സവിശേഷതകളേറെ ഐഒഎസ് ഒമ്പതില്‍; അനുകരണങ്ങളും

ആപ്പിള്‍ ഇന്‍റലിജന്‍റ് ഓപറേറ്റിങ് സിസ്റ്റ(ഐ.ഒ.എസ്)ത്തിന്‍െറ ഓരോ പുതിയ പതിപ്പും മറ്റ് ഓപറേറ്റിങ് സിസ്റ്റങ്ങളുമായി താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ബ്ളാക്ക്ബെറി തുടങ്ങിയവക്കില്ലാത്ത സവിശേഷതകളോടെയാകും ഐ.ഒ.എസിന്‍െറ ജനനം.

ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഐ.ഒ.എസിന്‍െറ പ്രത്യേകതകള്‍ അടിച്ചുമാറ്റി ഏറക്കുറെ സുരക്ഷിത ഒ.എസ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് എമ്മില്‍ അതിനുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുമുണ്ട്. അതേസമയം, ഐ.ഒ.എസ് തന്‍െറ തനത് വ്യക്തിത്വത്തില്‍നിന്ന് മാറി ആന്‍ഡ്രോയിഡിന്‍െറ ചില ജനപ്രിയ വിശേഷങ്ങള്‍ പകര്‍ത്താനും ഐ.ഒ.എസിന്‍െറ മൗലിക സ്വഭാവത്തിന് മങ്ങലേല്‍ക്കാനും തുടങ്ങിയെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

സവിശേഷതകള്‍ ഏറക്കുറെ പുറത്തായ താമസിയാതെ ഇറങ്ങാനിരിക്കുന്ന ഐഒ.എസ് ഒമ്പതിലാണ് ഈ കോപ്പിയടിയെന്നാണ് ആക്ഷേപം. പക്ഷെ, ഐഫോണിലും ഐപാഡിലും ഐ.ഒ.എസ് ഒമ്പത് ധാരാളം പരിഷ്കരണങ്ങളും നൂതന വിശേഷങ്ങളും കൊണ്ടുവരുമെന്നതില്‍ സംശയവുമില്ല. ഇതില്‍ ചില ആശയങ്ങള്‍ മൗലികവും വേറെ ചിലത് മറ്റ് ഒ.എസുകളില്‍നിന്ന് കോപ്പിയടിച്ചതുമാണത്രെ. എന്തായാലും ആപ്പിളിന്‍െറ സ്വന്തം ഐ.ഒ.എസിന് സവിശേഷതകള്‍ കൂടുകയും ഒറിജിനാലിറ്റി നഷ്ടപ്പെടുകയുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 


ജൂണില്‍ നടന്ന വേള്‍ഡ് വൈഡ് ഡവലപ്പേഴ്സ് കോണ്‍ഫറന്‍സിലാണ് ഐഒഎസ് ഒമ്പതിന്‍െറ സവിശേഷതകള്‍ ആപ്പിള്‍ പുറത്തുവിട്ടത്. ഈവര്‍ഷം അവസാനത്തോടെ ഇത് ഐഫോണുകളിലും ഐപാഡുകളിലും എത്തുമെന്നാണ് സൂചന. ഇനി എന്തൊക്കെയാണ് പ്രധാന സവിശേതകള്‍ എന്ന് നോക്കാം. 

സിരി കൂടുതല്‍ സജീവമായി
പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പിളിന്‍െറ ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്‍റായ സിരിയിലാണ് ഐഒഎസ് ഒമ്പത് സുപ്രധാന പുതുമ ഇണക്കിച്ചേര്‍ത്തത്. നിറപ്പൊലിമയേറെയുണ്ട് ഇപ്പോള്‍. കൂടുതല്‍ മികച്ച രീതിയില്‍ കണ്ടന്‍റുകള്‍ ഡിസ്പ്ളേ ചെയ്യാന്‍ സിരിക്ക് ഇനി കഴിയും. മുന്‍പത്തേക്കാള്‍ കൂടുതല്‍ ആജ്ഞകള്‍ മനസിലാക്കാനുള്ള ശേഷിയും കിട്ടിയിട്ടുണ്ട്. നേരത്തെ നമ്മള്‍ പറയുന്നത് എല്ലാം അതേപടി മനസിലാക്കാന്‍ ഈ സിരിക്ക് കഴിഞ്ഞിരുന്നില്ല. 

