പുതിയ ‘മാക്ബുക് പ്രോ’ ആപ്പിളിന്‍െറ പിടിവള്ളി

ഐഫോണ്‍ വിപണിയിലുള്ള മേധാവിത്തം ലാപ്ടോപിലും കൈക്കലാക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിളിന്‍െറ നീക്കം. അതിനായി കണ്ടുമടുത്ത ലാപ്ടോപ് സാങ്കേതികവിദ്യയെ അപ്പാടെ പരിഷ്കരിച്ചിരിക്കുകയാണ് പുതിയ മാക്ബുക് പ്രോയില്‍ ആപ്പിള്‍. കീബോര്‍ഡില്‍ മുകളിലെ ഒരുനിര ഫങ്ഷനല്‍ (F) കീകളുടെ സ്ഥാനത്ത് ടച്ച് ബാര്‍ എന്നപേരില്‍ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് (ഒ.എല്‍.ഇ.ഡി) ടച്ച്പാനലാണ് പുതിയ കണ്ടത്തെല്‍. മിനി റെറ്റിന ഡിസ്പ്ളേയാണ് ഇതിന്. ഉപയോഗിക്കുന്ന ആപ്ളിക്കേഷനുകള്‍ക്ക് അനുസരിച്ച് ഈ ടച്ച് ബാറിലെ സംവിധാനം മാറും. നെറ്റില്‍ പരതല്‍, ഫോട്ടോകള്‍ നന്നാക്കല്‍, വീഡിയോ എഡിററിങ്, ടൈപ്പിങ്, സന്ദേശങ്ങളില്‍ ഇമോജികള്‍ ഉള്‍പ്പെടുത്തല്‍, വോള്യം കണ്‍ട്രോള്‍ തുടങ്ങിയ ജോലികള്‍ ടച്ച് ബാര്‍ എളുപ്പമാക്കും. വിരല്‍ സ്പര്‍ശം, വിരല്‍ ചലനം എന്നിവയിലൂടെയും നിയന്ത്രണം സാധിക്കും. ഒരു ബട്ടണ്‍ ഞെക്കിയാല്‍ കീകള്‍ പഴയതുപോലെ ആക്കാന്‍ കഴിയും. ആപ്പിളിന്‍െറ വോയ്സ് അസിസ്റ്റന്‍റ് സിരിയുടെ സേവനത്തിനും ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. വലത്തുവശത്ത് പവര്‍ ബട്ടണൊപ്പം വിരലടയാള സ്കാനറായ ടച്ച് ഐ.ഡിയും  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഫോണിലും ഐപാഡിലും കാണുന്നപോലെ ലാപ്ടോപ് അണ്‍ലോക്ക് ചെയ്യാനും പണമിടപാടുകള്‍ക്കും ഈ സുരക്ഷിത സംവിധാനം ഉപകാരപ്പെടും. പഴയതിന്‍െറ ഇരട്ടി വലിപ്പമുള്ള ഫോഴ്സ് ടച്ച് ട്രാക്ക്പാഡാണ് ഇതിലുള്ളത്. കീബോര്‍ഡിന്‍െറ ഇരുവശങ്ങളിലുമായാണ് സ്പീക്കറുകള്‍. 


കനം കുറഞ്ഞതും ഭാരം കുറഞ്ഞതും വേഗം കൂടിയതുമാണ് പുതിയ മാക്ബുക് പ്രോ. പ്രഫഷണല്‍ ജോലികള്‍ക്ക് ഏറെ അനുയോജ്യമാണ്. 130 ശതമാനംവരെ വേഗമുള്ള ഗ്രാഫിക്സ്, 67 ശതമാനം വരെ തെളിച്ചമുള്ള ഡിസ്പ്ളേ, രണ്ടുവശങ്ങളിലുമായി നാല് യു.എസ്.ബി ടൈപ്പ് സി പോര്‍ട്ടുകളാണ് പവര്‍, ഡാറ്റ കൈമാറ്റം അടക്കമുള്ള കണക്ടിവിറ്റിക്കുള്ളത്. തണ്ടര്‍ബോര്‍ട്ട് 3, യു.എസ്.ബി 3.1 എന്നിവ പിന്തുണക്കുന്നതാണ് ഈ പോര്‍ട്ടുകള്‍. 3.5 എം.എം ഓഡിയോ ജാക്കുമുണ്ട്. എസ്ഡി കാര്‍ഡ് റീഡര്‍, എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവ ഇതിലില്ല. നവംബറില്‍ അമേരിക്കന്‍ വിപണിയില്‍ എത്തും. 


