ഇരട്ട പിന്‍കാമറയും ഉറങ്ങാത്ത സ്ക്രീനുമായി ആദ്യ മോഡുലര്‍ ഫോണ്‍ ‘എല്‍ജി ജി 5’

ഊരാവുന്ന ബാറ്ററിയും ഇരട്ട പിന്‍കാമറയും അടക്കം നവീന സവിശേഷതകളുമായി എല്‍ജിയുടെ ആദ്യ മോഡുലര്‍ സ്മാര്‍ട്ട്ഫോണ്‍ ജി5 ബാഴ്സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറങ്ങി. ജി4ന്‍െറ പിന്‍ഗാമിയായ ജി 5ല്‍ വോള്യം കണ്‍ട്രോള്‍ പിറകില്‍നിന്ന് വശങ്ങളിലേക്ക് മാറി.  പവര്‍ ബട്ടണ്‍ പിന്നില്‍തന്നെ തുടര്‍ന്നപ്പോള്‍ ഒപ്പം വിരലടയാള സ്കാനറും നല്‍കി. അടിവശം ഊരിമാറ്റി ഘടിപ്പിക്കാവുന്ന വിധമായതിനാല്‍ ലോകത്തെ ആദ്യ മോഡുലര്‍ സ്മാര്‍ട്ട്ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. പൂര്‍ണ ലോഹ ശരീരമാണ്. എന്ന് ലഭിക്കുമെന്നോ വില എത്രയാവുമെന്നോ സൂചനയില്ല. 

ഡിസ്പ്ളേ
2560 x 1440 പിക്സല്‍ റസലൂഷനുള്ള  5.3 ഇഞ്ച് അമോലെഡ് ഡിസ്പ്ളേ ഒരു ഇഞ്ചില്‍ 554 പിക്സല്‍ വ്യക്തത സമ്മാനിക്കും. സ്ക്രീനില്‍ തൊട്ടുണര്‍ത്താതെ അത്യാവശ്യ നോട്ടിഫിക്കേഷനും തീയതിയും സമയവും ബാറ്ററി ശേഷിയും കാണാന്‍ സഹായിക്കുന്ന എപ്പോളും ഓണായിരിക്കുന്ന ഡിസ്പ്ളേയാണ് പ്രത്യേകത. എങ്കിലും ബാറ്ററി ചാര്‍ജ് അധികം എടുക്കില്ല. മണിക്കൂറില്‍ 0.8 ശതമാനം ബാറ്ററി ചാര്‍ജ് മാത്രമേ ഓള്‍വേയ്സ് ഓണ്‍ ഡിസ്പ്ളേ തിന്നുതീര്‍ക്കൂവെന്ന് എല്‍ജി അവകാശപ്പെടുന്നു. 

കാമറ
ഒന്നു കുലുക്കിയാല്‍ കൂടിച്ചേര്‍ന്ന് പടമെടുക്കുന്ന ഇരട്ട പിന്‍കാമറകളാണ് മറ്റൊരു വിശേഷം. ഒന്ന് 16 മെഗാപിക്സലും രണ്ടാമത്തേത് എട്ട് മെഗാപിക്സലുമാണ്. 78 ഡിഗ്രി ലെന്‍സുള്ള 16 പിക്സല്‍ കാമറയില്‍ ഉയര്‍ന്ന റസലൂഷനില്‍ ചിത്രമെടുക്കുമ്പോള്‍ എട്ട് പിക്സല്‍ കാമറയിലെ 135 ഡിഗ്രി ലെന്‍സ് ഉപയോഗിച്ച് വൈഡ് ആംഗിള്‍ ഫോട്ടോകള്‍ എടുക്കാം. പ്രത്യേക ആപ്പുവഴി ഒരു കാമറയില്‍നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ സാധിക്കും. ഒരേസമയം വീഡിയോയും നിശ്ചലചിത്രങ്ങളുമെടുക്കാം. മുന്നില്‍ സെല്‍ഫിക്ക് എട്ട് മെഗാപിക്സല്‍ കാമറ വേറെയുണ്ട്. 

സാദാ വിശേഷങ്ങള്‍
ഇന്‍റര്‍നെറ്റിന്‍െറ വേഗം കൂട്ടാന്‍ X12 LTE മോഡമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സെക്കന്‍ഡില്‍ 600 മെഗാബൈറ്റ് വരെ ഡൗണ്‍ലോഡ് വേഗവും സെക്കന്‍ഡില്‍ 150 മെഗാബൈറ്റ് വരെ അപ്ലോഡ് വേഗവും ഇത് നല്‍കും.യു.എസ്.ബി ടൈപ്പ് സി പോര്‍ട്ടാണ്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, നാല് ജി.ബി റാം, 2.1 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, അതിവേഗത്തില്‍ ബാറ്ററി ചാര്‍ജാവാന്‍ ക്വിക് ചാര്‍ജ് 3.0, 2800 എം.എ.എച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, എന്‍.എഫ്.സി, ബ്ളൂടൂത്ത് 4.2, വൈ ഫൈ, സില്‍വര്‍, ഗോള്‍ഡ്, പിങ്, ടൈറ്റന്‍ നിറങ്ങള്‍.