ബാറ്ററി ശേഷി
ആപ്പിളിന്‍െറ ഇപ്പോഴുള്ള ഒ.എസായ ഐഒഎസ് എട്ടില്‍ ചാര്‍ജ് സംരക്ഷിക്കാന്‍ ബാറ്ററി സേവിങ് മോഡില്ല. ഡാറ്റ, വൈ ഫൈ, ബ്ളൂടൂത്ത് തുടങ്ങിയവ ഓഫ് ചെയ്ത് വേണം ചാര്‍ജ് സൂക്ഷിക്കാന്‍. ഐഒഎസ് ഒമ്പതില്‍ ‘ ലോ പവര്‍ മോഡ്’ കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ ബാറ്ററി മൂന്ന് മണിക്കൂര്‍ കൂടുതല്‍ നില്‍ക്കും. കൂടാതെ ഐഒഎസ് എട്ടിന്‍െറ സ്ഥാനത്ത് ഒമ്പതുള്ള ഫോണുകള്‍ ഒരു മണിക്കൂര്‍ കൂടുതല്‍ സാധാരണ മോഡില്‍ പ്രവര്‍ത്തിക്കും. 

ഐപാഡിലെ മള്‍ട്ടിടാസ്കിങ്
ഐഫോണില്‍ ഇല്ലാത്തതും ഐപാഡില്‍ മാത്രം കിട്ടുന്നതുമായ സവിശേഷതകള്‍ ഐഒഎസ് ഒമ്പതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതില്‍ ആദ്യത്തേതാണ് ക്വിക് ടൈപ് കീബോര്‍ഡ്. കോപ്പി, കട്ട്, പേസ്റ്റ് ടൂളുകള്‍ സജഷന്‍ ബാറില്‍ ചേര്‍ത്തിരിക്കുകയാണ് ഇതിലൂടെ. ഫോര്‍മാറ്റിങ്, കാമറ, അറ്റാച്ച്മെന്‍റുകള്‍ എന്നിവ ഇതിലൂടെ എത്തിപ്പിടിക്കാന്‍ കഴിയും. രണ്ട് വിരലുകള്‍ ഉപയോഗിച്ച് കീബോര്‍ഡിനെ ട്രാക്ക് പോലെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഈ മാര്‍ഗത്തില്‍ ഇഷ്ടമുള്ള ടെക്സ്റ്റ് തെരഞ്ഞെടുക്കാന്‍ കഴിയും. സ്ക്രീനുകള്‍ പങ്കിടുന്ന രണ്ട് സവിശേഷതകളായ സൈ്ളഡ് ഓവര്‍ (കുറച്ചു സമയം രണ്ട് സ്ക്രീന്‍ കാട്ടും), സ്പ്ളിറ്റ് വ്യൂ (രണ്ട് ആപ്പുകള്‍ ഒരേസമയം വശങ്ങളില്‍ കാട്ടും), മറ്റൊരു ജോലിക്കിടെ വീഡിയോ പോപ്പപ് ആയി സ്ക്രീനില്‍ നിരക്കിനീക്കാവുന്ന വിന്‍ഡോയില്‍ കാട്ടുന്ന പിക്ചര്‍ ഇന്‍ പിക്ചര്‍ എന്നിവയാണ് മറ്റ് ഒരേസമയ പ്രവര്‍ത്തന സവിശേഷതകള്‍. 

ആപ് സ്വിച്ചിങ്
ഐഒഎസ് എട്ടില്‍ ചെറുതായി ലഭിച്ചിരുന്നതാണിത്. എന്നാല്‍ എത്ര ആപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഒമ്പതില്‍ ഇത് പരിഷ്കരിച്ചു. കാര്‍ഡുകള്‍ അടുക്കിവെച്ചിരിക്കുന്നപോലെയാണ് ആപ് പ്രിവ്യൂ ലഭിക്കുക. എളുപ്പത്തിലും വേഗത്തിലും ആപ്പുകള്‍ തുറക്കാന്‍ ഇതിലൂടെ കഴിയും. മാത്രമല്ല, എത്ര ആപ്പുകള്‍ ഓപണ്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കാനും പറ്റും. 

