ഇന്ത്യക്കാരുടെ വീടിന്‍റെ അകവും പുറവും ഇനി അംബാനി നിയന്ത്രിക്കും 

വിവരങ്ങൾ (Information) ആണ് ഇനി സമ്പത്ത് എന്നാണ് 'ഇരുമ്പ് തിരൈ' എന്ന ചിത്രത്തിൽ അർജുന്‍റെ കഥാപാത്രം ഇടക്കിടക്ക് പറയുന്നത്. ഡിജിറ്റൽവത്കരണം വലിയ പുരോഗതി കൊണ്ടുവരുമെന്ന് മേനിനടിക്കുമ്പോഴും നമ്മുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തുന്ന സംഘം വലിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നത് നാം കാണാതെ പോകുകയാണ്. മുമ്പ് നമ്മുടെ വിവരങ്ങൾ ചോർത്തിയിട്ട് എന്ത് കിട്ടാനെന്ന് ചോദിച്ചവർക്ക് പോലും അതിന്‍റെ പിന്നിലെ അപകടം തിരിച്ചറിയാനായിട്ടുണ്ട്. എന്നാൽ ഒാരോരുത്തരുടെ ജീവിതം സ്മാർട്ടാകുമ്പോഴും അവർ കൂടുതൽ വൻകിട കുത്തകകളുടെ അടിമകളാകുകയാണ്. മുകേഷ് അംബാനിയുടെ ജിയോ ജിഗാ ഫൈബർ പദ്ധതി ഇത്തരത്തിൽ വിവരങ്ങൾ ചോർത്താനുള്ള വലിയ കെണിയാണെന്ന ആരോപണങ്ങൾ ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്​.

ജിയോ സിം എന്ന മോഹനവാഗ്ദാനം നൽകി സൗജന്യത്തിന്‍റെ പെരുമഴ പ്രഖ്യാപിച്ചാണ് അംബാനി ടെലികോം രംഗത്തെത്തുന്നത്. മറ്റ് ടെലികോം കമ്പനികൾ ഉപയോക്താക്കളെ ഊറ്റിക്കൊണ്ടിരിക്കുന്നതിനിടെയാ‍യിരുന്നു ജിയോയുടെ വരവ്. പരിധിയില്ലാത്ത ഇന്‍റർനെറ്റും ഫോൺ കോളും നൽകിയാണ് ജിയോ ജനപ്രീതി നേടിയത്. എന്നാൽ ഇത്രയും സൗജന്യം നൽകിയിട്ടും ജിയോ വിപണിയിൽ ഒന്നാമതെത്തി നിൽക്കുന്നു. മറ്റു കമ്പനികൾ ജിയോയോട് മത്സരിക്കാനാകാതെ കിതക്കുകയാണ്. ഒരർഥത്തിൽ ടെലിഫോൺ മേഖല ഇപ്പോൾ ജിയോയുടെ കൈയിലാണ്. മത്സരം ഉപേക്ഷിച്ച് ഈ കമ്പനികൾ കളമൊഴിയുന്നതോടെയാണ് ജിയോയുടെ ‍'യഥാർഥ അങ്കം' ജനങ്ങൾ കാണുക. 

റിലയൻസ്​ എ.ജി.എമ്മിൽ ജിയോ ഫൈബറി​​​​​െൻറ പ്രഖ്യാപനം നടത്തുന്നു
 

റിലയൻസ് ഇന്‍ഡസ്ട്രീസിന്‍റെ 41–ാം എ.ജി.എം ചടങ്ങിലാണ് ഡിജിറ്റൽ ഇന്ത്യയിൽ അടുത്ത ഒരു വർഷം സംഭവിക്കാൻ പോകുന്നതെന്ന തരത്തിൽ പുതിയ പദ്ധതിയായ ജിയോ ജിഗാ ഫൈബർ പ്രഖ്യാപിച്ചത്. രാജ്യത്തെ ഓരോ വീട്ടിലും ഏതെങ്കിലും രീതിയിൽ ജിയോയുടെ സാന്നിധ്യമുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രഖ്യാപനങ്ങൾ. ബ്രോഡ്ബാന്‍റിനൊപ്പം ജിയോ ടിവി സെറ്റ്‌ടോപ് ബോക്സ്, വോയ്സ് അസിസ്റ്റന്റ് റിമോൾട്ട് എന്നിവയും ലഭിക്കും. 500 ൽ കൂടുതൽ ലൈവ് എച്ച്ഡി ചാനലുകൾ, ആയിരക്കണക്കിന് സിനിമകൾ, മ്യൂസിക്, ടെലിവിഷൻ പ്രോഗ്രാമുകള്‍ എന്നിവ ജിഗാഫൈബർ വഴി നല്‍കും. 

