സംശയങ്ങളുടെ കൂമ്പാരവുമായി ഡോകോസ് സ്മാര്‍ട്ട്ഫോണ്‍ വരുന്നു

ഫ്രീഡത്തിനും മാംഗോ ഫോണിനും പിന്നാലെ മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ കൂടി വിവാദങ്ങളുടെ സ്ക്രീന്‍ തുറക്കുന്നു.  251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന പരസ്യവുമായി റിങ്ങിങ് ബെല്‍ എന്ന കമ്പനി ‘ഫ്രീഡം 251’ എന്ന പേരില്‍ കോലാഹലം സൃഷ്ടിച്ചതിനു പിന്നാലെ 888 രൂപക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനവുമായാണ് പുതിയ കമ്പനിയുടെ രംഗപ്രവേശം. ഡോകോസ് എക്സ് വണ്‍ (DOCOSS X1) എന്ന സ്മാര്‍ട്ട്ഫോണുമായാണ് രാജസ്ഥാനിലെ ജയ്പൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ കമ്പനി Docoss multimedia Private Limited രംഗത്തുവന്നത്. ഏപ്രില്‍ 27ന് തുടങ്ങി 29ന് രാത്രി പത്തോടെ ബുക്കിങ് അവസാനിക്കുന്ന ഫോണിന്‍െറ വിതരണം മേയ് രണ്ടിന് ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ബുക്ക് ചെയ്ത് നാലുമാസം കഴിഞ്ഞാണ് ഫ്രീഡം വിതരണം ചെയ്യുന്നതെങ്കില്‍ ഡോകോസ് ഏതാനും ദിവസമാണ് പറയുന്നത്. നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ കൊള്ളാവുന്ന സ്മാര്‍ട്ട്ഫോണ്‍ 2,150 രൂപയുടെ മൈക്രോമാക്സ് ബോള്‍ട്ട് എസ് 301 ആണ്. ഫ്രീഡം 251 ഇളക്കിവിട്ട സംശയത്തിര ഇതുവരെ അടങ്ങിയിട്ടില്ല. 


നേരത്തേ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ എം ഫോണിന്‍െറ ‘മാംഗോ ഫോണ്‍’ വമ്പന്‍ പരസ്യം നല്‍കി ബുക്കിങ് നടത്തിയെങ്കിലും കമ്പനി ഉടമകള്‍ പൊലീസ് പിടിയിലാവുകയായിരുന്നു.  ഡോകോസ് കമ്പനിയെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. www.docoss.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് ഈ വെബ്സൈറ്റിന്‍െറ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആരുടെ പേരിലാണെന്നത് സംബന്ധിച്ച് സൂചനയില്ല. ഇത് സംശയം വര്‍ധിപ്പിക്കുകയാണ്. എസ്.എം.എസ് അയച്ച് ബുക്ക് ചെയ്യാന്‍ ഫോണ്‍ നമ്പരും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


800x480 പിക്സല്‍ റസലൂഷനുള്ള നാല് ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 102 ഗ്രാം ഭാരം (ഫ്രീഡത്തിന് 116 ഗ്രാമാണ് ഭാരം), 9.3 മില്ലീമീറ്റര്‍ കനം, 1.3 ജിഗാഹെര്‍ട്സ് രണ്ടുകോര്‍ കോര്‍ട്ടക്സ് എ9 പ്രോസസര്‍, ഒരു ജി.ബി റാം, ഇരട്ട സിം, 1300 എംഎഎച്ച് ബാറ്ററി, 32 ജി.ബി ആക്കാവുന്ന നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, ത്രീജി, രണ്ട് മെഗാപിക്സല്‍ പിന്‍കാമറ, 0.3 മെഗാപിക്സല്‍ മുന്‍കാമറ, ബ്ളൂടൂത്ത്, വൈ ഫൈ, മൈക്രോ യുഎസ്ബി എന്നിവയാണ് കമ്പനി അവകാശപ്പെടുന്ന വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.