????????????? ????????, ??????? ????????? ??????? ???? ????? ????

പരപ്പന്‍ മലയിലെ പുകവലിക്കാരന്‍

പണ്ടു പണ്ടേതോ കാലത്തായിരിക്കണം, തെക്കന്‍ സമുദ്രങ്ങളെ മുഴുവന്‍ വിറപ്പിച്ചിരുന്ന ഒരു കടല് ‍ക്കൊള്ളക്കാരനുണ്ടായിരുന്നു. ഇന്ത്യന്‍ സമുദ്രമായാലും അറ്റ്‌ലാന്റിക്കായാലും ഭൂഗോളത്തിന്‍െറ തെക്കേയറ്റത്തുകൂടി സഞ്ചരിച്ചിരുന്ന കപ്പലുകളെല്ലാം ആഫ്രിക്കന്‍ മുനമ്പെത്തുമ്പോള്‍ ഒന്നു പതറും. പായ്മരങ്ങള്‍ വിറകൊള്ളും. കൊടിക്കൂറകള്‍ ലക്ഷ്യം നഷ്ടപ്പെട്ടപോലെ വീശിക്കൊണ്ടിരിക്കും. സഞ്ചാരികളോ ഭയപ്പാടാല്‍ ചകിതരുമാവും. ഈ വേപഥുവിഭ്രമമൊക്കെ ഒരൊറ്റയാളെച്ചൊല്ലിയായിരുന്നു. ഭയങ്കരനായ ഒരുത്തന്‍. ‘യാന്‍ വാന്‍ ഹങ്ക്‌സ്’ എന്നായിരുന്നു ആ അതിമാനുഷന്‍െറ പേര്.

യാന്‍ വാന്‍ ഹങ്ക്‌സി​ന്‍െറ പെയിൻറിങ്​

ജീവിതകാലം മുഴുവന്‍ തെക്കന്‍ സഞ്ചാരികളെ കൊള്ളയടിച്ചുകഴിഞ്ഞ യാന്‍ വാന്‍ ഹങ്ക്‌സിനു ഒടുവില്‍ തന്‍െറ ജോലി മതിയായി. കൊള്ളപ്പണി തീര്‍ത്തും നിര്‍ത്തിവെയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ശിഷ്ടകാലം ഇഷ്ടം പോലെ ജീവിക്കാനുള്ളതൊക്കെ സമ്പാദിച്ചുകഴിഞ്ഞതും ഒരു കാരണമാവാം. എന്തായാലും ഇനിയുള്ളകാലം ആരേയും ഉപദ്രവിക്കാതെ തനിക്കു ഏറ്റവും പ്രിയപ്പെട്ട ഏര്‍പ്പാടായ പുകവലിയുമായി കാലം കഴിക്കാനുറച്ചു. അതിനു പറ്റിയൊരു സ്ഥലവും ഹങ്ക്‌സ് കണ്ടെത്തി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍െറ ഏറ്റവുമറ്റത്ത് അറ്റ്‌ലാന്റിക്കിന്‍െറ കരയില്‍ ഗംഭീരമായ ഒരു പർവതമുണ്ട്. മൂന്നു കിലോ മീറ്ററോളം നീളത്തില്‍ നീണ്ടുനിവര്‍ന്നു കിടക്കാവുന്ന ഒരു പരപ്പന്‍ മല. അത്രയ്ക്കും പരന്നൊരു ഗിരിനിര ഭൂമുഖത്തേയില്ലത്രെ. ആജാനുബാഹുവായിരുന്ന യാന്‍ വാന്‍ ഹങ്ക്‌സ് അതിന്‍െറ തെക്കന്‍ ചെരിവില്‍ താവളമടിച്ചു. അവിടെയിരുന്നാല്‍ അങ്ങുദൂരെ ചക്രവാളത്തിലൂടെ കപ്പല്‍പ്പൊട്ടുകള്‍ ആടിയുലഞ്ഞുപോകുന്നതു കാണാം. അപ്പോള്‍ തന്‍െറ പഴയകാലമോര്‍ത്തു യാന്‍ വാന്‍ ഹങ്ക്‌സ് വീണ്ടു വീണ്ടും പുകയാഞ്ഞുവലിക്കും. ഒരു നിമിഷം പോലും പുകയുന്ന പൈപ്പുമായല്ലാതെ അദ്ദേഹത്തെ കാണാനാവില്ലായിരുന്നു. പരപ്പന്‍ മലയുടെ ചെരിവുകളാകട്ടെ പുക തിങ്ങിയുയര്‍ന്നു കനക്കും.

യാന്‍ വാന്‍ ഹാങ്ക്‌സും ചെകുത്താനും തമ്മിലുള്ള പുകവലി മത്സരം ചിത്രകാര​ന്‍െറ ഭാവനയിൽ

