അന്യഗ്രഹങ്ങളില്‍ സൂക്ഷ്മജീവികള്‍ക്ക് ആയുസ് കുറവെന്ന് പഠനം

മെല്‍ബണ്‍: അന്യഗ്രഹങ്ങളില്‍ സൂക്ഷ്മജീവികള്‍ പ്രാഗ്രൂപത്തില്‍തന്നെ തിരോഭവിക്കുന്നതുകൊണ്ടാണ് അവയില്‍ പരിണാമം സംഭവിക്കാത്തതെന്ന് പഠനം. ആസ്ട്രേലിയന്‍ നാഷനല്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ ഡോ. ആദിത്യ ചോപ്രയുടെ നേതൃത്വത്തിലുള്ള സംഘം ആസ്ട്രോബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. അനുകൂല ഘടകങ്ങളുണ്ടായിട്ടും അന്യഗ്രഹങ്ങളില്‍ ജീവികള്‍ ഉണ്ടാവാത്തതെന്തു കൊണ്ടെന്ന് 1950ല്‍ ഭൗതികശാസ്ത്രജ്ഞനായ എന്‍റികോ ഫെര്‍മി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരംതേടിയുള്ള അന്വേഷണത്തിന്‍െറ ഭാഗമായാണ് പഠനം. പ്രപഞ്ചത്തില്‍ വാസയോഗ്യമായ അനേകം ഗ്രഹങ്ങളുണ്ട്. അതിലെല്ലാം അനേകം സൂക്ഷ്മജീവികളുമുണ്ടാകാം.
ഗ്രഹങ്ങളിലെ താപീകരണത്തെയോ ശീതീകരണത്തെയോ അതിജീവിക്കാനുള്ള ശേഷി ഈ പ്രാഗ്രൂപങ്ങള്‍ക്കില്ല. മിക്ക ഗ്രഹങ്ങളിലും പ്രതികൂല കാലാവസ്ഥയാണുള്ളത്. ജലം, കാര്‍ബണ്‍ ഡയോക്സൈഡ് പോലുള്ള അടിസ്ഥാന ജീവഘടകങ്ങളെ സ്വയം ക്രമീകരിച്ചാണ് ജീവവര്‍ഗങ്ങള്‍ ഒരു ഗ്രഹത്തെ വാസയോഗ്യമാക്കുന്നത്. നാലു ബില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സൗരയൂഥപ്പിറവിയുടെ സമയത്ത് ഭൂമിയും ശുക്രനും ചൊവ്വയും വാസയോഗ്യമായ ഗ്രഹങ്ങളായിരുന്നു. എന്നാല്‍, പിന്നീട് ഒരു ബില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ശുക്രന്‍ ഉഷ്ണഗ്രഹമായി. ചൊവ്വ തണുത്തുറഞ്ഞ ഗ്രഹവും. ശുക്രനിലെയും ചൊവ്വയിലെയും പ്രാഗ്രൂപങ്ങള്‍ക്ക് അന്തരീക്ഷത്തെ ക്രമീകരിക്കാനായില്ല.
ഭൂമിയിലെ കാലാവസ്ഥ ക്രമീകരിക്കുന്നതില്‍ ഭൂമിയിലെ ജീവരൂപങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അന്യഗ്രഹജീവികളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാത്തത് ജീവോല്‍പത്തിയില്ലാത്തതുകൊണ്ടാവാന്‍ തരമില്ളെന്നും ഗ്രഹോപരിതലത്തിലെ സൂക്ഷ്മജീവികളുടെ ജീവചംക്രമണം നടക്കാത്തത് കൊണ്ടാവണമെന്നും പഠനം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.