രാജ്യത്തെ എല്ലാ മേഖലകളിലേക്കും ജിയോ കടന്നുവരുമെന്നും മുക്കിലും മൂലയിലും അതിവേഗ ഇന്‍റർനെറ്റ് എത്തിച്ച് ആരോഗ്യവും വിദ്യാഭ്യാസവും മികച്ചതാക്കുമെന്നാണ് ജിയോ വാഗ്ദാനം നൽകുന്നത്. യഥാർഥത്തിൽ ജിയോഫൈബർ ബ്രോഡ്ബാൻഡ് വരുന്നതോടെ വീടിനകവും പുറവും റിലയൻസിന്റെ കൈയ്യിലൊതുങ്ങുന്നതിനാണ് വഴിവെക്കുക. ടെലിഫോൺ മേഖല കൈയ്യിലൊതുക്കിയെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ജിയോ ബ്രോഡ്ബാന്‍റ് രംഗത്തെത്തുന്നത്. നിലവിൽ ബി.എസ്.എൻ.എൽ, ഭാരതി എയർടെൽ എന്നിവരാണ് ബ്രോഡ്ബാൻഡ് രംഗം കൈയ്യടക്കിയിരിക്കുന്നത്. ബി.എസ്.എൻ.എല്ലിന് 9.2 മില്ല്യണും ഭാരതി എയർടെലിന് 2.19 മില്ല്യൺ ഉപഭോഗ്താക്കളാണുമുള്ളത്. ഇവരെ കൂടെ കെട്ടുകെട്ടിച്ച് കൃത്യമായി ഒരാളുടെ ജീവിതത്തെ റിലയൻസിന്‍റെ ഭാഗമാക്കുകയാണ് ലക്ഷ്യം.

 

ഒാഫർ പെരുമഴ

ഇവിടെയും ഒാഫറുകളുടെ പെരുമഴ പ്രഖ്യാപിച്ച് കണ്ണ് മഞ്ഞളിപ്പിക്കുന്ന പരിപാടി തന്നെയാണ് തന്ത്രം. ചുവടെ പറയുന്നവയാണ് ജിയോ നൽകുന്ന ഒാഫർ:

-1100 നഗരങ്ങളിൽ 1 ജി.ബി ​പെർ സെക്കൻഡ്​​ വേഗതയിലാണ് ഇൻറർനെറ്റ്​ സേവനം. ​ 

-ജിയോയുടെ സെറ്റ്​ടോപ്പ്​ ബോക്​സ്: 600 ചാനലുകൾ, ആയിരക്കണക്കിന്​ സിനിമകൾ, ലക്ഷക്കണക്കിന്​ ഗാനങ്ങൾ. 

-മൾട്ടി പാർട്ടി വീഡിയോ കോൺഫറൻസിങ്​, വിർച്വുൽ റിയാലിറ്റി ഗെയിം, ഡിജിറ്റൽ ഷോപ്പിങ്​, ശബ്​ദാധിഷ്​ഠത ​വിർച്വുൽ റിയാലിറ്റി സംവിധാനം

-ടി.വിയെ വോയ്​സ്​ കമാൻഡ്​ കൊണ്ട്​ നിയന്ത്രിക്കാവുന്ന സംവിധാനം 

-വീടുകളിൽ വൈഫൈയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്​മാർട്ട്​ ഹോം സംവിധാനം. 

ഇത്രയും ഒാഫറുകളാണ് ജിയോ നൽകുന്നത്. സാധാരണക്കാരന് സ്വപ്നം കാണാനാവുന്നതിനുമപ്പുറമുള്ള വാഗ്ദാനങ്ങൾ തന്നെയാണിത്. ഇത് വഴി ഫോൺ മാത്രമല്ല, ഇന്ത്യക്കാരുടെ വീടും പരിസരവും അംബാനിയുടെ കണ്ണുകളിൽ 'സുരക്ഷിതമാകും'. വീടകം മുഴുവൻ കാമറ കണ്ണുകളിലുടെ പകർത്തി ഒരോ ഇലയനക്കവും ഉടമയെ അറിയിക്കുമെന്നാണ്​ റിലയൻസ്​ നൽകുന്ന വാഗ്​ദാനം. ഒരു വീട്ടിലെ റുമുകളുടെ എണ്ണം ഉൾപ്പടെ അവിടെയുള്ള ഇലക്ട്രോണിക് ഉപകരണം വരെ പ്രവർത്തിപ്പിക്കുന്നത് റിലയൻസ് അറിയും. ​ഇതിന്​ സഹായത്തിനായി നിരവധി സെൻസറുകളും സ്​മാർട്ട്​ ഫോൺ സംവിധാനത്തി​​​​​െൻറ ഭാഗമാണ്​. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന്​ ഇൗ ഡിജിറ്റൽ കാലത്ത്​ പൂർണമായും വിശ്വസിക്കുക വയ്യ. വിവരങ്ങൾ ഏത് വഴി ചോർന്നാലും നമുക്ക് ലഭിക്കുന്ന സിനിമയും, പാട്ടും, ഇന്‍റർനെറ്റ് സേവനവും ഉപയോഗിച്ച് ഡിജിറ്റൽ ലോകത്തെ മുടിചൂടാമന്നൻ എന്ന് കരുതി നാം അഭിരമിക്കും. 

Tags:    
News Summary - Jio fiber services-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.