റിലയന്‍സ് ജിയോ ഡാറ്റക്ക് ഏപ്രില്‍ മുതല്‍ ചാര്‍ജ്;  സൗജന്യ കാള്‍ തുടരും

മുംബൈ: ഏപ്രില്‍ ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകളും നിരക്കുകളും പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. സൗജന്യ കാള്‍ തുടരുമ്പോള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഡാറ്റക്ക് ചാര്‍ജ് ഈടാക്കുന്നതാണ് പുതിയ പദ്ധതി. 170 ദിവസംകൊണ്ട് പത്തുകോടി പേര്‍ ജിയോ നെറ്റ്വര്‍ക്കിന്‍െറ ഭാഗമായെന്ന് അറിയിച്ച് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി മുംബൈയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ജിയോ പ്രൈം എന്ന പേരിലുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് നിലവിലെ ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് 31നോ അതിന് മുമ്പോ ഒറ്റത്തവണ 99 രൂപ മുടക്കി പദ്ധതിയില്‍ അംഗമാകാം. അവര്‍ക്ക് പ്രതിമാസം 303 രൂപ മുടക്കിയാല്‍ പ്രതിദിനം ഒരു ജി.ബി ഡാറ്റ വീതം 30 ദിവസം ഉപയോഗിക്കാവുന്നതാണ് പുതിയ പദ്ധതിയെന്ന് അംബാനി വിശദീകരിച്ചു. 2018 മാര്‍ച്ച് 31 വരെയാണ് ഓഫറിന്‍െറ കാലാവധി. 

എന്നാല്‍, ഇതില്‍ അംഗമായാലും ഇല്ളെങ്കിലും ഏപ്രില്‍ ഒന്നിനുശേഷവും ജിയോ ഉപഭോക്താവിന് ഏത് നെറ്റ്വര്‍ക്കിലേക്കും എസ്.ടി.ഡി അടക്കം കാളുകള്‍ സൗജന്യമായി തുടരും. ഡാറ്റക്ക് മാത്രമാണ് ഏപ്രില്‍ മുതല്‍ ചാര്‍ജ് ഈടാക്കുന്നത്. ജിയോ നിലവില്‍ വന്നശേഷം ലോകത്ത് മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തത്തെിയെന്ന് അംബാനി അവകാശപ്പെട്ടു. നിലവിലെ പത്തുകോടി ഉപഭോക്താക്കള്‍ ജിയോ പ്രസ്ഥാനത്തിന്‍െറ സഹസ്ഥാപകര്‍ കൂടിയാണെന്ന് വിശേഷിപ്പിച്ചാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം അംബാനി നിര്‍വഹിച്ചത്. 

2016 സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങിയ ജിയോയുടെ വെല്‍കം ഓഫര്‍ ഡിസംബറില്‍ അവസാനിക്കുകയും തുടര്‍ന്ന് നിലവില്‍ വന്ന പുതുവത്സര ഓഫറിന്‍െറ കാലാവധി  മാര്‍ച്ച് 31ന് തീരുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് പുതിയ പദ്ധതി കമ്പനി പ്രഖ്യാപിച്ചത്. ജിയോയുടെ സൗജന്യ ഓഫറുകള്‍ മറ്റ് മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ക്ക് അടുത്തിടെ വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. അതുവരെ കുത്തക നിലനിര്‍ത്തിയിരുന്ന എയര്‍ടെല്‍, ഐഡിയ തുടങ്ങിയ കമ്പനികളുടെ ലാഭത്തില്‍ തുടര്‍ച്ചയായുള്ള ഓരോ സാമ്പത്തിക പാദത്തിലും 10 ശതമാനം വീതം ഇടിവുണ്ടായി. റിലയന്‍സിനൊപ്പം പിടിച്ചുനില്‍ക്കാന്‍ വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും അടുത്തമാസം മുതല്‍ ഒറ്റക്കമ്പനിയായി മാറുകയാണ്. അതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനിയായി ഇത് മാറും. 
 

Tags:    
News Summary - Reliance Jio to Offer 20% More Data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.