ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടി.വി

സ്മാര്‍ട്ട്ഫോണില്‍ വിജയം കൊയ്തുകൂട്ടിയ ഷിയോമി ടി.വി ഇറക്കുന്നത് ആദ്യമല്ല. മാര്‍ച്ചില്‍ 43 ഇഞ്ച് ഫുള്‍ എച്ച്.ഡി ടി.വിയും 65 ഇഞ്ച് വളഞ്ഞ ഡിസ്പ്ളേയുള്ള ടി.വിയും രംഗത്തിറക്കിയിരുന്നു. ഇത്തവണ ആന്‍ഡ്രോയിഡ് ഒ.എസിലുള്ള സ്മാര്‍ട്ട് ടി.വിയുമായാണ് ആളെ പിടിക്കാനിറങ്ങിയത്. ടി.വി ഷോകള്‍, സിനിമകള്‍ തുടങ്ങി ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കൃത്രിമബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എംഐ ടിവി ത്രീ എസ് (Mi TV 3S) എന്നാണ് പേര്. ആനോഡൈസ്ഡ് അലൂമിനിയം ലോഹ ഫ്രെയിമിലാണ് നിര്‍മാണം. 65 ഇഞ്ചിന് ഏകദേശം 49,800 രൂപയും 55 ഇഞ്ചിന് ഏകദേശം 34,900 രൂപയുമാണ് വില. വയര്‍ലസ് സറൗണ്ട് സ്പീക്കറുകളും സൗണ്ട് ബാറും സബ് വൂഫറുമുള്ള 65 ഇഞ്ച് ഹോംതിയറ്റര്‍ പതിപ്പിന് 59,800 രൂപയാണ് ചൈനയില്‍ നല്‍കേണ്ടത്. 9.9 എംഎം മെലിഞ്ഞ ഭാഗത്തിനും 37.6 എംഎം ആണ് വണ്ണമുള്ള ഭാഗത്തിനും കനം. അഞ്ചാംതലമുറ ഇമേജ് ക്വാളിറ്റി എന്‍ജിന്‍ മിഴിവ് കൂട്ടും. 3840x2160 പിക്സല്‍ ഫോര്‍കെ റസലൂഷനുള്ള സാംസങ് ഡിസ്പ്ളേയാണ് 65 പതിപ്പിന്. ഫോര്‍കെ റസലൂഷനുള്ള എല്‍ജി ഐപിഎസ് പാനലാണ് 55 ഇഞ്ചിന്. ഡോള്‍ബി അറ്റ്മോസ്, ഡിടിഎസ് ഹാര്‍ഡ്വെയര്‍ ഡീകോഡിങ് സൗകര്യമുണ്ട്. ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആര്‍), നാലുകോര്‍ 1.8 ജിഗാഹെര്‍ട്സ് 64 ബിറ്റ് അംലോജിക് ടി966 പ്രോസസര്‍, നാലുകോര്‍ മാലി ഗ്രാഫിക്സ്, രണ്ട് ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, വൈ ഫൈ, ബ്ളൂടൂത്ത് 4.0, എന്നിവയാണ് വിശേഷങ്ങള്‍. 

മിറ്റാഷി ഫോര്‍കെ സ്മാര്‍ട്ട് എല്‍ഇഡി ടി.വി
ഇന്ത്യന്‍ കമ്പനി മിറ്റാഷിയും (Mitashi) ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടി.വിയുമായി പേരെടുക്കാന്‍ ഇറങ്ങിയിട്ടുണ്ട്. 55 ഇഞ്ച് ഫോര്‍കെ സ്മാര്‍ട്ട് എല്‍ഇഡി ടി.വിയുടെ വില 67,990 രൂപയും 65 ഇഞ്ചിന് 1,29,990  രൂപയുമാണ്. ആന്‍ഡ്രോയിഡ് ഒ.എസ്, ഗൂഗിള്‍ പ്ളേസ്റ്റോറില്‍നിന്ന് ആപ് ഡൗണ്‍ലോഡിങ്, 3840x2160 പിക്സല്‍ ഫോര്‍കെ റസലൂഷനുള്ള സ്ക്രീന്‍, ഒരു ജി.ബി റാം, എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, വൈ ഫൈ, എച്ച്ഡിഎംഐ, യുഎസ്ബി പോര്‍ട്ടുകള്‍, വയര്‍ലസ് മൗസ്, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളുടെ സ്ക്രീന്‍ പങ്കിടാന്‍ സൗകര്യം, ഫോണ്‍ റിമോര്‍ട്ടാക്കാന്‍ സൗകര്യം, മൂന്നുവര്‍ഷം വാറന്‍റി എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.