file pic

തോല്‍ക്കാന്‍ മനസ്സില്ല, സര്‍ഫസ് ഫോണുമായി മൈക്രോസോഫ്റ്റ് എത്തുന്നു

ഏറെക്കാലമായി വിപണിയില്‍ തോല്‍വിയുടെ കഥപറയുന്ന മൈക്രോസോഫ്റ്റ്  2017ല്‍ ‘സര്‍ഫസ് ഫോണ്‍’ എന്ന പേരില്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇടത്തരം ഫോണുകളുടെ മേഖലയില്‍നിന്ന് മുന്തിയ വിഭാഗത്തിലേക്ക് കാലെടുത്തുവെക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്. വിന്‍ഡോസ് 10 മൊബൈല്‍ ഒ.എസിലുള്ള ഇതിന് മൂന്ന് പതിപ്പുകളുണ്ടാവും. കണ്‍സ്യൂമര്‍, ബിസിനസ്, പ്രഫഷനല്‍ കണ്‍സ്യൂമര്‍ വിഭാഗങ്ങളിലാവും ഇവയിറക്കുക. സവിശേഷതകളിലും വിലയിലും മുന്ന് വ്യത്യസ്തമായിരിക്കും. വിന്‍ഡോസ് 10 മൊബൈല്‍ എന്ന ഒ.എസിന്‍െറ പണിപ്പുരയില്‍ ആയതിനാനാലാണ് സര്‍ഫസ് ഫോണ്‍ ഇറക്കാന്‍ വൈകിയതത്രെ. ഈവര്‍ഷം ഇറക്കുമെന്നായിരുന്നു മുമ്പുള്ള റിപ്പോര്‍ട്ടുകള്‍. ഈയിടെ ഇന്ത്യയില്‍ ഇറങ്ങിയ ‘മൈക്രോസോഫ്റ്റ് ലൂമിയ 650 ഡ്യുവല്‍ സിം’ ലൂമിയ പേരുമായി ഇറങ്ങുന്ന അവസാന സ്മാര്‍ട്ട്ഫോണായിരിക്കുമെന്നാണ് സൂചന. 

Microsoft Lumia 650 Dual SIM
 


അവസാന ലൂമിയ ഫോണായി കരുതുന്ന ലൂമിയ 650 ഡ്യൂവല്‍ സിമ്മിന് 15,299 രൂപയാണ് വില. 720x1280  പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് അമോലെഡ് ക്ളിയര്‍ബ്ളാക് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 297 പിക്സല്‍ വ്യക്തത, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം പ്രോസസര്‍, ഒരു ജി.ബി റാം, വിന്‍ഡോസ് 10 മൊബൈല്‍ ഒ.എസ്, 200 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 16 മണിക്കൂര്‍ നില്‍ക്കുന്ന 2000 എംഎഎച്ച് ബാറ്ററി, ഇരട്ട നാനോ സിം, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.1,  എന്‍എഫ്സി, ജിപിഎസ്, 122 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.

 

Microsoft Surface Pro 4
 


സര്‍ഫസ് എന്ന പേരില്‍ ഉപകരണങ്ങള്‍ ഇറക്കി പരിചയമേറെയുണ്ട് മൈക്രോസോഫ്റ്റിന്. 2012 ജൂണ്‍ 18നാണ് സര്‍ഫസ് എന്ന പത്ത് ഇഞ്ച് ടാബ്ലറ്റ് മൈക്രോസോഫ്റ്റ് ആദ്യമായി പുറത്തിറക്കുന്നത്. അതുവരെ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ പല പതിപ്പുകള്‍ ഇറക്കിയ മൈക്രോസോഫ്റ്റിന് സോഫ്റ്റ്വെയര്‍ വിപണിയില്‍ പിന്നാക്കംപോകാന്‍ തുടങ്ങി. നോക്കിയ ഇറക്കിയിരുന്ന വിന്‍ഡോസ് ഫോണ്‍ ഒ.എസ് ഉപയോഗിക്കുന്ന ലൂമിയ ഫോണുകളും വലിയ വിജയമായില്ല. അപ്പോള്‍ സ്വന്തം സോഫ്റ്റ്വെയറുള്ള സ്വന്തം ഉപകരണം എന്ന ആപ്പിളിന്‍െറ തന്ത്രം പിന്‍പറ്റാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. അതിന്‍െറ ഭാഗമായിരുന്നു സര്‍ഫസ് ടാബിന്‍െറ ജനനം. പിന്നീട് 2013 ഫെബ്രുവരിയില്‍ ടാബായും ലാപായും ഉപയോഗിക്കാവുന്ന കീബോര്‍ഡ് ഊരാവുന്ന 10.6 ഇഞ്ചുള്ള സര്‍ഫസ് പ്രോ ടാബ്ലറ്റ് ഇറക്കി. ആദ്യഘട്ടത്തില്‍ മൈക്രോസോഫ്റ്റ്  സ്റ്റോറുകള്‍ കഴി മാത്രമായിരുന്നു വില്‍പന. പിന്നെ 2013 ഒക്ടോബറില്‍ സര്‍ഫസ് 2, സര്‍ഫസ് പ്രോ2, 2014 ജൂണില്‍ സര്‍ഫസ് പ്രോ 3, 2015 മേയില്‍ സര്‍ഫസ് ത്രീ എന്നിവ പുറത്തുവന്നു.

സര്‍ഫസ് ബുക് എന്ന പേരില്‍ ആദ്യ ഹൈബ്രിഡ് ലാപ്ടോപ് 2015 ഒക്ടോബറില്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. ലാപായും ടാബായും ഉപയോഗിക്കാവുന്ന കീബോര്‍ഡുള്ള സര്‍ഫസ് പ്രോ 4 ആണ് ഏറ്റവും ഒടുവില്‍ ഇറങ്ങിയ ടാബ്ലറ്റ് പതിപ്പ്. സര്‍ഫസ് ഹബ് എന്ന പേരില്‍ 84 ഇഞ്ചുള്ള ഇന്‍ററാക്ടീവ് വൈറ്റ് ബോര്‍ഡും 2015 ജനുവരിയില്‍ വിപണിയില്‍ ഇറക്കിയിരുന്നു. അടവുകളെല്ലാം പാളി. ഇവയൊന്നും വിപണിയില്‍ ചലനമുണ്ടാക്കിയില്ല. വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഇവയുടെ കീശക്കൊതുങ്ങാത്ത വിലയാണ് ഉപഭോക്താക്കളെ അകറ്റിയത്. ഇതിനിടെ 2014 ഏപ്രിലില്‍ നോക്കിയയില്‍ നിന്ന് മൊബൈല്‍ വിഭാഗമത്തെ മൈക്രോസോഫ്റ്റ് സ്വന്തമാക്കി. ആദ്യ നോക്കിയ ലൂമിയ എന്നും പിന്നെ മൈക്രോസോഫ്റ്റ് ലൂമിയ എന്നും പേരു മാറ്റിയെങ്കിലും വിപണി മാത്രം കൈപ്പിടിയിലൊതുങ്ങിയില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.