നിറപ്പൊലിമയുമായി ‘വയോ സി 15’

ഇരട്ട നിറങ്ങള്‍ തൂവിയ ഏറെ സൗന്ദര്യമുള്ള ലാപ്ടോപുമായാണ് ജപ്പാന്‍ കമ്പനി വയോ എത്തുന്നത്. 2014ല്‍ നഷ്ടംകാരണം സോണി വിറ്റൊഴിഞ്ഞ വയോ ശേഷം സ്മാര്‍ട്ട്ഫോണ്‍ രംഗത്തിറക്കി ആദ്യവരവ് ആഘോഷിച്ചെങ്കിലും അത് അത്ര ജനപ്രിയമായിരുന്നില്ല. ഈവര്‍ഷം ആദ്യം ഇറക്കിയ ‘വയോ ഫോണ്‍ ബിസ്’ എന്ന വിന്‍ഡോസ് 10 സ്മാര്‍ട്ട്ഫോണ്‍ ആയിരുന്നു അത്. സി 15 (Vaio C15) പരമ്പരയില്‍പെട്ട ഫാഷനബിള്‍ ലാപുമായാണ് വയോയുടെ രംഗപ്രവേശം. സൗന്ദര്യം മാത്രമേയുള്ളൂ. കരുത്തിലും സവിശേഷതകളിലും ഏറെ പിന്നിലാണ് ഈ ലാപ്.

സോണി സ്റ്റോറില്‍ ഏകദേശം 43,000 രൂപയാണ് വില. കൂടിയ മോഡലിന് 61,000 രൂപ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിന്‍ഡോസ് 10 പ്രോ 64 ബിറ്റ്, വിന്‍ഡോസ് 10 ഹോം 64 ബിറ്റ്, വിന്‍ഡോസ് 7 പ്രൊഫഷനല്‍ സര്‍വീസ് പാക്ക് വണ്‍ 64 ബിറ്റ് എന്നീ മൂന്ന് ഒ.എസുകളില്‍ ലഭിക്കും. അടിസ്ഥാന മോഡലില്‍ 1366x768 പിക്സല്‍ റസലൂഷനുള്ള 15.5 ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, ഇന്‍റല്‍ സെലറോണ്‍ 3215U പ്രോസസര്‍, നാല് ജി.ബി റാം, 500 ജി.ബി ഹാര്‍ഡ് ഡ്രൈവ്, സബ് വൂഫര്‍ സ്പീക്കര്‍, ഡിവിഡി ഡ്രൈവ്, ഒരു  എച്ച്ഡിഎംഐ പോര്‍ട്ട്, യു.എസ്.ബി 3.0 പോര്‍ട്ട് എന്നിവയുണ്ട്. ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, ഇന്‍റല്‍ കോര്‍ ഐത്രീ പ്രോസസര്‍, എട്ട് ജി.ബി റാം എന്നിവയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സൗകര്യമുണ്ട്. മഞ്ഞ- കറുപ്പ്, വെള്ള- കോപ്പര്‍, ഓറഞ്ച്-കാക്കി, നേവി-ഗ്രേ സംയുക്ത നിറങ്ങളിലാണ് ലഭ്യം.

സെപ്റ്റംബര്‍ ഒമ്പതിന് ജാപ്പനീസ് വിപണയില്‍ എത്തും. മറ്റിടങ്ങളില്‍ എന്നത്തെുമെന്ന് സൂചനയില്ല. 1996ലാണ് സോണി വയോ ലാപ്ടോപുകള്‍ രംഗത്തിറക്കുന്നത്. ജാപ്പനീസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്ട്നേഴ്സാണ് 2014ല്‍ വയോയെ ഏറ്റെടുത്തത്. 95 ശതമാനം ഓഹരിയാണ് വിറ്റത്. ഇപ്പോഴും അഞ്ച് ശതമാനം ഓഹരി സോണിയുടെ കൈയിലാണ്. യു.എസ്.എ, ജപ്പാന്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ വില്‍ക്കാന്‍ സോണിക്ക് അഞ്ച് ശതമാനം ഓഹരിപങ്കാളിത്തത്തിലൂടെ കഴിയും.
അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, എട്ടുകോര്‍ ക്വാല്‍കോം പ്രോസസര്‍, മൂന്ന് ജി.ബി റാം, 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ, 2800 എംഎഎച്ച് ബാറ്ററി എന്നിവയാണ് വയോ ഫോണ്‍ ബിസിന്‍െറ വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.