ഫേസ്ബുക്കില്‍ ഇനി ചിരിക്കാം, കരയാം, ദേഷ്യപ്പെടാം

ഫേസ്ബുക് ഉപയോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിച്ചുകൊണ്ട് കമന്‍റുകളോട് പ്രതികരിക്കാനും വികാരങ്ങള്‍ പങ്കിടാനും ലൈക് ബട്ടണു പുറമെ പുതിയ ഓപ്ഷനുകള്‍. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള അഞ്ച് ചിഹ്നങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൈക്ക്- കൊള്ളാം, ലവ്, വളരെ ഇഷ്ടമായി, ഹാഹാ- നല്ല തമാശ, വൗ- അത്ഭുതകരം, സാഡ്- വിഷമകരം, ആംഗ്രി- ഇഷ്ടമല്ല, വെറുപ്പ് എന്നിവയാണ് പുതിയ വികാര ചിഹ്നങ്ങള്‍. എന്നാല്‍, ഡിസ്ലൈക് ബട്ടണ്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല. 
അയര്‍ലന്‍ഡിലും സ്പെയിനിലുമായിരുന്നു പുതിയ ബട്ടണുകള്‍ ആദ്യം പരീക്ഷിച്ചത്.  ഒരു വര്‍ഷത്തിലേറെയായി ഇതിനായുള്ള ഗവേഷണം നടക്കുകയായിരുന്നുവെന്നും പുതിയ തീരുമാനത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. 


ഒരു പോസ്റ്റോ ഫോട്ടോയോ ഇഷ്ടമല്ല എന്ന് പ്രകടിപ്പിക്കാനുള്ള സംവിധാനം ഏപ്പെടുത്തണമെന്ന് ഉപയോക്താക്കള്‍ ഏറെനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ലൈക് ബട്ടണ്‍ ഉചിതമല്ലാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഡിസ്ലൈക്ക് ബട്ടണായിരുന്നു ആവശ്യം. ഇതിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഫേസ്ബുക് മേധാവി കഴിഞ്ഞവര്‍ഷം ഒരു ചോദ്യോത്തര വേളയില്‍ വ്യക്തമാക്കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം പുതിയ സംവിധാനം പരീക്ഷിക്കാന്‍ ആരംഭിച്ചു. എന്നാല്‍ സ്റ്റാറ്റസിനോട് പുതിയ രീതിയില്‍ പ്രതികരിക്കാനുള്ള സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും അന്ന് അറിയിച്ചിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.