ആയിടെക്കൊരിക്കലായിരുന്നു യാന്‍ വാന്‍ ഹങ്ക്‌സ് പരപ്പന്‍ മലയുടെ ചെരിവില്‍ മറ്റൊരാളെ കണ്ടെത്തിയത്. സാധാരണപോലെ തന്‍െറ പ്രിയപ്പെട്ട പാറയിടുക്കിലിരുന്ന് വലിക്കുക്കുകയായിരുന്നു അദ്ദേഹം. നോക്കുമ്പോഴുണ്ട്, അൽപം മാറിയിരിക്കുന്നു ഒരു കറുപ്പുവസ്ര്തധാരി. പൈപ്പും കടിച്ചുപിടിച്ച് യാന്‍ വാന്‍ ഹങ്ക്‌സ് അയാളുടെ അടുത്തുചെന്നു. എന്നിട്ടു ആകാശത്തേക്കുയര്‍ത്തി ഒരു പുകവളയത്തെ പറത്തിവിട്ടു. കറുപ്പുവസ്ര്തധാരിയുടെ മുഖവും കറുപ്പായിരുന്നു. കണ്ണുകളാണെങ്കില്‍ അതിതീക്ഷ്ണവും അൽപം ഏങ്കോണിച്ചും കാണപ്പെട്ടു. എന്നാലും പറഞ്ഞറിയിക്കാനാവാത്ത ഒരു വശ്യത അവയ്ക്കുണ്ടായിരുന്നു. തന്‍െറ കറുപ്പുവസ്ര്തത്തിന്‍െറ ചുരുളുകള്‍ക്കുള്ളില്‍നിന്നും അയാള്‍ മറ്റൊരു പൈപ്പ് പുറത്തെടുത്ത്, ചുണ്ടുകള്‍ക്കിടയിലേക്കു തിരുകി. എന്നിട്ട്, വാന്‍ യാന്‍ ഹങ്ക്‌സിനോടു പറഞ്ഞു. ‘എന്നോളം പോന്ന പുകലിക്കാരില്ല ഈ പ്രപഞ്ചത്തില്‍. നീ വലിച്ചുവിടുന്നതിന്‍െറ എത്രയോ ഇരട്ടിപ്പൊക്കത്തില്‍ പുകകളുയരും എന്‍െറയീ പൈപ്പില്‍നിന്നും. അറിയാമോ നിനക്ക്?’

പരപ്പന്‍ മലയിലെ വാനരന്‍

ജീവിതത്തിലൊരിക്കലും താന്‍ വിചാരിച്ചതിനോ, പറയുന്നതിനോ അപ്പുറം ഒന്നും സംഭവിച്ചുകണ്ടിട്ടില്ലാത്ത യാന്‍ വാന്‍ ഹങ്ക്‌സിനെ സംബന്ധിച്ചിടത്തോളം അതൊരു വെല്ലുവിളിയേ ആയിരുന്നില്ല. ‘വാതുവെയ്ക്കുന്നോ’ എന്ന് ഉറച്ചശബ്ദത്തില്‍ കറുപ്പണിഞ്ഞ അപരിചിതന്‍ ചോദിച്ചപ്പോള്‍ ആ പഴയകാല കപ്പല്‍പ്പോരാളി ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു. ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ഗംഭീരമായ ഒരു പുകവലിമത്സരത്തിന്‍െറ തുടക്കമായിരുന്നു അത്. ഇരുവരും അതിവേഗതയില്‍ പുകവലിച്ചു തള്ളിക്കൊണ്ടിരുന്നു. കനത്ത പുകയാല്‍ ആ പ്രദേശം മുഴുവന്‍ ഇരുണ്ടു. പരപ്പന്‍മലയെ പൊതിഞ്ഞുകൊണ്ട്, പുകമേഘങ്ങള്‍ വട്ടം ചുറ്റി. തെക്കന്‍ സമുദ്രം മങ്ങിയിരുണ്ടകന്നുപോയി. ആരും തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ആഫ്രിക്കന്‍ മുനമ്പാകട്ടെ പുകയുന്ന അഗ്നിപര്‍വ്വതമായി മാറി. ഒടുവില്‍, വളരെയൊടുവില്‍ കറുപ്പുവസ്ര്തധാരി ചുമച്ചുകൊണ്ട്, വലിനിര്‍ത്തി. പൈപ്പ് വലിച്ചെടുത്ത്, വീണ്ടും ഇരുളിലാഴ്ത്തി. എന്നിട്ട് വിചിത്രമായ ശബ്ദത്തില്‍ യാന്‍ വാന്‍ ഹങ്ക്‌സിനോടു പറഞ്ഞു.
‘നീ തന്നെ ഏറ്റവും വലിയ പുകവലിക്കാരന്‍. ഞാന്‍ തോറ്റു പിന്മാറുന്നു. നീ ഇവിടെത്തന്നെ തെക്കന്‍ സമുദ്രവും തെക്കുകിഴക്കന്‍ കാറ്റും ഉള്ളിടത്തോളം കാലം കഴിഞ്ഞുകൂടുക’
അപ്പോഴാണ് യാന്‍ വാന്‍ ഹങ്ക്‌സിനു ചോദിക്കാന്‍ തോന്നിയത്.
‘ആരാണു നീ?’' പതിഞ്ഞ ചിരിയോടെ അയാള്‍ പറഞ്ഞു.
‘ഞാന്‍ തന്നെ അവന്‍. പണ്ടു നാൽപതു പകലുകളും രാത്രികളും ദൈവപുത്രന്‍െറയൊപ്പം കഴിഞ്ഞവന്‍. നീ ദൈവപുത്രനെങ്കില്‍ ഈ ചുവന്ന കല്ലുകളെ അപ്പമാക്കി മാറ്റുക എന്നാവശ്യപ്പെട്ടപ്പോള്‍ മനുഷ്യന്‍ അപ്പത്തിനുവേണ്ടി മാത്രമല്ല, മറിച്ച് ദൈവവചനങ്ങളാലാണു ജീവിക്കുന്നതെന്ന മറുപടിയാല്‍ പരാജിതനാക്കപ്പെട്ട അതേ അവന്‍’.
‘ഓ, നീ! എടാ... സാത്താനേ, നീ എന്നോടും തോറ്റുപോയല്ലോ...’ എന്നു പൊട്ടിച്ചിരിച്ചുകൊണ്ട് യാന്‍ വാന്‍ ഹാങ്ക്‌സ് വീണ്ടും ആവര്‍ത്തിച്ചു പുകയൂതിയത്രെ. തെക്കനാഫ്രിക്കയിലെ പഴകിയുറച്ചൊരു കഥയാണിത്. പക്ഷേ, ഇന്നും ആ പരപ്പന്‍ മലയുണ്ടവിടെ. മാത്രമോ, ഇടയ്ക്കിടെ കോടമഞ്ഞിനാൽ അവിടമാകെ മൂടുമ്പോള്‍ നാട്ടുകാര്‍ പറയും. അതാ യാന്‍ വാന്‍ ഹങ്ക്‌സ് സാത്താനുമായി മത്സരിക്കുന്നു എന്ന്.

