ഫേസ്ബുക് ഫ്രീ ബേസിക്സ് ഉപേക്ഷിച്ചു

നെറ്റ് സമത്വത്തിന് വെല്ലുവിളി ഉയര്‍ത്തി ഫേസ്ബുക് അവതരിപ്പിച്ച സൗജന്യ ഇന്‍റര്‍നെറ്റ് പ്ളാറ്റ്ഫോം സംവിധാനമായ വിവാദ ഫ്രീ ബേസിക്സ് പദ്ധതി ഉപേക്ഷിച്ചു. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഉള്ളടക്കം അടിസ്ഥാനമാക്കി വ്യത്യസ്ത നിരക്ക് ഈടാക്കാനുള്ള നീക്കം ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) തടഞ്ഞതോടെയാണ് നടപടി. എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റെന്ന പേരില്‍ മൊബൈല്‍ കമ്പനികളുമായി സഹകരിച്ച് ചില വെബ്സൈറ്റുകള്‍ മാത്രം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിക്കെതിരെ വ്യാപക വിമര്‍ശമുയര്‍ന്നിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇനി ‘ഫ്രീ ബേസിക്സ്’ സേവനം ലഭ്യമാകില്ളെന്ന് ഫേസ്ബുക് വക്താവ് അറിയിച്ചു. 
റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി സഹകരിച്ച് ഇന്ത്യയില്‍ തുടങ്ങിയ പദ്ധതി ട്രായ് നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഉപയോഗിക്കുന്ന ഡാറ്റക്കനുസൃതമായി മാത്രമേ പണം ഈടാക്കാവൂ എന്നും വെബ്സൈറ്റും ആപ്ളിക്കേഷനും ഏതായാലും നിരക്ക് വ്യത്യസ്തമാകരുതെന്നും സേവനദാതാക്കള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും സുക്കര്‍ബര്‍ഗ് ഫ്രീ ബേസിക്സ് പദ്ധതിയെ ന്യായീകരിച്ച് രംഗത്തുണ്ട്. ഇതിന്‍െറ മാതൃരൂപമായ ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് 17 രാജ്യങ്ങളില്‍ നടപ്പാക്കിയ ഫേസ്ബുക് 100 കോടിയോളം പേര്‍ക്ക് സേവനം നല്‍കിവരുന്നതായും അവകാശപ്പെടുന്നു. ഇന്ത്യയില്‍ നെറ്റ് സമത്വമാവശ്യപ്പെട്ടുള്ള സമരം ശക്തമായതോടെയാണ് ഇന്‍റര്‍നെറ്റ് ഡോട് ഓര്‍ഗ് പേരുമാറ്റി ഫ്രീ ബേസിക്സ് ആക്കി പുനരവതരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.