13.3 ഇഞ്ച് മാക്ബുക് പ്രോയില്‍ 2560x1600 പിക്സല്‍ റസലൂഷനുള്ള റെറ്റിന ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 227 പിക്സല്‍ വ്യക്തത, മാക് ഒഎസ് സിയേറ ഓപറേറ്റിങ് സിസ്റ്റം, 2.9 ജിഗാഹെര്‍ട്സ് ഇന്‍റല്‍ ഇരട്ട കോര്‍ ഐ 5 അല്ളെങ്കില്‍ ഐ 7 പ്രോസസര്‍, എട്ട് ജി.ബി റാം, 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ത്രീഡി ഗെയിമിങും വീഡിയോ എഡിറ്റിങും സുഗമമാക്കുന്ന ഇന്‍റല്‍ ഐറിസ് 550 ഗ്രാഫിക്്സ്, വൈ ഫൈ, ബ്ളൂടൂത്ത് 4.2, 720 പി ഫേസ്ടൈം എച്ച്.ഡി കാമറ, 10 മണിക്കൂര്‍ നില്‍ക്കുന്ന 49.2 വാട്ട് അവര്‍ ലിഥിയം പോളിമര്‍ ബാറ്ററി എന്നിവയാണുള്ളത്. 14.9 എം.എം ആണ് കനം. 1.37 കിലോയാണ് ഭാരം. വില യു.എസില്‍ 1799 ഡോളര്‍ (ഏകദേശം 1.56 ലക്ഷം രൂപ) വരും. 


15.4 ഇഞ്ച് മാക്ബുക് പ്രോയില്‍ 2880x1800 പിക്സല്‍ റസലൂഷനുള്ള ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 220 പിക്സല്‍ വ്യക്തത, മാക് ഒഎസ് സിയേറ ഓപറേറ്റിങ് സിസ്റ്റം, 2.6 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ ഐ 7 പ്രോസസര്‍, 16 ജി.ബി റാം, 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, നാല് ജി.ബി വീഡിയോ റാമുള്ള എഎംഡി റാഡിയോണ്‍ പ്രോ 450 ഗ്രാഫിക്സ്, വൈ ഫൈ, ബ്ളൂടൂത്ത് 4.2, 720 പി ഫേസ്ടൈം എച്ച്.ഡി കാമറ, 10 മണിക്കൂര്‍ നില്‍ക്കുന്ന 76.0 വാട്ട് അവര്‍ ലിഥിയം പോളിമര്‍ ബാറ്ററി എന്നിവയാണുള്ളത്. 1.83 കിലോയാണ് ഭാരം. 15.5 എം.എം ആണ് കനം. വില യു.എസില്‍ 2399 ഡോളര്‍ (ഏകദേശം 2.10 ലക്ഷം രൂപ) വരും. 
ടച്ച് ബാറുള്ള 13 ഇഞ്ച്, 15 ഇഞ്ച് മാക്ബുക് പ്രോകള്‍ക്ക് പുറമെ ടച്ച് ബാറും ടച്ച് ഐഡിയുമില്ലാത്ത 13 ഇഞ്ച് മാക്ബുക് പ്രോയും രംഗത്തിറക്കിയിട്ടുണ്ട്. ഇതില്‍ കണക്ടിവിറ്റിക്ക് രണ്ട് പോര്‍ട്ടുകള്‍ മാത്രമേയുള്ളൂ. വില യു.എസില്‍ 1499 ഡോളര്‍ (ഏകദേശം 1.30 ലക്ഷം രൂപ) വരും. 


ഇതിനൊപ്പം 11 ഇഞ്ച് മാക്ബുക് എയറിന്‍െറയും റെറ്റിന അല്ലാത്ത ഡിസ്പ്ളേയും സീഡി ഡ്രൈവുമുള്ള മാക്ബുക് പ്രോയുടെയും വില്‍പന ആപ്പിള്‍ അവസാനിപ്പിച്ചു. 80,900 രൂപയുടെ 13 ഇഞ്ച് മാക്ബുക് എയര്‍ സ്റ്റോക്ക് തീരുംവരെ വില്‍ക്കും. 

Tags:    
News Summary - new apple macbook pro with touch bar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.