സിംഹത്തല, പരപ്പന്‍ മലയുടെ മുകളില്‍നിന്നുള്ള കാഴ്ച

യാന്‍ വാന്‍ ഹാങ്ക്‌സിന്‍െറ ആ പരപ്പന്‍മലയിലേക്കായിരുന്നു എന്‍െറ അടുത്ത യാത്ര. ഇംഗ്ലീഷില്‍ ടേബ്ള്‍ മൗണ്ടന്‍ എന്നും മധ്യകാലത്ത് ദക്ഷിണാഫ്രിക്ക കൈയേറിയ ഡച്ചുകാരുടെ പിന്‍തലമുറക്കരായ ബേറുകളുടെ ഭാഷയായ ആഫ്രിക്കാനില്‍ ‘ടാഫെല്‍ബര്‍ഗ്’ എന്നും ആണ് ഈ പരപ്പന്‍ മല ഇന്നറിയപ്പെടുന്നത്. പക്ഷേ, സത്യത്തില്‍ ഇതിന്‍െറ യഥാര്‍ത്ഥനാമം ഇതൊന്നുമല്ല. പുരാതനകാലം മുതലേ ഈ തെക്കന്‍ഭൂമിയില്‍ വാസമുറപ്പിച്ചവരാണ് ഖോയ്‌ഖോയ് ഗോത്രവര്‍ഗക്കാര്‍. ഖോയ്‌ഖോയ്കളാവണം ഇതിനാദ്യമായി ഒരു പേര് വിളിച്ചത്. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കുമുമ്പ്, വടക്കുള്ള വനാന്തരങ്ങളില്‍നിന്നും നാടുതേടിയെത്തിയ ആ ആദിമമനുഷ്യരെ അമ്പരപ്പിച്ചത് ഒരു പക്ഷേ, ഈ പരപ്പന്മലയേക്കാളേറെ അതിന്‍െറ മുകളില്‍നിന്നും അവര്‍ക്കു ജീവിതത്തിലാദ്യമായി കാണാന്‍ കഴിഞ്ഞ, അനന്തമായി പരന്നുകിടന്ന സാഗരനീലിമയായിരിക്കണം. അതുകൊണ്ടവര്‍ ഈ ഗിരിനിരയെ ‘കടലുയരുമിടം’ എന്നു വിളിച്ചു. പക്ഷേ, കടലുയരുമിടം എന്നു ഖോയ്‌ഖോയില്‍ പറയാന്‍ ശ്രമിച്ചാലത് അതിസാഹസമായിപ്പോവും. എത്ര ശ്രമിച്ചിട്ടും ആ ഗോത്രോച്ചാരണം എന്‍െറ വായിലൊതുങ്ങാതിരുന്നതുകൊണ്ട്, നിങ്ങളോടു ക്ഷമ ചോദിച്ചുകൊണ്ട് ഞാനാ ശ്രമത്തില്‍നിന്നും പിന്‍വാങ്ങുന്നു.

