നിര്‍മിത ബുദ്ധിയുടെ പിതാവ് മര്‍വിന്‍ മിന്‍സ്കി അന്തരിച്ചു

ന്യൂയോര്‍ക്: പേഴ്സനല്‍ കമ്പ്യൂട്ടറുകളുടെയും ഇന്‍റര്‍നെറ്റിന്‍െറയും അടിസ്ഥാനമായ നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് ശാഖയുടെ പിതാവായി വാഴ്ത്തപ്പെടുന്ന മര്‍വിന്‍ മിന്‍സ്കി അന്തരിച്ചു. മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം.ഐ.ടി) ദീര്‍ഘകാല സേവനത്തിനിടെ മനുഷ്യ മനസ്സിനെക്കുറിച്ച് നടത്തിയ ഗവേഷണങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 88 വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് എം.ഐ.ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കമ്പ്യൂട്ടറുകള്‍ക്കും സാമാന്യയുക്തിയും സങ്കല്‍പനവും ആവാമെന്നും മനുഷ്യനെപ്പോലെ ചിന്തിക്കാനാവുന്ന കാലം വരുമെന്നും അദ്ദേഹം നിരീക്ഷിച്ചു. എം.ഐ.ടി മീഡിയ ലാബില്‍ പ്രഫസര്‍ എമറിറ്റസായിരുന്നു.

ജോണ്‍ മക്കാര്‍ത്തിക്കൊപ്പം 1959ലാണ് എം.ഐ.ടിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലാബിന് മിന്‍സ്കി തുടക്കമിട്ടത്. ഇദ്ദേഹത്തിന്‍െറ മൗലികമായ കണ്ടുപിടിത്തങ്ങള്‍ക്ക് നിരവധി ബഹുമതികള്‍ നല്‍കി ലോകം ആദരിച്ചു. സൊസൈറ്റി ഓഫ് മൈന്‍ഡ്, ദി ഇമോഷന്‍ മെഷീന്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെയും പ്രബന്ധങ്ങളുടെയും ഉടമയാണ്. 1927 ആഗസ്റ്റില്‍ ന്യൂയോര്‍ക്കിലായിരുന്നു ജനനം. ചെറുപ്രായത്തില്‍തന്നെ ഇലക്ട്രോണിക്സിലും ശാസ്ത്രത്തിലും ആകൃഷ്ടനായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തി ലോകത്തെ അദ്ഭുതപ്പെടുത്തി. ബുദ്ധിരാക്ഷസനെന്നാണ് ഇദ്ദേഹത്തെ മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സഹപ്രവര്‍ത്തകന്‍ പാട്രിക് വിന്‍സ്റ്റന്‍ വിശേഷിപ്പിച്ചത്. ഗ്ളോറിയ റുദ്ദിഷ് മിന്‍സ്കിയാണ് ഭാര്യ. മൂന്നു മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.