സ്പോട്ട്ലൈറ്റ് സേര്‍ച്ച്
നവീകരിച്ച സിരിയുടെ ഗുണങ്ങള്‍ ആപ്പിള്‍ ഐപാഡിലും ഐഫോണിലുമുള്ള സ്പോര്‍ട്ട്ലൈറ്റ് സേര്‍ച്ചിന് ലഭിച്ചു. ആപ് സജഷന്‍സ്, കോണ്ടാക്ട്സ്, ലോക്കേഷന്‍, സമയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ മെയിന്‍ സേര്‍ച്ച് പേജില്‍ ലഭിക്കും. അതിന് ഹോംസ്ക്രീനില്‍ ഇടത്തുനിന്ന് സൈ്വപ് ചെയ്യണം. ഐഒഎസ് എട്ടില്‍ ഇല്ലാത്ത വീഡിയോ സേര്‍ച്ചിങ് സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സേര്‍ച്ച് സ്ക്രീനില്‍നിന്ന് മാറാതെതന്നെ വീഡിയോ പ്ളേ ചെയ്യാന്‍ കഴിയും. 

ആപ്പിള്‍ പേ
യു.എസ് ബാങ്ക് കാര്‍ഡുകള്‍ മാത്രം പിന്തുണച്ചിരുന്ന ആപ്പിള്‍ പേ എന്ന പണമിടപാട് സംവിധാനം ഇപ്പോള്‍ ഡിസ്കവര്‍, യു.കെയിലെ കാര്‍ഡുകള്‍, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി, റിവാര്‍ഡ് കാര്‍ഡുകള്‍ എന്നിവ പിന്തുണക്കും. നേരത്തെ പാസ്ബുക്ക് എന്നറിയപ്പെട്ടിരുന്ന സംവിധാനത്തില്‍ ഇവ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. ഇതിന്‍െറ പേര് വാളറ്റ് എന്നുമാക്കി. 

പബ്ളിക് ട്രാന്‍സിറ്റ് വിവരങ്ങള്‍ ചേര്‍ത്തു
ട്രെയിന്‍, സബ്വേ, ബസ്, നടത്തം, ഗൂഗിള്‍ മാപിലെപ്പോലെ റൂട്ടിങ് ഒപ്ഷനുകള്‍ എന്നീ ട്രാന്‍സിറ്റ് വിവരങ്ങള്‍ ചേര്‍ത്ത് ആപ്പിള്‍ മാപ് നവീകരിച്ചു. 

പഴയ ഫോണുകളെ പിന്തുണക്കും
നേരത്തെ പുതിയ ഐഒഎസ് പതിപ്പുകള്‍ പഴയ ഒ.എസ് ഉപയോഗിക്കുന്ന ഐഫോണുകളെ പിന്തുണക്കുമായിരുന്നില്ല. ഐഒഎസ് എട്ട് ഐഫോണ്‍ 5 മുതലാണ് കിട്ടിയിരുന്നത്. ഐഒഎസ് ഒമ്പത്, ഐഒഎസ് എട്ടുള്ള എല്ലാ ഐഫോണ്‍, ഐപാഡ്, ഐപോഡ് എന്നിവക്ക്് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഐഫോണ്‍ 4എസ് മുതലും ഐപാഡ് 2 മുതലും ഐപാഡ് മിനി, ഐപോഡ് ടച്ച് അഞ്ചാം പതിപ്പ് മുതലും പുതിയ ഒ.എസ് ഇന്‍സ്റ്റാള്‍ ചെയ്യാം. 

ഒ.എസ് സൈസ് കുറച്ചു
ഇപ്പോള്‍ ഒമ്പതില്‍ ഫയല്‍ സൈസ് കുറച്ചിട്ടുണ്ട്. നേരത്തെ ഐഒഎസ് എട്ടില്‍ 4.6 ജി.ബി ആയിരുന്നു ഫയല്‍ സൈസ്. മെമ്മറി കാര്‍ഡില്ലാത്തതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഐഫോണില്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഐഒഎസ് ഒമ്പത് 1.3 ജി.ബി മാത്രമാണുള്ളത്. 