യാന്‍ വാന്‍ ഹങ്ക്‌സിന്‍െറ പുകയാല്‍ മൂടിക്കിടക്കുന്ന കേപ്പ്ടൗണ്‍ നഗരം

ദക്ഷിണാഫ്രിക്കയുടെ തെക്കുപടിഞ്ഞാറേ മൂലയിലാണ് ടേബ്ള്‍ മൗണ്ടന്‍. അറ്റ്‌ലാന്റിക്ക് സമുദ്രത്തിന്‍െറ കരയില്‍ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന ലോകമഹാത്ഭുതം. സമുദ്രതീരത്തുനിന്നും ആയിരത്തിലും അൽപമധികം മീറ്ററുകള്‍ മാത്രം പൊക്കമുള്ള ഈ മനോഹരമായ കുന്നിന്‍പരപ്പിനു മൂന്നു കിലോ മീറ്ററാണ്​ നീളം. അതിന്‍െറ ഇരുവശത്തും രണ്ടു കൂര്‍മ്പന്‍ പാറക്കെട്ടുകളുണ്ട്. കൊടുമുടി എന്നു തന്നെ കരുതാം. പടിഞ്ഞാറു വശത്തു അൽപം വേറിട്ടുകാണുന്ന കൊച്ചുശൃംഗത്തിലായിരുന്നുവത്രെ നമ്മുടെ യാന്‍ വാന്‍ ഹങ്ക്‌സും സാത്താനുമായുള്ള വിഖ്യാതമായ പുകവലിമത്സരം നടന്നത്. അതുകൊണ്ടായിരിക്കണം അതിനെ ‘ഡെവിള്‍സ് പീക്ക്’ അഥവാ സാത്താന്‍െറ കൊടുമുടി എന്നുവിളിക്കുന്നത്. ഇതിനൊരു പാഠഭേദവുമുണ്ട്. വാസ്‌കോ ഡ ഗാമ തെക്കന്‍ കടലിലൂടേ പോകുന്നതിനും ഒരു നാൽപതുകൊല്ലം മുമ്പ് പോര്‍ച്ചുഗലില്‍ നിലവിലുണ്ടായിരുന്ന ഭൂപടത്തില്‍ ഈ ഭാഗത്തിനെ പിശാചിന്‍െറ മുനമ്പ് എന്നാണ് പേരിട്ടിരുന്നത്. അറബികളില്‍നിന്നും കിട്ടിയ വിവരമനുസരിച്ചായിരുന്നു വെനീസുകാരനായ ഫ്രാ മൗറോ ആ ഭൂപടം വരച്ചതത്രെ. എന്തായാലും പിന്നീട്, യൂറോപ്പുകാര്‍ ഇവിടം കൈയേറിയപ്പോള്‍ അന്നു ഭീതിയോടെ കണ്ടിരുന്ന ഡെവിള്‍സ് മുനമ്പിന്‍െറ നാമധേയം ഈ കൊച്ചു കൊടുമുടിയിലേക്ക് ചേക്കേറിയതാവാനും മതി.

ടേബിള്‍ മൗണ്ടന്‍ ഒരു ദൂരക്കാഴ്ച

ടേബ്ള്‍ മൗണ്ടന്‍െറ പടിഞ്ഞാറുവശത്തുള്ള കൊച്ചുകുന്നിനാകട്ടെ, സൂക്ഷിച്ചുനോക്കിയാല്‍ ഒരു സിംഹത്തിന്‍െറ രൂപമാണ്. അതെന്നെ ഈജിപ്തിലെ സ്ഫിംക്‌സിനെ ഓർമിപ്പിച്ചു. ആ രൂപസാമ്യത്താലായിരിക്കണം അതിനെ സിംഹത്തലയെന്നാരോ പേരു ചൊല്ലിവിളിച്ചത്. ഈ മലഞ്ചെരിവുകള്‍ പണ്ടുമുതലേ മനുഷ്യരെ ആകര്‍ഷിച്ചിരുന്നു. കടലിന്‍െറ അനുപമ സാന്നിധ്യവും ഗിരിനിരകളുടെ പൊലിമയും പ്രകൃതിയൊരുക്കിയ മനോഹരമായ കാന്‍വാസായി ഈ ഭൂപ്രദേശത്തെ മാറ്റി.

യൂറോപ്പില്‍നിന്നുമുള്ളവര്‍ കൂട്ടംകൂട്ടമായി ഇവിടം കൈയേറിപ്പോള്‍ ഖോയ്‌ഖോയ്കള്‍ പരിഭ്രാന്തരായി. ആദ്യമൊക്കെ പച്ചമാംസം കാട്ടി വെള്ളക്കാരന്‍ അവരെ പ്രലോഭിപ്പിച്ചു. പകരം പുകയിലയും, ഇരുമ്പും, ചെമ്പുമെല്ലാം യൂറോപ്പിലേക്കു കടത്തി. പക്ഷേ, അധികം താമസിയാതെ വെള്ളക്കാരന്‍െറ ലാഭക്കൊതി തുറന്ന ഏറ്റുമുട്ടലുകളിലും രക്തച്ചൊരിച്ചിലുകളിലും ചെന്നെത്തിച്ചു. തൊലിവെളുത്തവന്‍െറ ആയുധങ്ങള്‍ക്കു മുന്നില്‍ പാവം ഖോയ്‌ഖോയ്കള്‍ക്കു പിടിച്ചുനിൽക്കാനായില്ല. പക്ഷേ, അതിലും ഭീകരമായത്, യൂറോപ്പുകാര്‍ കൂടെക്കൊണ്ടുവന്ന വസൂരിരോഗമായിരുന്നു. അത്തരമൊരു രോഗത്തിനെതിരെ തരിമ്പും പ്രതിരോധശേഷിയില്ലാതിരുന്ന ഖോയ്‌ഖോയ്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. വെള്ളക്കാരന്‍ അനായാസേന പരപ്പന്മലയും പരിസരവും പരിപൂര്‍ണമായും കീഴടക്കുകയും ചെയ്തു. തുടര്‍ന്നിവിടെ വലിയൊരു നഗരം പൊന്തിവന്നു. വെള്ളക്കാരന്‍െറ വംശീയാധിപത്യകേന്ദ്രം. കേപ്ടൗണ്‍! ഇന്ന് ജൊഹാനസ്​ബര്‍ഗ് കഴിഞ്ഞാല്‍, ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണിത്. മാത്രമോ, ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റിന്‍െറ ആസ്ഥാനവും.

