പഴയ ഫോണുകളോട് വാട്സ്ആപ്പ് വിടപറയുന്നു

നോക്കിയയുടെയും ബ്ളാക്ക്ബെറിയുടെയും ചില ഫോണുകളില്‍ 2017 മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ല. നോക്കിയയുടെ പഴയമോഡല്‍ ഫോണുകളില്‍ നിന്നും നോക്കിയ എസ് 40, നോക്കിയ സിംബിയന്‍ എസ് 60, ബ്ളാക്ക്ബെറി 10, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് ഫോണ്‍ 7.1 എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ ഓടുന്ന ഫോണുകളില്‍ ഈ വര്‍ഷം അവസാനത്തോടെ വാട്സ്ആപ്പ് ലഭിക്കില്ല. 

തങ്ങളുടെ വളര്‍ച്ചയില്‍ ഈ മൊബൈലുകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നതായും ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ആപ് പരിഷ്കരണങ്ങള്‍ക്കുള്ള ശേഷി ഈ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ക്കില്ലാതിനാലാണ് വിടപറയല്‍ നീക്കമെന്നും വാട്സ് ആപ് ബ്ളോഗ്പോസ്റ്റില്‍ അറിയിച്ചു. ഈ മൊബൈലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 2016ന് ശേഷം വാട്സ്ആപില്‍ തുടരണമെങ്കില്‍ പുതിയ ഫോണുകളിലേക്ക് മാറുകയേ വഴിയുള്ളൂ. ബ്ളാക്ക്ബെറി 10 ഒ.എസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത അമ്പരപ്പിക്കുന്നതാണ്. വിപണിയില്‍ അമ്പെ പരാജയപ്പെട്ട ബ്ളാക്ക്ബെറിയാകട്ടെ ബ്ളാക്ക്ബെറി ഒ.എസിനെ തഴഞ്ഞ് ആന്‍ഡ്രോയിഡ് ഒ.എസിലുള്ള ബ്ളാക്ക്ബെറി പ്രൈവ് അടുത്തിടെ ഇറക്കിയിരുന്നു. ബ്ളാക്ക്ബെറി 10 ഒ.എസ് ഇപ്പോഴുമുണ്ടെന്നും ഈവര്‍ഷംതന്നെ കൂടുതല്‍ സുരക്ഷിതമായ 10.3.4 പതിപ്പ് ഇറക്കുമെന്നും ബ്ളാക്ബെറി അധികൃതര്‍ 2016 ജനുവരിയില്‍ അറിയിച്ചിരുന്നു. അതേസമയം, മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 7.1 പതിപ്പിനുള്ള പിന്തുണ അവസാനിപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ വിന്‍ഡോസ് 10 മൊബൈല്‍ ഒ.എസിനാണ് പ്രാമുഖ്യം നല്‍കുന്നത്. എന്നാല്‍, ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ പതിപ്പ് 0.1 ശതമാനം ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് 2.1 എക്ളെയര്‍ പതിപ്പ് മണ്‍മറഞ്ഞുകഴിഞ്ഞു. ഇത് ഗൂഗിളിന്‍െറ ആന്‍ഡ്രോയിഡ് പതിപ്പ് വിതരണപട്ടികയില്‍ പോലുമില്ല. 
ഇന്ന് ആന്‍ഡ്രോയിഡും ആപ്പിള്‍ ഐ.ഒ.എസും മൈക്രോസോഫ്റ്റിന്‍െറ വിന്‍ഡോസുമാണ് 99.5 ശതമാനം  സ്മാര്‍ട്ട്ഫോണുകളെയും ചലിപ്പിക്കുന്നത്. എന്നാല്‍  വാട്സ്ആപ് രംഗത്തുവന്ന 2009ല്‍ മൊബൈല്‍ വിപണി ഇന്നത്തേതുപോലെയായിരുന്നില്ല. അന്ന് ആന്‍ഡ്രോയിഡും ഐഒഎസും 25 ശതമാനത്തില്‍ താഴെ ഉപകരണങ്ങളിലേ ഉപയോഗിച്ചിരുന്നുള്ളൂ. ബ്ളാക്ക്ബെറിയും നോക്കിയ ഓപറേറ്റിങ്  സിസ്റ്റങ്ങളുമായിരുന്നു 70 ശതമാനവും. ബ്ളാക്ക്ബെറിയുടെയും നോക്കിയയുടെയും പ്രതാപം അസ്തമിച്ചതിന്‍െറ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വാട്സ്ആപ്പിന്‍െറ ഈ തീരുമാനം. 

കുറച്ചുനാള്‍ മുമ്പ് വാര്‍ഷിക ഫീസ് ഒഴിവാക്കി വാട്സ്ആപ്പ് പൂര്‍ണമായും സൗജന്യമാക്കിയിരുന്നു. 2014 ഫെബ്രുവരി 19നാണ് 1900 കോടി ഡോളറിന് അന്ന് 45 കോടി അംഗങ്ങളുണ്ടായിരുന്ന വാട്സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്. ഫേസ്ബുക്കുമായി കൂടിച്ചേര്‍ന്നതിന് പിന്നാലെ വാട്സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയായി. 100 കോടി സജീവ ഉപഭോക്താക്കളാണ് ഇപ്പോഴുള്ളത്. ഭൂമിയിലെ ഏഴുപേരില്‍ ഒരാള്‍ വാട്സ്ആപ് ഉപയോഗിക്കുന്നതായാണ് കണക്ക്. മുന്‍ യാഹു ജീവനക്കാരായ ജാന്‍ കോം, ബ്രയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്ന് 2009ല്‍ സ്ഥാപിച്ച വാട്സ്ആപ്പിന് 2016 ഫെബ്രുവരി 24നാണ് ഏഴാംവയസ് തികഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.