പുതിയ ഫോണുകള്‍ ചാര്‍ജ് പൂര്‍ണമായാല്‍ തനിയെ നില്‍ക്കുന്ന സംവിധാനമുള്ളതാണ്. അതിനാല്‍ പ്ളഗില്‍ രാത്രി നേരം വെളുക്കുവോളം കുത്തിയിട്ടാലും വലിയ കുഴപ്പമില്ല. ഇനി ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ കേസ് ഊരി ചാര്‍ജ് ചെയ്യാന്‍ വെക്കുന്നതാണ് നല്ലത്. ഇത് ബാറ്ററി ചൂടാവാതിരിക്കാന്‍ സഹായിക്കും. ബാറ്ററി ഏറെ നേരം ചൂടായി നിന്നാല്‍ ഉള്ളിലെ ഇലക്ട്രോണിക് ഘടകഭാഗങ്ങള്‍ തകരാറിലാവാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ പല ഫോണുകളിലും 15 മിനിട്ടില്‍ പകുതി ചാര്‍ജാകുന്ന തരത്തിലുള്ള അതിവേഗ ചാര്‍ജിങ്ങുണ്ട്. സാംസങ് ഇതിന് പറയുന്ന പേര് അള്‍ട്രാ ഫാസളറ്റ് ചാര്‍ജിങ് എന്നും ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം വിളിക്കുന്നത് ക്വിക് ചാര്‍ജിങ് എന്നുമാണ്. സാധാരണ ചാര്‍ജറുകള്‍ മൂന്ന് മുതല്‍ അഞ്ച് വരെ വോള്‍ട്ടില്‍ (5 V) 500 മില്ലീ ആംപീയര്‍ (mA) മുതല്‍ ഒരു ആംപിയര്‍  (1 A) വരെയുള്ളതാണ്. എന്നാല്‍ അതിവേഗ ചാര്‍ജറുകളില്‍ ഇത് ഒമ്പത് വോള്‍ട്ടില്‍ 2.0 ആംപിയര്‍ വരെയാണ്. പവര്‍ മാനേജ്മെന്‍റ് ഐസി എന്ന ചിപിലെ പ്രത്യേക ഒരു കോഡാണ് ഇതിന് സഹായിക്കുന്നത്. ഈ കോഡ് ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യൂതി പ്രവഹിപ്പിക്കാന്‍ ചാര്‍ജറിലേക്ക് നിര്‍ദേശം നല്‍കുകയാണ് ചെയ്യുക. ഇത്തരം അതിവേഗ ചാര്‍ജിങ് ലിഥിയം അയണ്‍ ബാറ്ററി വേഗത്തില്‍ ചൂടാകാന്‍ കാരണമാകും. ഇത് ഒഴിവാക്കാന്‍ അതിവേഗ ചാര്‍ജിങ്ങിനെ പിന്തുണക്കുന്ന നവീന ഫോണുകളില്‍ ചൂട് തിരിച്ചറിഞ്ഞ് വൈദ്യുതി പ്രവാഹ തീവ്രത കുറക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടാവും. അതുകൊണ്ട് അതിവേഗ ചാര്‍ജറുകള്‍ ഉപയോഗിച്ച് ഈ സംവിധാനമില്ലാത്ത സാധാരണ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ തുനിയരുത്. പറയുന്ന ആംപിയറുള്ള ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വെയിലില്‍ കിടക്കുന്ന കാറിലും ബീച്ചിലും ഓവനടുത്തും കനത്ത മഞ്ഞിലും ഫോണ്‍ ഏറെ നേരം വെക്കുന്നതും അപകടകരമാണ്. 

നോമോ ഫോബിയ
ബാറ്ററി തീരുമോയെന്ന പേടിക്ക് പേരുമുണ്ട്. നോമോ ഫോബിയ ( മുഴുവന്‍ പേര്: നോ മൊബൈല്‍ ഫോണ്‍ ഫോബിയ). 2010ല്‍ യു.കെയിലെ യുഗോവ് എന്ന ഗവേഷണ സംഘടനയാണ് മൊബൈല്‍ ഫോണ്‍ ഉത്കണ്ഠകളെക്കുറിച്ച് പഠനം നടത്തിയത്. അന്നാണ് ഈ കാര്യവും പേടികളുടെ പട്ടികയില്‍ ഇടംപിടിച്ചത്. നോമോ ഫോബിയക്ക് പല കാരണങ്ങളുണ്ട്. അതിലൊന്നാണ് ബാറ്ററി ചാര്‍ജ് തീരുമോ എന്ന പേടി. ബ്രിട്ടനില്‍ 53 ശതമാനം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുമോ, ബാറ്ററി തീരുമോ, റീചാര്‍ജ് ചെയ്ത തുക തീരുമോ നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാതാകുമോ എന്ന ആശങ്കയില്‍ ജീവിക്കുന്നവരാണെന്ന് അന്ന് കണ്ടത്തെിയിരുന്നു. പുരുഷന്മാരില്‍ 58 ശതമാനവും സ്ത്രീകളില്‍ 47 ശതമാനവും ഈ പേടിയുള്ളവരാണ്. 9 ശതമാനത്തിന്‍െറ ആശങ്ക ഫോണ്‍ ഓഫാകുമോ എന്നായിരുന്നു. 

ലിഥിയം അയണ്‍ ബാറ്ററി നിര്‍മിക്കാന്‍ ഇന്ത്യ
ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തയ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ ഉല്‍പാദിപ്പിക്കുന്നത്. 3300 കോടി ലൈ അയണ്‍ ബാറ്ററികള്‍ ലോകത്താകമാനം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ 100 കോടി പേരും. ഇറക്കുമതി നിര്‍ത്തി സ്വന്തമായി ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. തമിഴ്നാട്ടിലെ കാരൈക്കുടിയിലുള്ള സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ((CECRI) ആണ് തദ്ദേശീയ ലൈ അയണ്‍ ബാറ്ററി നിര്‍മാണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടുമാസത്തിനകം വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കുമെന്നാണ് സൂചന. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ചെലവ് കുറക്കുകയാണ് സ്വന്തം സാങ്കേതികവിദ്യയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വിജയമോഹന്‍ കെ. പിള്ള പറയുന്നു. ചില സംരംഭകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രണ്ടുമാസംകൊണ്ട് ദിവസം 100 ബാറ്ററികള്‍ നിര്‍മിക്കാനാണ് ശ്രമം. ഇറക്കുമതി ചെയ്യുന്ന ബാറ്ററികള്‍ക്ക് വന്‍ വിലയാണ്. തദ്ദേശീയ നിര്‍മാണത്തിലൂടെ വില കുറക്കാന്‍ കഴിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.