദേശം സോവിയറ്റ് ഭരണത്തി​​​െൻറ കീഴിൽ ആയിരുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പ്രേതനഗരം പോലെ ഒരു ജില്ല. നഗരത്തി​​​െൻറ ഏറ്റവും അപകടം പിടിച്ച ഭാഗം. ഒന്നുകിൽ അപാര ധൈര്യശാലികൾ അല്ലെങ്കിൽ വിഡ്ഢികൾ. അതല്ലാത്തവർ ഇവിടെ ഇല്ലായിരുന്നു. 'മരണത്തിന്‍െറ തെരുവ്' എന്നായിരുന്നു ഉസ്യുപിസിന്‍െറ അന്നത്തെ വിളിപ്പേരു തന്നെ. ഇത് കുറ്റകൃത്യത്തിന്‍െറ പെരുപ്പം കൊണ്ടുമാത്രമല്ല. ഹോളോകാസ്റ്റ് കാലത്ത് ഇല്ലാതാക്കിയ ജൂതൻമാർ അധിവസിച്ചിരുന്ന ഒരു ദേശത്തിന്‍െറ ഭാഗമായിട്ടായിരുന്നു ഉസ്യുപിസിന്‍െറ കിടപ്പ്.

വൃത്തിയായി പരിരക്ഷിച്ചിട്ടുള്ള വിൽനിയ നദി

വിദ്വേഷവും വെറുപ്പും കരുതിക്കൂട്ടി ഉൽപാദിപ്പിക്കുന്ന ദേശരാഷ്ട്രങ്ങൾ ഭയവും മാൽസര്യവും പടർത്തി മാനവരാശിയെ അസമാധാനത്തിന്‍െറ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടിടത്ത് സമാധാനത്തിന്‍െറയും ശാന്തിയുടെയും ഒരു കുഞ്ഞ് തുരുത്ത് സൃഷ്ടിച്ച് ഇൗ ലോകത്തിന് മുന്നേ നടക്കുകയാണ് ഉസ്യുപിസ്. അതുകൊണ്ടാണ് ഉസ്യുപിസിനെ കുറിച്ച് വായിച്ചറിഞ്ഞപ്പോൾ അനുഭവിച്ചറിയുകയാണ് വേണ്ടതെന്ന് തോന്നിപ്പോയത്.

Tags:    
News Summary - uzupis smallest republic world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT