മാഷ്മലോ സെപ്റ്റംബറില്‍, കൂടെ രണ്ട് നെക്സസ് ഉപകരണങ്ങളും

ഗൂഗിളിന്‍െറ പുതിയ ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ (Marshmallow) പതിപ്പില്‍ പുതിയ വാള്‍പേപ്പറുകള്‍, പരിഷ്കരിച്ച ഗൂഗ്ള്‍ നൗ ലോഞ്ചര്‍, ഉപയോഗിക്കുന്ന ആപ്പില്‍നിന്ന് പുറത്തിറങ്ങാതെ ഗൂഗ്ള്‍ നൗ കാര്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന ‘നൗ ഓണ്‍ ടാപ്’, സിസ്റ്റം ട്രേയില്‍ കാണുന്ന ഗിയര്‍ ഐക്കണില്‍ അമര്‍ത്തിപ്പിടിച്ചാല്‍ പ്രവര്‍ത്തനക്ഷമമാവുന്ന സിസ്റ്റം യൂസര്‍ ഇന്‍റര്‍ഫേസ് ട്യൂണര്‍ എന്നിവ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ‘അഡോപ്റ്റബ്ള്‍ സ്റ്റോറേജ് ഡിവൈസസ്’ സംവിധാനത്തിലൂടെ, മൈക്രോ എസ്.ഡി കാര്‍ഡ് പോലെയുള്ള എക്സ്റ്റേണല്‍ മെമ്മറികളെ ഇന്‍േറണല്‍ സ്റ്റോറേജായി ഉപയോഗിക്കാന്‍ കഴിയും. 
 മൈക്രോസോഫ്റ്റ് ബിങ്ങിന്‍െറ ആന്‍ഡ്രോയ്ഡ് ആപ്പില്‍ നൗ ഓണ്‍ ടാപ്പിന്‍െറ ബദല്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്നാപ്ഷോട്ട്സ് ഓണ്‍ ടാപ് എന്നാണ് ബിങ്ങിന്‍െറ ഈ പുതിയ സംവിധാനം അറിയപ്പെടുക. ഹോം ബട്ടണില്‍ വിരലോടിച്ചാല്‍ ഈ സംവിധാനം സജീവമാകും. സ്ക്രീനിലുള്ളത് സംബന്ധിച്ച വിശദവിവരങ്ങള്‍ ചെറുഭാഗങ്ങളായി പ്രത്യക്ഷപ്പെടുത്തിത്തരും. 
ഈവര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന മാഷ്മലോക്കൊപ്പം രണ്ടു നെക്സസ് ഉപകരണങ്ങളും വെളിച്ചംകാണും. ചൈനീസ് കമ്പനി ഹ്വാവെ, കൊറിയന്‍ കമ്പനി എല്‍.ജി എന്നിവയാണ് ഈ നെക്സസ് ഉപകരണങ്ങള്‍ നിര്‍മിക്കുകയെന്നാണ് അറിയുന്നത്. ഇതുവരെ നിര്‍മിച്ച മോട്ടറോളയെ തഴഞ്ഞാണ് ഹ്വാവെയെ ഒപ്പം കൂട്ടിയത്. എല്‍.ജിക്ക് വീണ്ടും അവസരം നല്‍കുകയും ചെയ്തു. എല്‍.ജി ഇറക്കുന്ന നെക്സസ് 5 2015 സ്മാര്‍ട്ട്ഫോണിന്‍െറ പ്രത്യേകതകള്‍ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. 
1,440 x 2,560 പിക്സെലുള്ള 5.2 ഇഞ്ച് ക്വാഡ് എച്ച്.ഡി ഡിസ്പ്ളേ, ആറുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍, അഡ്രീനോ 418 ഗ്രാഫിക്സ് പ്രോസസര്‍, മൂന്നു ജി.ബി എല്‍.പി.ഡി.ഡി.ആര്‍.ത്രീ റാം, സോണി സെന്‍സറുള്ള 13 മെഗാപിക്സെല്‍ പിന്‍കാമറ, അഞ്ചു മെഗാപിക്സെല്‍ മുന്‍കാമറ, വിരലടയാള സ്കാനര്‍, യു.എസ്.ബി ടൈപ് സി കണക്ടര്‍, ലോഹശരീരം, 3000 എം.എ.എച്ച് ബാറ്ററി, മുന്നില്‍ സ്പീക്കറുകള്‍ എന്നിവയാണ് വിശേഷങ്ങള്‍. 
സാംസങ്ങിന്‍െറ ഗാലക്സി നോട്ട് 5, ഗാലക്സി എസ്6 എഡ്ജ് പ്ളസ്, ഗാലക്സി എസ് 6 എഡ്ജ്, ഗാലക്സി എസ് 6, ഗാലക്സി എസ് 6 ഡ്യുവോസ്, ഗാലക്സി നോട്ട് 4, ഗാലക്സി നോട്ട് 4 ഡ്യുവോസ്, ഗാലക്സി ടാബ് എ, ഗാലക്സി ആല്‍ഫ എന്നിവയില്‍ പുതിയ പതിപ്പിന്‍െറ അപ്ഡേറ്റ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.