സന്ദേശം അപ്രത്യക്ഷമാവുന്ന വൈബര്‍ വിങ്ക് 

ഫോട്ടോയോ വീഡിയോയോ അക്ഷരസന്ദേശമോ കോളോ ആകട്ടെ എത്തേണ്ടിടത്ത് മാന്യമായി എത്തിക്കുന്നതില്‍ വൈബര്‍ എന്നും മിടുക്കുകാട്ടിയിട്ടുണ്ട്. ഇപ്പോള്‍ വൈബര്‍ കണ്ടുകഴിഞ്ഞ സന്ദേശങ്ങള്‍ അപ്രത്യക്ഷമാവുന്ന സംവിധാനമുള്ള ആപ്പുമായാണ് വന്നിരിക്കുന്നത്. ‘വൈബര്‍ വിങ്ക്’ എന്നാണ് ഈ ആപ്പിന്‍െറ പേര്. തനിയെ നില്‍ക്കുന്ന ആപ്പല്ല ഇത്. ഇന്‍സ്റ്റാള്‍ ചെയ്യാനും ബാക്കി സേവനങ്ങള്‍ക്കും വൈബറിന്‍െറ തുണ കൂടിയേ കഴിയൂ. ഉപയോക്താക്കള്‍ക്ക് ഫോട്ടോകളോ ചെറിയ വീഡിയോകളോ അയക്കാം. കാണേണ്ടയാള്‍ കണ്ടാലുടനെ അവ ഇല്ലാതാവുകയും ചെയ്യും. സാധാരണ വെബര്‍ സംഭാഷണങ്ങള്‍ക്കൊപ്പം ഇവയും വരും. അപ്രത്യക്ഷമാവുന്ന ഫോട്ടോ മെസേജുകള്‍ ഇറക്കി ജനപ്രീതി നേടി സ്നാപ്ചാറ്റിന്‍െറ വഴിയേയാണ് ഇപ്പോള്‍ വൈബറും. ടെലഗ്രാമിലും ഈ സൗകര്യമുണ്ട്. രണ്ടും തമ്മിലുള്ള സമാനതകള്‍ അവിടെയും തീരുന്നില്ല.  

ഫോട്ടോകള്‍ക്കൊപ്പം അക്ഷര സന്ദേശങ്ങളും ചേര്‍ത്തയക്കാം. വൈബര്‍ വിങ്ക് തുറന്ന് ഫോട്ടോയോ വീഡിയോയോ എടുക്കുക. ഡിലീറ്റ് ആകേണ്ട സമയം കൊടുത്ത് വൈബര്‍ വഴി അയക്കുക. ലഭിച്ചയാള്‍ സന്ദേശം തുറന്നാല്‍ സ്ക്രീനില്‍ വെറും 10 സെക്കന്‍ഡ് മാത്രമാണ് ഫോട്ടോകളും ചെറു വീഡിയോകളും പ്രത്യക്ഷപ്പെടുക. അതിന് ശേഷം ഡിലീറ്റാവും. ഫോട്ടോയോ വീഡിയോയോ അയക്കുമ്പോള്‍ ഒന്ന്, മൂന്ന്, ഏഴ് സെക്കന്‍ഡ് മുതല്‍ 10 സെക്കന്‍ഡ് വരെയുള്ള സമയ പരിധി തെരഞ്ഞെടുക്കാം. പിന്‍കാമറ ഉപയോഗിച്ച് മാത്രമല്ല സ്മാര്‍ട്ട്ഫോണിന്‍െറ മുന്‍കാമറ ഉപയോഗിച്ചും ഇവ എടുത്ത് അയക്കാം. ഇനി വൈബര്‍ വിങ്ക് ഇല്ലാത്തയാള്‍ക്ക് അപ്ഗ്രേഡ് ലിങ്ക് വഴി അയക്കാം. വൈബര്‍ ആപ്പില്‍നിന്നും വിങ്ക് സന്ദേശങ്ങള്‍ അയക്കാം.  ഇനി സമയപരിധി വെക്കാതെ സാദാ സന്ദേശങ്ങളും അയക്കാന്‍ കഴിയും. ഇതിന് വിങ്ക് വേണോ എന്ന് ചിന്തിക്കുക. വെറും വൈബര്‍ ആപ്പിലും സാദാ സന്ദേശങ്ങള്‍ അയക്കാമെന്ന കാര്യം ഓര്‍ക്കുക. ഐഒ.എസ് , ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഐഒഎസ് 8.0 മുതലുള്ള ഐഫോണിലും ആന്‍ഡ്രോയിഡ് 4.0 ഐസ്്ക്രീം സാന്‍വിച്ച് മുതലുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡില്‍ 5.3 എം. ബിയും ഐഫോണില്‍ 3.7 എം.ബിയുമാണ് ഫയല്‍സൈസ്. അഞ്ചുവര്‍ഷം മുമ്പ് 2010 ഡിസംബറിലാണ് വൈബറിന്‍െറ ജനനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.