പുതുമകളോടെ ദുബൈ പൊലീസ് ആപ്പ്

ദുബൈ: ഒട്ടനവധി സവിശേഷതകളും125ലേറെ സേവനങ്ങളും ഉള്‍ക്കൊള്ളിച്ച് പുതുക്കിയ ദുബൈ പൊലീസ് സ്മാര്‍ട് ആപ്പ് പ്രകാശനം ചെയ്തു. കാഴ്ചയില്‍ തന്നെ പുതുമ വ്യക്തമാവുന്ന ആപ്പിലെ വിവിധ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവും.  ഐഫോണുകളില്‍ ഉപയോഗിക്കാനാവുന്ന രീതിയിലാണ് ഇപ്പോള്‍ പുതിയ ആപ്പ് എങ്കിലും ഇതു വൈകാതെ ആന്‍ഡ്രോയിഡ് ഫോണുകളിലും ലഭ്യമാവും. അറബിയിലും ഇംഗ്ളീഷിലുമുള്ള പ്രത്യേക കീബോര്‍ഡും  നിരവധി സൗകര്യങ്ങളും ആപ്പിലുണ്ട്. ലോകത്തു തന്നെ ഏറ്റവും മികച്ച മാതൃകയിലുള്ള പരസ്പര സമ്പര്‍ക്ക  സര്‍ക്കാര്‍ ആപ്പ് ആണിതെന്ന് ദുബൈ പൊലീസ് ആപ്പ് പ്രോജക്ട് മാനേജര്‍ സമീര്‍ അല്‍ ഖവാജ പറഞ്ഞു. 

പുതിയ സിരി ആപ്പിലൂടെ പിഴ അടക്കാനും നിര്‍ദേശങ്ങള്‍ കൈമാറാനും സാധിക്കും. ദുബൈ പൊലീസ് ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്ത് വിവരങ്ങളും ചിത്രങ്ങളും കൈമാറാനും സംവിധാനമുണ്ട്. നമ്മളെല്ലാം പൊലീസ് -എന്ന പൊലീസ് ഐ സംവിധാനം മുഖേന കുറ്റകൃത്യങ്ങളോ അപകടങ്ങളോ മറ്റു സംഭവങ്ങളോ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഈ സൗകര്യങ്ങള്‍. ഭിന്നശേഷിയുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനായി ഏറെ ക്രമീകരണങ്ങള്‍ ആപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാഴ്ചശേഷിയില്ലാത്തവര്‍ക്ക് ഉപയോഗിക്കാനാവുന്ന കീബോര്‍ഡ് ആപ്പിലുണ്ട്. ഇതിനു പുറമെ മികച്ച സ്മാര്‍ട് കാമറയും ഒരുക്കിയിട്ടുണ്ട്. കാഴ്ച കുറവുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട് കാമറ പ്രവര്‍ത്തിച്ച് അവരുടെ ചുറ്റുമുള്ള ദൃശ്യങ്ങള്‍ സംബന്ധിച്ച് വിവരണം നല്‍കും. മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ പതിയുകയും ചെയ്യും. കോര്‍പ്പറേറ്റ് ഫയല്‍ സംവിധാനം ഉപയോഗപ്പെടുത്തി കമ്പനികള്‍ക്ക് ജീവനക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓരോ ജീവനക്കാരന്‍െറയും പേരില്‍ അപേക്ഷ പൂരിപ്പിക്കുകയും സമര്‍പ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി വരുന്ന ഭാരിച്ച സമയം ലാഭിക്കാന്‍ ഇതു സഹായിക്കും.  

ആപ്പിലെ മാപ്പിന്‍െറ സഹായത്താല്‍ സമീപത്തെ ആശുപത്രികള്‍, പൊലീസ് സ്റ്റേഷനുകള്‍ മറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ഈ വര്‍ഷം 2.8 ലക്ഷം ഇടപാടുകളാണ് ദുബൈ പൊലീസ് ആപ്പുകള്‍ മുഖേന നടന്നത്. ഇതില്‍ 1.18 ലക്ഷം ഉപയോഗവും പിഴ അടക്കുന്നതിനായിരുന്നു.
Tags:    
News Summary - dubai-police-app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.