കേപ്ടൗണിലെ പ്രഭാതം മേഘാവൃതമായിരുന്നു. വളരെ വൈകിയുണരുന്ന നഗരം. നേരം പുലര്‍ന്നിട്ടും അനക്കവുമില്ല, വെളിച്ചവുമില്ലാത്ത അവസ്ഥ. ടേബ്ള്‍ മൗണ്ടന്‍ കയറാന്‍ നേരത്തെയിറങ്ങുന്നതാണ് ഏറ്റവും നല്ലത്. അതുകൊണ്ടുതന്നെ, നഗരം മൂരിനിവര്‍ക്കുന്നതിനുമുമ്പെ, പുറപ്പെട്ടിറങ്ങി. മുകളിലേക്കു വേണമെങ്കില്‍ നടന്നു കയറാം. 1503 ല്‍ ഇവിടെ വഴിതെറ്റി വന്നുകയറിയ പറങ്കിക്കപ്പിത്താന്‍ അന്റോണിയോ ഡി സല്‍ദാനയാണ് ഈ മലകയറിയ ആദ്യത്തെ വെള്ളക്കാരന്‍. ഗിരിനിരയുടെ ഒത്ത നടുവിലൂടേയുള്ള ചെങ്കുത്തായ മലയിടുക്കിലൂടെയായിരുന്നു സല്‍ദാനയുടെ കയറ്റം. സല്‍ദാന അന്നു മലകയറിയതിന്‍െറ പ്രധാന ഉദ്ദേശ്യം കടല്‍പ്പരപ്പു നോക്കിക്കണ്ട് തനിക്കു വഴിമാറിപ്പോയതെങ്ങനെയെന്നും, ശരിക്കും ഇന്ത്യയിലേക്കുള്ള വഴി ഏതെന്നും മനസ്സിലാക്കാനുമായിരുന്നു. മലമുകളില്‍ വെച്ച് ഏതാനും ഖോയ്‌ഖോയ്കളുമായി സല്‍ദാനയ്ക്ക് ഇടയേണ്ടിവന്നു. അതൊരു പൊരിഞ്ഞ തല്ലിലും കലാശിച്ചു. ഒടുവില്‍ മുറിവേറ്റു ക്ഷീണിതനായാണത്രെ അദ്ദേഹം കടല്‍ത്തീരത്തു നങ്കൂരമടിച്ചിരുന്ന കപ്പലില്‍ തിരിച്ചെത്തിയത്.

സല്‍ദാന അന്നു കയറിയ വഴി ഇന്നും കാണാം. പ്ലാറ്റര്‍ക്ലിപ്പ് മലയിടുക്കെന്നു വിളിക്കുന്ന ആ പാതയിലൂടെ കയറിയാല്‍ നമ്മുടെ ആരോഗ്യവും കരുത്തുമനുസരിച്ച് ഒന്നുമുതല്‍ മൂന്നു മണിക്കൂറിനകം മുകളിലെത്താം. പക്ഷേ, സമയമായിരുന്നു എന്‍െറ പ്രശ്‌നം. എന്തായാലും ആ സാഹസത്തില്‍നിന്നും മനസ്സില്ലാമനസ്സോടെ ഞാന്‍ പിന്മാറി. 360 ഡിഗ്രിയില്‍ ചുറ്റിക്കറങ്ങുന്ന വിധത്തിലാണ് കേബിള്‍കാറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ അനങ്ങാതെ നിന്നാല്‍ത്തന്നെ വിശദമായ ഒരു പരിസരക്കാഴ്ച തരപ്പെടും. ക്യൂവില്‍ നില്‍ക്കാന്‍ തന്നെയാണ് കൂടുതല്‍ സമയമെടുത്തത്. കേബിള്‍കാറില്‍ കയറി വെറും പതിനഞ്ചു മിനിറ്റേ എടുത്തുള്ളൂ മുകളിലെത്താന്‍. അതിമനോഹരമായൊരു കാഴ്ചയായിരുന്നു അവിടെ കാത്തിരുന്നത്. മൂന്നുവശത്തും അങ്ങകലെ ചക്രവാളം വരെ പരന്നുകിടക്കുന്ന അറ്റ്‌ലാന്റിക് സമുദ്രം. 514 വര്‍ഷങ്ങള്‍ക്കുമുമ്പ് വഴിതെറ്റി മുഷിഞ്ഞ സല്‍ദാനയും ഈ കാഴ്ച തന്നെയല്ലേ കണ്ടിരിക്കുക എന്നു ഞാന്‍ കൗതുകത്തോടെ ചിന്തിച്ചു. അദ്ദേഹം കിഴക്കോട്ടായിരിക്കും കൂടുതലും നോക്കിയിരിക്കുക. അവിടെ അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രവുമായി ചേരുന്ന ശുഭപ്രതീക്ഷാ മുനമ്പു കാണുന്നുണ്ടോ എന്നായിരുന്നിരിക്കണം സല്‍ദാനയുടെ അന്വേഷണം. ഞാനും അതേ ദിശയില്‍ എന്‍െറ കണ്ണുകള്‍ പായിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ കനത്ത മേഘപ്പുതപ്പിനാല്‍ അവിടം മൂടിക്കിടക്കുകയായിരുന്നു. യാന്‍ വാന്‍ ഹങ്ക്‌സും സാത്താനും ചേര്‍ന്നു ഊതിയുയര്‍ത്തിയ അതേ പുകപ്പരപ്പ് ഒരു മേശവിരിയെന്നോണം ആ കാഴ്ചയെ മറച്ചുപിടിച്ചു.