ഇനി അനുകരണങ്ങള്‍

പിക്ചര്‍ ഇന്‍ പിക്ചര്‍: മറ്റ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ തന്നെ വിന്‍ഡോ മോഡില്‍ വീഡിയോ പ്ളേ ചെയ്ത് കാണാന്‍ സഹായിക്കുന്ന ഐഒഎസ് ഒമ്പതിലെ പ്രത്യേകതയാണ് പിക്ചര്‍ ഇന്‍ പിക്ചര്‍. ഇത് സാംസങ് ആന്‍ഡ്രോയിഡ് ഫോണുകള്‍ കണ്ട പോപ്പപ് പ്ളേ ഫീച്ചറിന്‍െറ അനുകരണമാണെന്നാണ് പറയുന്നത്-


സ്പ്ളിറ്റ് സ്ക്രീന്‍: ആദ്യമായി ഐപാഡ് ഉപയോക്താക്കള്‍ക്ക് ഐഒഎസ് ഒമ്പതിലൂടെ ലഭിച്ച സവിശേഷതയാണിത്. രണ്ട് ആപ്പുകള്‍ ഒരേസമയം രണ്ട് സ്ക്രീനുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സവിശേഷതയാണിത്. ഇത് മൈക്രോസോഫ്റ്റ് സര്‍ഫസ് ടാബില്‍ കണ്ട സവിശേഷതയുടെ കോപ്പിയാണത്രെ- 


പബ്ളിക് ട്രാന്‍സിറ്റ് ഇന്‍ഫോ: ഗൂഗിള്‍ മാപുമായി തട്ടിച്ചുനോക്കിയാല്‍ ഏറെ പിന്നിലാണ് ആപ്പിള്‍ മാപ്. ഇന്ത്യയിലെ പല സ്ഥലങ്ങളും വ്യക്തമല്ളെന്ന് എല്ലാവര്‍ക്കുമറിയാം. എന്തായാലും ഒടുവില്‍ ട്രാന്‍സിറ്റ് ഇന്‍ഫോ പിന്തുണ ആപ്പിള്‍ മാപ്പിലുമത്തെി. ഐഒഎസ് ഒമ്പതിന്‍െറ സഹായത്താല്‍ ഐഫോണ്‍ എ എന്ന പോയന്‍റില്‍നിന്ന് ബി എന്ന പോയന്‍റിലേക്കുള്ള യാത്രാമാര്‍ഗം പൊതുഗതാഗത സൗകര്യം ഉപയോഗിച്ചുള്ള (നടന്ന്, വാഹനത്തില്‍ എന്നിങ്ങനെ) കാട്ടിത്തരും. ഇതാകട്ടെ വര്‍ഷങ്ങളായി ആന്‍ഡ്രോയിഡിലും വിന്‍ഡോസ് ഫോണിലും പലര്‍ക്കും പരിചയമുള്ള സംവിധാനമാണ്- 


സ്മാര്‍ട്ടര്‍ സ്പോട്ട്ലൈറ്റ്: ഐഒഎസിലെ തനത് സവിശേഷതകളില്‍ ഒന്നായിരുന്നു ആപ്പുകളും പാട്ടും ഫോണിലുള്ള എല്ലാ ഒറ്റ വിരലോടിക്കലില്‍ തെരഞ്ഞുപിടിക്കാന്‍ സഹായിക്കുന്ന സ്പോട്ട്ലൈറ്റ് സേര്‍ച്ച്. എന്തിന് ആന്‍ഡ്രോയിഡ് പോലും ഇത് കോപ്പിയടിച്ചിരുന്നു. ഇപ്പോള്‍ നിങ്ങളുടെ ഉപയോഗരീതി മനസിലാക്കി പ്രവര്‍ത്തിക്കും. കോണ്ടാക്ട്സ്, ലോക്കേഷന്‍സ്, ആപ്പുകള്‍ എന്നിവ ഉപയോഗക്രമം അനുസരിച്ച് മുന്‍ഗണനാരീതിയില്‍ കാട്ടിത്തരും. ഇത് ഗൂഗിള്‍ നൗവിലെ പോലെയാണെന്നാണ് ശ്രുതി.

 

jins scaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.