ഗൂഗ്ളിന്‍െറ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഹേമന്ത് നേടിയത് അഞ്ചുലക്ഷം

ട്വിറ്റര്‍, യാഹു, ബ്ളാക്ബെറി, മൈക്രോസോഫ്ട് തുടങ്ങിയവയുടെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ര ശ്രദ്ധനേടിയ വിദ്യാര്‍ഥിക്ക് ഗൂഗ്ളിന്‍െറ സമ്മാനം അഞ്ചുലക്ഷം രൂപ. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ത് ജോസഫിനാണ് ഗൂഗ്ളിന്‍െറ സമ്മാനം ലഭിച്ചത്. ഗൂഗ്ള്‍ ക്ളൗഡിലെ സുരക്ഷാപിഴവുകള്‍ കണ്ടത്തെി കമ്പനിയെ അറിയിച്ചതിനാണ് സമ്മാനം. 
ഏതൊരു ഗൂഗ്ള്‍ ക്ളൗഡ് ഉപഭോക്താവിന്‍െറ അക്കൗണ്ടിലും കടന്നുകയറാന്‍ ഇടയാക്കുന്ന പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഗൂഗ്ള്‍ വള്‍നറബ്ളിറ്റി റിവാര്‍ഡ് പ്രോഗ്രാമിന്‍െറ ഭാഗമായി 7,500 ഡോളര്‍ ഹേമന്തിനെ തേടിയത്തെിയത്. ഏതാനും ആഴ്ചക്കുള്ളില്‍ പിഴവ് പൂര്‍ണമായി പരിഹരിക്കുമെന്ന് ഗൂഗ്ള്‍ ഒൗദ്യോഗികമായി അറിയിച്ചു. 
സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്ത കേരള പൊലീസ് സൈബര്‍ ഡോമിലെ കമാന്‍ഡറാണ് ഹേമന്ത് ജോസഫ്. പല പ്രമുഖ അന്തര്‍ദേശീയ കമ്പനികളും തങ്ങളുടെ സോഫ്ട് വെയറുകളിലെ സുരക്ഷാ ഭീഷണി അറിയാന്‍ ഹേമന്തിന് അയച്ചുകൊടുക്കാറുണ്ട്. യു.എസിലെ ടെലികോം ഭീമനായ എ.ടി ആന്‍ഡ് ടിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാമെന്ന് കമ്പനിയെ ബോധ്യപ്പെടുത്തിയപ്പോള്‍ മുമ്പ് ഹേമന്തിന് പ്രതിഫലമായി 5000 ഡോളര്‍ ലഭിച്ചിരുന്നു. 
പ്രമുഖ സ്മാര്‍ട് വാച്ച് നിര്‍മാതാക്കളായ പെബ്ളും ഹേമന്തിനോട് കടപ്പെട്ടിരിക്കുന്നു. വാച്ച് ഉപയോഗിക്കുന്ന വ്യക്തിയുടെ ഫേസ്ബുക് അക്കൗണ്ട് ലഭിച്ചാല്‍ ലോകത്തെവിടെയിരുന്നും വാച്ച് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയുമെന്നായിരുന്നു ഹേമന്തിന്‍െറ വാദം. ഇപ്പോഴും പെബ്ളിന്‍െറ പുത്തന്‍ സോഫ്ട്വെയറുകളും ഗാഡ്ജെറ്റുകളും സുരക്ഷാപരിശോധനക്കായി ഹേമന്തിന് അയച്ചുകൊടുക്കാറുണ്ട്. വിവിധ ടെക് ഭീമന്മാരില്‍നിന്ന് ഇതിനോടകം പത്തുലക്ഷം രൂപയിലധികം സമ്മാനത്തുകയായി ലഭിച്ചിട്ടുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.