എന്തും അയക്കാം പുഷ്ബുള്ളറ്റ് വഴി, ഇപ്പോള്‍ എസ്.എം.എസും

ഡെസ്ക്ടോപ്, ലാപ്ടോപ് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണും ടാബും അടക്കമുള്ള മൊബൈല്‍ ഉപകരണങ്ങളും തമ്മില്‍ മെസേജ്, ഫയല്‍ എന്നിവ അയക്കാന്‍ അവസരമൊരുക്കുന്ന പുഷ്ബുള്ളറ്റ് ആപില്‍ എസ്.എം.എസ് സംവിധാനവും. മൊബൈലിലെ പോലെ കമ്പ്യൂട്ടറില്‍നിന്ന് സുഹൃത്തുക്കള്‍ക്ക് എസ്.എം.എസ് അയക്കാനുള്ള സംവിധാനമാണ് ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ അപ്ഡേറ്റിലൂടെ ഇണക്കിച്ചേര്‍ത്തിരിക്കുന്നത്. ഫോണിലെ എസ്.എം.എസ് ഇന്‍ബോക്സ് വഴിയാണ് സന്ദേശം അയക്കല്‍. പുഷ്ബുള്ളറ്റ് വഴി സന്ദേശമയക്കാന്‍ കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട. ഉപകരണങ്ങള്‍ എല്ലാം ഒരേ ജോലിയില്‍ ആയിരിക്കുകയും വേണ്ടെന്ന ഗുണമുണ്ട്.

ലിങ്കുകളും ഇത്തരത്തില്‍ അയക്കാം. അയക്കുന്നവ തനിയെ ഡൗണ്‍ലോഡ് ആവും. നോട്ടിഫിക്കേഷനില്‍ തുറക്കുകയും ചെയ്യാം. ആന്‍ഡ്രോയിഡില്‍ വെറും അഞ്ച് എം.ബി ഡൗണ്‍ലോഡ് സൈസ് മാത്രമാണ് പുഷ്ബുള്ളറ്റ് ആപ്പിനുള്ളത്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫേസ്ബുക്, ഗൂഗിള്‍ അക്കൗണ്ട് വഴി പുഷ്ബുള്ളറ്റില്‍ സൈന്‍ഇന്‍ ചെയ്താല്‍ പുഷ്ബുള്ളറ്റ് ഉപയോഗിക്കുന്നവര്‍ അടക്കമുള്ളവരുടെ കോണ്ടാക്ടുകള്‍ കാട്ടിത്തരും. ഫോണിലെ പുഷ്ബുള്ളറ്റ് ആപ് വഴിയോ വിന്‍ഡോസ്, മാക് കമ്പ്യൂട്ടറുകളിലെ ആപ് വഴിയോ പുഷ്ബുള്ളറ്റ് വെബ്സൈറ്റ് വഴിയോ ഇവര്‍ക്ക് മൈസേജ് അയക്കാം. നിങ്ങളുടെ ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ ഡെസ്ക്ടോപില്‍ കാട്ടിത്തരുകയും ചെയ്യും. അങ്ങനെ കമ്പ്യൂട്ടറില്‍ തിരക്കിട്ട് ജോലി ചെയ്യുമ്പോള്‍ ബാഗില്‍ വെച്ചിരിക്കുന്ന ഫോണില്‍ പ്രധാന സന്ദേശങ്ങള്‍ വന്നാല്‍ മിസാവുമെന്ന പേടിയും വേണ്ട. വാട്സ്ആപ്, ടെക്സ്റ്റ് മെസേജുകള്‍, ഫോണ്‍കോളുകള്‍ തുടങ്ങി എന്തും ഡെസ്ക്ടടോപില്‍ കാട്ടിത്തരും. ആപ്പിനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഉപകരണങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണം കാട്ടുന്ന -ചാറ്റ്, ഒരേ അക്കൗണ്ട് വഴി പുഷ്ബുള്ളറ്റില്‍ ലോഗിന്‍ചെയ്ത ഉപകരണങ്ങള്‍ കാട്ടുന്ന- ഡിവൈസ്, നിങ്ങള്‍ പിന്തുടരുന്ന വ്യത്യസ്തമായ വിഷയങ്ങള്‍ക്ക് -ഫോളായിങ് എന്നിവ. ഇനി ഡെസ്ക്ടോപില്‍ ആണെങ്കില്‍ ഒരു വിഭാഗം കൂടുതല്‍ ഉണ്ടാകും- എസ്.എം.എസ് ടെക്സ്റ്റിങ്. എസ്.എം.എസ് ടെക്സ്റ്റിങ് ടാബ് അല്ളെങ്കില്‍ വെബ് വ്യൂ നിങ്ങളുടെ ഫോണിലെ എസ്.എം.എസ് ഇന്‍ബോക്സിലുള്ളതാണ് കമ്പ്യൂട്ടറില്‍ കാട്ടിത്തരിക. സ്ക്രോള്‍ ചെയ്ത എല്ലാ സന്ദേശങ്ങളും വായിക്കാം. ഫോണ്‍ ഇന്‍റര്‍നെറ്റുമായി കണക്ടാണെങ്കില്‍ കമ്പ്യൂട്ടറില്‍നിന്ന് എസ്.എം.എസും അയക്കാം. ഒരു കാര്യം മാത്രം ശ്രദ്ധിക്കണം. ഫോണില്‍ എസ്.എം.എസ് അക്ഷര പരിധി 160 ആണെങ്കില്‍ ഇവിടെ 140 അക്ഷരങ്ങളേ പാടുള്ളൂ. കമ്പ്യൂട്ടറില്‍നിന്ന് ഫോണിലേക്കും തിരിച്ചും ഫോട്ടോകളും പാട്ടുകളും അയക്കാനും കഴിയും.

ഫയല്‍ കൈമാറാന്‍ പെന്‍ഡ്രൈവ് കുത്തുന്ന സമയവും ഡ്രോപ്ബോക്സും ഗൂഗിള്‍ ഡ്രൈവും പോലുള്ള ക്ളൗഡ് സര്‍വീസുകള്‍ ഉപയോഗിക്കുന്ന സമയവും ലാഭിക്കാം. ഐഫോണുകളിലും പുഷ്ബുള്ളറ്റ് പ്രവര്‍ത്തിക്കുമെങ്കിലും ആപ്പിള്‍ ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ സുരക്ഷാപരിമിതികള്‍ കാരണം വേഗം കുറവായിരിക്കും. ആന്‍ഡ്രോയിഡ് ഫോണുള്ളവര്‍ക്ക് ഏത് ഫയലും അയക്കാം. എന്നാല്‍ ഐഫോണില്‍ ഫോട്ടോസ് റോളില്‍ ഉള്ള ഫയലുകള്‍ മാത്രമേ അയക്കാന്‍ കഴിയൂ. ക്രോം, സഫാരി, ഫയര്‍ഫോക്സ്, ഓപറ ബ്രൗസറുകളിലും വിന്‍ഡോസ്, മാക്, ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങിയ ഒ.എസുകളിലും പുഷ്ബുള്ളറ്റ് പ്രവര്‍ത്തിക്കും. ഐഫോണ്‍ ആപ്പിള്‍ മാക് കമ്പ്യൂട്ടറുകളുമായി ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തിക്കൂ. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഏത് കമ്പ്യൂട്ടറുമായും ചേരും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.