ഡാസ്സി

ആ കട്ടിപ്പുതപ്പിനിടയിലൂടെ കേപ്ടൗണ്‍ പരിസരം ചിതറിപ്പരന്നു കിടക്കുന്നതുകാണാം. മേഘങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യവെളിച്ചം അവിടവിടെയായി തട്ടി പ്രതിഫലിക്കുന്നുണ്ട്. ശരിക്കും അസംഖ്യം തീപ്പെട്ടിക്കൂടുകൾ അടുക്കിവെച്ചിരിക്കുന്നതുപോലെ കാണപ്പെട്ട നഗരം കോണ്‍ക്രീറ്റ് കൂടുകളിലൊതുങ്ങുന്ന ആധുനിക മര്‍ത്ത്യജീവിതത്തിന്‍െറ നേര്‍ക്കാഴ്ചയായിരുന്നു. മേഘങ്ങള്‍പ്പുറത്ത് നീലയും ചാരവും കലര്‍ന്നുനിന്ന ആകാശവും നേര്‍ത്ത താളത്തിലിളകുന്ന കടലും ഒട്ടിച്ചേര്‍ന്നുമ്മവെയ്ക്കുന്നു. ദിനംപ്രതി ഉള്ളിലേക്കുള്ളിലേക്ക് ചുരുങ്ങിപ്പോകുന്ന മനുഷ്യനെ വേറിട്ടുചിന്തിപ്പിക്കാന്‍ ആ കാഴ്ചയിലെ അപാരത മാത്രം മതി. പക്ഷേ, ചെറുതായിക്കൊണ്ടിരിക്കുന്ന മനസ്സുകളില്‍ വിശാല സങ്കൽപങ്ങൾക്കെവിടെ സ്ഥാനം.

പരപ്പന്‍ മല മുഴുവന്‍ ചുറ്റിയടിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കാറ്റായിരുന്നു പ്രതിബന്ധം. അത്രയും ഉയരത്തിലുള്ള തുറസ്സായ സ്ഥലത്ത് കനത്ത കാറ്റ് വീശിയടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ചിലയിടങ്ങളില്‍ അപ്പാടെ പാറിപ്പോകുമോയെന്നു പേടിപ്പിക്കുന്നത്ര ശക്തി കാറ്റിനുണ്ടായിരുന്നു. പക്ഷേ, സത്യത്തില്‍ ഭീതിയേക്കാളേറെ അവാച്യമായ ഒരാനന്ദമായിരുന്നു എനിക്കനുഭവപ്പെട്ടത്. ചെരുവുകളിലെ ഗഹ്വരങ്ങളിലേക്കവന്‍ ഊളിയടിച്ചു കയറുമ്പോള്‍ ചിതറിയൊരു ഫൂല്‍ക്കാരനാദം അവിടെ മുഴങ്ങി. ആ വായുപ്രവാഹത്തില്‍ മുങ്ങിപ്പൊങ്ങി പറന്നകലാനായെങ്കിലെന്നു വെറുതേ തോന്നുകയും ചെയ്തു. വെറുതെ പറത്തിവിട്ട ഒരിലക്കഷണം ആടിയുലഞ്ഞു തഴേക്കൊഴുകുന്നത് ഞാന്‍ ആവേശത്തോടെ കണ്ടുനിന്നു. താഴേക്കു കുത്തനെയിറങ്ങിപ്പോവുന്ന മഴവെള്ളച്ചാലുകള്‍ മോഹിപ്പിക്കാതിരുന്നില്ല. ഇടയ്‌ക്കൊന്നു മാനം കറുത്തിരുണ്ടെങ്കിലും മഴയൊട്ടും പെയ്തതുമില്ല. കാറ്റിന്‍െറ ശക്തിയില്‍ കാര്‍മേഘങ്ങളും ഓടിമറഞ്ഞു. പതുക്കെ സൂര്യന്‍ തെളിഞ്ഞുവന്നേക്കാമെന്ന പ്രതീതി അനുഭവപ്പെടുകയും ചെയ്തു.