ജി5ന്‍െറ കൂട്ടാളികള്‍
ഇരട്ട 13 മെഗാപിക്സല്‍ കാമറകള്‍ ഉപയോഗിച്ച് പൂര്‍ണ 360 ഡിഗ്രി ചിത്രങ്ങളെടുക്കാവുന്ന എല്‍ജി 360 ക്യാം ഇതിനൊപ്പം ലഭിക്കും. വയര്‍ലസായി ഫോണുമായി കണക്ട് ചെയ്താല്‍ ദൃശ്യങ്ങളുടെ വിശാല ലോകത്തേക്ക് കടക്കാം. വിര്‍ച്വല്‍ റിയാലിറ്റി വീഡിയോകളും ഇങ്ങന്‍െ ചിത്രീകരിക്കാന്‍ കഴിയും. യൂടൂബ് 360 വീഡിയോ, ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ എന്നിവയെ പിന്തുണക്കും. 
കൂടാതെ എല്‍ജി 360 വിആര്‍ ഹെഡ്സെറ്റും വിര്‍ച്വല്‍ റിയാലിറ്റിയുടെ വാതിലുകള്‍ തുറക്കുന്നു. യു.എസ്.ബി വഴി ഈ കണ്ണട ഹെഡ്സെറ്റ് ഫോണുമായി ബന്ധിപ്പിക്കാം. ഓരോ കണ്ണിലും 960 x 720  പിക്സല്‍ ദൃശ്യങ്ങളാണ് നല്‍കുക. ശബ്ദത്തിന് ഹെഡ്ഫോണുകള്‍ വിആര്‍ ഹെഡ്സെറ്റില്‍ ബന്ധിപ്പിക്കണം. ഇനി പന്തിന്‍െറ രൂപത്തിലുള്ള കാമറയായ എല്‍ജി റോളിങ് ബോട്ടും ജി5 ഉപയോഗിച്ച് നിയന്ത്രിക്കാം. എട്ട് മെഗാപിക്സല്‍ കാമറക്ക് പുറമേ സ്പീക്കര്‍, മൈക് എന്നിവയും ഇതിലുണ്ട്. നിശ്ചല, ചലന ചിത്രങ്ങളെടുക്കാം. വൈ ഫൈ നെറ്റ്വര്‍ക്ക് പിന്തുണയുമുണ്ട്. ഹര്‍മാണ്‍ കാര്‍ഡണിന്‍െറ ശബ്ദസാങ്കേതികവിദ്യയുള്ള എല്‍ജി ടോണ്‍ പ്ളാറ്റിനം ബ്ളൂടൂത്ത് ഹെഡ്സെറ്റും പുറത്തിറക്കിയിട്ടുണ്ട്. സംഗീതാമാസ്വദിക്കാന്‍ ഫോണില്‍ ഘടിപ്പിക്കാവുന്ന ബാങ് ആന്‍ഡ് ഓള്‍ഫ്യുസന്‍െറ ഓഡിയോ ആംപ് ഒപ്പമിറക്കിയിട്ടുണ്ട്. ഡ്രോണുകളെ നിയന്ത്രിക്കാന്‍ കഴിയുന്ന എല്‍ജി സ്മാര്‍ട്ട് കണ്‍ട്രോളര്‍ ആണ് മറ്റൊരു ഉപകരണം. 

പ്രത്യേക മൊഡ്യൂള്‍
ഊരിമാറ്റാവുന്ന ബാറ്ററി, ഡിസ്പ്ളേയുടെ അടിയിലുള്ള ഊരാവുന്ന ഭാഗം എന്നിവയുണ്ട്. ഡിസ്പ്ളേയുടെ താഴെ വേറെ മോഡ്യൂള്‍ വച്ചും ഇത് പ്രവര്‍ത്തിപ്പിക്കാം. കാമറ അനുഭവം കൂട്ടാന്‍ എല്‍ജി കാം പ്രോ മൊഡ്യൂളുണ്ട്. ഇത് ഫോണിന്‍െറ അടിവശത്ത് ഘടിപ്പിക്കാം. ഒരുദിവസം ഉപയോഗിക്കാന്‍ പാകത്തില്‍ ബാറ്ററി ശേഷി 1200 എം.എ.എച്ച് കൂട്ടി 4000 എം.എ.എച്ച് ആക്കും ഇത്. ഊരാവുന്ന സാധാരണ കാമറ ഉപയോഗിക്കുന്നപോലെ ഇതില്‍ ചിത്രങ്ങള്‍ പകര്‍ത്താം.  ഈ കാമറക്ക് സ്വന്തമായി പവര്‍ ബട്ടണ്‍, ഷട്ടര്‍, റെക്കോഡ്, സൂം, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ എന്നിവയുണ്ട്. ഓട്ടോ ഫോക്കസ്, എക്സ്പോഷര്‍ ലോക്ക് എന്നിവയും കാമറയുടെ സവിശേഷതകളാണ്. എല്‍ജി ഹൈ ഫൈ പ്രോ എന്ന ഓഡിയോ മോഡ്യൂളും ഇതിനൊപ്പം ഉപയോഗിക്കാം. ഇതിന്‍െറ ഹൈ ഫൈ ഡാക് ഓഡിയോ പ്ളേയര്‍ നവ്യാനുഭവമേകും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.