ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ വേണ്ട, നെറ്റ് ബാങ്കിങ്/വാലറ്റ് പാസ്വേഡ് വേണ്ട, സ്വീകര്‍ത്താവിന്‍െറ അക്കൗണ്ട് നമ്പര്‍ പോലും വേണ്ട ഇനി ലക്ഷം രൂപ വരെ സ്മാര്‍ട്ട്ഫോണ്‍ വഴി ആര്‍ക്കെങ്കിലും അയച്ചുകൊടുക്കാന്‍. അതാണ് റിസര്‍വ് ബാങ്കിന്‍െറ പിന്തുണയോടെ പണമിടപാട് ഇടനിലക്കാരായ നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ യൂനിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് (യു.പി.ഐ) എന്ന ആപ്പിന്‍െറ പ്രത്യേകത. 15 അക്ക അക്കൗണ്ട് നമ്പറും 11 അക്ക ഐ.എഫ്.എസ്.സി കോഡും ഓര്‍മയിലില്ളെങ്കിലും പണമിടപാട് നടത്താം. അക്കൗണ്ട് വിവരങ്ങള്‍ക്ക് പകരം പേരോ ഫോണ്‍ നമ്പറോ ബാങ്കിന്‍െറ പേരിനൊപ്പം ചേര്‍ത്തുള്ള ഒരു വെര്‍ച്വല്‍ വിലാസത്തിലൂടെയാണ് പണക്കൈമാറ്റം സാധ്യമാക്കുന്നത്. 
കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് അനുമതികൊടുത്ത ഈ സംവിധാനത്തില്‍ ആദ്യഘട്ടത്തില്‍ യു.പി.ഐ മൊബൈല്‍ ആപ്പുമായി 21 ബാങ്കുകളാണ് പങ്കുചേരുന്നത്. സൗത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, യൂനിയന്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ, ആക്സിസ്, ആന്ധ്ര തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ ഇതില്‍ അംഗമായിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കുകളും വൈകാതെ ഭാഗമാകുമെന്നാണ് കരുതുന്നത്. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുള്ളവര്‍ക്ക് ബാങ്കുകളുടെ യു.പി.ഐ ആപ്പുകള്‍ പ്ളേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇതിനുപുറമെ, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. 
ആപ്പു തുറന്ന് സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ പേരുനല്‍കി ആറക്ക പാസ്കോഡ് രൂപവത്കരിക്കണം. തുടര്‍ന്ന് ബാങ്ക് വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് വെര്‍ച്വല്‍ അക്കൗണ്ട് ക്രിയേറ്റു ചെയ്യാന്‍ ആവശ്യപ്പെടും. ഇതുപയോഗിച്ച് തുടര്‍നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പണമിടപാട് നടത്താം. വിശദവിവരങ്ങള്‍ ബാങ്കുകളുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മുമ്പ് സ്വീകര്‍ത്താവിന്‍െറ പേര് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ വേണ്ടിയിരുന്നെങ്കില്‍ പുതിയ സംവിധാനത്തില്‍ വെര്‍ച്വല്‍ പേമെന്‍റ് അഡ്രസ് മാത്രം മതി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.