പ്യൂസിഡാനം ഗല്‍ബാനം

ഇരുളൊന്നൊഴിഞ്ഞുമാറിയപ്പോള്‍ മലമുകളൊന്നുണര്‍ന്നു എന്നു പറയാം. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ തലയുയര്‍ത്തിനിന്നിരുന്ന ചെടിക്കൂട്ടങ്ങള്‍ സമൃദ്ധമായിരുന്നു ആ ശിലാപ്രകൃതിയില്‍. പാറയിലൊലിച്ചിറങ്ങുന്ന അല്‍പമാത്രമായ ഈര്‍പ്പം പോലും സൂക്ഷിച്ചെടുത്തായിരിക്കുമല്ലോ ഇവിടെ ജീവന്‍ തന്നെ നിലനില്‍ക്കുന്നത്. അനവധിതരം സസ്യജാലങ്ങള്‍ ടേബിള്‍ മൗണ്ടന്‍െറ പ്രത്യേകതയാണ്. ഏതാണ്ട്, 1470 തരം സ്പീഷീസുകളാണ് ഈ സസ്യവൈവിധ്യത്തെനിലനിര്‍ത്തുന്നത് എന്ന് ഒരു ബൊട്ടാണിസ്റ്റ് ആയ ജാക്ക് ക്രേബര്‍ പറഞ്ഞപ്പോള്‍ അന്തംവിടാതിരിക്കാന്‍ കഴിഞ്ഞില്ല. ജാക്ക് അവിടത്തെ സ്ഥിരം സന്ദര്‍ശകനാണ്. ടേബിള്‍ മൗണ്ടനിലെ ചില ചെടികളെക്കുറിച്ച് മൂപ്പരുടെ പ്രബന്ധങ്ങള്‍ വരെയുണ്ട്. അക്കൂട്ടത്തില്‍ ബ്ലിസ്റ്റര്‍ ബുഷ് എന്നൊരു വംശീയവാദിയെ എനിക്കദ്ദേഹം കാണിച്ചുതന്നു. വംശീയവാദിയെന്നു പറഞ്ഞത് വെറുതേയല്ല. അതിന്‍െറ ഇലയിലോ മറ്റോ തൊട്ടുപോയാല്‍ ആകപ്പാടെ ചൊറിഞ്ഞുതടിച്ചതുതന്നെ. പക്ഷേ, ഒരു കാരണവശാലും ഇവന്‍ ഒരു കറുത്തവര്‍ഗ്ഗക്കാരനെ ഉപദ്രവിക്കയില്ലത്രെ. പ്യൂസിഡാനം ഗല്‍ബാനം എന്നാണ് ഈ രസികന്‍െറ ശസ്ര്തനാമം. വര്‍ഷങ്ങള്‍ അഞ്ഞൂറിലധികം കഴിഞ്ഞെങ്കിലും ഇനിയും വെള്ളക്കാരന്‍െറ അധിനിവേശം സമ്മതിച്ചുകൊടുക്കാത്ത ആ ചൊറിയന്‍ ചീരയോടു എനിക്കു കുറച്ചൊന്നുമല്ല ബഹുമാനം തോന്നിയത്.

എന്നാല്‍ ഈ വംശീയവാദിയെപ്പോലും ശാപ്പിടുന്ന മറ്റൊരു വിരുതന്‍ കൂടിയുണ്ട് ടേബിള്‍ മൗണ്ടനില്‍ എന്നറിയാൻ കഴിഞ്ഞപ്പോള്‍ വളരെ കൗതുകമായി. ‘ഡാസ്സി’ എന്നറിയപ്പെടുന്ന മലയെലിയാണത്. കല്ലിടുക്കുകളിലും കുറ്റിച്ചെടികള്‍ക്കിടയിലും സൂക്ഷിച്ചുനോക്കിയാല്‍ അവനെ കണ്ടെത്താന്‍ പ്രയാസമില്ലെന്നു ജാക്ക് പറഞ്ഞപ്പോള്‍ ഞാന്‍ അവിടെങ്ങും തിരയാന്‍ തുടങ്ങി. ഒടുവില്‍ അവനെ കണ്ടെത്തുക തന്നെ ചെയ്തു. ഡാസ്സിയ്ക്ക് ഒരു വലിയ മുയലിന്‍െറ വലിപ്പമുണ്ട്. നല്ല തവിട്ടും അല്‍പം കറുപ്പും കലര്‍ന്ന രോമാവൃതമായ ശരീരം. മുഖത്തിനു വലിയൊരു പെരുച്ചാഴിയുടേയോ, മുയലിന്‍െറയോ അതോ രണ്ടിന്‍െറയും കൂടിച്ചേര്‍ന്നതോ ആയ ഭാവം. കണ്ടാല്‍ ആളൊരു പാവത്താന്‍ തന്നെ. വളരെ ചടുലമാണു നീക്കങ്ങള്‍. കുത്തനെയുള്ള മലഞ്ചെരിവുകളിലൊക്കെ എന്തനായാസമായാണ് അവ ഓടിച്ചാടി നടക്കുന്നത്. ടേബിള്‍ മൗണ്ടനിലെ വിഷച്ചെടികളടക്കം, ഏതാണ്ടു എഴുപത്തോഞ്ചോളം ചെടികള്‍ ഇതിന്‍െറ ഭക്ഷണമാണെന്നു ജാക്ക് പറഞ്ഞപ്പോള്‍ ഞാന്‍ അവിശ്വനീയതയോടെ കേട്ടുനിന്നു. ഡാസ്സിവിശേഷങ്ങള്‍ മുഴുവന്‍ അത്യത്ഭുതങ്ങളായിരുന്നു. ഉയരത്തില്‍ പറക്കുന്ന കരിമ്പരുന്താണത്രെ ഡാസ്സിയുടെ ഏറ്റവും വലിയ ശത്രു. എത്ര പൊക്കത്തില്‍ നിന്നുപോലും ഊളിയിട്ടു പറന്നുവന്നു ഇവനെ റാഞ്ചിക്കൊണ്ടുപോകാന്‍ കരിമ്പരുന്തുകള്‍ക്ക് വലിയ മിടുക്കാണ്.

പക്ഷേ, കരിമ്പരുന്തിനെ നേരിടാനുള്ള വലിയൊരു വൈഭവം ഡാസ്സിയ്ക്കും പ്രകൃതി അനുഗ്രഹിച്ചുകൊടുത്തിട്ടുണ്ട്. സൂര്യനുനേരെ കണ്ണുതുറന്നു നോക്കാന്‍ കഴിവുള്ള അപൂര്‍വ്വം മൃഗങ്ങളിലൊന്നാണ് ഡാസ്സി. അതുകൊണ്ടുതന്നെ മുട്ടന്‍ വെയിലത്തുപോലും ആകാശത്തേക്കു നോക്കി കരിമ്പരുന്തിന്‍െറ വരവ് മുന്‍കൂട്ടിക്കാണാന്‍ ഇവനു സാധിക്കും. പിന്നെ നിമിഷാര്‍ദ്ധം മതി ഏതെങ്കിലും ഇടുക്കിലേക്ക് കയറിയൊളിക്കാന്‍. ഏതു കൊച്ചുമാളത്തിലേക്കും തന്‍െറ വാരിയെല്ലുകള്‍ അകത്തോട്ടു ചുരുക്കി നൂണ്ടിറങ്ങാനുള്ള ഇവന്‍െറ കഴിവുകണ്ടാല്‍ അന്തംവിട്ടു നിന്നുപോകും. ഇനി ഇവന്‍െറ മൂത്രമാണെങ്കില്‍ വളരെ വിശേഷമാണത്രെ. അപസ്മാരത്തിനു കണ്‍കണ്ട ഔഷധമായി ഖോയ്‌ഖോയ്കള്‍ ഉപയോഗിച്ചിരുന്ന ഡാസ്സിമൂത്രം യൂറോപ്യന്മാരുടെയിടയിലും രോഗശാന്തിയ്ക്കുവേണ്ടി നിരവധി ആവശ്യക്കാരെ സൃഷ്ടിച്ചു.

കേപ്പ്ടൗണ്‍ നഗരം ടേബിള്‍ മൗണ്ടന്റെ മുകളില്‍നിന്നും

വളരെ അപൂര്‍വ്വമായ, രണ്ടടിയോളം മാത്രം പൊക്കമുള്ള ക്ലിപ്‌സ്പ്രിംഗര്‍ എന്ന കൊച്ചുമാനുകളേയും ഇവിടെക്കാണാം. പലവിധം പല്ലികള്‍, തവളകള്‍, കീരികള്‍, മുള്ളന്‍പന്നികള്‍, എന്നിവയൊക്കെയാണ് പൊതുവെ പറഞ്ഞാല്‍ ഈ പരപ്പന്‍ മലയിലെ ജന്തുസമ്പത്ത്.
ടേബിള്‍ മൗണ്ടനു പിന്നിലുള്ള ഭാഗം അല്‍പം താഴ്ന്ന മറ്റൊരു പരന്ന മലയിടമാണ്. ബാക്ക് ടേബിള്‍ എന്നാണീ ഭാഗത്തെ വിളിക്കുക. അവിടെ ഓരോ മൂലയിലായി 12 ശിലാരൂപങ്ങളുണ്ട്. കാഴ്ചയില്‍ നമ്മുടെ ഭാവനയ്ക്കനുസരിച്ച് നമുക്കവയെ എങ്ങനെ വേണമെങ്കിലും സങ്കൽപിക്കാമെങ്കിലും, ക്രിസ്തുവിന്‍െറ 12 ശിഷ്യന്മാരുടെ പേരിലാണ് ഇവ പ്രചുരപ്രചാരം നേടിയിട്ടുള്ളത്. ഈ ഗിരിനിരകള്‍ക്ക് പടിഞ്ഞാറുവശത്ത് അറ്റ്ലാന്റിക് സമുദ്രം ഉള്ളിലേക്ക് വലിഞ്ഞു നില്‍ക്കുന്ന ഹൗട് ഉള്‍ക്കടലില്‍ നിന്നു കേപ്ടൗണിലേക്കുള്ള പാത കടന്നുപോകുന്നത് ഒരു ചുരത്തിലൂടേയാണ്. കോണ്‍സ്റ്റാന്‍ഷ്യ ചുരം എന്നാണിതിന്‍െറ പേര്. അതിനു തൊട്ടപ്പുറത്താണ് പ്രസിദ്ധമായ അതേപേരിലുള്ള നഗരഭാഗം. സമ്പന്നന്മാരുടെ ആര്‍ഭാടം നിറഞ്ഞ താമസപ്രദേശമാണത്രെ അത്. ഒരുവിധം ടേബിള്‍ മൗണ്ടന്‍ മുഴുവന്‍ ചുറ്റിനടന്നിട്ടും കിഴക്കുഭാഗത്തെ മേഘാവൃതാകാശം ഒട്ടും തെളിഞ്ഞൊഴിഞ്ഞതേയില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സമുദ്രത്തിലേക്കും ശുഭപ്രതീക്ഷാമുനമ്പിലേക്കുമുള്ള പലതവണ പറഞ്ഞുകേട്ടിട്ടുള്ള കാഴ്ച എന്നില്‍നിന്നും ഒഴിഞ്ഞുനിന്നു. ആ നിരാശയിലായിരുന്നു ഞാന്‍ കേബിള്‍ കാര്‍ സ്‌റ്റേഷനിലേക്ക് നടന്നത്. പരപ്പന്‍ മലയിലെ യാന്‍ വാന്‍ ഹങ്ക്‌സ് എന്ന പുകവലിക്കാരന്‍ കുറച്ചുനേരത്തേക്കെങ്കിലും ആ പുകപ്പാളിയൊന്നു മാറ്റിത്തന്നിരുന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട്.

Tags:    
News Summary - An adventurous journey to Devil's Peak of Cape Town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.